Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴലൊഴിഞ്ഞില്ല മിഴി രണ്ടിലും

റിയ ജോയ്
മിഴി രണ്ടിലും

ഇരുട്ടത്തു കൺതുറന്നിരിക്കാൻ അവൾക്ക് ഇപ്പോഴും പേടിയാണ്. വെളിച്ചത്തു കണ്ണടച്ചിരിക്കാനും. മുന്നിൽ ഒരേയൊരു കാഴ്ച മാത്രം. നോട്ടം വിട്ടുപിരിയാത്ത ആ കാഴ്ചയിലേക്കു കൺതുറക്കാനും അടയ്ക്കാനുമാകാതെ തറവാട്ടിനുള്ളിലെ ഏതോ മുറിക്കുള്ളിൽ അടച്ചുപൂട്ടി എത്ര ദിവസങ്ങളായി ആ തനിച്ചിരിപ്പ് തുടങ്ങിയിട്ട്. എന്നെങ്കിലുമൊരിക്കൽ കാൽവണ്ണയിലെ വെള്ളിക്കൊലുസിന്റെ അലുക്കുകളോടു ചേർന്ന് ഒരു ഇരുമ്പുചങ്ങല ചുറ്റിപ്പടർന്നു കയറുന്നതും കാത്ത് പ്രണയത്തിന്റെ പൂവസന്തങ്ങളെല്ലാം കൊഴിച്ച് ഒരു പാവം പെൺകുട്ടി. അവളുടെ ‘മിഴി രണ്ടിലുമുണ്ടായിരുന്നു പെയ്തു തുടങ്ങാനറിയാത്തൊരു പ്രണയമഴയുടെ തോരാമൗനം...

ഭദ്രേ...അവളെയങ്ങനെ വിളിച്ചിരുന്ന പലരിൽ ഒരാൾ മാത്രം ഇന്നില്ല. എത്ര നെഞ്ചോടു ചേർത്തായിരുന്നു ആ വിളിയൊച്ചയെന്ന് കാതോർക്കാതെ തന്നെ അവൾക്കറിയാം. ഇരുട്ടത്തു വന്നു വീണ്ടും വീണ്ടും കൊതിപ്പിക്കുന്ന ആ വിളിയൊച്ചയുടെ മധുരം അവൾക്കു കാതിൽ നുണയാം. പക്ഷേ.. എവിടെ? എവിടെയെന്നറിയാത്തൊരിടത്തു നിന്ന് അവളുടെ പേരു വിളിച്ച് എന്തിനാണയാൾ മറഞ്ഞു നിൽക്കുന്നത്. കറുത്ത ഫ്രെയിമിനുള്ളിലെ കണ്ണടച്ചില്ലുകൾക്കു പിന്നിൽ ചുറ്റിത്തിരിയുന്ന അയാളുടെ കരിനീല കൃഷ്ണമണികളല്ലാതെ മറ്റൊന്നും കാണുന്നതേയില്ല. ആ കണ്ണടച്ചില്ലുകൾക്കുള്ളിലൂടെ ഇപ്പോഴും എപ്പോഴും അയാൾ അവളെ തന്നെ നോക്കിയിരിക്കുന്നതുപോലെ. കണ്ണെത്താദൂരെയെവിടെയോ നക്ഷത്രാകാശപ്പുതപ്പിന്റെ ചുരുൾപ്പൊത്തിലൂടെ...

വാർമഴവില്ലേ ഏഴഴകെല്ലാം

നീലാംബരത്തിൽ മാഞ്ഞുവല്ലേ

നിരാലംബയായി നീ മാറിയില്ലേ?

ചൈതന്യമായ് നിന്ന സൂര്യനോ

ദൂരെ ദൂരെ പോവുകയോ?

