Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരോ കിനാരാത്രിയിലും നീ മടങ്ങുന്നു, ജാക്ക്

റിയ ജോയ്
Titanic

റോസ്...ലോകം ഇതുവരെ കണ്ട അനുരാഗികളുടെ (ഇനി പിറക്കാനും, പ്രണയിക്കാനും വിരഹിക്കാനുമിരിക്കുന്ന അനുരാഗികളുടെയും) പ്രണയപ്പൂച്ചെണ്ടുകൾ ഇത്രയധികം ഏറ്റുവാങ്ങിയ ആ പെൺപേരിൽ ഇന്നും ഒരു പനിനീർപ്പൂ വാസനിക്കുന്നു. പ്രണയത്തിന്റെ ഓരോ ചില്ലയിലും അവൾ പൂക്കുന്നു...ഓരോ പൂവിതളിലും അവൾ മണക്കുന്നു...ഏതനുരാഗിയുടെയും ചുണ്ടുകളിൽ അവൾ ഒരേ പ്രണയഗാനം പാടുന്നു...

Every night in my dreams

I see you, I feel you,

That is how I know you go on...

ഹോളിവുഡ് സംഗീതസംവിധായകൻ ജയിംസ് ഹോണറിനെ മരണത്തിന്റെ നിത്യമൗനത്തിലേക്കു പിൻവിളിച്ച കാലിഫോർണിയൻ വിമാനാപകടവാർത്ത വായിച്ചപ്പോൾ, ഹോണർ സംഗീതസംവിധാനം ചെയ്ത ടൈറ്റാനിക്കിന്റെ ആദ്യ കാഴ്ചയനുഭവം തിരഞ്ഞുപോയതു വെറുതെയല്ല. ആ തിരഞ്ഞുപോക്ക് ഒരു തിരിച്ചുപോക്കു കൂടിയാണ്.. റോസിലേക്ക്...അവൾ ഇന്നും പാടുന്ന ആ പ്രണയഗാനത്തിലേക്ക്.... എത്ര വട്ടം ആ പാട്ടീണത്തിലേക്കു പോയി മടങ്ങിവന്നിരിക്കുന്നു. ഒരു തിരിച്ചുപോക്കും അവസാനത്തേതായിരുന്നില്ല. ഓരോ വട്ടവും അനുരാഗത്തിന്റെ അലമാലക്കൈകൾ നീട്ടി അവൾ പുണർന്നുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടല്ലേ, കൊടുംമഞ്ഞുറഞ്ഞ കടലാഴങ്ങളിൽ ജാക്കിന് ഇപ്പോഴും കുളിരാതിരിക്കുന്നത്.

ടൈറ്റാനിക് ഒരു യാത്രയുടെ കഥയാണ്. ആ യാത്ര പ്രണയത്തിന്റേതു കൂടിയാണ്. അതുകൊണ്ടാണ് അത് എങ്ങുമെങ്ങും എത്തിച്ചേരും മുമ്പേ കടലെടുത്തു പോയത്. കരയ്ക്കടുക്കാത്ത ചില പ്രണയങ്ങൾ പോലെ. എന്നിട്ടും ആ യാത്ര അവശേഷിപ്പിക്കുന്ന ഓർമകളിൽ ഇനിയൊരിക്കലും കണ്ടുമുട്ടില്ലാത്ത ജാക്കിന്റെയും റോസിന്റെയും കാത്തിരിപ്പുണ്ട്, പുഞ്ചിരിത്തൂവാല കൊണ്ട് അവർ പരസ്പരം മായ്ച്ച കണ്ണുനീരുണ്ട്. കപ്പലിനുള്ളിലെ ആളൊഴിഞ്ഞ ഇടങ്ങളിൽ അവർ തീർത്ത ഉൽസവരാത്രികളുണ്ട്...ഏതു കൊടുംതിരമാലയിലും കയ്യഴിഞ്ഞുപോകാത്ത അവരുടെ കെട്ടിപ്പുണരലുകളുണ്ട്. അവർ പറത്തിയ ശ്വാസക്കൊടുങ്കാറ്റുകളുണ്ട്.

Titanic

അങ്ങനെയാണ് ടൈറ്റാനിക് ഉന്മാദങ്ങളുടെയും ഉമ്മകളുടെയും ഒരു കപ്പൽയാത്രയാകുന്നത്. ഇന്നും പ്രണയഭൂഖണ്ഡങ്ങൾ തേടി അത് യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നത്.

