Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസംബർ ചുണ്ടിലെ പാട്ട്

റിയ ജോയ്

തറവാട്ടുവീട് ഒടുക്കം കൊണ്ട രാത്രിമഞ്ഞു കൊള്ളാൻ ഞാനും ഒപ്പമുണ്ടായിരുന്നു...ഇന്നും ഓർമിക്കുന്നു, ഒരു ഡിസംബർകാലത്ത് കുളിർന്നുവിറച്ചുനനഞ്ഞുകൊണ്ടാണ് തറവാട് പൊളിച്ചുനീക്കിയത്. ചന്തമുള്ള പുതിയ വീടുകെട്ടാൻ...അന്ന് വല്യപ്പച്ചൻ പറഞ്ഞു, ഇനിയൊരു ഡിസംബറിന്റെ മഞ്ഞുകൊള്ളാൻ നമ്മുടെ ഈ ‌തറവാടുണ്ടാവില്ല...കഴുക്കോലുകൾ കാലത്തിന്റെ പഴക്കം ചെന്നു കറുത്തുതുടങ്ങിയിരുന്നു. എണ്ണമെഴുക്കുള്ള വാതിൽ ജനാലകൾ ഏതുനേരവും കരഞ്ഞുകൊണ്ടേയിരുന്നു. മാറാലച്ചുമരിൽ കാലത്തിനൊപ്പം ഞങ്ങൾ കുട്ടികൾ വരച്ചുചേർത്ത കുമ്മായച്ചിത്രങ്ങൾ മാഞ്ഞു തുടങ്ങിയിരുന്നു. പൊട്ടിയ ഓടിനു കീഴെ മച്ചിൽ നിരത്തിവയ്ക്കുന്ന മഴപ്പാത്രങ്ങളുടെ എണ്ണം പെരുകിവന്നു. സൂര്യന്റെ കത്തുന്ന നോട്ടങ്ങൾ, പൊട്ടിയ ഓടുകൾക്കിടയിലൂടെ പലപ്പോഴും ഉച്ചമയക്കങ്ങളിൽ ഞങ്ങളെ തോണ്ടിവിളിച്ചുണർത്തിക്കൊണ്ടിരുന്നു. പിന്നെ എപ്പോഴും എപ്പോഴുമുള്ള ആ പഴമണം..അത് തറവാടിനെയാകെ വിഴുങ്ങാൻ പോന്ന വായ് പിളർത്തി, പത്തായപ്പുരയിലും ഇടനാഴിയിലും മുറിയിരുട്ടിലും പതുങ്ങിനിന്നു. പണ്ടുപണ്ടാരോ ഉപ്പിലിട്ടുവച്ച കടുംമാങ്ങ കണക്കെ ഞങ്ങളുടെ ആ പാവം വീട് ചുക്കിച്ചുളിഞ്ഞു തീർന്നിരുന്നു. അതുകൊണ്ടൊക്കെയാണ് വല്യപ്പച്ചൻ പറഞ്ഞത്, ഇനി തറവാട് ഒരു ഡിസംബർ കുളിരില്ലെന്ന്.

പുത്തൻവീടിന്റെ പണി തുടങ്ങാൻ തറവാട്ടുവീട് പൊളിച്ച ആ മഞ്ഞുകാലം മറക്കാൻ കഴിയില്ല. കഴുക്കോലുകൾ ഓരോന്നോരോന്നായ് ഊരിമാറ്റിയപ്പോൾ ഞങ്ങളുടെ പഴയ വീട് കരയുന്നുണ്ടായിരുന്നു..ജനൽവാതിലുകൾ അറുത്തുമുറിച്ചെടുത്തപ്പോൾ കണ്ണം കാതും അരി‍ഞ്ഞെടുത്താലെന്നോണം ഉച്ചത്തിലായി കരച്ചിൽ.. ഓടുകൾ ഇളക്കി മാറ്റിത്തുടങ്ങിയപ്പോൾ, ആകാശം മലർക്കെ കാൺകെ നഗ്നയാക്കപ്പെട്ടവളെ പോലെ അപമാനിതയുടെ മൗനം പൂണ്ടു....ഓരോ മുറികളായി പൊളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ വല്യപ്പച്ചനോടു പറഞ്ഞു..എന്റെ മുറി, എന്റെ മുറി ഏറ്റവും ഒടുക്കം മതി...