മുമ്പൊക്കെ ആ കണ്ണടനോട്ടങ്ങൾക്കു മറുനോട്ടമെറിയുന്നത് അവൾക്കൊരു കുസൃതിയായിരുന്നു. ആശുപത്രി വാർഡിലൂടെ മരുന്നും കുത്തിവയ്പുകളുമായി നടക്കുമ്പോഴും കൂടെനടക്കുന്ന ഡോക്ടറുടെ കണ്ണടക്കണ്ണുകൾ തൊട്ടുരുമ്മിവിളിക്കുന്നത് അവൾക്കറിയാമായിരുന്നു. അപ്പോഴൊന്നും കണ്ട ഭാവം കാട്ടിയില്ല. പിന്നെപ്പിന്നെ ആ നോട്ടങ്ങളെ എതിരേൽക്കാൻ കൂടിയായി അവളുടെ ഡ്യൂട്ടിസമയങ്ങൾ. നഴ്സിന്റെ മുഷിവിലും ചുളിവിലുമല്ലാതെ അവളെ അയാൾ കണ്ടിരിക്കാനിടയില്ല. എന്നും ഒരേ നിറമുള്ള വെള്ള സാരി. ഒരേ കൺമഷിക്കണ്ണുകൾ.. ഒരേ കരച്ചിലിൽ കുതിർന്ന കുങ്കുമം... ഉലഞ്ഞ വാർമുടിക്കെട്ടിനുള്ളിലെ തെച്ചിപ്പൂച്ചിന്തുകൾ...എന്നിട്ടും ഓരോ ദിവസവും അയാൾ പറയുമായിരുന്നു, ഭദ്ര ഇന്നു കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്ന്. ചെറുപ്പക്കാരൻ ഡോക്ടറുടെ പതിവു കൊഞ്ചലെന്നേ കരുതിയൂള്ളൂ, പെട്ടെന്നൊരിക്കൽ അച്ഛനെയും അമ്മയെയും കൂട്ടി തെച്ചിക്കാട്ടെ തറവാട്ടുവീട്ടിൽ പെണ്ണുചോദിക്കാൻ എത്തുന്നതുവരെ.

പിന്നെ അവൾ കാത്തിരിക്കാൻ തുടങ്ങി, കണ്ണടക്കാരന്റെ പതിവുനോട്ടങ്ങൾക്കുവേണ്ടി. ഒരു ദിവസം കണ്ടില്ലെങ്കിൽ റയിൽവേപ്പാളത്തിനടുത്തുള്ള അയാളുടെ വാടകവീട്ടിൽ തിരക്കിച്ചെല്ലാനും മറന്നില്ല. എന്നിട്ടും പതിവു പ്രണയത്തിന്റെ ആഘോഷമധുരങ്ങളൊന്നും അവർക്കിടയിലുണ്ടായിരുന്നതേയില്ല. അയാൾ വളരെ കുറച്ചു മാത്രം സംസാരിച്ച് അധികനേരവും അവളെ കേൾക്കുകയായിരുന്നു. ഭദ്രയ്ക്ക് പക്ഷേ, അങ്ങനെ എല്ലാം മറന്നു പ്രണയിക്കാനും പ്രണയിക്കപ്പെടാനുമൊന്നും കഴിയുമായിരുന്നില്ല. വീട്ടിനുള്ളിലെ ഇത്തിരിവട്ടത്തിലേക്ക് അവളെ തളച്ചിടുന്ന കടപ്പാടുകൾ വിട്ട് പ്രണയം പറഞ്ഞവന്റെ കൂടെ ഇറങ്ങിപ്പോകാനുള്ള ധൈര്യവും അവൾക്കില്ലാതെ പോയി. അതുകൊണ്ടാണ്, ഡോക്ടറുടെ ഒത്തിരിപ്രണയത്തിന്റെ ഇത്തിരിവാക്കുകൾക്കുപോലും അവൾ കാതുകൊടുക്കാൻ മടിച്ചത്. കേട്ടെന്നു വരുത്തിത്തീർത്തപ്പോഴൊക്കെ മറുപടി മൂളാതെ മൗനം പൂണ്ടത്. ഒടുക്കം, പൊട്ടുവീണൊരു കണ്ണടച്ചില്ലു മാത്രമവശേഷിപ്പിച്ച് ആ പാവം എന്നെന്നേയ്ക്കുമായ് വിട്ടുപോകുംവരെ ആ കണ്ണുകളിലെ പ്രണയമഴവില്ല് അവൾ കാണാതെ പോയത്.

എത്രായിരം കനവുകൾ അയാൾ കണ്ടു? എത്രായിരം നിലാരാത്രികളിൽ അവളെ മാത്രമോർത്തുറങ്ങാതിരുന്നു? എല്ലാമറിഞ്ഞിട്ടും ഏറ്റവും ദയാശൂന്യമായ പരുപരുക്കൻ മറുപടി നൽകി അയാളെ മടക്കി അയച്ച ആ മൂവന്തിയിൽ സൂര്യൻ അസ്തമിക്കാൻ മടിച്ചു രാത്രി വൈകിച്ചിരിക്കണം. പകലൊടുങ്ങും മുമ്പേ അവൾ അയാളെയൊന്ന് പിൻവിളിക്കാൻ. ഇഷ്ടമാണെന്ന് ഒരിക്കലെങ്കിലും ഉള്ളു തുറന്നു പറയാൻ, കാത്തിരിക്കണമെന്ന വാക്കിന്റെ കടം നൽകി പ്രണയപൂർവമൊരു പ്രതീക്ഷാക്കാലം സമ്മാനിക്കാൻ...

