Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീ: എന്റെ ഓർമയുടെ വിളക്കുമരം

റിയ ജോയ്
Neena

എന്റെ കോളജ് കാലത്താണ് വിമല ടീച്ചറെ പരിചയപ്പെടുന്നത്. കസൻദ്സാക്കീസിനെയും കമ്യൂവിനെയും കുറിച്ചുള്ള ക്ലാസുകൾക്കിടയിൽ ജനൽപ്പാളി വഴി മേയാനിറങ്ങുന്ന നോട്ടങ്ങൾ ചെന്നു തൊട്ടുരുമ്മുന്നത് പുറംവരാന്തയിലൂടെ നടക്കുന്ന വിമല ടീച്ചറിലായിരുന്നു. ചുമലിലൂടെ ഒഴുകിയിറങ്ങുന്ന ഷിഫോൺ സാരിത്തുമ്പു കാറ്റിൽ പറത്തി, വെള്ളിവരകൾ പുറത്തുകാണാത്തവിധം മുടിയിഴകൾ പിന്നിക്കെട്ടി, മൂക്കിൻ തുമ്പിലേക്കൂർന്നിറങ്ങുന്ന കറുത്ത ഫ്രെയിമിട്ട കണ്ണട ഇടയ്ക്കിടെ ചൂണ്ടുവിരൽ കൊണ്ട് മേലോട്ടുയർത്തി, ഏതു നേരവും ഏതേതോ ദൂരേക്കു നോക്കിയായിരുന്നു നടത്തം. ടീച്ചർ പോയിക്കഴിഞ്ഞാലും വരാന്തയിൽ നീണ്ടുകൊലുന്നനെ ആ നിഴൽ ബാക്കിയാകുമായിരുന്നു...

വിമലടീച്ചർ... അങ്ങനൊരാൾ ശരിക്കും ആ ക്യാംപസിൽ ഉണ്ടായിരുന്നതല്ല. അതൊരു നിഴൽ മാത്രം. മലയാളം ക്ലാസ് മുറികളിൽ എംടിയുടെ മഞ്ഞ് എന്ന നോവലിന്റെ ആദ്യകാലവായനകളിലെപ്പോഴോ താളുകൾ വിട്ടു പുറത്തേക്കിറങ്ങിയ നായികയുടെ നിഴൽ രൂപം. ശരിക്കുമുള്ള വിമല ടീച്ചർ അങ്ങുദൂരെ നൈനിത്താളിൽ ഇപ്പോഴുമുണ്ടാവും. കുറെക്കാലമായി ടീച്ചറെ ഏതാണ്ടു മറന്നു തുടങ്ങിയിരുന്നു.

അവരെ വീണ്ടും ഓർമിപ്പിച്ചത് നീയാണ്, നീന.

നീ:

നീന :

എന്റെയോർമയുടെ വിളക്കുമരം.

മഞ്ഞുമ്മകൾ കവിളിൽ നിന്നു നുള്ളിത്തെറിപ്പിച്ച്, തണുപ്പ് വീശുന്ന താഴ്വരകളിലൂടെയുള്ള നിന്റെ മിണ്ടാനടത്തങ്ങൾ... ഒരിക്കലും തുറക്കാ ജനാലവീട്ടിലെ നിന്റെ ഒറ്റയ്ക്കിരുത്തങ്ങൾ... ഓരോ നെടുവീർപ്പിലും നിന്നെ തൊട്ടുരുമ്മുന്ന കരിയിലക്കാറ്റോർമകൾ...

