Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടു ഞാൻ മിഴികളിൽ ഒരു ആലോലഹൃദയം

റിയ ജോയ്
Kandu Njan Mizhikalil

ആ രാത്രി അവൾക്കൊപ്പമായിരിക്കണം എന്ന മോഹം ഹരിക്ക് എന്നേ തോന്നിത്തുടങ്ങിയതാണ്. മുംബൈയിലെ തന്റെ അവസാന രാത്രി. ആ മഹാനഗരം തനിക്കു വേണ്ടി ഒരിക്കലും പുലരാൻ പോകുന്നില്ലെന്ന് ഇതുവരെയുള്ള മുംബൈജീവിതം കൊണ്ട് അയാൾ ഏറെക്കുറെ തിരിച്ചറിഞ്ഞിരിക്കണം. അതുകൊണ്ടാകാം, മടക്കയാത്രയ്ക്കു മുൻപ്, നഗരം സമ്മാനിച്ച കൊതികളിൽ ഒന്നെങ്കിലും സ്വന്തമാക്കണമെന്ന് അയാൾക്കു തോന്നിയത്. കിരൺ. ആദ്യ കാഴ്ചയിൽ തന്നെ, ഇനിയും ആയിരമായിരം വട്ടം കാണാനുള്ളൊരു കൺകൊതി സമ്മാനിച്ചുകൊണ്ടാണ് അവൾ പിൻനടന്നത്.

കാമാത്തിപുരയോടു ചേർന്നായിരുന്നു അയാൾ താമസിച്ചിരുന്ന ചേരി. ഓരോ കാറ്റിലും പെണ്ണ് മണക്കുന്ന ഇടുങ്ങിയ നടവഴികൾ. പാതിരാവിളക്കുകൾ അണയുവോളം തബലയും ഹാർമോണിയവും മിണ്ടിപ്പറഞ്ഞിരിക്കുന്ന ദർബാറുകൾ. മണിച്ചിലങ്കകൾ കെട്ടി ആടിക്കുഴയുന്ന നനുത്ത പാദങ്ങൾ, കുപ്പിവളപ്പൊട്ടുകൾ ചിതറിക്കിടക്കുന്ന പട്ടുവിരിച്ചുരുൾമെത്തകൾ, ചുണ്ടിലെ ചോപ്പും കണ്ണുകളിലെ കരിമഷിക്കറുപ്പും ചിത്രകഥ വരയുന്ന പഞ്ഞിത്തലയിണകൾ... കെട്ടിപ്പുണരാൻ വീർപ്പുമുട്ടുന്ന മൈലാഞ്ചിക്കൈകൾ, ഉടലിൽ നിന്നു ചിറകുവച്ച് പാറിപ്പറക്കുന്ന ചേലഞൊറികൾ. പാതി ചേർന്നടഞ്ഞ വാതിൽപ്പഴുതിലൂടെ ഇടയ്ക്കെപ്പോഴോ ഇരുട്ടുമുറിക്കു പുറത്തേക്കു നിലാക്കുളിരു തേടിയിറങ്ങുന്ന ചൂടുമ്മകൾ... ഏതുനേരവും പെണ്ണു മണക്കുന്ന കാമാത്തിപുരയോടു ചേർന്ന ആ ചേരിജീവിതം അയാളിലെ ആൺകൊതികളെ മടുപ്പിച്ചു തുടങ്ങിയിരിക്കണം.