വെറുതെ... ഒന്നുമുണ്ടായില്ല. വഴിതെറ്റിവന്നൊരാളെ പറഞ്ഞയയ്ക്കുന്നപോലെ അവൾ തിടുക്കപ്പെട്ടു പിന്തിരിഞ്ഞു നടന്നു. അവളുടെ ഓരോ കാൽച്ചുവടും അയാളിലേക്കുള്ള മടക്കയാത്രയ്ക്കുള്ള മറുവഴികളടച്ചു...അതിൽ പിന്നെ അവൾ അയാളെ കണ്ടിട്ടില്ല. എവിടെയാണെന്നോ എങ്ങനെയാണെന്നോ ആരും പറഞ്ഞുകേട്ടതുമില്ല.

ദേവ കരാംഗുലി ലതകൾ എഴുതും കവിതേ

വ്യോമ സുരാംഗന മുടിയിൽ ചൂടും മലരേ

നിമിഷമോരോന്നായ് കൊഴിയുന്ന നേരം

വിളറും മുഖമോ അകലേ

ശ്യാമള സുന്ദര മിഴികൾ നിറയും അഴകേ

ദേവി വസുന്ധര നിനവിൽ നിനയും കുളിരേ

പകൽ അകലുമ്പോൾ അറിയുന്നുവോ നീ

വിരഹം വിധിയായ് അരികേ...

കാണാ ദൂരെയെവിടെയോ അവളറിയാതെ അവളെമാത്രം പ്രണയിച്ച് അപ്പോഴും അയാൾ ബാക്കിയുണ്ടായിരുന്നു... പക്ഷേ, അവൾ മറ്റൊരാളുടേതാകുന്നുവെന്ന് ആരോ പറഞ്ഞറിഞ്ഞ ഒരു നരകരാത്രി പുലരാൻ കാത്തുനിൽക്കാതെ അയാൾ ഇറങ്ങിനടന്നു, മരണപ്പാളങ്ങളിലേക്ക്...കാലൻ കൂവിവിളിച്ചെത്തിയ ഏതോ പാതിരാത്തീവണ്ടിക്കുമുന്നിലേക്ക് നടന്നടുക്കുമ്പോൾ, ചുറ്റിലും കാറ്റുപിടിച്ചാർത്തുകൊണ്ടുനിന്ന പച്ചിലക്കാടുകളോട് ഒരു വട്ടം കൂടി അയാൾ ഉറക്കെ പറഞ്ഞിരിക്കണം, അവളോടുള്ള പ്രണയം... അതുകൊണ്ടല്ലേ രാത്രീവണ്ടിക്കാരോ തലവച്ചുവെന്നു വാർത്ത കേട്ട് പിറ്റേന്നു റയിൽപ്പാളത്തിനരികിലേക്കു പാഞ്ഞുചെന്ന അവളെ കണ്ട്, അതേ പച്ചിലക്കാടുകളിൽ പ്രണയച്ചുവപ്പിന്റെ നഷ്ടപുഷ്പങ്ങൾ കരഞ്ഞാർത്തുവിരിഞ്ഞത്...

ഭദ്രേ...ഒരിക്കലും മടങ്ങിവരാത്തീവണ്ടിയുടെ ഒടുവിലെ ചൂളംവിളി പോലെ ആ വിളിയൊച്ച എന്നെന്നേക്കുമായി കേൾക്കാതെയായപ്പോഴാണ് നിനക്കു നില തെറ്റിത്തുടങ്ങിയത്,

ആ വിളിത്തുമ്പത്തു നിന്റെ പേരു ചേർത്തുവയ്ക്കാൻ എന്നും അയാൾ ഉണ്ടായിരുന്നെങ്കിലെന്ന് നീയാദ്യമായി കൊതിച്ചുപോയത്.

അയാളുടെ ഒടുവിലത്തെ ഓർമയിലും നിറഞ്ഞുനിന്ന്.. ഏറ്റവുമൊടുവിലെ മുറിവിലും ചോര പൊടിഞ്ഞ് എക്കാലവും നീയുണ്ടായിരുന്നുവെന്ന്

എന്നിട്ടും

നീയെന്തേ

അറിയാതെ

പോയത്....?

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer