Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്ന് നിന്റെ കാഞ്ചന

റിയ ജോയ്
Ennum Ninte Moideen

‘‘എടീ, ഈ പുഴയുടെ കരപിടിച്ച് നടന്നാൽ അറബിക്കടലാ.. അതിനി എത്ര കടവത്ത് ഏത് തോണിക്കാരൻ കുത്തിനിർത്തിയാലും ഇരുവഴിഞ്ഞിപ്പുഴ അറബിക്കടലിൽ എത്ത്വതന്നെ ചെയ്യും! ഇരുവഴിഞ്ഞി അറബിക്കടലിന്ള്ളതാണെങ്കി.. കാഞ്ചന മൊയ്തീനുള്ളതാ...’’

മൊയ്തീൻ തന്റെ വിരലിൽ കിടന്ന മോതിരമൂരി കാഞ്ചനയുടെ കൈവിരലിൽ അണിയിച്ചു. ഒരുനിമിഷം അവളെ ചേർത്തണച്ച് നെറുകയിൽ ചുണ്ടു ചേർത്തു. ഒരു നെടുവീർപ്പോടുകൂടി പിൻനടക്കുമ്പോൾ മൊയ്തീന് അറിയാമായിരുന്നു, ഏതു കൊടുംവേനലിൽ ഇരുവഴിഞ്ഞിപ്പുഴ വറ്റിമെലിഞ്ഞാലും മൊയ്തീനുള്ള പ്രണയതീർഥവുമായി കാഞ്ചന കാത്തിരിക്കുമെന്ന്, എത്രയെത്ര കാലം കഴിഞ്ഞാലും.

ennu-ninte-moideen-stills

കാത്തിരിപ്പിന്റെ കരീനീലക്കടലാഴമുള്ള കാഞ്ചനയുടെ കണ്ണുകളിൽ നോക്കി മൊയ്തീന്റെ വെള്ളാരംകണ്ണിണകൾ പ്രണയം പറയുമ്പോൾ മുക്കം ഗ്രാമത്തിന്റെ മുത്തശ്ശിക്കഥകളിലേക്കൊരു രാജകുമാരനും രാജകുമാരിയും ചിറകുവച്ചുപറന്നുവരികയായിരുന്നു. രണ്ടു സമുദായങ്ങളുടെ സമരത്തടങ്കലുകൾ മൊയ്തീനെയും കാഞ്ചനയെയും തമ്മിൽ കാണാതെ, തമ്മിൽ മിണ്ടാതെ, തമ്മിൽ തൊടാദൂരം അകറ്റിമാറ്റിനിർത്തിയപ്പോഴും ഇരുവരെയും നനയിച്ചും കരയിച്ചും ഇരുവഴിഞ്ഞി പിന്നെയും ഒഴുകിക്കൊണ്ടേയിരുന്നു. കരതൊടാതെ ഒഴുകിയ മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം ഒടുവിൽ കാലത്തിന്റെ കടലിലേക്കു ചേരാനുള്ളതായിരുന്നു. അതുകൊണ്ടായിരിക്കാം, കാണാദൂരെ മറഞ്ഞിരുന്ന് ഒരേ വാർമഴവില്ലിന്റെ വർണത്തുണ്ടുകളായി അവർ തമ്മിൽ കണ്ടു. ഒരേ മൗനത്തിന്റെ പല്ലവിയനുപല്ലവികളായി തമ്മിൽ കേട്ടു. ഒരേ മഴയുടെ ഇണത്തുള്ളികളായ് തമ്മിൽ തൊട്ടു. ഒരേ കാറ്റുവട്ടം ചുറ്റിത്തിരിയുന്ന രണ്ടു കാറ്റാടികളെ പോലെ കാലം അവരുടെ കാത്തിരിപ്പിന്റെ കഥ കടംകൊണ്ടു.

