Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സു...ഹാസിനി...! സു...മനസ്സ്

സുരേഷ് ഹരിഹരൻ
suhasini-malayalam--film-characters

ഒരു വെയിൽച്ചിരിയാണു സുഹാസിനി. 

ഹാസൻ കുടുംബത്തിൽ നിന്ന് ഏറ്റവും സുന്ദരമായ പേര്, സു–ഹാസിനി...!

‘പൊന്നുരുകും പൂക്കാലം നിന്നെക്കാണാൻ വന്നു’ എന്ന ആമുഖമാണ് ആ മുഖത്തിന് ഒഎൻവി നൽകിയത്. 

തെളിവെയിലിൽ തലയുയർത്തി നിൽക്കുന്ന പൂക്കൾക്കിടയിലൂടെ നടന്നു വന്ന ആലിസ്. 

സുഹാസിനിയാണ് ആലിസ് എന്ന് ഒഎൻവിയോടു സംവിധായകൻ പത്മരാജൻ പറഞ്ഞിരുന്നുവോ? 

ചെല്ലക്കുറിഞ്ഞി പൂത്തു

ഇല്ലിക്കാടും പൂവിട്ടു

ആയിരം വർണജാലം

ആടിപ്പാടും വേളയിൽ

ആരോ പാടും താരാട്ടിൻ ഈണം

ഏറ്റു പാടും.....

സ്നേഹദേവദൂതികേ വരൂ...

രവി പുത്തൂരാന് ആലിസ് അധ്യാപിക മാത്രമായിരുന്നില്ല അമ്മ കൂടിയായിരുന്നു. ആ വാക്കുകൾ താരാട്ടു പോലെയായിരുന്നു. 

എന്നിട്ടും ആരെക്കെയോ ആ അധ്യാപിക–വിദ്യാ‍ർഥി ബന്ധത്തെ, അമ്മ–മകൻ ഇഷ്ടത്തെ വെറുതെ തെറ്റിദ്ധരിച്ചു. 

അങ്ങനെ ആരെങ്കിലും സംശയിച്ചെങ്കിൽ, രവിയുടെ ജീവനായിരുന്നു അതിനുള്ള മറുപടി. 

കൂടെവിടെ എന്നറിയാതെ പറന്നു പോയി ആലിസ്. 

∙∙∙

വിനീത എന്ന പെണ്‍കുട്ടിക്ക് അമ്മയെക്കുറിച്ചുള്ള ഓര്‍മ ഒരു പാട്ടാണ്. 

ഇത്തിരി പൂവിന്റെ കൈക്കുമ്പിളില്‍

വീണ മുത്തേ മണി മുത്തേ

മാറോടണച്ചു ഞാന്‍ പാടാം

താമരനൂലിനാല്‍ ആലോലം

നീര്‍മണി മുത്തു പോല്‍ ആടാട്

ആയിരം ചെരാതുകള്‍ തെളിഞ്ഞു നില്‍ക്കുന്ന മണിവത്തൂരായിരുന്നു അമ്മ നീനയുടെ സ്വപ്നഭൂമി. 

‌വിനയചന്ദ്രൻ പറഞ്ഞു കേട്ട കഥകളിലൂടെയാണു നീന മണിവത്തൂരിനെ പരിചയപ്പെട്ടത്.

എന്നും അവിടെ പോകാൻ, അവിടെ തല ചായ്ച്ചുറങ്ങാൻ അവൾ ആഗ്രഹിച്ചു. 

ഏതു പൂമേട്ടിലോ മേടയിലോ

നിന്റെ തേൻകുടം വച്ചു മറന്നു

പാട്ടിന്റെ തേൻ കുടം വച്ചു മറന്നു

‌പക്ഷീ...

നീ പാടാത്തതെന്തേ...‌

ആഗ്രഹിച്ച പോലെ മണിവത്തൂരിലേക്കു തന്നെ അവൾ പോയി. ശിവരാത്രികൾ കണ്ടു തീരും മുൻപേ അവൾ ആ മണ്ണിൽ മയങ്ങിപ്പോയി. 

നീനയ്ക്കു പകരം വയ്ക്കാന്‍ ഒരമ്മ, അത് മണിവത്തൂര്‍ മാത്രം. 

അവിടേക്കു തന്നെ വിനയചന്ദ്രന്‍ മകളെയും കൊണ്ടു മടങ്ങി. 

∙∙∙

ഉഷ എന്ന പത്രപ്രവർത്തകയ്ക്ക് അനുജന്‍ ഒരു കണ്ണീരോർമയാണ്. 

ലഹരിയുടെ വഴിയിലൂടെ അവൾ ക്യാമറയുമായി പോയത് ഒരു പത്രപ്രവര്‍ത്തകയുടെ കൗതുകം കൊണ്ടു മാത്രമല്ല. 

അനുജനെ പോലെ ആ വഴിയില്‍ ഇനിയുമാരൊക്കെയോ വീണു കിടപ്പുണ്ടായിരുന്നു. 

ലഹരിക്കു പകരം അവൾ അവർക്കു നൽകിയത് അമ്മയുടെ സ്നേഹമാണ്. 

താളം മറന്ന താരാട്ടു കേട്ടെൻ

തേങ്ങും മനസിൽ ഒരാന്ദോളനം

ആലോലമാടാൻ ആടിത്തളരാൻ

അമ്മ മാറിൻ ചൂടു തേടി

കൊഞ്ചി കൊഞ്ചി ചിറകുരുമ്മി

മാനത്തെ മാമന്റെ മുത്തശി കഥ കേട്ടു

മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും

ഒരു പുതിയ ജീവിതത്തിലേക്ക് അത് അവരെ നയിച്ചു, ഉഷയെയും. 

