Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ രാത്രി ഞാൻ മാത്രമായി

റിയ ജോയ്
pathira-pullunarnnu

മകരമഞ്ഞിന്റെ കുളിരിറങ്ങിത്തുടങ്ങിയതിൽപിന്നെ മുറിയിലെ ജാലകപ്പാളികൾ പാതി തുറന്നുവച്ചാണ് എന്നും ഉറങ്ങാൻ കിടക്കുക. പാതിവായിച്ചൊരു കഥാപുസ്തകം തലയിണക്കീഴിലേക്ക് ഒതുക്കിവച്ച് മേഘക്കീറുകളിലേക്കു നോക്കി വെറുതെയോരോന്നോർമിച്ചുകൊണ്ടങ്ങനെ കിടക്കും. അപ്പോഴൊക്കെയും 

ജനലഴികൾക്കിടയിലൂടെ ആകാശത്തുനിന്ന് അമ്പിളിക്കല എന്നെത്തന്നെ കണ്ണിമയ്ക്കാതെ നോക്കിനിൽക്കുന്നുമുണ്ടാവും. പിണങ്ങിക്കെറുവിച്ച ഭാവമായിരിക്കും എപ്പോഴും. അടുത്തുതന്നെ ചുറ്റിപ്പറ്റി ചില നക്ഷത്രസുന്ദരികൾ പൊട്ടിവിടരാറുണ്ടെങ്കിലും അവരെയൊന്നും കണ്ട ഭാവം നടിക്കാതെ പരിഭവിച്ചു മുഖംവീർപ്പിച്ചായിരിക്കും പഹയന്റെ നിൽപ്.  അതല്ലെങ്കിലും അങ്ങനെയാവാനേ തരമുള്ളൂ. ദക്ഷന്റെ സുന്ദരികളായ ഇരുപത്തിയേഴു പെൺമക്കളെ വേളികഴിച്ചിട്ടും അവരിൽ രോഹിണിയോടുമാത്രമാണല്ലോ ചന്ദ്രന്റെ പ്രണയം. ജനലഴികൾക്കപ്പുറം അനുരാഗഹൃദയനായി അമ്പിളിക്കല വന്നുദിക്കുന്നതുകൊണ്ടാകാം ചിലപ്പോഴൊക്കെ നിലാക്കണ്ണാടിയിൽ മുഖം നോക്കുമ്പോൾ, ഒരിക്കലും കണ്ടിട്ടില്ലാത്ത രോഹിണിയുടെ ഛായയുണ്ടെനിക്കെന്നു തോന്നിപ്പോകാറുണ്ട്. അതല്ലേ ആ കാമുകഹൃദയത്തിന്റെ കാത്തിരിപ്പുരഹസ്യം. 

പൂർണതിങ്കളായി പൗരുഷത്തോടെ ഉദിച്ചുയരുന്ന വെളുത്തവാവിൻ പക്കം ഇരുട്ടുറുമാൽ നീക്കി മുറിക്കകത്തേക്കു ഞാൻ വിളിച്ചുകയറ്റുന്നതുവരെ മാത്രമേ കാണൂ ആ മുഖത്ത് പിണക്കവും പരിഭവവും. ജാലകത്തിന്റെ തിരശ്ശീലകൾ വകഞ്ഞുമാറ്റി, മുറിയിലെ മിന്നാമിന്നിബൾബിന്റെ വെട്ടം ഊതിക്കെടുത്തിയാൽ പിന്നെ എല്ലാ പിണക്കവും മായ്ച്ച് ഒരു വരവാണ് എന്റെ മാത്രമടുത്തേക്ക്. നിലാക്കൈകൾ നീട്ടിയൊരു കെട്ടിപ്പിടിത്തമാണാദ്യം. പിന്നെ ചേർത്തു പിടിച്ച് മുഖമുയർത്തി മൂർധാവിലൊരു ചുംബനം. ഇരുപത്തിയേഴുനാൾ കാണാമറയത്തേക്കു മാഞ്ഞതിന്റെ പരിഭവത്തോടെ ഞാൻ മുഖം വെട്ടിക്കുമ്പോൾ മുറിയിലാകെ നിലാമയിൽപ്പീലികൾ വിടർത്തി എന്റെ കണ്ണഞ്ചിപ്പിക്കുകയായി. ആ രാത്രി അങ്ങനെ ഞങ്ങളുടേതു മാത്രമാകുകയായി.. അന്നേരം അടുത്ത തൊടിയിലെ നിശാഗന്ധികൾ വാസനിച്ചുപൂക്കുകയായി. വേലിക്കൽ നിൽക്കുന്ന അരിമുല്ലയിലും അരളിയിലും അനുരാഗപ്പൂമൊട്ടുകൾ വിടരുകയായി. പുലരുംവരെ  ഓരോന്നു മിണ്ടിപ്പറഞ്ഞും ഒരേ കിനാവു കണ്ടും ഞങ്ങളങ്ങനെ ചേർന്നുകിടന്നുറങ്ങും...