പക്ഷേ കിരൺ, അവളുടെ ഒറ്റക്കാഴ്ചയിൽ തന്നെ അയാളുടെ ആൺവസന്തങ്ങളെ തൊട്ടുണർത്തുകയായിരുന്നു. അവളെക്കുറിച്ചുള്ള ഓരോ വെറുമോർമയിൽ പോലും ആയിരം പൂമൊട്ടുകൾ ഒരുമിച്ചുവിടർന്നു വാസനിക്കുന്നൊരു വികാരവസന്തം. അവൾക്കൊപ്പമുള്ളൊരു രാത്രിക്ക് ആയിരം നാണയത്തുട്ടുകളുടെ വില കൊടുക്കേണ്ടിവരുമെന്ന് ഒരിക്കൽ കൂട്ടുകാരൻ പറഞ്ഞുകേട്ടപ്പോൾ അയാൾ അതു ചിരിച്ചുതള്ളി. അലച്ചിലുകൾക്കൊടുവിൽ നഗരജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുള്ള മടക്കത്തീവണ്ടിയുടെ സമയം തിരക്കുമ്പോൾ അയാൾ ഒരിക്കൽ കൂടി അവളെ ഓർമിച്ചു. ആ ഓർമ തന്നെയാണ് അയാളെ വീണ്ടും കാമാത്തിപുരയിലെ ആ പെൺകോട്ടയിലേക്കു തിരിച്ചു നടത്തിയത്. അതുവരെയുള്ള മുംബൈ വാസം അയാളുടെ മുഷിഞ്ഞ ഷർട്ടിന്റെ പോക്കറ്റിൽ തിരുകിവച്ചുകൊടുത്ത നോട്ടുകൾ ഒരിക്കൽ കൂടി എണ്ണി നോക്കി. ഇല്ല, ആയിരം തികച്ചില്ല. എങ്കിലും അന്നു രാത്രി അയാൾക്ക് അവൾക്കൊപ്പം ഉറങ്ങാതെ ഉണർന്നിരിക്കണമെന്നു തോന്നി. ഇനിയുള്ള രാത്രികളിലേക്കു കൂടി കാണാൻ അവളിൽ നിന്നു കൺനിറയെ കിനാവുകൾ കടംവാങ്ങണമെന്നു തോന്നി.

ആ പെൺവീട്ടുപടിക്കലേക്ക് അയാൾ തിരിച്ചുനടന്നു. തനിച്ച്.. ഒരു പെണ്ണിലേക്കുള്ള ആൺയാത്ര എത്ര തനിച്ചാകുമോ അത്രയും തനിച്ച്... വാതിൽ തുറന്നത് ആ വീട്ടിലെ പെണ്ണുങ്ങളുടെ സൂക്ഷിപ്പുകാരിയും അവർ അക്ക എന്നു വിളിക്കുന്നതുമായ ഒരു മുതിർന്ന സ്ത്രീയാണ്. അവരുടെ കച്ചവടക്കാരിയും കൂടിയായിരുന്നിരിക്കണം ആ സ്ത്രീ. കയ്യിലുള്ള നോട്ടുകെട്ടുകൾ മുഴുവൻ അവരുടെ മുന്നിലേക്കിട്ടുകൊടുത്ത് ഹരി തന്റെ ആഗ്രഹം പറഞ്ഞു. മുറുക്കിച്ചുവന്ന നാവിലെ തുപ്പൽതൊട്ട് പണം മുഴുവൻ എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിനിടയിൽ അക്ക കിരണിനെക്കുറിച്ച് പറയാൻ തുടങ്ങി. അവൾക്ക് അങ്ങനെയൊരു പേരുള്ളതുപോലും അവർ മറന്നുതുടങ്ങിയിരുന്നു. കൂട്ടത്തിൽ ഏറ്റവും ചന്തമുള്ള പെണ്ണൊരുത്തി. അഴകൊത്ത ആട്ടക്കാരി. പാട്ടിലും കേമി. ആണുങ്ങൾ പലരും ആ വീട്ടുപടിക്കൽ മുട്ടിവിളിക്കുന്നതുപോലും അവളുടെ മുറി തിരഞ്ഞുമാത്രമാണ്.