പക്ഷേ അവൾക്കു മനസ്സറിവില്ലാത്ത ഒരു മരണം, തുടർന്നുള്ള പ്രതിഷേധം; അതിനു മുന്നിൽ ആ സ്വപ്നങ്ങൾ വീണുടഞ്ഞു. 

ഒരു കണ്ണീർ പ്രണാമമായി ഉഷ. 

∙∙∙

എഴുതാപ്പുറങ്ങളിലെവിടെയോ മറയുമായിരുന്ന ജീവിതങ്ങളെ അക്ഷരത്തിലേക്കു വരച്ചു വച്ചവളാണു രാജലക്ഷ്മി. 

സീതയ്ക്കും വിമലയ്ക്കും അവള്‍ കൂട്ടുകാരിയാണ്. പ്രായം കൊണ്ടല്ലെങ്കിലും അമ്മയും. 

ഒരു പിറന്നാള്‍ മാത്രം, അന്നത്തെ ദിവസം കഴിഞ്ഞാല്‍ മകനെ പിരിയേണ്ടി വരുമെന്ന ദുഃഖത്തിലായിരുന്നു വിമല. 

മെഴുകുതിരി വെട്ടം ഊതി കെടുത്തി, കേക്ക് മുറിച്ച് അവള്‍ അവസാനമായി ആ താരാട്ടു പാടി:

താലോലം പൈതല്‍ താലോലം

താമര പൂന്തൊട്ടിലില്‍ ആലോലം

പൂമിഴിയില്‍ പൊന്‍കിനാവിന്‍

തേന്‍ കിനിഞ്ഞു നീയുറങ്ങൂ.

ആ രാത്രി പ്രതീക്ഷയുടെ ഇത്തിരി നാളം കൂടി ഊതിക്കെടുത്തി വിമല ഉറങ്ങി. 

സീതയോ, ഒരു കണ്ണീരായി രാജലക്ഷ്മിയുടെ മനസ്സിൽ എന്നും നിറഞ്ഞു. 

സീത നന്നായി പാടുമായിരുന്നു. ഒരിക്കൽ രാജലക്ഷ്മി കുറിച്ചിട്ട വരികൾ അവൾ കൂട്ടുകാർക്കു മാത്രമായി പാടി: 

ഗഗന നീലിമയിൽ നീന്തിടുമൊടുവിലെക്കിളിയും

മാഞ്ഞു വിജനമാം വഴിയമ്പലത്തിൽ

പഥികനണയുന്നൂ...

മധുരമെന്നാലും ശോക വിധുരമൊരു ഗാനം

ജന്മ സ്മൃതി തടങ്ങൾ തഴുകിയെത്തി

ഏറ്റു പാടീ ഞാൻ 

പാടുവാനായ് വന്നു നിന്റെ പടി വാതിൽക്കൽ

സീത, മാതൃത്വത്തിനു വേണ്ടി മറ്റെല്ലാം ത്യജിച്ചവൾ. അവളെ സംരക്ഷിക്കാനാവാത്തവൻ എങ്ങനെ രാമനാകും?

സർവംസഹയായ അമ്മയുടെ പ്രതീകമെന്നാണു രാജലക്ഷ്മി സീതയെ വിശേഷിപ്പിച്ചത്. 

എന്നാൽ, എഴുതാപ്പുറത്തെ ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തിനു കിട്ടിയ അംഗീകാരം സ്വീകരിച്ചു മടങ്ങുമ്പോൾ രാജലക്ഷ്മിക്കു മുന്നിൽ സീത മിന്നി മറയുന്നു, വീണ്ടും ഏതോ എഴുതാപ്പുറങ്ങളിലേക്ക്. 

ഇല്ല, സീതയുടെ വനവാസകാലം ഇനിയും അവസാനിച്ചിട്ടില്ല. 

∙∙∙

മറ്റൊരു രാജലക്ഷ്മി. 

അവള്‍ ഒരു സമൂഹത്തിന്റെ അമ്മയാണ്. 

രാഷ്ടീയത്തിന്റെ സൂത്രവാക്യങ്ങളൊന്നുമറിയില്ല. ജനങ്ങള്‍ക്കൊപ്പം എന്ന ഒറ്റ ഉത്തരമേ അറിയൂ. വീട്ടിലും നാട്ടിലും അത് ഇടര്‍ച്ചയ്ക്കു കാരണമായി. സ്വന്തം ഇഷ്ടം പോലും തകരുമെന്നു തോന്നിച്ച കാലം. 

സ്വപ്നങ്ങളെയും ഇഷ്ടങ്ങളെയും വിട്ട് അവള്‍ ആ സമൂഹത്തിനൊപ്പം തന്നെ നിന്നു. 

തൂ മ​ഞ്ഞിൻ നെഞ്ചിലൊതുങ്ങി

മുന്നാഴിക്കനവ്

തേനോലും സാന്ത്വനമായി

ആലോലം കാറ്റ്

സന്ധ്യാരാഗവും തീരവും

വേർപിരിയും വേളയിൽ

എന്തിനിന്നു വന്നു നീ പൂന്തിങ്കളേ...

പക്ഷേ കാലം ശരികളെ അവള്‍ക്കൊപ്പം നിര്‍ത്തി. 

∙∙∙

അമ്മ, കൂട്ടുകാരി. 

സു...ഹാസിനി മനോഹരമായ ഒരു പേരു മാത്രമല്ല, സുമനസ്സു കൂടിയാണ്. 

∙∙∙

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.