Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കർക്കടക മഴ ആരുടെ കരച്ചിലാണ്?

റിയ ജോയ്
Karkidaka Mazha

തെളിനീലക്കടലാസുപോലുള്ള ആകാശത്ത് കറുങ്കവിതകൾ കുത്തിവരഞ്ഞ് ഒരു കർക്കടകം കൂടി...കുട്ടിക്കാലത്ത് ജനാലയ്ക്കരികിലെ മെത്തയിൽ കമ്പിളിപ്പുതപ്പിനുള്ളിൽ വട്ടം ചുരുണ്ട് ഉറങ്ങാതെ കിടക്കുമ്പോഴായിരിക്കും ചിലപ്പോൾ, കടുംനീലമഷിയിലെഴുതിയ ആകാശക്കവിതകൾ നൂലുനൂലായി താഴേക്കു പെയ്യാൻ തുടങ്ങുക. ഏറ്റവുമാദ്യം ആ മഴക്കവിത വായിച്ചു കുളിരുന്നത് മുറ്റത്ത് ഉയരത്തിൽ നിൽക്കുന്ന ചെമ്പകപ്പൂമരച്ചില്ലകളായിരുന്നു.. പിന്നെ പായൽപ്പച്ചമേഞ്ഞ ഓട്ടുമേൽക്കൂരകൾ..അതു കഴിഞ്ഞ് ചെന്തെങ്ങിലെ നാരായണിക്കിളിക്കൂടുകൾ, പിന്നെ തൊടിയിലെ കലപില മരക്കൂട്ടങ്ങൾ, ചേമ്പിലവട്ടങ്ങൾ, ഇവറ്റകളെയൊക്കെ നനച്ചു കുതിർത്തിയിട്ടേ മഴ എന്റെ കൈക്കുമ്പിളിലേക്കു വീഴൂ... ചുരുളൻമുടിക്കാരിയായ പാവക്കുട്ടിയെ ഇടംകൈയിലേക്കു മാറ്റിപ്പിടിച്ച് വലംകൈ മെല്ലെ മുറ്റത്തേക്കു നീട്ടും... അന്നേരം, കൈത്തണ്ടയിലെ കുപ്പിവളകളിൽ തട്ടിത്തൂവി, മഴ വന്നു കയ്യിൽ വീഴുമ്പോഴുള്ള ആ കുളിര് ഇന്നും കൈത്തലത്തിൽ നനവു പടർത്തുന്നു.

ആദ്യത്തെ മഴത്തുള്ളി കയ്യിൽ വീണാൽ അമ്മച്ചി പറയാറുണ്ട്, അത് മണത്തുനോക്കണമെന്ന്..മഴയുടെ മധുരമണം, ആകാശത്തിന്റെ നീലമണം, എങ്ങാണ്ടെങ്ങാണ്ടുനിന്നും വരുന്ന ഏതോ മണം....

കുട്ടിക്കാലം മുതലുള്ള കർക്കടകചിത്രങ്ങളിൽ കാലം തട്ടിമറിച്ചൊരു കടുംചായക്കൂട്ടുണ്ട്.. ഇന്നും മാഞ്ഞുപോകാതെ.. ഓരോ ഓർത്തെടുപ്പിലും തെളിഞ്ഞുതെളിഞ്ഞ്...

Janaki Jane...

തറവാട്ടുവീട്ടുമുറ്റത്ത് ഒടുക്കം പെയ്ത കർക്കടകത്തിലേക്ക് ഇടയ്ക്കിടക്കിടെ എന്റെ ഓർമകൾ കാൽനനയ്ക്കാനിറങ്ങും. പിന്നിട്ട കുട്ടിക്കാലമൊഴുക്കിയ കളിവഞ്ചികൾ വന്ന് അപ്പോഴൊക്കെ മെല്ലെമെല്ലെ വിരൽതൊട്ട് ഒഴുകിപ്പോകും... പച്ച, നീല, മഞ്ഞ പെയ്ത്തുവെള്ളത്തിലൊഴുക്കിയ കടലാസുവഞ്ചികളുടെ കടുംനിറങ്ങളായിരുന്നു അന്നൊക്കെ കർക്കടകത്തിന്. വെള്ളാരങ്കല്ലുമുറ്റത്ത് അവിടവിടെ ചിതറിക്കിടക്കുന്ന പൊട്ടിയ ബലൂൺ തുണ്ടുകൾ മഴവെള്ളക്കെട്ടിൽ വീണ്ടും കാറ്റൂതിവീർക്കും. കളഞ്ഞുപോയ കളിപ്പാട്ടങ്ങളുടെ പൊട്ടും പൊടിയും കൊണ്ടായിരിക്കും പറമ്പിലൂടെ മഴവെള്ളത്തിന്റെ കുത്തൊഴുക്ക്. വേലിയോടുചേർന്ന് പുറത്തേക്കു തുറക്കുന്ന വലിയ ചളിക്കുഴിയിൽ അവയെല്ലാം പോയിച്ചെന്നടിയും. മഴയില്ലാനേരത്തെപ്പോഴെങ്കിലും ആരും കാണാതെ ആ ചളിക്കുഴിയിൽ നിന്ന് അവയോരോന്നായി ചൂണ്ടിയെടുക്കുന്നതിലായിരുന്നു കൗതുകം. കളിച്ചു തീർന്നൊരു കുട്ടിക്കാലത്തിന്റെ കളിപ്പാട്ടത്തുണ്ടുകൾ. അതിൽ ചിലതൊക്കെ കഴുകി വെടിപ്പാക്കി വീണ്ടും കൂടെക്കൂട്ടും. എന്നെന്നേക്കുമായി കണ്ണടച്ചുപോയ പാവക്കൊച്ചുങ്ങൾ... ചക്രമൂരിപ്പോയി ഓട്ടം മതിയാക്കിയ കുട്ടിക്കാറുകൾ... കൊട്ടും പാട്ടും അവസാനിപ്പിച്ച കരടിക്കുട്ടികൾ..കല്ലുരഞ്ഞു തെളിച്ചം കെട്ട രാശിക്കകൾ... കടുംചുവപ്പുകുപ്പായം കീറിപ്പിഞ്ഞിയ മഞ്ചാടി മണികൾ... അങ്ങനെ പലതും.