ടൈറ്റാനിക് കപ്പലിന്റെ തുമ്പത്തുനിന്ന് കടും ചുവന്ന കടലാകാശം നോക്കി, കൂറ്റൻ ചക്രവാളങ്ങൾക്കുമപ്പുറം പ്രണയമേഘങ്ങൾ നോക്കി, ജാക്കിന്റെ ഹൃദയത്തോടു ചേർന്നു നിന്ന് റോസ് പാടുന്ന വരികൾ അവൾക്കു ശേഷം പ്രണയിച്ച പെൺമനസുകളുടെ മുഴുവൻ ആത്മഗാനമായി മാറുകയായിരുന്നു....അനുരാഗിയുടെ കാതിൽ മൂളാൻ ഓരോ പെണ്ണും ആ പാട്ടീണം അവളുടേതു മാത്രമാക്കുകയുമായിരുന്നു. അങ്ങനെ ഓരോ പ്രണയിനിയിലൂടെയും റോസ് വീണ്ടും വീണ്ടും അവളുടെ പ്രണയം പാടിക്കൊണ്ടേയിരിക്കുന്നു... അതുകൊണ്ടാകാം ആ പാട്ടിന് ഈണം നൽകിയ ജയിംസ് ഹോണർ ലോകത്തോടു വിടപറയുമ്പോൾ റോസ് ഒരു നിമിഷം നിശ്ശബ്ദയാകുന്നത്..എല്ലാ അനുരാഗികളും അൽപനേരം വിഷാദമൂകരാകുന്നത്.

(ജാക്കിനെ ഓർത്തു റോസ് പാടുന്ന ആ ഈണം ആദ്യമായി കാതോർത്ത നിമിഷം ചിത്രത്തിന്റെ സംവിധായകൻ ജയിംസ് കാമറൂൺ ഇങ്ങനെ ഓർമിക്കുന്നു: ഒരിക്കലും മറക്കാൻ കഴിയില്ല, ഹോണർ ആ സംഗീതം ചിട്ടപ്പെടുത്തി കേൾപ്പിച്ച രാത്രി... ഹോണർ തനിച്ചായിരുന്നു. ഒപ്പം ഒരു പിയാനോ മാത്രം. തെല്ലുനേരത്തെ നിശ്ശബ്ദത..അക്ഷമയുടെ അവസാനനിമിഷങ്ങൾക്കൊടുവിൽ മെല്ലെ ഹോണർ ആ പിയാനോയിൽ വിരൽ തോട്ടു. ഞാൻ കണ്ണുകളടച്ചു. കേട്ടു കഴിഞ്ഞപ്പോഴേക്കും കണ്ണു നിറഞ്ഞിരുന്നു.. ഹോണറിന്റെയും..ലോകം മുഴുവനുമുള്ള അനുരാഗികൾക്കു വേണ്ടിയുള്ള പ്രണയസംബോധനയാണ് ആ കേട്ടതെന്ന് അന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു.)

James Horner

റോസിന്റെയും ജാക്കിന്റെയും പ്രണയത്തോടു മൽസരിച്ചു പാട്ടുപാടിയ കപ്പലിലെ ഗായകസംഘത്തെ ഓർമിക്കുന്നില്ലേ? യാത്രക്കാരുടെ ആഘോഷരാവുകൾക്ക് സംഗീതം പകർന്ന ബാൻഡ് സംഘം. അവർ മൽസരിച്ചത് മരണത്തോടും ജീവിതത്തോടും കൂടിയായിരുന്നു. മറ്റെല്ലാ ഗായകരേയും പോലെ.. ടൈറ്റാനിക്കിന്റെ ഒടുവിലത്തെ നിമിഷങ്ങളിലും ആ പാട്ടുകൾ നിലച്ചിരുന്നില്ല. കരിനീലിച്ച മരണത്തിരമാലകളുടെ നീരാളിക്കൈകൾ കപ്പലിന്റെ മുകൾത്തട്ടിലേക്ക് ഇരച്ചുകയറിയപ്പോഴും ഗായകസംഘം പാട്ട് തുടർന്നുകൊണ്ടേയിരുന്നു. ബ്യൂഗിളിലും ഗിറ്റാറിലും പിയാനോയിലും അവർ പുതിയ ഈണങ്ങൾ കൊരുത്തുകൊണ്ടേയിരുന്നു. വൈകാതെ കപ്പലിലെ വിളക്കുകാലുകൾ മറിഞ്ഞു വെളിച്ചം കെട്ടു...കൊടിമരങ്ങൾ കടപുഴകി കടലിൽ വീണു. അടിത്തട്ടിലിടിച്ച കൂറ്റൻ മഞ്ഞുമലയുടെ ഈർച്ചവാൾമൂർച്ച കപ്പലിനെ നെടുകെപ്പിളർന്നു. രക്ഷാബോട്ടുകളിൽ അവസാനത്തേതിലും യാത്രക്കാർ പ്രാണഭയം കൊണ്ട് തിങ്ങിനിറഞ്ഞു. പിഞ്ചു കുഞ്ഞുങ്ങളുടെയും പെണ്ണുങ്ങളുടെയും കൂട്ടക്കരച്ചിൽ കേട്ടു ദിക്കെട്ടും കാതുകൾ ഇറുക്കിയടച്ചു...