ഹരിക്കു തോന്നി, അവൾ തീർച്ചയായും അനേകം കിളിവാതിലുകളുള്ളൊരു പെൺകൂടാരമായിരുന്നിരിക്കണം. ഒരേ സമയം പലരിലേക്കും തുറന്നടയുന്ന വാതിൽജനാലകളുള്ളൊരു കൂടാരം. മുട്ടിവിളിച്ച് അകംകാഴ്ചകളുടെ ചന്തം കണ്ടു മയങ്ങി മടങ്ങുന്നവരാരും ഒറ്റരാത്രിയിലേക്കെഴുതിയ വാടകച്ചീട്ടിനപ്പുറം അവളെ ഓർമിച്ചുവയ്ക്കാറുമില്ല. അടുത്തകാലത്താണ് കിരൺ അവിടെയെത്തിച്ചേരുന്നത്. ഒരു തെലുങ്കത്തി പെൺകുട്ടി. മംഗലം കഴിച്ചുകൊണ്ടുപോയ മാർവാടി തന്നെയാണ് അവളെ അവിടെ കൊണ്ടുചെന്നാക്കുന്നത്. അതിൽ പിന്നെ അവളൊരിക്കലും പുറംലോകം കണ്ടിട്ടേയില്ല. കടുംചായങ്ങളിൽ തൊങ്ങലുചാർത്തിക്കിടക്കുന്ന ജനാലശീല വകഞ്ഞുമാറ്റി പകൽവെളിച്ചത്തിലേക്കൊന്നു നോക്കിയിട്ടുപോലുമില്ല. അവളുടെ ജീവിതത്തിൽ നിന്ന് പകലുകൾ എന്നേക്കുമായി വാടിക്കൊഴിഞ്ഞെന്നു കരുതിയിരിക്കണം. തിരി താഴ്ന്നു കത്തുന്ന ശരറാന്തലിന്റെ ഇത്തിരിനിഴൽവട്ടത്തിനുള്ളിൽ അവളുടെ സൂര്യചന്ദ്രന്മാർ ഉദിച്ചസ്തമിച്ചുകൊണ്ടിരുന്നു. നക്ഷത്രങ്ങളെ കണ്ട കാലം മറന്നു. നിലാവുകൊണ്ട നേരം മറന്നു, അവളുടെ കിടപ്പുമുറിയിലെ ഉത്തരത്തിൽ കടവാവലുകണക്കെ എന്നും കറുത്തവാവുകൾ കൺമിഴിച്ചു കിടന്നു.

കണ്ടു ഞാൻ മിഴികളിൽ...

കിരണിനെക്കുറിച്ചുള്ള കഥ പറച്ചിലും പണം എണ്ണിത്തിട്ടപ്പെടുത്തലും കഴിഞ്ഞപ്പോൾ ഹരിക്ക് അക്ക ഒരു മുഴം മുല്ലപ്പൂമാല കൊണ്ടുവന്നുകൊടുത്തു. പരിചയക്കുറവു പുറത്തുകാണിക്കാതെ അയാൾ അത് തന്റെ ഇടംകൈത്തണ്ടയിൽ ചുറ്റി. ആദ്യമായി പൂമണക്കുന്നവനെ പോലെ അതിന്റെ രാത്രിവാസന അയാളെ ഉന്മാദിപ്പിച്ചിരിക്കണം. മെല്ലെ കിരണിന്റെ കിടപ്പുമുറിയിലേക്കുള്ള വാതിൽ ഹരിക്കു മുന്നിൽ തുറക്കുകയായി. അവിടെ ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി അവൾ കാത്തിരിപ്പുണ്ടായിരുന്നു. അനേകം ആൺകിളികൾ ചേക്കേറിയൊരു പെണ്ണരയാൽ പോലെ തോന്നിപ്പിച്ചു മട്ടുപ്പാവിലേക്കു തുറക്കുന്ന അവളുടെ മുറി. അവയുടെ ചിറകടിയൊച്ചകൾ കേൾക്കാമെല്ലെ ചിലപ്പോൾ മുഴങ്ങുന്നുണ്ടാവാം. അവയുടെ തൂവൽമിനുപ്പുകൾ തറയിൽ വീണുകിടക്കുന്നുണ്ടാവാം. പക്ഷേ ഹരിയുടെ കണ്ണുകൾ നീണ്ടത് അവളിലേക്കു മാത്രമായിരുന്നു. അയാൾക്കു മുന്നിൽ അവൾ അപ്പോൾ മാത്രം പൊട്ടിമുളച്ചൊരു മഴവിൽക്കൊടി പോലെ തോന്നിച്ചു.