Neena

നിന്നെ കണ്ടപ്പോൾ എങ്ങനെയാണ് വിമലടീച്ചറെ ഓർമിക്കാതിരിക്കുക? നിങ്ങൾ കൂട്ടുകാരികളായിരുന്നില്ല, ഒരേ കാലങ്ങളിൽ കണ്ടുമുട്ടിയവരോ കണ്ടുമുട്ടാനുള്ളവരോ ആയിരുന്നില്ല. എങ്കിലും, നിങ്ങൾ രണ്ടുപേരും ഒരേ കാത്തിരിപ്പിന്റെ സങ്കടപര്യായങ്ങൾ പോലെ തോന്നി. കാരണം, വിമലടീച്ചറുടെ കാത്തിരിപ്പിലും നിന്റെ കാത്തിരിക്കാനാരുമില്ലായ്മയിലും കരഞ്ഞൊഴുകിയത് ഒരേ കണ്ണുനീരായിരുന്നു...പൈൻമരങ്ങൾക്കിടയിലൂടെ നടത്തങ്ങളിൽ നിങ്ങളെ ചുറ്റിപ്പൊതിയാൻ വന്നത് ഒരേ ഏകാന്തതയായിരുന്നു. ഏതേതോ ഇടങ്ങളിൽ തേടിയതും തേടാതിരുന്നതും നഷ്ടാനുരാഗിയെ മാത്രമായിരുന്നു. വെറുതെയല്ല, നീ വിമലടീച്ചറെ ഓർമിപ്പിച്ചത്. കാരണം, കരച്ചിലും തനിച്ചാകലും ഒരിക്കലും വരാ അനുരാഗിക്കു വേണ്ടിയുള്ള കാത്തിരിക്കലും ഏതു പെൺഭൂഖണ്ഡങ്ങളിലും ഒരു പോലെയല്ലേ..? ഒരേ സങ്കടവിലാസത്തിന്റെ പടിക്കലേക്കല്ലേ അവരെ തേടിച്ചെല്ലുന്നവർ ചെന്നെത്തുന്നതു തന്നെ...അതുകൊണ്ടാകാം വിമലടീച്ചറെക്കുറിച്ചും നിന്നെക്കുറിച്ചുമുള്ള ഓർമത്തിരച്ചിലിനൊടുവിൽ ഞാനും അവിടേക്കു തന്നെ എത്തിച്ചേർന്നത്.

നീന, നഗരക്കൊച്ചിയുടെ തിരക്കിനിടയിൽ ആദ്യ കണ്ടുമുട്ടലിൽ തന്നെ നീ പറഞ്ഞതോർക്കുന്നു: ഈ മുഖവും ആളെയും മറക്കരുത്.

Manorama Online | I Me Myself | Deepti Sati

ഇല്ല. അങ്ങനൊരു മുഖവുര തന്നില്ലായിരുന്നെങ്കിൽ പോലും നിന്നെ ഞാൻ മറക്കില്ലായിരുന്നു, നിന്നെ പരിചയപ്പെട്ട മറ്റു പലരെയും പോലെ. ഇത്തിരിക്കൊച്ചിക്കു പോന്ന പെണ്ണല്ലായിരുന്നു നീ. അറിയപ്പെടുന്നൊരു പരസ്യ കമ്പനിയിലെ, നിന്റെ തന്നെ ഭാഷയിൽ ഏറ്റവും ക്രിയേറ്റീവ് ആയ ആർട്ടിസ്റ്റ്. ഒരു പെൺകൂട്ടുകാരി പോലുമില്ലാത്ത ഒരു പെൺകുട്ടി. ഏതെങ്കിലും ആൺവലയങ്ങൾക്കുള്ളിലായിരുന്നു എപ്പോഴും നിന്നെ കണ്ടുമുട്ടുക. പക്ഷേ അവർക്കിടയിൽ നീ മറ്റൊരു ആൺകുട്ടി പോലെ തോന്നിച്ചു. ആരെയും കൂസാതെ ആഘോഷിച്ചു തിമിർക്കുന്ന രാപ്പകലുകൾ. വിരൽത്തുമ്പിൽ എപ്പോഴുമുണ്ടായിരുന്നു, വിളറിക്കത്തുന്ന സിഗരറ്റ് കുറ്റികൾ. ചുണ്ടൊഴിയാതെ ലഹരിയുടെ ചുടുചുംബനങ്ങൾ. ചിലപ്പോഴൊക്കെ നിന്നെ വെറുത്തുപോകുമെന്നു പോലും തോന്നി.

വഴിമാറിയൊഴുകിയ നിന്നിലെ പെൺപുഴയിലേക്കായിരുന്നു അയാളുടെ കടന്നുവരവ്. വിനയ് പണിക്കർ. അയാൾ നിന്റെ വെറും ബോസ് മാത്രമായിരുന്നില്ല. നിന്നെ ഏറ്റവും നന്നായി മനസിലാക്കുന്നു എന്നു നിനക്കു തന്നെ തോന്നിയ ഈ ഭൂമിയിലെ ആദ്യത്തെ ആൾ. നിന്റെ ആദ്യ പ്രണയം. (അന്നും അക്കാര്യത്തിൽ മാത്രമേ എനിക്കു നിന്നെ മനസിലാകാതെ പോയിരുന്നുള്ളു. വിനയ് വിവാഹിതനായതുകൊണ്ടല്ല, നിന്റെ ജീവിതത്തിലെ ആദ്യ (അവസാനത്തെയും?) പുരുഷനാകാൻ മാത്രം എന്തെങ്കിലും എത്ര തിരഞ്ഞിട്ടും വിനയ് പണിക്കറിൽ എനിക്കു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ നീന, നിനക്കു കഴിഞ്ഞിരിക്കാം!)

