Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിനീലക്കണ്ണുള്ള പെണ്ണേ...

റിയ ജോയ്

അത് ഒരു വീടായിരുന്നില്ല. ചേരുംപടി ചേരാത്ത രണ്ടു മുറികളെ വിധി ചേർത്തുവച്ച വിലക്കപ്പെട്ട ഒരു കെട്ടിടം മാത്രം. ഒരേ മേൽക്കൂരക്കീഴിലെ ആ രണ്ടു മുറികളിൽ രണ്ടു ലോകങ്ങളിലെന്ന പോലെ അവർ ജീവിച്ചു. രണ്ടു മുറികൾക്കുമിടയിൽ ഒരു ഇടനാഴിയുടെ മൗനം മിണ്ടാതെ ചുരുണ്ടുകൂടിക്കിടന്നു. ഒരു ചെറുനെടുവീർപ്പുകൊണ്ടുപോലും അവരതിനെ നുള്ളിനോവിക്കാതെയുമിരുന്നു. ഇടനാഴിയിലെ മെഴുകുതിരിത്തട്ടുകളിലും നക്ഷത്രവിളക്കുകളിലും സൂര്യചന്ദ്രന്മാർ അണഞ്ഞുകിടന്നു. ആർക്കും ഊതിക്കെടുത്താൻ ഒരു നുള്ളുവെട്ടം പോലെ ബാക്കിവയ്ക്കാത്ത കൂരിരുട്ടിൽ അവർ രണ്ടുപേരും തപ്പിത്തടഞ്ഞു. ഇരുവശങ്ങളിലുമായി ഇരുഭൂഖണ്ഡങ്ങൾ പോലെ അകന്നുമാറിനിന്നു അവരുടെ മുറികൾ..ഒരേ വീട്ടിലായിരുന്നിട്ടും അപൂർവമായി മാത്രം അവർ തമ്മിൽ കണ്ടു. അന്നേരമൊക്കെയും മുഖം കറുപ്പിച്ചും പിറുപിറുത്തും അവർ പിന്തിരിഞ്ഞു നടന്നു.

മെർലിൻ, ഫെർണാണ്ടസ്.. പരസ്പരം വിളിക്കാതെ, വിളികേൾക്കാതെ അവർ ആ പേരുപോലും മറന്നു.

ഒരു കാലം ഭാര്യഭർത്താക്കന്മാരായിരുന്നു ഇരുവരും. അങ്ങനെയൊരു ഭൂതകാലമുണ്ടായിരുന്നതുപോലും കഴിഞ്ഞ പതിനാറുവർഷങ്ങളായി അവർ ഓർമിക്കാനിടയില്ല. മെർലിൻ ഏതുനേരവും ബൈബിൾവായനയും പ്രാർഥനയുമൊക്കെയായി വീട്ടകത്തേക്ക് ഒതുങ്ങിക്കൂടി. നാൽപതുകളുടെ ഒടുവിലും അവർ അതിസുന്ദരിയായിരുന്നു. കണ്ണാടിയിൽ സ്വന്തം ശരീരത്തിന്റെ വർണച്ചിത്രങ്ങൾ കണ്ട് അവൾ ഓരോ പുതിയ ദിവസത്തെയും വരവേറ്റു. ഫെർണാണ്ടസ് ഒറ്റപ്പെടലിന്റെ ഉന്മാദം തിരഞ്ഞത് വീടിനു പുറത്തെ ലോകത്താണ്. അവിടെ കൊടുംപച്ച വിരിച്ച് കാടും മാദകപ്പൂമണപ്പിച്ച് കാറ്റും ലഹരിയുടെ നുരപതയിച്ച് മദ്യശാലകളും രാപ്പകൽ അയാളെ കൊതിപ്പിച്ചുകൊണ്ടേയിരുന്ന‌ു. എങ്കിലും ഏത് ആൾക്കൂട്ടത്തിലും കൊടുങ്കാട്ടിലും തണൽമരച്ചോട്ടിലും അയാളും എന്നും തനിച്ചായിരുന്നു. ഒറ്റയ്ക്കൊറ്റയ്ക്കുന്മാദം...ഉല്ലാസം...