നാട്ടിടവഴിയിലൂടെ കൂട്ടുകാരികൾക്കൊപ്പം നടക്കുന്ന കാമുകിയെ അവരാരും കാണാതെ മരച്ചോട്ടിലേക്കു വലിച്ചടുപ്പിച്ച് കട്ടുമ്മവച്ചു കെട്ടിപ്പുണരുന്നൊരു പൊടിമീശക്കാരന്റെ നാണത്തോടെ ഹരി അവളെ ചേർത്തുപിടിച്ചിരുത്തി ഒരു ചുംബനം ചോദിച്ചു. കവിളത്തു പുരണ്ട അവളുടെ ചുണ്ടിന്റെ നനവിൽ അയാളൊരു വേനൽമഴയുടെ കുളിരോർമയിലേക്കു വീണു. എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് ഹരിക്ക് ഓർമയില്ല. ഉണർന്നപ്പോഴേക്കും മുറിയിലെ തറയിൽ പുലരിവെട്ടം കോലംവരച്ചിട്ടു പിൻവാങ്ങിയിരുന്നു. അയാൾ തലേരാത്രി കയ്യിൽ കെട്ടിയ മുല്ലപ്പൂമാല അപ്പോഴും വാസനച്ചുറ്റഴിയാതെ ബാക്കിനിന്നു. തൊട്ടരികിൽ തന്നെയുണ്ടായിരുന്നു, കിരൺ. ഒരു കുപ്പിവളപോലും ചിലമ്പിയുടയാതെ, ഒരു മുത്തുമാല പോലും പൊട്ടിവീഴാതെ, വാരിച്ചുറ്റിയ പട്ടുചേലയുടെ ഒരു ഞൊറി പോലും അഴി‍ഞ്ഞുലയാതെ... അയാളുടെ രാവുറക്കത്തിന് കൂട്ടിരിക്കുകയായിരുന്നു അവൾ... അന്നേരം ഹരിയാകട്ടെ ഇനി പുലരും രാത്രികളിലേക്കു കൂടി അവളെ കൂട്ടുവിളിക്കുന്നൊരു കിനാവു കാണുകയുമായിരുന്നു...അതുകൊണ്ടാകാം, ഉറങ്ങിയും ഉറങ്ങാതെയും അവർ രണ്ടുപേരും ഒരേ സ്വപ്നത്തിലേക്ക് കൺതുറന്നത്. ആ രാത്രികൊണ്ട് അവസാനിക്കുമായിരുന്ന ഹരിയുടെ മുംബൈ ജീവിതം വീണ്ടും തുടർന്നത്. പ്രണയജാലകങ്ങൾ മെല്ലെത്തുറന്ന് കിരണിന്റെ ഇരുട്ടുമുറിയിലേക്കു മഴവില്ലുകൾ രാപ്പാർക്കാൻ വന്നത്. അവളുടെ ജീവിതത്തിൽ വീണ്ടും പകലുകൾ പുലർന്നത്...

കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം ഓ...

കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം ഓ

ഗോപുര പൊങ്കോടിയിൽ അമ്പലപ്രാവിൻ മനം

പാടുന്നൊരാരാധനാമന്ത്രം പോലെ

കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം ഓ...

.......

പാദങ്ങൾ പുണരുന്ന ശൃംഗാരനൂപുരവും

കയ്യിൽ കിലുങ്ങും പൊൻവലത്താരിയും

വേളിക്കൊരുങ്ങുവാൻ എൻ കിനാവിൽ

അനുവാദം തേടുകയല്ലേ എൻ ആത്മാവിൽ നീ

എന്നെ തേടുകയല്ലേ...

.......

വാലിട്ടുകണ്ണെഴുതി വെള്ളോട്ടുവളയണിഞ്ഞു

ഒരു നാൾ നീയെൻ അന്തർജനമാകും

കൺമണിത്തിങ്കളേ നിൻ കളങ്കം കാശ്മീര കുങ്കുമമാകും

നീ സുമംഗലയാകും ദീർഘ സുമംഗലയാകും...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.