അവസാനനിമിഷങ്ങൾ തിരച്ചിലിന്റേതായിരുന്നു.. പാതി വൈൻ അവശേഷിപ്പിച്ച് തകർന്നുടഞ്ഞ ചില്ലുകോപ്പകൾ അവയുടെ ഉന്മാദികളെ തിരഞ്ഞു...ശ്വാസം മുട്ടിച്ചു കൊതി തീരുംമുമ്പേ ഇടറിവീണ ഉമ്മകൾ അവയുടെ ചുണ്ടുകളെ തിരഞ്ഞു...ഓടിയെത്തും മുമ്പേ ഒടിഞ്ഞു നുറുങ്ങിയ ഘടികാരസൂചികൾ അവയുടെ സമയം തിരഞ്ഞു...മരണത്തിലേക്കു മാഞ്ഞുപോകുന്ന നിമിഷങ്ങളിൽ യാത്രക്കാർ ഓരോരുത്തരും അവരുടെ ജീവിക്കാനില്ലാത്ത ജീവിതം തിരഞ്ഞു...ആർക്കും ഒന്നും ഒരിക്കലും തിരഞ്ഞുകിട്ടാത്ത വിധം അപ്പോഴേക്കും എല്ലാം കടലെടുത്തുകഴിഞ്ഞിരുന്നു..

ഒടുക്കത്തിരമാലകളുടെ മടിക്കുത്തിലേക്കു പ്രണയവും ഓർമയും മറവിയും മരണവും പോലും തിരുകിവച്ച് ടൈറ്റാനിക് മുങ്ങിത്താണപ്പോൾ, അങ്ങനെ ആ ഗായകസംഘം പാടിപ്പാടിത്തന്നെ കടലിൽ മറഞ്ഞു...ഹോണറിന്റെ മരണവാർത്ത തീർച്ചയായും ഓർമിപ്പിച്ചിരിക്കണം, കേട്ടുകേട്ടിരുന്നൊരു പാട്ട് പാതിയിൽ മുറിഞ്ഞു കടലെടുത്തുപോയ ആ ടൈറ്റാനിക് രാത്രിയെ...ആ ഗായകസംഘത്തെ... ആ കറുത്ത രാത്രിയോർമകൾക്കപ്പുറം, വിരൽത്താളമിടുന്ന ഹോണർഓർമകൾക്കപ്പുറം, റോസ് ഇപ്പോഴും പാടിക്കൊണ്ടേയിരിക്കുന്നു..എന്റെയും നിങ്ങളുടെയും പ്രണയത്തിന് ഏതു വിദൂരതയിൽ നിന്നും അതു കേൾക്കാം, മെല്ലെ..

Every night in my dreams...

അവൾക്കു പാടാതിരിക്കാൻ വയ്യ..കാരണം കേൾക്കാൻ ഇപ്പോഴും ജാക്ക് ഉണ്ട്, അവൾക്കുമാത്രമറിയാവുന്നൊരിടത്ത്...അവളെ മാത്രം കാതോർത്ത്...

ശരിയാണ്...ടൈറ്റാനിക് മുങ്ങിത്താണത് അവരുടെ പ്രണയത്തിന്റെ കടലാഴത്തിലേക്കാണ്...

Every night in my dreams

I see you, I feel you,

That is how I know you go on...

.....

Far across the distance

And spaces between us

You have come to show you go on

.....

Near, far, wherever you are

I believe that the heart does go on

Once more you open the door

And you're here in my heart

And my heart will go on and on

.....

Love can touch us one time

And last for a lifetime

And never let go till we're gone

.....

Love was when I loved you

One true time I hold to

In my life we'll always go on

.....

You're here, there's nothing I fear,

And I know that my heart will go on

We'll stay forever this way

You are safe in my heart

And my heart will go on and on

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.