ഉമ്മറത്തൂണിനോടു ചേർന്നുള്ള കടുംമഞ്ഞ ബൾബിലാണ് ക്രിസ്മസ് കാലത്ത് വീട്ടിൽ നക്ഷത്രം തൂക്കുക. നക്ഷത്രബൾബ് തെളിഞ്ഞുകഴിഞ്ഞാൽ വല്യപ്പച്ചൻ പ്രാർഥനാമേശയ്ക്കുള്ളിൽ നിന്ന് വേദപുസ്തകമെടുത്ത് സങ്കീർത്തനങ്ങൾ വായിക്കാൻ തുടങ്ങും. കുളിച്ചൊരുങ്ങിനിൽക്കുന്ന ഞങ്ങൾ കൊച്ചുകുട്ടികൾക്ക് തലയിൽ വെളുത്ത സ്കാർഫ് ചുറ്റി, മെഴുകുതിരികൾ കത്തിച്ചുപിടിച്ച്, മാലാഖക്കുഞ്ഞുങ്ങളെപ്പോലെ അടക്കത്തിലും ഒതുക്കത്തിലും പ്രാർഥനയ്ക്ക് മുട്ടുകുത്തി നിൽക്കാനുള്ള ഒരുക്കനേരമാണത്. ഞങ്ങൾ എല്ലാവരും അങ്ങനെ ഹാജരാകുന്നതുവരെ വല്യപ്പച്ചൻ സങ്കീർത്തനവായന തുടരും. എല്ലാവരും എത്തിക്കഴിഞ്ഞോ എന്നറിയാൻ ഇടയ്ക്കിടെ അദ്ദേഹം ഓട്ടക്കണ്ണിട്ടു നോക്കിക്കൊണ്ടേയിരിക്കും. കുട്ടികളെല്ലാവരും എത്തിക്കഴിഞ്ഞാൽ വല്യമ്മച്ചിയുടെ ഊഴമാണ്. കൈകൾ കൂപ്പി വല്യമ്മച്ചി പാടിത്തുടങ്ങും, ‘സന്ധ്യയായി വിളക്കുവച്ചു..’ ഞങ്ങളും അതേറ്റുപാടും. പാട്ടു പാടിത്തീരുമ്പോഴേക്കും തറവാട്ടിലെ മറ്റുമുതിർന്ന അംഗങ്ങളെല്ലാം പ്രാർഥനയ്ക്ക് എത്തിച്ചേരണമെന്നതാണ് വല്യപ്പച്ചന്റെ നിയമം.

പിന്നാമ്പുറത്തു കുളികഴിഞ്ഞ് മുടികോതിനിൽക്കുന്ന അമ്മായിയോ, കോഴിയെ കൂട്ടിൽ കയറ്റാൻ പോയ കുഞ്ഞിച്ചാച്ചനോ, അടുക്കളയിൽ ചോറുവേവുന്നതു കാത്തുനിൽക്കുന്ന ഇളയമ്മച്ചിയോ, കണ്ണാടിനോക്കി കിനാവുകാണുന്ന ഇച്ചേച്ചിയോ അങ്ങനെയാരെങ്കിലും എത്തിച്ചേരാൻ വൈകിയാൽ പാട്ട് ഞങ്ങൾ കുറെക്കൂടി ഉച്ചത്തിലാക്കും. എല്ലാവരും വന്നു കഴിഞ്ഞിട്ടാണ് സന്ധ്യാപ്രാർഥന. അത്, മുതിർന്നവർ പ്രാര്‍ഥിച്ചോളും. കുട്ടികൾ അന്നേരം നിലത്തു പടിഞ്ഞിരുന്ന്, വഴിതെറ്റിവരുന്ന ഉറുമ്പിനെ കളിപ്പിച്ചും മറ്റും നേരം കളയും. ഉറക്കം തൂങ്ങിയാൽ വല്യപ്പച്ചൻ ചെവിക്കുതിരുമ്മുമെന്നറിയാവുന്നതുകൊണ്ട് എങ്ങനെയെങ്കിലും കണ്ണുമിഴിച്ചിരിക്കും. ഇടയ്ക്കിടെ ആമേൻ പറഞ്ഞാൽ ഉറക്കം തൂങ്ങില്ലെന്ന് ഇച്ചേച്ചിയാണ് പറഞ്ഞുതന്നത്. ഇച്ചേച്ചി ചെറുപ്പത്തിൽ അങ്ങനെ ചെയ്തിരുന്നത്രേ. മഞ്ഞുകാലമായാൽ തോട്ടുവക്കത്തെ കൈതകളിലും കപ്പക്കോലുകളിലുമെല്ലാം തൂവെള്ളിക്കുടങ്ങളുടെ തോരണച്ചാർത്തുകാണാം. മഞ്ഞുകാലപുലരികളിൽ രാവിലെ ഒരു നടക്കാനിറക്കമുണ്ട്, തലയിൽ തോർത്ത് വട്ടം ചുറ്റിക്കൊണ്ട്. വഴിയേ കാണുന്ന ഓരോ മരച്ചില്ലയും എത്തിവലിഞ്ഞു പിടിച്ചുലയ്ക്കും. രാത്രിമഞ്ഞിന്റെ മധുരത്തുള്ളികൾ ചറുപിറുന്നനെ തലയിലും മുഖത്തും വന്നുവീഴുന്നതിനോളം കുളിരുന്ന മറ്റൊരോർമയുണ്ടാകില്ല കുട്ടിക്കാലത്ത്.