Neena

സത്യത്തിൽ വിനയ് വരുന്നതോടെയാണ് നീന, നിന്നിൽ ഒരു പെൺകുട്ടിയുണ്ടെന്ന് തോന്നിത്തുടങ്ങിയത്. നിന്റെ വളയണിയാക്കൈകളുടെ മൗനങ്ങളിൽ ഒരു പെൺസ്വരം കിലുങ്ങിക്കേട്ടത്. നിന്റെ കൺമഷിയെഴുതാ കടമിഴികളിൽ ഒരു പെൺകനവു കരിനീലച്ചിറകു കുടഞ്ഞു കണ്ടത്. ചാന്തും കുങ്കുമവും ചന്തം തൊടാനെറ്റിത്തടം അനുരാഗിയുടെ കുളിരുമ്മകൾക്കായി ചുട്ടുപൊള്ളുന്നുവെന്നറിഞ്ഞത്.. അവൻ വരയും പ്രണയഭൂപടങ്ങൾക്ക് വേണ്ടി നീയൊരു കടൽനീല ക്യാൻവാസായി ചുരുൾനിവർന്നത്.

പക്ഷേ വിനയ്, നീ വെറുമൊരു കൂട്ടുകാരി മാത്രമാണെന്ന് കല്ലുവച്ച കള്ളം പറഞ്ഞുകൊണ്ടേയിരുന്നു. അയാൾ നിന്നെ പ്രണയിക്കുന്നുണ്ടെന്ന് നീയും ഞങ്ങളെല്ലാവരും തിരിച്ചറിഞ്ഞിട്ടും അയാൾ മാത്രം സമ്മതിച്ചുതരാതെയുമിരുന്നു. വിനയനെ മാത്രം ശ്വസിച്ചും വിശ്വസിച്ചും ജീവിക്കുന്ന ഭാര്യ നളിനിയുടെ കൈ നെഞ്ചോടു ചേർത്തു വച്ച് നീ അയാൾക്ക് ആരുമല്ലെന്ന് എത്രയോ വട്ടം ആണയിട്ടു. അപ്പോഴൊക്കെ ആ നെഞ്ചിനുള്ളിൽ നിന്നോടു പോലും പറയാത്ത ഒരിഷ്ടം പിടഞ്ഞു. നിന്നോടു മിണ്ടിയും മിണ്ടാതെയും കഴിച്ചുകൂട്ടുന്ന രാത്രികൾക്കിടയിലെപ്പോഴോ അയാൾക്ക് നളിനിക്കൊപ്പമുള്ള നിലാവുകൾ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എന്നിട്ടും ഇത്തിരിപ്പോന്ന വീട്ടിനുള്ളിലെ കൊച്ചുലോകം രണ്ടായിമുറിഞ്ഞുപോകാതെ അപ്പോഴും പാവം നളിനി തുന്നിച്ചേർത്തുകൊണ്ടേയിരുന്നു.

നഗരത്തിൽ നിന്നൊരുപാടു ദൂരെയുള്ള ഡി അഡിക്ഷൻ കേന്ദ്രത്തിലേക്കു നിന്നെയും കൊണ്ട് യാത്രയാകുന്ന വിനയനെ ഇന്നും മറന്നിട്ടില്ല. ആ യാത്രയിൽ നീ നിന്റെ സ്വപ്നം അയാളോട് പറയുന്നുണ്ട്. മഞ്ഞു പെയ്തു പെയ്തു തീരുന്നൊരു മലമുകളിൽ, ആരും തണലും കുളിരും കായാൻ വരാത്തൊരു മരച്ചോട്ടിൽ, അതിന്റെ ഇലച്ചില്ലകൾ പൊഴിക്കുന്ന വയലറ്റ് പൂക്കളുടെ പുതുമഴ നനഞ്ഞ്, അനുരാഗിയിൽ അലിഞ്ഞലിഞ്ഞില്ലാതാകുന്നൊരു മധുരസ്വപ്നം.

