Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നോടു നീയിരുന്താൽ കഥ തീരാതിരിക്കും

റിയ ജോയ്
Ennodu Nee Irundhaal song

ഒരിടത്തൊരിടത്ത് ഒരു കഥയുണ്ടായിരുന്നു. ഒരുപാടുപേരെ കേൾപ്പിച്ച ഒരു പാവം കഥ. ഒരിക്കൽ ഒരു രാത്രി വീട്ടുമ്മറത്തിണ്ണയിൽ നിലാവു കായുന്ന അമ്മയുടെ മടിത്തട്ടിൽ കിടന്നുവാശിപിടിച്ചപ്പോൾ ആ കഥ എന്നെയും കേൾപ്പിക്കാൻ വന്നു. എന്നിട്ടോ എന്നിട്ടോ എന്ന എന്റെ ഇടവിട്ടുചോദ്യമൂളിച്ചകൾക്കിടയിൽ ചുരുണ്ടുകൂടി ആ കഥ അന്നെനിക്ക് ഉറക്കപ്പായ വിരിച്ചു. അന്നു മാത്രമല്ല, പിന്നീടു പലപ്പോഴും. ഒരു രാക്ഷസന്റെ കഥയായിരുന്നു അത്. സുന്ദരിയായ പെൺകുട്ടിയെ പ്രണയിച്ച കൊടും രാക്ഷസന്റെ കഥ.. പെൺകുട്ടിയുടെ പ്രണയം തൊട്ട് ഒടുവിൽ രാക്ഷസൻ ഒരു സുന്ദര രാജകുമാരനായിത്തീരുമ്പോഴേക്കും ഞാൻ ഉറക്കം പിടിച്ചു കഴിഞ്ഞിരിക്കും. അതുകൊണ്ട് ഞാൻ കേട്ട കഥയിലെ രാക്ഷസന് ഒരിക്കലും ശാപമോക്ഷം കിട്ടിയതേയില്ല.

എന്നോടു നീയിരുന്താൽ

ഉയിരോടു ഞാൻ ഇരുപേൻ

എന്നോടു നീയിരുന്താൽ

ഉയിരോടു ഞാൻ ഇരുപേൻ

എന്നു പാടിക്കേൾക്കുമ്പോഴൊക്കെ ഞാൻ അക്കഥ ഓർമിച്ചു. ഒരു അഞ്ചുവയസ്സുകാരിക്ക് അമ്മ പറഞ്ഞു തന്ന കഥയ്ക്കുള്ളിൽ പറയാതെ വീർപ്പുമുട്ടിയൊളിച്ച പ്രണയമോർമിച്ചു. എത്ര സുന്ദരമായ പ്രണയം പകരം നൽകിയായിരിക്കണം അവൾ രാക്ഷസന്റെ വൈരൂപ്യത്തെ തോൽപ്പിച്ചതെന്ന് അസൂയപ്പെട്ടു. കേട്ടുമറന്ന ആ കഥയിലേക്കു മടക്കി വിളിക്കുന്നതുകൊണ്ടായിരിക്കാം, ആദ്യമേ ആ പാട്ടിനോടൊരു പ്രിയം തോന്നിയത്. പക്ഷേ, ഇന്നും ആ വരികൾ എന്നെപ്പോലെ ചിലരെങ്കിലും കാതോരം കാത്തുവയ്ക്കുന്നത്, ആ പാട്ടിൽ പറയുംപോലെ ‘എൻ കാതൽ നീയെൻട്രു യാരുക്കും തെരിയാത്ത അനുരാഗിക്കൊപ്പം അനുപല്ലവികൾ പുണർന്നു കേട്ടതിന്റെ ഓർമയിലല്ലേ..

എന്നോടു നീയിരുന്താൽ...

വൈരൂപ്യം കാരണം കണ്ണാടിനോക്കാൻ പോലും ഭയന്ന്, സ്വന്തം മരണത്തിന്റെ കരിവള്ളിക്കുടിലിൽ ഒളിച്ചും പാത്തും കഴിഞ്ഞിരുന്ന ലിങ്കേശൻ എന്ന ചെറുപ്പക്കാരനെ മറന്നോ? വെളിച്ചത്തിലേക്കു കൺചിമ്മാതെ, രാത്രിമുറിയിൽ, തെരുവിരുട്ടിൽ, സ്വയം ശപിച്ചു കഴിഞ്ഞ ലിങ്കേശന്റെ ജീവിതത്തിലേക്ക് മഴവില്ലു പോലെ വിടരുകയായിരുന്നു ദിവ്യ. എല്ലാ നിറങ്ങളേക്കാളും നിറമാർന്നൊരു നിറമായിരുന്നു അവൾ വിരിച്ച പ്രണയത്തിന്...അത്രയും സുന്ദരി..