remya-with-candle അപ്പവും വീഞ്ഞും എന്ന ചിത്രത്തിൽ രമ്യ കൃഷ്ണൻ

മെർലിന്റെയും ഫെർണാണ്ടസിന്റെയും ആ ഒറ്റപ്പെടലിലേക്കായിരുന്നു ജൂഡിന്റെ വരവ്. ഒരു യുവഗായകൻ. നിശാസംഗീതവേദികളിലൂടെയുള്ള ശലഭസഞ്ചാരമായിരുന്നു അയാൾക്ക് ജീവിതം. ഓരോ നഗരത്തെയും ബീറ്റിൽസിന്റെ പ്രിയരാഗങ്ങൾകൊണ്ടു തൊട്ടുണർത്തി താളംപിടിപ്പിച്ചൊരു പാട്ടുജീവിതം. കേട്ടുകേട്ടിരിക്കാനും കയ്യടിക്കാനും കയ്യൊപ്പുകൾക്കു വേണ്ടി കാത്തുകാത്തുനിൽക്കാനും പെൺകൊടികളൊരുപാടുപേരുണ്ടായിട്ടും ഒരു പെണ്ണഴകിലും കണ്ണുടക്കാതെ കരിയിലക്കാറ്റുപോലെ അലസമലസം ഒടുവിൽ അയാൾ പാറിയെത്തിയത് ഇവിടെയാണ്, മൂന്നാറിന്റെ മഞ്ഞുതാഴ്‌വരകളിൽ. കാറ്റും കടലും നഗരവഴികളും മടുപ്പിച്ചപ്പോൾ കാട്ടുപച്ചയോടു തോന്നിയൊരു വെറുംകൗതുകത്തിന്റെ പേരിലാണ് സ്വന്തം ട്രൂപ്പിലെ തന്നെ ചില സുഹൃത്തുക്കളെയും കൂടെക്കൂട്ടി ജൂഡ് മൂന്നാറിലേക്കു യാത്ര തിരിച്ചത്. രാത്രിയുടെ നക്ഷത്രച്ചില്ലുകോപ്പയിൽ നിലാവീര്യം നുരഞ്ഞുപതഞ്ഞ നിമിഷങ്ങളിൽ എപ്പോഴോ ആണ് അയാൾ ഫെർണാണ്ടസിനെ പരിചയപ്പെടുന്നത്. ബാറിലെ ഒരൊഴിഞ്ഞ മൂലയിലെ മേശയിൽ തനിച്ചിരിക്കുകയായിരുന്നു ഫെർണാണ്ടസ്. ജൂഡ് അയാൾക്കരികിലേക്ക് കസേര വലിച്ചിട്ടിരുന്ന് ചോദിച്ചു.

–ആർ യു വെയറ്റിങ് ഫോർ സംവൺ?

–യെസ്...ദാറ്റ് വാസ് യൂ...