കൺതുറക്കുമ്പോഴേക്കും എന്റെ അനുരാഗിക്ക് പോകാൻ നേരമായിട്ടുണ്ടാകും.  എത്രവേഗമാണ് ആ രാത്രി പുലര്‍ന്നതെന്ന സങ്കടത്തോടെ ഞങ്ങൾ വേർപിരിയും. ഒടുവിലത്തെയുമ്മയും തന്ന് ജാലകപ്പാളിയിലൂടെ അവൻ യാത്ര പറഞ്ഞു പടിയിറങ്ങും. അപ്പോഴും തലേരാത്രിയുടെ നൂറുനൂറുമ്മകൾ മെത്തവിരിയിൽ നിലാമുല്ലപ്പൂക്കളായി വാസനിച്ചുകിടക്കും. അടുത്ത വെളുത്തവാവുവരേക്കും ഞാൻ ആ മുല്ലവാസന എന്റെ ഹൃദയവെള്ളയിൽ എടുത്തുവയ്ക്കും. അവന്റെ അടുത്ത വരവിനുവേണ്ടി ഇരുപത്തിയേഴു ദിവസം വീണ്ടും കാത്തിരിക്കും. അന്നേരം ഈ ലോകത്തെ ഏറ്റവും സങ്കടകരമായ ഏകാന്തത എന്റെ മുറിയിരുട്ടിൽ പതുങ്ങിനിൽക്കും. ഓരോ ദിനരാത്രങ്ങൾ ഉദിച്ചസ്തമിക്കുമ്പോഴും ഞാൻ പ്രണയപൂർവം അവനെ ഓർമിക്കും. ആ ഓർമയും കാത്തിരിപ്പും പോലും എന്തൊരുന്മാദമാണ്. കാരണം, ഏതു കൂരിരുട്ടിലേക്കു മാഞ്ഞുമാഞ്ഞുപോയാലും ഏതു ദക്ഷപുത്രിയുടെ മാദകത്വം മോഹിപ്പിച്ചാലും അവനറിയാം ഇവിടെ ഇങ്ങനെയൊരു രോഹിണി കാത്തിരിക്കുന്നുണ്ടെന്ന്. ഓരോ രാവു പുലരുമ്പോഴും എനിക്കുമറിയാം അനുരാഗിയിലേക്കുള്ള എന്റെ ദൂരം കുറഞ്ഞുകൊണ്ടേയിരിക്കുകയാണെന്ന്.....

പാതിരാപ്പുള്ളുണർന്നു, പരൽമുല്ലക്കാടുണർന്നു

പാഴ്മുളംകൂട്ടിലെ കാറ്റുണർന്നു

താമരപ്പൂങ്കൊടി തങ്കച്ചിലമ്പൊലി

നീ മാത്രം ഉറക്കമെന്തേ, പിണക്കമെന്തേ.

കമലിന്റെ സംവിധാനമികവിൽ പുറത്തിറങ്ങിയ ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിൽ ജോൺസൺമാഷ് ഈണിട്ട ഈ ഗാനം അതിന്റെ ഓരോ കേൾവിയിലും ഓർമിപ്പിക്കുന്നുണ്ട് അങ്ങനെയൊരു കാത്തിരിപ്പിന്റെ കഥ. പാതിരാപ്പുള്ളിനെയും പരൽമുല്ലകളെയും പാഴ്മുളംകൂട്ടിലെ കാറ്റിനെയും വിളിച്ചുണർത്തി പടിപ്പുരയിൽ കാത്തുനിൽക്കുകയാണ് കഥാനായികയുടെ കാമുകൻ. ഇനിയും ജാലകം തുറക്കാതെ ഉറക്കം നടിച്ചുകിടക്കുന്ന പെൺകൊടിയുടെ കാതിൽ അവൻ പ്രണയം പാടുന്നത് കേൾക്കുമ്പോഴൊക്കെ ഞാൻ വെറുതെ പുതപ്പിന്റെ ചുരുളുകൾക്കിടയിൽനിന്നു തലപുറത്തേക്കിട്ടു രാത്രിജനാലയ്ക്കപ്പുറം നരച്ചുവിളറിക്കിടക്കുന്ന ആകാശത്തേക്കു നോക്കും.  അപ്പോഴും അവിടെത്തന്നെ നിൽപ്പുണ്ടാവും, എന്റെ മൗനാനുവാദം കാത്ത്...എനിക്കുമാത്രം കേൾക്കാനായി ഒരു മൂളിപ്പാട്ടുംപാടിക്കൊണ്ട്...നിലാക്കണ്ണാടിയിൽ ഞാൻ കണ്ട രോഹിണിയെ പ്രണയിക്കുന്ന അനുരാഗചന്ദ്രിക...

ചന്ദനജാലകം തുറക്കൂ, നിൻ

ചെമ്പകപ്പൂമുഖം വിടർത്തൂ

നാണത്തിൻ നെയ്ത്തിരി കൊളുത്തൂ ഈ

നാട്ടുമാഞ്ചോട്ടിൽ വന്നിരിക്കൂ.

അഴകുഴിയും മിഴികളുമായ്

കുളിരണിയും മൊഴികളുമായ്

ഒരു മാത്രയെന്നെയും ക്ഷണിക്കൂ

ഈ രാത്രി ഞാൻ മാത്രമായി...

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.