അറിയപ്പെടുന്ന ഒരു പരസ്യമോഡൽ... ഒരു ക്യാമറയുടെ ഫ്രെയിമിലും ഒതുങ്ങിനിന്നില്ല അവളുടെ ഉടലഴകിന്റെ ഉന്മാദപൂർണിമ. ബോഡി ബിൽഡിങ് സ്വപ്നങ്ങളുമായി ചേരിയിലെവിടെയോ കഴിഞ്ഞ ലിങ്കേശന് അവളെ മോഹിക്കാൻ പോലുമുള്ള ധൈര്യമില്ലായിരുന്നു. എന്നിട്ടും അയാൾ തന്റെ ഒറ്റമുറിവീട്ടിലെ തകരപ്പെട്ടിക്കുള്ളിൽ അവളുടെ ചിത്രങ്ങളത്രയും വെട്ടിയെടുത്തുസൂക്ഷിച്ചു. ക്യാമറ നോക്കി അവൾ ചിരിച്ചുലഞ്ഞതത്രയും അവളറിയാദൂരെ അവളെ പ്രണയപൂർവം കാത്തിരിക്കുന്ന തനിക്കുവേണ്ടിമാത്രമാണെന്നു വിശ്വസിച്ചു. തെരുവെയിലിൽ നട്ടം തിരിഞ്ഞുവലയുമ്പോഴാകും ആകാശം മുട്ടെ നിൽക്കുന്ന അവളുടെ പരസ്യബോർഡ് കണ്ണിൽ പെടുക. ആ ഒറ്റക്കാഴ്ചമതി അയാൾക്ക് പൊള്ളിയ കണ്ണിമകളിൽ കുളിരഞ്ജനമെഴുതാൻ...അങ്ങനെ കുറച്ചേറെക്കാലം. ഒരിക്കൽ പോലും തമ്മിൽ കാണാതെ... അവൾക്കുമുന്നിൽ നിൽക്കാൻ പോന്നൊരു വിലാസം സ്വന്തമായിട്ടില്ലാത്തതിന്റെ സങ്കടത്തോടെ...

എന്നിട്ടും കണ്ടുമുട്ടാനും മിണ്ടാനും മനസു തുറക്കാനുമായിരുന്നു ലിങ്കേശന്റെയും ദിവ്യയുടെയും നിയോഗം. അതും ഒരേ ക്യാമറയുടെ കള്ളക്കടക്കണ്ണേറിൻ മുന്നിൽ. അല്ലായിരുന്നെങ്കിൽ കോമളന്മാരായ ചുള്ളൻ പയ്യന്മാർ ധാരാളമുണ്ടായിട്ടും ദിവ്യയുടെ പരസ്യചിത്രത്തിലെ നായകവേഷം അപ്രതീക്ഷിതമായി ലിങ്കേശനെ തേടിയെത്തുമായിരുന്നില്ല. പിന്നീടുള്ള നാളുകൾ തെരുവിലെ ഒറ്റമുറിവാടകവീട്ടിലെ ചെറുപ്പക്കാരനു കനവു കാണാവുന്നതുപോലുമായിരുന്നില്ല...അതുക്കും മേലെ...

Ennodu Nee Irundhaal song

എന്നൈ നാൻ യാരെൻട്രു

സൊന്നാലും പുരിയാതെ

എൻ കാതൽ നീയെൻട്രു

യാരുക്കും തെരിയാതെ

നീ കേട്ടാൽ ഉലകത്തൈ നാൻ വാങ്ങിത്തരുവേനെ

നീയില്ലാ ഉലകത്തിൽ നാൻ വാഴ മാട്ടേനേ

എന്നോടു നീയിരുന്താൽ...

Ennodu Nee Irundhaal song

ഒറ്റ രാത്രിക്കൊടുവിൽ ഒരു ദിവാസ്വപ്നത്തിലേക്കുണർന്നപോലെ... അവളെ തൊട്ടുരുമ്മി വിടർന്ന പൂവിനെയും പൂമ്പാറ്റയെയും കുളിർകാറ്റിനെയും കാതലിച്ചു കൊതിതീരാ കാലം. ഏതേതോ നാടുകളിൽ രാപ്പകൽ നീണ്ടു പരസ്യചിത്രീകരണം. അരികിൽ ദിവ്യയുള്ളപ്പോൾ ലിങ്കേശൻ അറിഞ്ഞതേയില്ല, തെരുവിരുളിൽ നിന്നും എത്രപ്രകാശദൂരേക്കാണ് അവന് ചിറകുകിളിർത്തിരിക്കുന്നതെന്ന്. സത്യത്തിൽ ദിവ്യ ലിങ്കേശന് ഒരു പ്രണയംമാത്രമായിരുന്നില്ല. അവനെ തേടിയെത്തിയ, അവനെ പോലെ ഭാഗ്യം ചെയ്ത ചുരുക്കം പേരെ മാത്രം തേടിയെത്താറുള്ള ഒരു അപൂർവ ഋതുഭാവം. അവൾ അരികിലുള്ളപ്പോൾ ഓരോ ചില്ലയിലും തളിരില കിളിർത്തു, ഓരോ തളിരിലത്തുമ്പിലും പൂവിതൾ വിടർന്നു, ഓരോ പൂങ്കിനാവള്ളിയിലും ഒരായിരം പ്രണയനക്ഷത്രരാത്രികൾ പുലർന്നു.. അതുകൊണ്ടായിക്കാം അവളുടെ അനുരാഗം അതുവരെയറിയാ ഋതുപ്പകർച്ചയുടെ അനുഭൂതികൾ അവനു സമ്മാനിച്ചത്.