ഡിസംബർമാസം ഇന്നും അങ്ങനെ ഒരുപിടി ഓർമകൾ മഞ്ഞുകൊള്ളാനിറങ്ങുന്ന കാലമാണ്. അതിലേറ്റവും നൊമ്പരപ്പെടുത്തുന്നത് എന്റെ കുട്ടിക്കാലത്തിന്റെ കളിവീടില്ലാതാക്കിക്കൊണ്ട് പഴയ തറവാടുപൊളിച്ചുമാറ്റിയതുതന്നെ. കുറച്ചുദിവസത്തേക്ക് വല്യപ്പച്ചൻ ഞങ്ങളെ അമ്മവീട്ടിലേക്ക് പറഞ്ഞയച്ചതുകൊണ്ട് തറവാട് പൊളിക്കുന്നത് മുഴുവനായും കാണാൻ കഴിഞ്ഞില്ല. പിന്നീട് തിരിച്ചെത്തിയപ്പോഴേക്കും ആ വീട് നിന്ന ഇടംതന്നെ

കിളച്ചുമറിച്ചുവെടിപ്പാക്കിയിട്ടിരിക്കുന്നതു കണ്ടു. പൊളിച്ചുമാറ്റിയ തറവാടിന്റെ പൊട്ടുംപൊടിയും ഓർമത്തുണ്ടുകളും വീണു കിടന്നിരുന്നു അവിടമാകെ. പണ്ടു പണ്ടുകാലം മുതൽക്കേ അവിടെജീവിച്ച്, ആ തറവാട്ടകത്തെ ഏതേതോ മുറികളിലെ മെഴുകുതിരിവെട്ടത്തിൽ അവസാന കാഴ്ചയടച്ച പൂർവികരുടെ അടക്കംപറച്ചിലുകൾ പുതുമണ്ണിനടിയിൽ നിന്ന് മെല്ലെ കേൾക്കുന്നതുപോലെ തോന്നി. വീടുണ്ടായിരുന്നൊരിടത്ത് പെട്ടെന്ന് വീടില്ലാതെയാകുമ്പോൾ തോന്നുന്ന അനാഥത്വം. അത്രയൊന്നും ചിന്തിച്ചുകൊണ്ടായിരുന്നില്ലെങ്കിലും അന്നു ഞാനും കുറെയേറെനേരം കരഞ്ഞുകൊണ്ടാണ് അവിടെനിന്നു തിരിച്ചുപോയത്.

പക്ഷേ തൊട്ടടുത്ത ദിവസം തന്നെ വല്യപ്പച്ചൻ ഞങ്ങൾ കുട്ടികളെ പഴയ തറവാടുനിന്ന തൊടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പുതിയ വീട് കെട്ടിക്കഴിഞ്ഞെന്നും അതുകാണിച്ചുതരാമെന്നും പറഞ്ഞുകൊണ്ടായിരുന്നു ആ പോക്ക്. ഒറ്റ ദിവസം കൊണ്ട് പുതിയ വീടുകെട്ടിത്തീരില്ലെന്നൊന്നും ചിന്തിക്കാനുള്ള പ്രായമായിട്ടില്ലായിരുന്നു ആർക്കും.