ബീറ്റിൽസ് ഗാനങ്ങളെ ഭ്രാന്തമായി സ്നേഹിക്കുന്ന ആ ചെറുപ്പക്കാരനോട് ഫെർണാണ്ടസ് തന്നെയാണ് ആവശ്യപ്പെട്ടത് കുറച്ചുകാലം ബാൻഡുമായി മൂന്നാറിൽ തുടരണമെന്ന്. ജൂഡ് സമ്മതിക്കുകയും ചെയ്തു. ഫെർണാണ്ടസിന്റെ ബംഗ്ലാവിനടുത്ത് ജൂഡിനുള്ള താമസമൊരുക്കുകയും ചെയ്തു. പകൽനേരങ്ങളിൽ അവർ കാട്ടിനുള്ളിൽ വേട്ടയ്ക്കു പോയി. വൈകുന്നേരങ്ങളിൽ ബീറ്റിൽസിന്റെ ഇഷ്ടരാഗങ്ങൾ മൂളി ഗിറ്റാറിൽ വിരൽതൊട്ടു നേരമിരുട്ടി. പാതിരാവോളം ബാറിൽ പതിവുമേശയ്ക്കരികിലിരുന്ന് പലതും പറഞ്ഞും പറയാതിരുന്നും അവർ കൂട്ടുകാരായി മാറുകയായിരുന്നു. അങ്ങനെയാണ് ജൂഡ് ഫെർണാണ്ടസിന്റെ ബംഗ്ലാവിലെ ഒരു പതിവു സന്ദർശകനാകുന്നത്. അപ്പോഴും മെർലിൻ മാത്രം ആ ചെറുപ്പക്കാരനെ പരിചയത്തിന്റെ ആനുകൂല്യങ്ങൾക്കു പുറത്തു നിർത്തി. ഒരു പുഞ്ചിരിയിലേക്കോ ഉപചാരവാക്കിലേക്കോ പോലും ക്ഷണിക്കാതെ, ഫെർണാണ്ടസിന്റെ കൂട്ടുകാരനെ മെർലിൻ അയാളുടെ തന്നെ നിഴലായി കണ്ട് തീണ്ടാപ്പാട് അകറ്റിനിർത്തി..

remya-new-film രമ്യ കൃഷ്ണൻ

പിന്നീട് എപ്പോഴാണ് മെർലിൻ ആ ചെറുപ്പക്കാരനെ ശ്രദ്ധിച്ചുതുടങ്ങിയത്. പതിനാറുവർഷമായി അവൾ പോലും മറന്ന അവളിലെ പെൺമനസ് എന്നു മുതലാണ് അവന്റെ ഹൃദയത്തെ ആഗ്രഹിച്ചു തുടങ്ങിയത്. ഇലഞ്ഞിപ്പൂമരം...ജൂഡ് ഏതുനേരവും മൂളുന്ന ആ പാട്ടിൽ എന്നു മുതലാണ് മെർലിന് അവളുടെ പൂർവപ്രണയത്തിന്റെ വാസനപ്പൂമൊട്ടുകൾ മണത്തുതുടങ്ങിയത്. പ്രായത്തിൽ മുതിർന്നവളാണെങ്കിലും ജൂഡ് തന്നെ പേര് വിളിക്കുന്നതായിരുന്നു മെർലിന് ഇഷ്ടം. അയാൾ തന്നെ പേരുവിളിക്കുമ്പോൾ അവൾ കൂടുതൽ ചെറുപ്പമാകുന്നതുപോലെ.. മറന്നുവച്ച പതിനാറുവർഷങ്ങളുടെ പ്രണയമോഹങ്ങൾ അവളെ ഒരു പതിനാറുകാരിയാക്കുന്നതുപോലെ.... അയാൾ ഈ ലോകത്തെ മുഴുവൻ മറന്ന് അവളുടെ കണ്ണുകളിലേക്കുറ്റു നോക്കിയിരിക്കാൻ, ഒരു മെഴുകുതിരിച്ചോട്ടിൽ രണ്ടുനിഴലുകളായി മിണ്ടിപ്പറഞ്ഞുകൊണ്ടേയിരിക്കാൻ, അയാൾക്കൊപ്പമുള്ള നിലാരാത്രികൾ ഒരിക്കലുമൊരിക്കലും പുലരാതിരിക്കാൻ..ജൂഡിന്റെ വരവോടെ മെർലിൻ വീണ്ടും കിനാവുകാണാൻ തുടങ്ങുകയായിരുന്നു....ആൺമണമുള്ള പെൺകിനാക്കൾ..