Ennu Ninte Moideen

കോഴിക്കോട് നഗരത്തിലെ കോളജിലേക്കുള്ള ബസ് യാത്രയിലാണ് മൊയ്തീന്റെ വെള്ളാരം കണ്ണുകളിൽ കാഞ്ചന ആദ്യമായി അതുവരെ കാണാത്തൊരു തിളക്കം കാണുന്നത്. അന്നു രാത്രി കാഞ്ചനയുടെ ഹോസ്റ്റൽ മേൽവിലാസത്തിൽ വന്ന ‘രക്തപുഷ്പം’ എന്ന കവിതാസമാഹാരത്തിൽ മൊയ്തീൻ തന്റെ പ്രണയം എഴുതിച്ചേർത്തിരുന്നു. കൂട്ടുകാരികൾ കാണാതെ മൊയ്തീന്റെ കയ്യക്ഷരങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചപ്പോൾ ആദ്യമായി കാഞ്ചനയുടെ കിനാവിലേക്ക് ഒരു സുൽത്താൻ വരികയായിരുന്നു. പിന്നീട് അവളെ തിരഞ്ഞുമാത്രം മൊയ്തീൻ കോഴിക്കോട് നഗരത്തിൽ വന്നുപോയ്ക്കൊണ്ടിരുന്നു. ഹോസ്റ്റലിനോടു ചേർന്ന ഇടവഴികളിൽ, കോളജ് വരാന്തകളിൽ... കാഞ്ചനയുള്ളിടത്തൊക്കെ അവൾക്കു വേണ്ടി മൊയ്തീൻ കാത്തുനിന്നു. പള്ളിമേടയിലെ ഇത്തിരിമെഴുതിരിവെട്ടത്തിൽ തണുത്തുകിടന്ന മൗനത്തിന് സോളമന്റെ ഉത്തമഗീതം കേട്ടു ചൂടുപിടിച്ച ആ മൂവന്തിയിലും കാഞ്ചനയുടെ കയ്യെത്തുമരികെ മൊയ്തീനുണ്ടായിരുന്നു.

‘പുറത്തു നല്ല മഴയുണ്ട്. നനഞ്ഞാലോ’

മൊയ്തീൻ കാഞ്ചനയുടെ കൈപിടിച്ച് ആദ്യമായി മഴപ്പച്ചയിലേക്ക് ഇറങ്ങിയോടുന്നത് അന്നാണ്. പിന്നീട് അവരൊരുമിക്കും നേരങ്ങളിലെല്ലാം ദൂരമേഘങ്ങളിൽ നിന്നൊരു പെരുമഴ ദൂതുവന്നു. കൊറ്റങ്ങൽ തറവാട്ടിനകത്തെ ഇരുട്ടുമുറിക്കുള്ളിൽ അമ്മാവനും സഹോദരങ്ങളും ചേർന്ന് കാഞ്ചനയുടെ പ്രണയത്തെ തളച്ചിട്ടപ്പോഴും ജനാലയോരം അവളെ കാത്ത് മഴ നീൾക്കൈകൾ നീട്ടിനിന്നു. മഴ തൊടുമ്പോഴെല്ലാം അവൾ മൊയ്തീനൊപ്പം നനഞ്ഞ പ്രണയത്തിന്റെ ഓർമകളിൽ ഉന്മാദം കൊണ്ടു. ആരും കാണാതെ കാഞ്ചനയെ കൂട്ടിക്കൊണ്ടുപോകാൻ മൊയ്തീൻ വന്ന ഓരോ രാത്രിയിലും ഇരുവരെയും ലോകരുടെ ദൂരക്കാഴ്ചകളിൽ നിന്നു മറച്ചും ഒളിപ്പിച്ചും അതേ മഴ പെയ്തുകൊണ്ടേയിരുന്നു, തോരാതെ..

Ennu Ninte Moideen

അനുജത്തിമാരെ മംഗലം കഴിച്ചു പറഞ്ഞയയ്ക്കുന്നതുവരെ കാത്തിരിക്കണമെന്നു മൊയ്തീനോട് കാഞ്ചന കരഞ്ഞു പറയുന്നതു കേട്ട് തൊടിപ്പച്ചയുടെ അരികുചേർന്ന് മഴ കണ്ണുനീർ വാർത്തു നിന്നു. പെണ്ണുകാണാൻ ദൂരദിക്കുകളിൽ നിന്നുപോലും ചെറുപ്പക്കാർ വരാൻ തുടങ്ങിയതോടെയാണ് കാഞ്ചന എന്നെന്നേക്കുമായി യൗവനത്തിന്റെ നിറങ്ങളുപേക്ഷിച്ചത്. നീണ്ടുമെലിഞ്ഞ കൈത്തണ്ടയിൽ കുപ്പിവളകളുടെ ചിരിയുടഞ്ഞു. കണ്ണിമകളിലെ കുസൃതിയുടെ മഷിക്കറുപ്പു മാഞ്ഞു. അലസമായി വാരിച്ചുറ്റിയൊരു തൂവെള്ള സാരിയിൽ അവൾ മൊയ്തീന്റെ മാത്രം പെണ്ണായി ജീവിതത്തെ മാറ്റിവരയ്ക്കുകയായിരുന്നു.