ഡി അഡിക്ഷൻ കേന്ദ്രത്തിൽ ആരാലും തിരിച്ചറിയപ്പെടാതെ നീയും വിനയനും മാത്രമുള്ള കുറെ ദിവസങ്ങൾ. വിശ്വസിക്കാൻ പ്രയാസമായിരുന്നു, നിനക്കൊപ്പമുള്ള ആ ദൂരയാത്രയ്ക്കൊടുവിൽ നളിനിയിലേക്ക് അയാൾ മടങ്ങിപ്പോകുമെന്ന്... നീ നിന്നെ നൽകാതെ അയാളെ മടക്കി അയയ്ക്കുമെന്നും. ആ ദിവസങ്ങളിൽ നളിനിയെ അയാൾ ഓർമിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. എത്ര പരിഭവം പറഞ്ഞ് പിണങ്ങി മാറിനിന്നാലും ഒറ്റ കെട്ടിപ്പുണരലിൽ പൊട്ടിവിരിയുന്ന അവളുടെ പൂമണങ്ങൾ മറക്കാൻ തുടങ്ങുകയുമായിരുന്നു. അവളുടെ വിരൽപ്പാടുകളും വിതുമ്പിവീണ ചുണ്ടുമ്മകളും നിന്നോടുള്ള പ്രണയം തൊട്ട് മായ്ച്ച് നീനാ, നിന്നിലേക്കുള്ള മുൻനടത്തം.

എത്ര വേദനിച്ചുകൊണ്ടാണ്, എന്നിട്ടും നീ വിനയനിൽ നിന്ന് പിൻനടന്നതെന്ന് നിന്റെ ഈ ഏകാന്തസന്ധ്യകൾ പറഞ്ഞുതരുന്നുണ്ട്. വിനയനെ നളിനിക്കു മാത്രമായി തിരികെയേൽപിച്ച് യാത്ര പറഞ്ഞിറങ്ങുന്ന നിന്റെ കരച്ചിൽമുഖമാണ് എനിക്കവസാനമായി നിന്നെക്കുറിച്ചുള്ള ഓർമ.

നീ പറഞ്ഞതുപോലെ, നിനക്കു വേണ്ടി ജനിച്ച ആളായിരുന്നിട്ടും ഒരുമിച്ചു ചേരാൻ കഴിയാതെ പോയൊരു വിധിനിയോഗം.

ഒളിച്ചിരിക്കാനൊരിടം..അതുകൊണ്ടാകുമോ വിമല ടീച്ചറെ പോലെ നീയും നിന്റെ കാത്തിരിപ്പു കാലം ചെലവഴിക്കാൻ മഞ്ഞുതാഴ്വാരങ്ങളിലേക്കു ചേക്കേറിയത്. നീ നടന്ന തണുപ്പൻ വഴിയോരങ്ങൾ...

നീ നനഞ്ഞ ഇലമരച്ചില്ലകൾ...

കിരുകിരെ കരഞ്ഞടഞ്ഞും തുറന്നുംകൊണ്ടേയിരിക്കുന്ന കൂറ്റൻ കാറ്റുജാലകങ്ങൾ... ഭൂപടത്തിൽ തന്നെ നരച്ചുവിളറിവെളുത്തു കിടക്കുന്ന ഈ മഞ്ഞുതാഴ്വരയുടെ മരണതീരം വിട്ട് ഒരിക്കൽ കൂടി നീ മടങ്ങിപ്പോകുന്നോ..നിന്റെ പ്രണയോന്മാദങ്ങളുടെ പഴയകാലത്തേക്ക്?

നീ നടന്ന ഇളവെയിൽമരത്തണലുകളിലേക്ക്..നിനക്കു കടുംചുവന്ന പ്രണയം നീട്ടിയ വസന്തങ്ങളിലേക്ക്? അവിടെയെങ്ങാനും ഒരുപക്ഷേ ഇന്നും നിന്നെ കാത്തുകാത്തിരിക്കുന്ന നിന്റെ നഷ്ടാനുരാഗിയുടെ നൊമ്പരങ്ങളിലേക്ക്??

I Remember You...

എന്നെങ്കിലും സംഭവിച്ചേക്കാവുന്ന ആ മടക്കയാത്രയ്ക്കു വേണ്ടിയല്ലേ നീനാ, ഇന്നും നിന്റെ ഓർമപ്പാട്ടീണങ്ങളിൽ ഇങ്ങനെ ചോര പൊടിയുന്നത്?

I remember you

like a light house

remembering the storm

the rain and the wind

pouring consolation on my isolation

I remember you like a speeding car

remembering a roadkill

a thud in my conscience

a cry in my ear

I remember you

I remember you

I remember you

I remember you

I remember you like a beer can

remembering your lips

a crumple jeans on the floor

remembering your hips

i remember you like a choke in my wind pipe

a tear stain that i didnot wipe

I remember you with every living cell

that much i can tell

I remember you {4}

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.