ഉന്മൈ കാതൽ യാതെൻട്രാൽ

ഉന്നൈ എന്നെ സൊൽവേനേ

നീയും നാനും പൊയ് എൻട്രാൽ

കാതലൈ തേടി കൊൽവേനേ

കൂന്തൽ മീസൈ ഒൻട്രാഗാ

ഊസി നൂലിൽ തയ്പേനേ

തേൻഗൈയ്ക്കുള്ളെ നീർ പോലെ

നെഞ്ചിൽ തേകി വയ്പേനേ..

എന്നിട്ടും...എന്നിട്ടും എത്രവേഗമാണ് അവന്റെ വസന്തങ്ങൾ കൊഴിഞ്ഞത്? മഴമേഘങ്ങൾ വരണ്ടുപാറിയത്? കിനാവുകൾ കൊഴിഞ്ഞുണങ്ങി രാത്രികൾ നരച്ചുപോയത്? യൗവനത്തിന്റെ സൗന്ദര്യവും ചുറുചുറുക്കും നഷ്ടപ്പെട്ട് അവനെത്രവേഗമാണ് വൃദ്ധനായത്? വിരൂപനായത്? പക്ഷേ, അണിയാൻ അവളുടെ അഴകുള്ളപ്പോൾ ലിങ്കേശൻ എന്തിന് സ്വന്തം വൈരൂപ്യമോർത്തു കേഴണം? ചുണ്ടുകളിൽ അവളുടെ ചുംബനമുള്ളപ്പോൾ എന്തിന് പുഞ്ചിരിക്കാൻ മടിക്കണം? അവന്റെ ഓരോ വിരൽസ്പർശത്തിലും പൂത്തുലഞ്ഞ് അവളുടെ നിറയൗവനമുള്ളപ്പോൾ അവനെന്തിന് സ്വന്തം വാർധക്യത്തിന്റെ വെള്ളിനൂൽച്ചുരുളിൽ ഒളിച്ചിരിക്കണം...

Ennodu Nee Irundhaal song

ലിങ്കേശനു സമ്മാനിക്കാൻ അതിമനോഹരമായ ഒരു വസന്തമൊരുക്കി കാത്തിരിക്കുകയായിരുന്നു ദിവ്യ. മേഘം ചാഞ്ഞിറങ്ങുന്നൊരു മലയോരച്ചെരിവിൽ അനുരാഗിക്കുവേണ്ടി അവളൊരുക്കിയ മഴവള്ളിക്കുടിൽ ഓർമിക്കുന്നില്ലേ? ആകാശനീലിമ അതിരു തുന്നിയ, പുൽപ്പച്ചപ്പരവതാനി നിലംമെഴുകിയ, പുലർമഞ്ഞിൻ നൂലിഴകൾ ചുമരു കെട്ടിയ ഒരു കുഞ്ഞുമുളവീട്. ചുറ്റിലും അവൾ കണ്ണീർക്കൂട്ടിരുന്ന് വിരിയിച്ച കാതൽപ്പൂക്കൾ...ആ വീട്ടിലേക്കും, അവിടെ പാതിവാതിൽ ചാരി കൺനട്ടുകാത്തിരിക്കുന്ന ദിവ്യയുടെ ഹൃദയത്തിലേക്കും മടങ്ങിവരാതിരിക്കാനാവില്ല ലിങ്കേശന്.

ആ മടങ്ങിവരവ് നഷ്ടപ്രണയത്തിന്റെ തിരിച്ചുപിടിക്കൽ കൂടിയാകുമ്പോൾ വൈരൂപ്യത്തിന്റെ വെള്ളിൽപ്പറവകൾ അവനിൽ നിന്നു കൂടൊഴിയുന്നു, പകരം ദിവ്യ സമ്മാനിക്കുന്ന പ്രണയം അവനെ മുൻപ് എന്നത്തേക്കാളും മറ്റാരേക്കാളും സുന്ദരനാക്കുന്നു. അവന്റെ ഋതുപ്പകർച്ചയിൽ അവൾ പാടുന്ന ആ പാട്ട് ഏത് അരൂപിയേയും വിരൂപിയേയും വിസ്മയസുന്ദരസ്വപ്നമാക്കുന്നു... ദിവ്യയോടും കുട്ടിക്കാലത്തു കേട്ടുമറന്ന കഥയിലെ രാജകുമാരിയോടും ഇപ്പോഴും അസൂയ തോന്നുന്നു, എത്ര പ്രണയമാർന്നൊരു പ്രണയം തൊട്ടാണ് അവർ രണ്ടുപേരും അവരുടെ രാജകുമാരന്മാരെ തിരിച്ചുനേടിയത്?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.