Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴവില്ലു തോൽക്കുമെൻ അഴകേ...

റിയ ജോയ്
mayilpeelikkavu

ഓരോ വീട്ടിനുള്ളിലും വേണം, അടച്ചുപൂട്ടിയ ഒരു മുറി. ഒരിക്കലും തുറക്കരുതെന്ന് കാരണവന്മാർ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന മുറി. എങ്കിലും ആരുമില്ലാനേരങ്ങളുടെ വാതിൽചാരി നമ്മൾ ചിലപ്പോഴെങ്കിലും ഒളിച്ചുതുറക്കുകയും ആരെങ്കിലും വന്നെത്തിനോക്കും മുൻപേ ഓടാമ്പലിട്ടു ചേർത്തടച്ചു പടിയിറങ്ങിയോടുകയും ചെയ്യുന്ന മുറി.  മായക്കാഴ്ചകളിൽ മഴവില്ലിലേക്കു ജനൽമിഴികൾ തുറക്കുന്ന മുറി. മണിച്ചിത്രത്താഴിട്ടുപൂട്ടിയൊരു മാന്ത്രികമുറി...അങ്ങനെയൊരു മുറി ഓരോ വീട്ടിലും വേണം. ആരോടും പങ്കുവയ്ക്കാനാകാത്ത രഹസ്യങ്ങളൊക്കെ അവിടെ അടുക്കിയടുക്കിവയ്ക്കണം. മറന്നുപോകുന്നുവെന്നു തോന്നുമ്പോഴൊക്കെ ഇടയ്ക്കിടെ വന്നു പൊടിതട്ടിനോക്കണം. പള്ളിക്കൂടംവിട്ടുള്ള മടക്കവഴികളിൽ പുതുമഴ നനഞ്ഞ മണ്ണിൽനിന്നു പെറുക്കിയെടുക്കുന്ന മഞ്ചാടിമണികൾ ഓരോന്നായി ആ മുറിയിലെ ചില്ലുഭരണികളിൽ നിറച്ചുവയ്ക്കണം.മഞ്ചാടിയില്ലാ മരുവേനൽക്കാലത്ത് ചില്ലുഭരണിയുടെ അടപ്പുതുറന്ന് ഓരോന്നായി എണ്ണിയെണ്ണി തിട്ടപ്പെടുത്തണം. കുഞ്ഞുനോവോടെ കൈത്തണ്ടയിൽനിന്നു പൊട്ടിവീഴുന്ന കരിവളത്തുണ്ടുകൾ ആ മുറിയിലെ ആമാടപ്പെട്ടിയിൽ പൊതിഞ്ഞെടുത്തുവയ്ക്കണം. ആരും മിണ്ടാനില്ലാതെ തനിച്ചിരിക്കുമ്പോഴൊക്കെയും ആ വളത്തുണ്ടുകൾ കിലുക്കിനോക്കണം. കൂടെക്കളിച്ചുകൊതിതീരാത്ത പാവക്കുഞ്ഞുങ്ങളെ ആ മുറിയിലെ മെത്തച്ചുരുളിൽ ഉറക്കിക്കിടത്തണം. വയസ്സറിയിച്ചിട്ടും ഇള്ളക്കുട്ടിയായി കുറുമ്പുകാട്ടാൻ തോന്നുമ്പോൾ ആ പാവക്കുഞ്ഞുങ്ങളെ വീണ്ടും വിളിച്ചുണർത്തണം. ചന്തം വയ്ക്കുന്ന ചുണ്ടും കവിളും നീണ്ട മുടിച്ചുരുളുകളും ആദ്യം കാട്ടിത്തന്ന വലിയ നിലക്കണ്ണാടി ആ മുറിയുടെ മൂലയ്ക്കൽ ചാരിവയ്ക്കണം. സുന്ദരിയെന്നു സ്വയം നാണത്തോടെ പറയാൻ ഇടയ്ക്കിടെ ആ കണ്ണാടിയിലേക്കു കണ്ണുപായിക്കണം..ഹോ.. അങ്ങനെയെന്തിനെന്തിനെല്ലാമൊക്കെയോ   ഓരോ വീട്ടിലുമൊരു മുറി വേണം. മണിച്ചിത്രത്താഴിട്ടുപൂട്ടിയൊരു മാന്ത്രികമുറി...