വല്യപ്പച്ചന്റെ കൂടെ കുട്ടികളെല്ലാരും വച്ചുപിടിച്ചു. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നു. പഴയ തറവാടു നിന്ന തൊടിയിൽ അതാ ചന്തമുള്ള ഒരു കൊച്ചുവീട്. അതിന്റെ വലിപ്പക്കുറവു കാരണം ഞങ്ങൾക്ക് അകത്തു കടക്കാൻ കഴിഞ്ഞില്ല. മണ്ണിൽ പടിഞ്ഞിരുന്നാണ് ഞങ്ങൾ വല്യപ്പച്ചൻ കെട്ടിയ പുതിയ വീടിന്റെ ഭംഗി ആസ്വദിച്ചത്. ഡിസംബർമഞ്ഞിന്റെ മലർത്തുള്ളികൾ വീണ് ഈറൻകൊണ്ട് നിൽക്കുന്ന ഒരു കൊച്ചു വയ്ക്കോൽവീട്. അതിന്റെ ഉള്ളിൽ ചിരിച്ചുകൊണ്ട് ഒരു അപ്പച്ചനും അമ്മച്ചിയും. അവരെയൊക്കെ ഞങ്ങൾ ആദ്യമായി കാണുകയാണ്. മുൻപ് വീട്ടിൽ വന്നതായി ഓർമിക്കുന്നേയില്ല. ജനാലയിലൂടെ അകത്തേക്കു നോക്കിയപ്പോൾ അവർക്കരികിൽ ഒരു കുഞ്ഞുവാവയെ കണ്ടു. വാവയുടെ പേര് ചോദിച്ചപ്പോഴും, കൂടെയിരുത്തി കളിപ്പിക്കാൻ മടിയിൽ വച്ചുതരാമോ എന്നു വാശിപിടിച്ചപ്പോഴും വല്യപ്പച്ചൻ അവരെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞു തന്നു. അതൊന്നും അങ്ങനെയോർമിക്കുന്നില്ലെങ്കിലും, ഇരുട്ടായപ്പോൾ ആ വീട്ടുമുറ്റത്തു തെളിഞ്ഞ നക്ഷത്രവിളക്കുകളുടെ നിറം ഇന്നും മനസ്സിലുണ്ട്.

ആ കുഞ്ഞുനക്ഷത്രവീട്ടിനരികിൽ നിന്നു രാവേറെ വൈകിയാണ് ഞങ്ങളന്നു മടങ്ങിയത്. അതായിരുന്നു എന്റെ ജിവിതത്തിൽ ഞാൻ കണ്ട ആദ്യത്തെ പുൽക്കൂട്. തിരിച്ചുനടന്നപ്പോൾ വല്യപ്പച്ചൻ എന്നെ തോളത്തെടുത്താണ് കൊണ്ടുപോയത്. മഞ്ഞുവീണ വഴികളിലൂടെ നടന്ന് പാടവരമ്പത്തെത്തിയപ്പോൾ വല്യപ്പച്ചൻ ആകാശത്തേക്ക് വിരൽചൂണ്ടി എന്നോടു പറഞ്ഞു, ‘നാളെയാണ് ക്രിസ്മസ്..’ അന്നത്തെ ആ രാത്രിയാകാശത്ത് ഞാൻ കണ്ട ആയിരം നക്ഷത്രക്കൺതിളക്കങ്ങളോടെയാണ് പിന്നീടുള്ള എന്റെ ഓരോ ഡിസംബറും പുലർന്നത്.

കാലിത്തൊഴുത്തിൽ പിറന്നവനേ..

കരുണ നിറഞ്ഞവനേ...

കരളിലെ ചോരയാൽ പാരിന്റെ

പാപങ്ങൾ കഴുകിക്കളഞ്ഞവനേ..

അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു

ഹല്ലേലൂയ..ഹല്ലേലൂയ..

കനിവിൻ കടലേ അറിവിൻ പൊരുളേ..

ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ..

നിൻമുന്നിൽ വന്നിതാ നിൽപൂ ഞങ്ങൾ

ഹല്ലേലൂയ..ഹല്ലേലൂയ..

ഉലകിൻ‌ ഉയിരായ് മനസ്സിൽ മധുവായ്

ഉണരൂ ഉണരൂ മണിവിളക്കേ

കർത്താവേ കനിയൂ നീ യേശുനാഥാ

ഹല്ലേലൂയ ഹല്ലേലൂയ..

കാലിത്തൊഴുത്തിൽ പിറന്നവനേ..

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.