കല്ലുകെട്ടിത്തിരിച്ച മുറ്റത്തിന്റെ അതിരിനോടു ചേർന്ന് മുളപൊട്ടിയ മാവിൻതൈകൾക്ക് ചിലപ്പോൾ പനയോല കൊണ്ട് കുഞ്ഞുവീടുകെട്ടിക്കൊടുക്കും.. കാറ്റിലും മഴയിലും വീണുപോകാതിരിക്കാൻ. പറമ്പിൽ നിറയെ അങ്ങനെ കുഞ്ഞു കുഞ്ഞു ഓലവീടുകൾ ഉയരുന്ന കാലം കൂടിയായിരുന്നു കർക്കടകം. മുറ്റത്തെ കളി കഴിഞ്ഞ് വീട്ടുമ്മറത്തേക്കു കയറിയിരുന്നാൽ മച്ചിൽ ഉണക്കാനിട്ടിരിക്കുന്ന അടയ്ക്കയുടെയും കുരുമുളകിന്റെയും ജാതിക്കയുടെയുമൊക്കെ പുകമണം ഇറയത്തുപരക്കും. പാതിയുണങ്ങിയ അവറ്റയുടെ മണം പിടിച്ച് അമ്മച്ചി പറയും, ഇക്കൊല്ലവും മഴ ചതിച്ചു...

Dayalo Rama...

അരളിച്ചെടികൾ അതിരുപാകിയ വേലിക്കലൂടെ കാറ്റ് അന്നേരം ഒരു രാമായണകഥ മൂളിയെത്തും. തൊട്ടടുത്ത മനയ്ക്കൽ നിന്നാണ് അതിന്റെ പാടിവരവ്. ചുണ്ണാമ്പുവെറ്റില മുറുക്കിച്ചുവപ്പിച്ചൊരു മുത്തശ്ശിയുടെ പാട്ടീണവും കൊണ്ട് പതിവായി വരുന്നൊരു കർക്കടകക്കാറ്റ്. രാമനാമം ജപിച്ചു തുടങ്ങുന്ന ആ പാട്ട് പതിയെപ്പതിയെ ഉച്ചത്തിലുച്ചത്തിലാകും. കാറ്റു പിടിച്ച നന്ത്യാർവട്ടം പോലെ അപ്പോഴേക്കും ആ നങ്ങേലിമുത്തശ്ശി ഇരുന്നയിരുപ്പിൽ ആടിത്തുടങ്ങിയിട്ടുമുണ്ടാകും.

കർക്കടകക്കാറ്റ് കൊണ്ടുവന്ന ആ പാട്ടീണങ്ങളിലൂടെയാണ് ആദ്യമാദ്യം ഞാൻ രാമനെ കേട്ടുതുടങ്ങിയത്. സീതയെയും ലക്ഷ്മണനെയും രാവണനെയും കേട്ടുതുടങ്ങിയത്. മനയ്ക്കൽ നിന്നു കഥമൂളിയെത്തുന്ന ആ കാറ്റിനു കാതോർത്ത കാലം കൂടിയായിരുന്നു കർക്കടകം. ചിലപ്പോൾ മറ്റേതെങ്കിലും ദിക്കിലേക്കു പിണങ്ങിപ്പോകും ആ കാറ്റ്. അങ്ങനെ പാതി കേൾക്കാതെ കേട്ട കഥയായി മാറി രാമായണം.. പിന്നീട് പല ആവർത്തികൾ വായിച്ചു മുതിരുംവരെ...

വരികളിൽ കർക്കടകം പെയ്ത പാട്ടുകൾ ഒട്ടനവധിയുണ്ടാകാം ഓർത്തെടുത്താൽ.. പല്ലവികളിൽ രാമകഥ പറഞ്ഞ പാട്ടുകൾ... അനുപല്ലവികളിൽ സീതയുടെ ഹൃദയമറിയിച്ച പാട്ടുകൾ... പാടിത്തീർന്നാലും മഴ തോരാത്ത പാട്ടുകൾ...

വീണ്ടുമൊരു കർക്കടകം വന്നു ജനാലവഴി തണുവിരലുകൾ നീർത്തി തൊട്ടുവിളിക്കുമ്പോൾ ഞാൻ പാടാതെയെങ്ങനെ ഒരുപിടി പാട്ടുകൾ..

മരം പെയ്തുതോരാത്ത പച്ചിലവഴികളിലൂടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള പെൺനടത്തങ്ങളിൽ തോന്നും, കർക്കടകം ആരുടെയൊക്കെയോ കരച്ചിലാണെന്ന്....

ഉള്ളിലേക്കും പുറത്തേക്കുമുള്ള കരച്ചിലുകൾ!

ജാനകീ ജാനേ രാമാ...

ജാനകീ ജാനേ..

കഥനനിദാനം നാഹം ജാനേ

മോക്ഷകവാടം നാദം ജാനേ..

ജാനകീ ജാനേ..രാമാ..

(ധ്വനി)

...............

ദീനദയാലോ രാമാ ജയ...

സീതാ വല്ലഭ രാമാ...

ക്ഷിതജനപാലക രഘുപതി രാഘവ

സീതാംബര ധര പാവന രാമാ..

(അരയന്നങ്ങളുടെ വീട്)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.