എനിക്കുമുണ്ടായിരുന്നു അങ്ങനൊരു മുറി. എന്റെ രഹസ്യങ്ങളുടെ ലോകമായിരുന്നു അത്. അതിനെക്കുറിച്ച് വീണ്ടും ഓർമിപ്പിച്ചത് കുട്ടിമാണിയാണ്. അവൾക്കുമുണ്ടായിരുന്നു ഓർമത്താഴിട്ടുപൂട്ടിയ ഒരു രഹസ്യലോകം. ഒരു മയിൽപ്പീലിക്കാവിന്റെ മാന്ത്രികലോകം. നിറയെ മയിലുകൾ പീലിവിടർത്തിയതുപോലെ അഴകുതോന്നിപ്പിക്കുന്നൊരു പച്ചിലക്കാവായിരുന്നു  അത്. തറവാട്ടുതൊടിയിലെ വിലക്കപ്പെട്ട ഇടം. എങ്കിലും അവിടെ നിഴലുകൾക്കുപോലും എന്തുചന്തമായിരുന്നെന്നോ.. നിലാവിനും കാറ്റിനും കാട്ടുപടർപ്പിനും തമ്മിൽ പുണരാനും പടരാനും എന്തുമോഹമായിരുന്നെന്നോ. പക്ഷേ അന്ന് എനിക്ക് കുട്ടിമാണിയോട് അസൂയ തോന്നിയത് അതുകൊണ്ടൊന്നുമായിരുന്നില്ല, എനിക്കില്ലാത്ത ഒരു വലിയ രഹസ്യം അവൾക്കുണ്ടായിരുന്നു. അവളുടെ മയിൽപ്പീലിക്കാവിലാകെ ആ രഹസ്യം അതിസുന്ദരമായൊരു നിലാവുകണക്കെ തെളിഞ്ഞുനിന്നു. അതവളുടെ പ്രണയമായിരുന്നു. ആരുമറിയാത്ത പ്രണയത്തിനെത്ര ചന്തമാണെന്ന് ആദ്യമായി അവൾ എനിക്കു പറഞ്ഞുതന്നു. പിന്നീട് അങ്ങനെയൊരു പ്രണയം എനിക്കുണ്ടാകുന്ന കാലം വരെയും അവൾ അതും പറഞ്ഞ് എന്നെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു. 

കുട്ടിമാണി കോവിലകത്തെ ഓരോരുത്തരുടെയും പ്രിയപ്പെട്ടവളായിരുന്നു. അതിമനോഹരമായി നൃത്തം ചെയ്യുന്നവൾ. എന്നും പട്ടുപാവാടയുടെ കസവുവട്ടത്തിൽ തറവാട്ടിലെ ഇടനാഴികളിലൂടെ കൊലുസുംകിലുക്കി നടക്കുന്നവൾ. തറവാട്ടു കാര്യസ്ഥന്റെ മകൻ കൃഷ്ണനുണ്ണിയായിരുന്നു മയിൽപ്പീലിക്കാവിന്റെ രഹസ്യവാതിൽ തുറന്നകത്തുകയറിയ അവളുടെ പ്രണയനായകൻ. കരിമ്പച്ചനിറമുള്ള പട്ടുപാവാടയിൽ അവൾക്കൊരു മയിലിന്റെ ചന്തം തോന്നിച്ചതുകൊണ്ടായിരിക്കാം ഉണ്ണിക്ക് ആദ്യ കാഴ്ചയിലേ കോവിലകത്തെ കുട്ടിയോട് എന്തോ ഒരടുപ്പക്കൂടുതൽ തോന്നിയത്. മുന്നിൽവന്നുപെടുമ്പോഴൊക്കെയും മിണ്ടാതെ മിണ്ടാതെ വഴിമാറിനടന്നെങ്കിലും അവരുടെ രണ്ടുപേരുടെയും കണ്ണുകൾ അവർക്കുമുൻപേ കഥകൾ പറഞ്ഞു തുടങ്ങിയത്. അവന്റെ പാട്ടീണത്തിന്റെ താളത്തിനൊത്ത് അവളുടെ ചുവടുകൾ നൃത്തലോലമായത്. 