മൊയ്തീനോടു മിണ്ടിപ്പറഞ്ഞതു മുഴുവൻ കത്തുകളിലൂടെയായിരുന്നു. വരമായി കിട്ടിയൊരു വെളിപാടുപോലെ, ആർക്കും മനസിലാകാത്ത രഹസ്യാക്ഷരങ്ങളിലൂടെ മൊയ്തീനും കാഞ്ചനയും പരസ്പരം ഹൃദയങ്ങൾ പങ്കുവച്ചുകൊണ്ടേയിരുന്നു. നീണ്ട ഇരുപത്തിരണ്ടു വർഷം. മൊയ്തീൻ സമരവും വിപ്ലവവുമായി മുക്കത്തെ അങ്ങാടിത്തിരക്കിൽ മുഴുകുമ്പോഴും കാഞ്ചന അതേ ഇരുട്ടുമുറിക്കുള്ളിൽ കലണ്ടറിൽ കാലം താൾ മറിക്കുന്നതറിയാതെ കാത്തിരിപ്പു തുടർന്നു. ജനാലയഴികൾക്കു പുറത്തെ തൊടിയിലും മുറ്റത്തും മഴയും മഞ്ഞും വേനലറുതിയും മാറിമാറി നിഴൽച്ചിത്രം വരച്ചു മായ്ച്ചുകൊണ്ടേയിരുന്നു. കാഞ്ചന മാത്രം ഒറ്റനിറത്തിലെഴുതിയൊരു ജലച്ചായച്ചിത്രം പോലെ കാലത്തിന്റെ ചുമരിൽ പതിഞ്ഞുകിടന്നു.

Ennu Ninte Moideen

മുത്തശ്ശിക്കഥകളിലെ രാജകുമാരിയെ പോലെ എന്നെങ്കിലും തന്റെ രാജകുമാരൻ വരുന്നതും കാത്ത്, ജനാലയോരം മഴവഴികളിലേക്കു കണ്ണുംനട്ട്..

വർഷങ്ങൾക്കുശേഷം ഇരുവഴിഞ്ഞിക്കടവിലെ വള്ളപ്പുരയിൽ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഏറെനേരം ഒന്നും മിണ്ടാതെ തമ്മിൽ നോക്കിയിരുന്നു കാഞ്ചനയും മൊയ്തീനും. കണ്ണുകൾക്കു മാത്രമറിയാവുന്ന ഏതോ ദേവഭാഷയിൽ നീണ്ട ഏകാന്തജീവിതത്തിന്റെ സങ്കടം പറഞ്ഞുതീർക്കുകയായിരുന്നിരിക്കണം അവർ. മൊയ്തീൻ കാഞ്ചനയുടെ കൈ പിടിച്ച് ചോദിച്ചു:

-എനിക്ക് എന്തെങ്കിലും മാറ്റമുണ്ടോ?

-ഇല്ല

-എനിക്കോ? കാഞ്ചനയുടെ മറുചോദ്യം

-എവിടെ...!

മൊയ്തീന്റെ ചിരിയിൽ ഇരുവരുടെയും മൗനം മുറിഞ്ഞു.

അന്നു കടത്തുതോണിയിൽ അവളെ യാത്രയാക്കുമ്പോൾ ഇരുവഴിഞ്ഞിയുടെ ഈറൻ കരയിൽ നിന്ന് ഒരു പിടി മണ്ണ് മൊയ്തീൻ വാരിയെടുത്തു നെഞ്ചോടു ചേർത്തു. കാലമിനിയുമെത്ര കാത്തിരിക്കാൻ മൊയ്തീന് ആ ഒരുപിടി പൂഴിമണ്ണ് മാത്രം മതിയായിരുന്നു. കാഞ്ചനയുടെ കാൽപാദം പതിഞ്ഞ മണ്ണ്.

Ennu Ninte Moideen - Audio Jukebox

പിറ്റേ രാത്രി മൊയ്തീനൊപ്പം പടിയിറങ്ങാൻ കാഞ്ചന ഒരുങ്ങിനിന്നു. പക്ഷേ, വിധി അവളെ കൊറ്റങ്ങൽ തറവാട്ടിനകത്തു വീണ്ടും തളച്ചിട്ടു. മുറച്ചെറുക്കനായ അപ്പുവേട്ടൻ എല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ് അവളെ ജീവിതത്തിലേക്കു കൂട്ടുവിളിക്കാൻ വന്നത്. എന്നാൽ, അപ്പുവേട്ടൻ തന്നെ സ്നേഹിക്കുന്നതിന്റ ആയിരമിരട്ടി മൊയ്തീൻ തന്നെ സ്നേഹിക്കുന്നുണ്ടെന്നും അതിന്റെ പതിനായിരമിരട്ടി അവൾ മൊയ്തീനെ സ്നേഹിക്കുന്നുണ്ടെന്നും, മൊയ്തീനല്ലാതെ ഒരാൾക്കും വേണ്ടി നീക്കിവയ്ക്കാൻ അവൾക്കൊരു ജീവിതമില്ലെന്നും കരഞ്ഞു പറഞ്ഞ് കാഞ്ചന മറ്റാരിലേക്കുമുള്ള ഹൃദയജാലകങ്ങൾ ചേർത്തടച്ചു.

Ennu Ninte Moideen

ഒടുവിൽ, കാത്തുകാത്തിരിപ്പിനൊടുവിൽ കഥയിലെ രാജകുമാരിയെ തേടി അവളുടെ രാജകുമാരൻ വരുന്ന ദിവസമെത്തി. അമേരിക്കയിലേക്കു കാഞ്ചനയെ കൂട്ടി പറക്കാൻ പാസ്പോർട്ടുമായിട്ടായിരുന്നു മൊയ്തീന്റെ വരവ്. മുക്കത്തെ അവരുടെ അവസാന രാത്രി. കാത്തിരിപ്പിന്റെയും കരച്ചിലിന്റെയും ഒടുക്കരാത്രി. പക്ഷേ ആ രാത്രിയും കാഞ്ചനയുടെ പ്രണയം പുലരാൻ കാത്തുനിന്നില്ല. ഇരുവഴിഞ്ഞി ഇത്രകാലമൊളിപ്പിച്ചു വച്ച അതിന്റെ ആഴച്ചുഴികളിലേക്കു മൊയ്തീനെ തനിച്ചുവലിച്ചുകൊണ്ടുപോകുമ്പോൾ പുഴയുടെ മറുതീരത്ത് കാഞ്ചന കാത്തിരിക്കുന്നുണ്ടായിരുന്നു. മൊയ്തീൻ ഇക്കരെ തോണിയടുപ്പിച്ചു തന്നെ കൂട്ടിക്കൊണ്ടുപോകുന്നതു കാത്ത്.

ആ കാത്തിരിപ്പിന്റെ കനൽവഴിയോരം ഇരുവഴിഞ്ഞി ഇതുവരെ ഒഴുകിയെത്തിയിട്ടുണ്ടാവില്ല. കരയ്ക്കണയാത്ത കാമുകന്റെ വരവും കാത്ത് ഇന്നുമുണ്ട് ആ പുഴയ്ക്കക്കരെ കാഞ്ചന..

‘ഇരുവഴിഞ്ഞി അറബിക്കടലിന്ള്ളതാണെങ്കി.. കാഞ്ചന മൊയ്തീനുള്ളതാ...’ മൊയ്തീൻ കാഞ്ചനയ്ക്കു കൊടുത്ത വാക്ക് ആകാശം പെയ്യുമ്പോഴൊക്കെ മുക്കം ഓർമിക്കുന്നുണ്ടാവും. കാലമോ വിധിയോ ആ വാക്ക് പൂരിപ്പിക്കാൻ അനുവദിച്ചില്ല

ഇരുവഴിഞ്ഞീ, നീയിനിയെന്നെങ്കിലും അറബിക്കടലിലേക്ക് ഒഴുകിയെത്തുമോ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.