Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബികോസ് ഐ ലവ് യു

റിയ ജോയ്
bhargavi-nilayam

ബികോസ് ഐ ലവ് യു...മഴവിൽവർണക്കടലാസുകൊണ്ട് പൊതിഞ്ഞ്, കടുംചുവന്നൊരു റോസാപ്പൂവിനൊപ്പം അവൻ ആദ്യമായെന്റെ നേർക്കു നീട്ടിയ പ്രണയസമ്മാനം. മനോഹരമായ ഇംഗ്ലിഷ് പ്രണയഗാനങ്ങളുടെ ഒരു ശബ്ദസമാഹാരമായിരുന്നു അത്. ആ സമ്മാനം എനിക്കു തരുമ്പോൾ അവനെന്നോടു പ്രണയം പറഞ്ഞിരുന്നില്ല. എന്നിട്ടും അവന്റെ കൺതിളക്കങ്ങൾക്കു മുന്നിൽ ആ സമ്മാനപ്പൊതി തുറന്നുനോക്കിയപ്പോൾ തെല്ലും ആശ്ചര്യമോ പെൺസഹജമായ പരിഭ്രമമോ തോന്നിയതുമില്ല. കാരണം, അവനെന്നോടു പറഞ്ഞിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ച പ്രണയം അപ്പോഴെന്റെ കാതോരം നൂറുനൂറു പാട്ടീണങ്ങളായി മൂളിത്തുടങ്ങുകയായിരുന്നു. അവനാകട്ടെ പിന്നീട് എത്രായിരം വട്ടം എന്റെ ചുണ്ടോടു ശ്രുതിചേർത്ത് ആ ഈണങ്ങളൊക്കെയും ഏറ്റുപാടിയുമിരിക്കുന്നു.

കലണ്ടർ താളുകളിൽ അന്ന് ഫെബ്രുവരി പതിനാല് ആയിരുന്നില്ല. തീയതി കൃത്യമായി ഓർമിക്കുന്നുമില്ല. എങ്കിലും ഞാൻ ആദ്യമായി പ്രണയസമ്മാനിതയായ ആ ദിവസമായിരുന്നു എന്റെ ഓർമകളിലെ ആദ്യ വാലന്റൈൻ ദിനം. അതിനു ശേഷം കലണ്ടറിലെ കറുപ്പും വെളുപ്പും ചതുരക്കളങ്ങളെ പിന്നിലാക്കി എത്രയെത്ര ഫെബ്രുവരി പതിനാലുകൾ കടന്നുപോയി. എത്രയെത്രെ സമ്മാനങ്ങൾ പരസ്പരം കൈമാറി പ്രണയത്തിന്റെ ഹെർബേറിയം ഞങ്ങൾ സമ്പന്നമാക്കി. ഓർത്തെടുപ്പുകളുടെ മലർക്കൂട്ടിനുള്ളിലിരുന്ന് ഇന്നും ആ പ്രണയഗാനശേഖരം ഞങ്ങൾക്കു രണ്ടുപേർക്കും മാത്രമായി പാടിക്കൊണ്ടേയിരിക്കുന്നു. ഒരു മാത്രയുടെ ഹൃദയമൗനത്തിൽ ഞങ്ങൾ വീണ്ടും ആ പാട്ടീണങ്ങളുടെ ഉന്മാദം കേട്ടു വിരൽത്താളമിട്ടുകൊണ്ടേയിരിക്കുന്നു...

ബികോസ് ഐ ലവ് യൂ...

ഈ വാലന്റൈൻ ദിനം ഓർമിപ്പിച്ച റോസാപ്പൂവിതളുമ്മകൾക്കിടയിൽ, കരിനീലക്കയ്യക്ഷരങ്ങളിലെഴുതിയ പ്രണയലേഖനങ്ങൾക്കിടയിൽ, നിലാരാത്രികളിൽ അവനെനിക്കു സമ്മാനിച്ച മയിൽനീലപ്പീലികൾക്കിടയിൽ, കൈക്കുടന്നയിലേക്കു ചിന്നിവീണ മഞ്ചാടിമണിച്ചുവപ്പിനിടയിൽ ഒരുപിടി നല്ല മലയാളിയീണങ്ങൾ കൂടിയുണ്ട്. ഒരുമിച്ചിരിപ്പിന്റെ നേരങ്ങളിൽ ഓരോ അനുരാഗിയുടെയും ആത്മാവിൽ തൊടുന്ന ചില പഴയ ഗാനങ്ങൾ...

താമസമെന്തേ വരുവാൻ...

പ്രാണസഖീ..

മലയാളത്തിൽ ആദ്യം പിറന്ന ഗസല്‍സദൃശ്യമായ ഈ വരികളിൽ കാത്തിരിപ്പിന്റെ കാമുകഭാവം ഇഴചേർന്നപ്പോൾ ഒരിക്കലും മറക്കാനാകാത്തൊരു സംഗീതാനുഭവമായി അതു മാറുകയായിരുന്നു. ഹിന്ദുസ്‌ഥാനി സംഗീതത്തിന്റെ മാസ്‌മരികത സമ്മാനിച്ച് ബാബുരാജും ഭാസ്‌കരൻമാഷുമൊന്നിച്ച ഈ ഗാനം ഓർമകളിൽ ആരെയാണ് പ്രണയാതുരനാക്കാതിരിക്കുക? ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ പ്രണയസങ്കൽപങ്ങളുടെ പവിഴക്കൂടാരങ്ങൾ എത്ര അനായാസമായാണ് നമുക്കു മുന്നിൽ തുറന്നത്.

‘‘ഇന്നലെ മയങ്ങുമ്പോൾ,

ഒരുമണി കിനാവിന്റെ’’,

പാട്ടുമൂളിയെത്തുന്ന കിനാവുകളുടെ സ്വർണച്ചിറകുകളിലേറി എത്രയോ രാത്രികൾ നാം പ്രണയത്തിലേക്കു കൺതുറന്നു. അനുരാഗിയെ മാത്രം ഓർമിച്ചുകൊണ്ടുള്ള മയക്കത്തിൽപോലുമുണ്ടായിരുന്നു സ്വരസുന്ദരമായ ഒരു രാഗാത്മകത....അതുകൊണ്ടല്ലേ കൗമാരത്തിന്റെ ഓരോ രാത്രിയും ഒരു പൂവിലേക്ക് ഇതൾവിരിഞ്ഞുണരുന്നതുപോലുള്ള സ്വപ്നാടനങ്ങളായി തോന്നിയത്.

തളിരിട്ട കിനാക്കൾതൻ

താമരമാല വാങ്ങാൻ’’,

വയലാറും ദേവരാജനുമൊരുമിച്ചപ്പോഴും പ്രണയത്തെ അതിമനോഹരമായ ഒരു സ്വപ്നകൽപനയായി നാം വീണ്ടും കേട്ടു. അനുരാഗിയുടെ സ്വപ്നമായിരുന്നെങ്കിൽ എന്നു കൊതിച്ചുപോകുന്ന നിമിഷങ്ങൾ..

‘‘സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്‌നമായിരുന്നെങ്കിൽ ഞാൻ...’’

ആ ഒരു നിമിഷത്തിനു വേണ്ടിയുള്ള വാസനപ്പനിനീർപ്പൂ എത്രയോ ജന്മങ്ങളായി ഹൃദയത്തിൽ നട്ടുനനച്ചുവളർത്തിയതാണു നമ്മൾ... വസന്തവിരലുകൾ നീർത്തി ഏതുനിമിഷവും തന്നെ തൊട്ടുണർത്തിയേക്കാവുന്ന അനുരാഗിക്കുവേണ്ടിയുള്ള ആ കാത്തിരിപ്പിനു പോലുമുണ്ട് കൊതിപ്പിക്കുന്ന ഒരു ഹൃദയവികാരം.

‘‘പ്രിയതമാ പ്രിയതമാ.

പ്രണയലേഖനം എങ്ങനെയെഴുതണം?’

ആദ്യമായി അനുരാഗിയോട് ആ പ്രിയരഹസ്യം പങ്കുവയ്ക്കാൻ കയ്യിലൊരു തൂവെള്ളക്കടലാസുതാളുമായി ഈ ലോകത്തെങ്ങുമല്ലാത്തൊരാളെപ്പോലെ ഒളിച്ചും പതുങ്ങിയുമിരുന്നപ്പോൾ ഒരുനിമിഷം മനസ്സുപിടഞ്ഞു ചോദിച്ചിരിക്കില്ലേ എങ്ങനെ എഴുതിത്തുടങ്ങണമെന്ന്. എന്ത് എഴുതിത്തുടങ്ങണമെന്ന്..ഒടുവിൽ ഹൃദയം പകർത്തിയെഴുതിക്കഴിഞ്ഞപ്പോൾ ആ കടലാസിലൊരു പനിനീർപ്പൂവസന്തം വാസനിച്ചത് ഓർമിക്കുന്നില്ലേ..