പതിവുപ്രണയചിത്രങ്ങളിലെ കഥ തന്നെയാണ് മയിൽപ്പീലിക്കാവ് എന്ന ചിത്രം പറഞ്ഞതെങ്കിലും  മോഹിപ്പിച്ച ചില മായക്കാഴ്ചകളുണ്ടായിരുന്നു അതിൽനിറയെ. അതിലേറ്റവും പ്രിയപ്പെട്ടത് അവർ രഹസ്യമായി കൂടിക്കണ്ടിരുന്ന ആ മയിൽപ്പീലിക്കാവു തന്നെ. അവിടെവച്ചാണ് കുട്ടിമാണിയുടെ വിരലിൽ കൃഷ്ണനുണ്ണി ആദ്യമായി ഒരു മന്ത്രമോതിരം അണിയിച്ചത്. നാണിച്ചുകൂമ്പിയ അവളുടെ വിരൽത്തുമ്പുകൾ ഒരോടക്കുഴലെന്നപോലെ അവൻ ചുണ്ടോടുചേർത്തത്. എന്നെങ്കിലുമൊരിക്കൽ എന്നെത്തേടിയൊരു അനുരാഗിയെത്തുമ്പോൾ അതുപോലൊരിടത്തേക്കു കൂട്ടിക്കൊണ്ടുപോകണമെന്ന് അന്നേ മനസിൽ കരുതി. ( പിൽക്കാലത്ത് അങ്ങനെയൊരാൾ വരുമെന്നും വിരൽത്തുമ്പിലൊളിപ്പിച്ച ഒറ്റമയിൽപ്പീലികൊണ്ടെന്നെ ഒരു മയിലായി തൊട്ടുണർത്തുന്ന മാജിക്കിൽ അയാൾ എന്റെ മോഹം യാഥാർഥ്യമാക്കുമെന്നും ആരറിഞ്ഞു) 

പച്ചിലപ്പടർപ്പുകളിൽനിന്നു കുട്ടിമാണി നടയിറങ്ങിയെത്തുന്ന കുളക്കടവും മറന്നിട്ടില്ല. അതിന്റെ ഇളംനീലക്കുളിരാഴത്തിലേക്കല്ലേ അവൾക്ക് ഒടുവിൽ ആ പ്രണയമോതിരം നഷ്ടപ്പെടുത്തേണ്ടിവന്നത്. എന്നിട്ടും അവളുടെ തന്നെ പുനർജന്മത്തിൽ ആ മോതിരം വീണ്ടും അവളുടെ വിരലിലണിയിക്കുന്ന പ്രണയത്തോട് അസൂയ തോന്നാതിരിക്കുന്നതെങ്ങനെ? എങ്കിലും മനുവും ഗായത്രിയുമായുള്ള അവരുടെ പുനർജന്മ പ്രണയത്തേക്കാൾ എന്നെ മോഹിപ്പിച്ചത് അവരുടെ പൂർവജന്മത്തിലെ പ്രണയമായിരുന്നു. കുട്ടിമാണിയുടെയും കൃഷ്ണനുണ്ണിയുടെയും നഷ്ടപ്രണയം. നേടാതെ പോകുന്ന പ്രണയത്തോളം സുന്ദരവും സങ്കടകരവുമായി മറ്റൊന്നുണ്ടാകില്ല.  അതിന്റെ നെരിപ്പോടോർമകൾക്ക് വല്ലാത്തൊരു  സുഖമുണ്ട്. എന്നുമൊരേ കൊതിയോടെ ഓർമിച്ചിരിക്കാൻ, അടക്കിപ്പിടിച്ച് ആരുമറിയാതെ ഉള്ളിൽ കരയാൻ, ഓരോന്നോർത്ത് ഉന്മാദം കൊള്ളാൻ...അങ്ങനെയെന്തിനൊക്കെയോ മോഹിപ്പിക്കുന്നൊരു മാജിക് ഇല്ലേ ഓരോ നഷ്ടപ്രണയത്തിനും...അതുകൊണ്ടാകാം സങ്കടസുന്ദരമായ  അവരുടെ പ്രണയകഥ ഓർമിക്കുമ്പോഴെല്ലാം മനസ്സിലെവിടെയോ ഒരു മയിൽപ്പീലിക്കാവ് കാറ്റിലുലയുന്നതും

മയിലായ് പറന്നുവാ മഴവില്ലു തോൽക്കുമെൻ അഴകേ

കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ

ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ

എൻ മാറിൽ ചേർന്നുമയങ്ങാൻ ഏഴുവർണവും നീ അണിയൂ

നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകാം

ആരുമാരുമറിയാതൊരുനാൾ ഹൃദയം നീ കവരും..

Your Rating: