Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ട് കൊട്ടിയടച്ച ജനൽവീട്

റിയ ജോയ്
represetative-image

–കവിത മാത്രമേ എഴുതൂ?

–എന്തേ?

–എനിക്ക് കഥകളെഴുതുന്നവരെയാണ് കൂടുതൽ ഇഷ്ടം.

–കഥയും എഴുതും. ചിലപ്പോൾ..

–ഒടുവിൽ എഴുതിയ കഥ ആരെക്കുറിച്ചായിരുന്നു?

–അത്...

–എന്നെക്കുറിച്ച് ഒരു കഥയെഴുതാമോ?

–കുട്ടിയുടെ കഥ എനിക്ക് അറിയില്ലല്ലോ..

–ഞാൻ പറഞ്ഞുതരാം...എനിക്കു മാത്രം വായിക്കാൻ എന്നെക്കുറിച്ചൊരു കഥ.. മറുപടി പറയാതെ ഞാൻ ചിരിച്ചു...അവളും ചിരിച്ചു. ആദ്യത്തെ കണ്ടുമുട്ടൽ അങ്ങനെ അവസാനിച്ചു.

പേര് ചോദിക്കാൻ ഞങ്ങൾ രണ്ടുപേരും മറന്നു; പറയാനും. അതുകൊണ്ട് അടുത്ത ദിവസം വീണ്ടും കണ്ടുമുട്ടിയപ്പോൾ ഞങ്ങൾ പേരുമാത്രം പരസ്പരം ചോദിച്ച് പിരിഞ്ഞു. പിന്തിരിഞ്ഞു നടന്നപ്പോൾ അവൾ പുറകിൽ നിന്നു വിളിച്ചു പറഞ്ഞത് ഇന്നും ഓർമിക്കുന്നു.

–എന്നെക്കുറിച്ചു കഥയെഴുതുമ്പോൾ എന്റെ പേര് വേണ്ട കേട്ടോ. രെച്ചു...അങ്ങനെ വിളിച്ചാൽ മതി. അതാ എനിക്കിഷ്ടം.

അങ്ങനെയാണ് ഞാൻ അവളെ രെച്ചുവെന്ന് വിളിച്ചുതുടങ്ങുന്നത്. ആലുവയിലെ കോളജിലേക്ക് എന്റെ നാട്ടിൽ നിന്നും ഒരു കൂട്ടുകാരി. ഒരുമിച്ചായിരുന്നു വഴിനടത്തങ്ങൾ. ബസ് കാത്തിരിപ്പുകൾ. ഉച്ചനേരത്തെ വട്ടംകൂടിയിരിപ്പുകൾ..ലൈബ്രറിയിടനാഴികളിലെ വായനാനേരങ്ങൾ. അപൂർവം ചിലപ്പോഴൊക്കെ പിണക്കം നടിച്ചു മിണ്ടാതിരിപ്പുകൾ....പിജി ക്ലാസുകാരികളുടെ പതിവ് ഗർവോടുകൂടി ലൈബ്രറിയിലെ ഷേക്സ്പിയറിടങ്ങളിലൂടെ പരതിനടക്കുമ്പോൾ പാതിവായിച്ചുതീർത്ത പുസ്തകങ്ങളിലെ കഥബാക്കി സ്വയം സങ്കൽപിച്ച് അവൾ വരാന്തയോടു ചേർന്ന ചാരുബെഞ്ചിൽ ഇരിക്കുന്നതു കാണാം. മുറ്റത്തെ മുല്ലക്കാടുകളെ മുട്ടിയുരുമ്മി ജനാലവഴി നുഴ‍ഞ്ഞെത്തുന്നൊരു ഉച്ചനേരക്കാറ്റിൽ പുസ്തകത്തിലെ താളുകൾ തനിയെ മറിഞ്ഞുപോകുന്നതും കാണാം. കഥയവസാനം വായിക്കാൻ അവൾ മെനക്കെടാറില്ല. കഥകൾ അവസാനിക്കുന്നത് അവൾക്ക് ഇഷ്ടമല്ലായിരുന്നു. ഓരോ കഥയും അവൾക്കൊരു ജനാലവീടുപോലെയാണെന്ന് പറയുമായിരുന്നു. പ്രണയത്തിലേക്കും വേർപാടിലേക്കും ഇഷ്ടങ്ങളിലേക്കും നഷ്ടങ്ങളിലേക്കും മലർക്കെ തുറന്ന ജനാലകളുടെ വീട്. ഓരോ അധ്യായവും വായിച്ചുതീരുമ്പോൾ ഓരോരോ ജനാലകളായി കൊട്ടിയടയും. ഒടുവിൽ എല്ലാ ജനാലകളും ചേർന്നടഞ്ഞൊരു കഥവീട്ടിൽ അവളുടെ പ്രിയനായകൻ ശ്വാസംമുട്ടിമരിക്കരുതെന്ന് കരുതിയായിരിക്കണം ഒടുവിലത്തെ അധ്യായം അവൾ വായിക്കാതെ ബാക്കിവച്ചത്. അതോ അവളുടെ ഭാവനയിൽ കഥബാക്കി സങ്കൽപ്പിച്ചെടുക്കാനുള്ള വാശികൊണ്ടോ... ചോദിച്ചിട്ടില്ല..അവൾ പറഞ്ഞിട്ടുമില്ല...

Spirit Malayalam Movie Song

വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളോടു മിണ്ടിപ്പറഞ്ഞിരിക്കാനായിരുന്നു രെച്ചുവിന് ഇഷ്ടം. നോട്ടുപുസ്തകത്താളുകൾക്കിടയിൽ എപ്പോഴും കാണാം, കർപ്പൂരം മണക്കുന്ന ഒരുപിടി കത്തുകൾ. എല്ലാം അവളുടെ ഇഷ്ടകഥാപാത്രങ്ങൾക്കെഴുതിയൊളിപ്പിച്ചുവച്ചത്. അവരുടെ കാത്തിരിപ്പും കണ്ണുനീരും അവളുടെ കൈപ്പടയിൽ കരഞ്ഞുകുതിർന്നു. അവരുടെ പൊട്ടിച്ചിരിയിൽ അവളുടെ കുപ്പിവളകൾ തുള്ളിയിറഞ്ഞു. എന്നെങ്കിലുമൊരിക്കൽ ആ കത്തുകൾ പുസ്തകരൂപത്തിൽ പ്രകാശിപ്പിക്കണമെന്ന് ഞങ്ങളിൽ ചിലർ അടക്കം പറയുമായിരുന്നതു കേട്ടതുകൊണ്ടായിരിക്കാം പിന്നീടെഴുതിയ കത്തുകളൊന്നും അവൾ ഞങ്ങളെ കാണിക്കാതെ ഒളിച്ചെടുത്ത് വച്ചത്. തോമസ് ഹാർഡിയുടെ നോവലിലെ സങ്കടനായിക ടെസിന് എഴുതിയ കത്തിൽ രെച്ചുവിന്റെ കണ്ണീർപ്പാടുകൾ കാണാമായിരുന്നു. മാധവിക്കുട്ടിയുടെ കവിതയിലെ, തറവാട്ടുവളപ്പിൽ തൂങ്ങിമരിച്ച നാനിക്കെഴുതിയ കത്തിൽ രെച്ചു ക്രയോൺസ് കൊണ്ട് പൂക്കൾ വരച്ചുവച്ചതോർക്കുന്നു. ഹോസ്റ്റൽ മുറിയിലെ അലമാര നിറയെ അവൾ എഴുതിയ കത്തുകൾ അടുക്കിവച്ചിരുന്നു. ഒരിക്കലും അയയ്ക്കാൻ വേണ്ടിയല്ലാതിരുന്നിട്ടും മേൽവിലാസമെഴുതി ചോറ്റുപശ തേച്ച് ഭംഗിയായി മടക്കിയ കത്തുകൾ...

എമിലി ഡിക്കിൻസൺ എന്ന അമേരിക്കൽ കവിയുടെ ഒരു ചാവുകവിതയിൽ ചിറകുവച്ച തേരിലേറി നായികയെ തേടിയെത്തുന്ന കാമുകൻ അവളുടെ മരണം തന്നെയാണ്. ആ ഗൂഡാനുരാഗിക്കുമെഴുതി രെച്ചു ഒരു പ്രണയലേഖനം. എന്റെ പ്രിയപ്പെട്ട മരണത്തിന്, ആ അഭിസംബോധന ഞാൻ മറക്കില്ല. അന്ന് മഹാഗണിത്തണലിലിരുന്ന് ആ കത്ത് വായിക്കുമ്പോൾ ആകാശച്ചില്ലയിലിരുന്നൊരു കരിങ്കാക്ക ചെവിവട്ടം പിടിച്ച് കാതോർത്തിരിക്കണം. മുറ്റത്ത് കെട്ടിക്കിടക്കുന്ന കർക്കടകത്തിൽ കാൽനനച്ച് അന്നവൾ കളി പറഞ്ഞു.–മരണത്തിനെഴുതിയ പ്രണയലേഖനത്തിന് എന്നെങ്കിലുമൊരിക്കൽ എന്നെത്തേടി ഒരു മറുപടിക്കത്ത് വരാതിരിക്കില്ല.

ശരിയാണ്. ജീവിതം പാതിയെഴുതിവച്ച്, മരണത്തിലേക്ക് തന്നിഷ്ടത്തിന് മാഞ്ഞുപോയ രെച്ചുവിനെക്കുറിച്ച് കഴിഞ്ഞ ദിവസം മറ്റൊരു കൂട്ടുകാരി പറഞ്ഞുകേട്ടപ്പോൾ എനിക്ക് അന്നത്തെ മഹാഗണിച്ചോട്ടിലെ കത്തുവായനയാണ് ഓർമ വന്നത്. മരണത്തിന്റെ മറുപടിക്കത്ത് അവളെ തേടിവന്നിരിക്കണം. അതുവായിക്കാൻ പോലും നിൽക്കാതെ അവൾ ആ അനുരാഗിക്കൊപ്പം ചിറകുവച്ച തേരിലേറി യാത്രയായിരിക്കണം. അല്ലായിരുന്നെങ്കിൽ വർഷങ്ങൾക്കു ശേഷം കലണ്ടറിൽ നിന്ന് കർക്കടകം ആറ്റൊഴിയാൻ തിടുക്കം കൂട്ടുന്നൊരു ചിങ്ങത്തലേന്ന് അവളെന്തിന് മഴനനഞ്ഞിറങ്ങിപ്പോയി, തനിച്ച്...മരണത്തിനു മാത്രം ഒരാളെയാക്കാനാവുന്നത്ര തനിച്ച്... പാതി വായിക്കാതെ അവൾ മടക്കിവച്ചൊരു കഥാപുസ്തകം പോലെ ജീവിതവും പാതിവഴിയിലൊടുക്കി, മരണം കാണിച്ചുതന്ന മറ്റൊരു വഴിയേ ആരോടും മിണ്ടാതെ, ആരോടും യാത്രപറയാതെ...

രെച്ചൂ, ഇത് നിനക്കു വേണ്ടിയാണ്. നീ ഒടുവിലയച്ചൊരു സന്ദേശം ഇന്നുമെന്റെ മൊബൈലിന്റെ ഇൻബോക്സിൽ നിന്നെ വല്ലാതെ ഓർമിപ്പിച്ച് ബാക്കിയുണ്ട്. ആദ്യകാഴ്ചയിൽ നിന്നോടു പറയാതെ പറ‍ഞ്ഞൊരു വാക്ക് ഇന്നുമെന്റെ ഉള്ളിലെവിടെയോ പൊള്ളിനീറുന്നുമുണ്ട്. നിന്നെക്കുറിച്ചൊരു കഥ...നിന്റെ കഥ..അതെനിക്ക് എഴുതാൻ കഴിഞ്ഞില്ല..അതിൽ കുറ്റബോധവുമില്ല. കാരണം നിന്നെക്കുറിച്ചു നീ പറയാൻ തുടങ്ങിയതൊക്കെ പാതിവഴിയിൽ അവസാനിപ്പിച്ച് നീ മിണ്ടാതെ പോയതുകൊണ്ടല്ലേ...വായിച്ചറി‍ഞ്ഞ കഥവീടുകളുടെ ഒടുക്കജനാല നീ തുറന്നിട്ടപോലെ, നിന്റെ ജീവിതവും ഇപ്പോൾ മരണവും പാതിചാരി നീ യാത്രയാകുന്നു. നീയുറങ്ങിക്കിടക്കുന്ന മൺകൂനയ്ക്കരികെ, ഓരോ കാറ്റിലും കെട്ടിപ്പുണർന്നുവിടരുന്ന നനുത്ത ലില്ലിപ്പൂക്കൾക്കരികെ എന്നെങ്കിലും ഞാൻ വന്നുനിൽക്കുമെങ്കിൽ അന്നെന്റെ കയ്യിൽ നിനക്കൊരു പിടി ക്രയോൺസ് പെൻസിലുണ്ടായിരിക്കും...നീ തന്നെ എഴുതിത്തീർക്കൂ രെച്ചൂ നിന്റെ കഥ. ഞങ്ങൾക്കറിയാവുന്ന നിന്റെ ജീവിതത്തിന്റെയും ഞങ്ങൾക്കറിയാത്ത നിന്റെ മരണത്തിന്റെയും മറുകഥ.

‘പെൺപാട്ടി’ലെഴുതാൻ നീ മൂളിക്കേൾപ്പിച്ച നിന്റെ ഇഷ്ടഗാനങ്ങളിലൊന്ന് ഇവിടെയോർമിക്കട്ടെ.

മരണമെത്തുന്ന നേരത്തു നീയെന്റെ

അരികിൽ ഇത്തിരിനേരം ഇരിക്കണേ..

കനലുകൾ കോരി മരവിച്ച വിരലുകൾ

ഒടുവിൽ നിന്നെത്തലോടി ശമിക്കുവാൻ..

ഒടുവിലായ് അകത്തേക്കെടുക്കും ശ്വാസ

കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ

ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ

പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.