‘‘ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ

ശകുന്തളേ നിന്നെ ഓർമവരും..

അനുരാഗത്തിനു മാത്രം സമ്മാനിക്കാനാകുന്നൊരു അദ്ഭുതജാലമല്ലേ അത്. വിടർന്ന ഓരോ പൂവിലും അവളുടെ മുഖം തിരഞ്ഞ്, ചെമ്പകപ്പൂമേടയിൽ നിന്നു പായാരവുമായെത്തുന്ന കുഞ്ഞിളംകാറ്റിലും അവളെ മണത്ത്, പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളികളിലും അവളെ തൊട്ട്, ഇറുകെപ്പുണരുന്ന ഇരുട്ടിലും അവളുടെ വിയർപ്പിന്റെ മധുരം നുണഞ്ഞ് ഓരോ അനുഭൂതിയിലും അവൾ നിറഞ്ഞു നിൽക്കുന്ന ഇന്ദ്രജാലം ഏതു കാമുകനാണ് ആസ്വദിക്കാതിരിക്കുക. ദക്ഷിണാമൂർത്തിയും ശ്രീകുമാരൻ തമ്പിയും ചേർന്നൊരുക്കിയ ഗാനങ്ങളിൽ അവൾ ചിലപ്പോൾ അവനെ ഉന്മാദിയാക്കുന്ന വശ്യസൗന്ദര്യവതിയാകുന്നു.

‘‘പൊൻവെയിൽ മണിക്കച്ച അഴിഞ്ഞുവീണു’’

അർജുനൻ മാഷിന്റെ ‘കസ്‌തൂരി മണക്കുന്നല്ലോ’, എ.ടി. ഉമ്മറിന്റെ ‘നീല ജലാശയത്തിൽ’, ആർ.കെ. ശേഖറിന്റെ ‘മനസ്സു മനസ്സിന്റെ കാതിൽ, ജോബ് മാഷിന്റെ ‘അല്ലിയാമ്പൽ...’ തുടങ്ങി പ്രണയത്തിന്റെ മരുമലർപ്പച്ചകളെ ഈറനണിയിച്ച് അങ്ങനെ എത്രയെത്ര നല്ല ഗാനങ്ങൾ...

തിരക്കാഴ്ചയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമച്ചിത്രങ്ങൾ പാട്ടുമൂളിത്തീരുന്നേയില്ല. വഴിയോരം നിന്ന പൂവാകകൾക്കും ഈറ്റത്തലപ്പുകൾക്കും അരളിച്ചില്ലകളിലെ തൂക്കണാംകിളികൾക്കും ചുറ്റമ്പലമുറ്റത്തെ നാരായണക്കിളികൾക്കും ഏറ്റുപാടാൻ ഏറെയിഷ്ടമുള്ള നൂറുനൂറു പ്രണയരാഗങ്ങൾ.

ബികോസ് ഐ ലവ് യു എന്ന ശബ്ദസമാഹാരത്തിലെ ഈണങ്ങൾക്കൊപ്പം ആ പഴയ മലയാളഗാനങ്ങൾ കൂടി ചേർത്തുവച്ചുകേൾക്കുമ്പോൾ തോന്നിപ്പോകുന്നു സംഗീതത്തിന് ഏതു ലോകത്തും ഒരേ ഭാഷയാണെന്ന്. പ്രണയത്തിന്റെയും വിരഹത്തിന്റെയും കാത്തിരിപ്പിന്റെയും കിനാവുകളുടെയും കിളിമൊഴിയീണങ്ങൾ..ഏതു കരയെ തൊട്ടു പാടിയാലും ഏതു കടലിലൂടെയൊഴുകിയെത്തിയാലും ആ പാട്ടുകൾ നാം കേൾക്കുന്നത് നമ്മുടെ ഹൃദയംകൊണ്ടാണ്. ഹൃദയത്തിൽ പ്രിയപ്പെട്ടൊരാളെ ചേർത്തിരുത്തിക്കൊണ്ടാണ്.

ഇതാ ഈ വാലന്റൈൻ ദിനത്തിലും നാം വീണ്ടും ആ ഈണങ്ങളെ കടംകൊള്ളുന്നു. കടലീണങ്ങളായ്, കാറ്റിന്റെ കൊതിയീണങ്ങളായ് ഞാനും അവയെന്റെ അനുരാഗിയുടെ കാതിൽ മെല്ലെമൂളുന്നു...

ബികോസ് ഐ ലവ് യൂ..

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.