എന്നിട്ടും ഓരോ രാത്രിയും അവളിൽ അവന്റെ അടയാളങ്ങളൊന്നും സമ്മാനിക്കാതെ പുലർന്നുകൊണ്ടേയിരുന്നു....ഗിറ്റാറിൽ ഗാനലോലമാകുന്ന അവന്റെ വിരലുകളിലേക്കും ബീറ്റിൽസിന്റെ പല്ലവികൾക്കൊപ്പം അനുരാഗം മൂളുന്ന അവന്റെ ചുണ്ടുകളിലേക്കും അവളുടെ കണ്ണുകൾ പൂത്തുവിടരുന്നത് ജൂഡ് കണ്ടില്ലെന്നു നടിച്ചു. ഒടുവിൽ ഏതുനഗരവുമെന്ന പോലെ ജൂഡിന് ആ മഞ്ഞുതാഴ്‌വാരത്തോടും മടുപ്പ് തോന്നിത്തുടങ്ങി. ഗോവയിൽ വിദേശഗായകസംഘത്തിനൊപ്പമുള്ള സംഗീതവേദി ലക്ഷ്യമാക്കി അയാൾ അവിടെനിന്നു യാത്ര തിരിക്കാൻ തീരുമാനിച്ചു. യാത്ര പറയാൻ ആ പൈൻമരങ്ങൾക്കിടയിൽ പ്രത്യേകിച്ച് ആരും അയാൾക്കില്ലായിരുന്നു. ഫെർണാണ്ടസിന്റെ ഭ്രാന്തൻ തീരുമാനം ജൂഡിനൊപ്പം ഗോവയിലേക്കു പുറപ്പെടാൻ തന്നെയായിരുന്നു. പക്ഷേ, മെർലിൻ... അവൾക്ക് ആ ബംഗ്ലാവിലെ ഒറ്റമുറി വിട്ട് എങ്ങോട്ടും പോവാനില്ല. ഒരു പക്ഷേ, ജൂഡ് അവളെ വിളിച്ചിരുന്നെങ്കിൽ അവൾ കൂടെപ്പോകുമായിരുന്നോ? അറിയില്ല.. ജൂഡ് വിളിച്ചില്ല.. പകരം യാത്ര പുറപ്പെട്ടു പാതിവഴിയിൽ, എന്തോ മറന്നുവച്ചപോലെ, അതോ മറന്നുവച്ചത് തിരിച്ചെടുക്കാനെന്നപോലെ അവൾക്കരികിലേക്ക് ഒരിക്കൽ കൂടി മടങ്ങിയെത്തി...മെർലിൻ കാത്തിരിക്കുന്നുണ്ടായിരുന്നു, അവളുടെ മുറിയിരുട്ടിൽ, ജാലകത്തിരശ്ശീലയ്ക്കരികിൽ, കൈയിലെ ഇത്തിരിമെഴുതിരിവെട്ടം കാറ്റിലണയാതെ നെഞ്ചോടുചേർത്തടക്കി, മഞ്ഞുപെയ്യുന്ന ദൂരമരച്ചാർത്തുകളിലേക്ക് വഴിക്കണ്ണു നീട്ടി...

Ramya-Krishnan-in-Appavum-Veenjum-edit രമ്യ കൃഷ്ണൻ

കരിനീലക്കണ്ണുള്ള പെണ്ണേ

നിന്റെ കവിളത്തു ഞാനൊന്നു നുള്ളി

അറിയാത്ത ഭാഷയിലെന്തോ

കുളിരളകങ്ങൾ എന്നോടു ചൊല്ലി

ഒരു കൊച്ചു സന്ധ്യ ഉദിച്ചു

മലർ കവിളിൽ ഞാൻ കോരിത്തരിച്ചു

കരിനീലക്കണ്ണു നനഞ്ഞു

എന്റെ കരളിലെ കിളിയും കരഞ്ഞു

ഒരു ദുഃഖരാത്രിയിൽ നീയെൻ

രഥമൊരു മണൽക്കാട്ടിൽ വെടിഞ്ഞു

അതുകഴിഞ്ഞോമനേ നിന്നിൽ

പുത്തൻ അനുരാഗസന്ധ്യ പൂത്തു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.