Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയിർവരത്തിന് മന്ദാരമലരാരീരം

റിയ ജോയ്
kalimannu

ലാലീ ലാലീ ലേ ...ലാലീ ലാലീ ലേലോ ... മലരൊളിയേ... മന്ദാരമലരേ ... മഞ്ചാടിമണിയേ ചാഞ്ചാടും അഴകേ... പുതുമലരേ... പുന്നാരമലരേ... എന്നോമൽകണിയേ... എൻ കുഞ്ഞുമലരേ...

ആദ്യമായി ആ വരികൾ കൺകാതുകളിലേക്കൊഴുകിയെത്തുമ്പോൾ എന്റെ ആ കളിക്കൂട്ടുകാരി ആലിലക്കണ്ണനെ കനവുകണ്ടു തുടങ്ങിയിരുന്നില്ല. മാറിലെ പാലുമ്മകളുടെ മധുരം നുണയാൻ ഒരു പിഞ്ചുചുണ്ടവളെ പുണരുന്നതോർത്തു പുളകം കൊണ്ടു തുടങ്ങിയിരുന്നില്ല. എന്നിട്ടും ആ പാട്ടീണം...അതിന്റെ രാരീരം...ആദ്യമായി അവൾക്ക് ഒരതിമോഹം സമ്മാനിച്ചു...എന്നെന്നും ഓമനിക്കാൻ ഒരുണ്ണിക്കണ്ണൻ...അവൾക്കൊപ്പം ആ പാട്ടിനു കാതോർത്ത്, അവളുടെ മുടിയിഴകളിൽ വിരൽത്താളമിട്ട്, ഒരു ശ്വാസമരികെ ചേർന്നു കിടന്ന അനുരാഗിയോട്, അന്നായിരിക്കാം ആ മോഹം ആദ്യമായി അവൾ പങ്കുവച്ചത്. നെഞ്ചിൽ തലചായ്ച്ചു കൊഞ്ചിപ്പറഞ്ഞ ഒരു കുരുന്നു സ്വപ്നം. ആദ്യമായ് മൂളുന്ന അമ്മത്താരാട്ടിന്റെ പല്ലവിയിൽ കൊരുക്കാൻ അന്നു മുതൽക്കെ അവൾ ആ ഈണം ഓർത്തുവച്ചിരിക്കണം...

നീലനീലനിറമുള്ളൊരു നക്ഷത്രരാത്രി..... ജനൽപ്പാളിയിലൂടെ ആരും കാണാതെ ഊർന്നുവീണു മെത്തച്ചുരുളിൽ കെട്ടിപ്പുണരാൻ കാത്തുകിടന്ന നിലാവിന്റെ കൈ തട്ടിമാറ്റി ഒരമ്മ താരാട്ടുമൂളിത്തുടങ്ങി. ഇനിയും പിറക്കാത്ത തന്റെ കുഞ്ഞോമനയ്ക്കു പിഞ്ചുകനവു കണ്ടുറങ്ങാൻ...തണുത്ത കാറ്റിന്റെ നനുനനുപ്പിൽ ചുരുൾ വിടരുന്ന ജാലകശീലകൾ ആ താരാട്ടിനൊത്ത് ഞൊറി മെടയുകയായി. മേശപ്പുറത്തു വാടിയിരുന്ന പൂപ്പാത്രങ്ങളിൽ വസന്തം തട്ടിമറിഞ്ഞ് മഴവില്ലിതളുകൾ വിരിയുകയായി. ചുമരിലെ സ്ഫടികജലാശയനീലിമയിൽ സ്വർണമൽസ്യങ്ങൾക്കു ചിറകു മുളയ്ക്കുകയായി. തൂവെള്ളനിറമുള്ള നിശാവസ്ത്രത്തിന്റെ വിളുമ്പിലൂടെ പുറത്തുകണ്ട നിറവയറിൽ ഒരു പുതുജന്മം ഓളംവെട്ടിത്തുടിക്കുകയായി. ഉള്ളിലൊരു കടൽപേറുന്ന പെൺകര... ഓരോ നിമിഷവും അവൾ തേടുന്നപോലെ, അവൾക്കാ കടൽ സമ്മാനിച്ച നാവികനെ...

എന്നു മുതലായിരിക്കാം ഒരു പെൺമനസ് അമ്മയാകാനുള്ള കാത്തിരിപ്പ് തുടങ്ങുന്നത്? അനുരാഗിയുടെ ആദ്യ കരസ്പർശം തന്നെ അവളിലെ കുരുന്നുമോഹത്തിനു തൊട്ടിലാട്ടുന്നുണ്ടാവുമെന്നു തീർച്ച. അവനെ ചേർത്തണയ്ക്കുമ്പോഴൊക്കെ അവന്റെ കുഞ്ഞുങ്ങൾക്കു പകുത്തുനൽകാൻ കരുതി വച്ച വാൽസല്യക്കടലിരമ്പം കേൾക്കാം അവളുടെ ഉള്ളിൽ. അതുകൊണ്ടാണ് അവളുടെ കെട്ടിപ്പുണരലിന്് ഇത്ര പ്രണയക്കൂടുതൽ. പെൺചുണ്ടുകൾക്ക് ഇത്ര ചുംബനക്കൂടുതൽ.

ലാലീ ലാലീ ലേ...

മീര. മുംബൈ നഗരത്തിൽ അത്രയധികമൊന്നും അറിയപ്പെടാത്ത ഒരു ക്ലബ് ഡാൻസർ. മദ്യലഹരിയുടെ ഇരുളകങ്ങളിൽ നൃത്തച്ചുവടുവച്ച് ഉണ്ണാനും ഉടുക്കാനും വക തേടിയവൾ. ഏതൊക്കെയോ തിരക്കാഴ്ചയിൽ കൊച്ചുകഥാപാത്രങ്ങൾ... തിരശ്ശീലയിൽ നിന്നു തിരശ്ശീലയിലേക്കു ചുരുൾ നിവരുന്ന പെൺജീവിതം. വെറും കാഴ്ചയിൽ പോലും പലരെയും കൊതിപ്പിച്ചു. പെട്ടിയിൽ അടുക്കിവച്ചുകിട്ടിയ പണക്കെട്ടുകൾക്കുവേണ്ടി ഉടലഴകിൽ ആൺകാഴ്ചയ്ക്കുള്ള കൗതുകങ്ങളൊരുക്കിവച്ചു. ഉടയാടകൾ ഉരിഞ്ഞെറിഞ്ഞു ചുവടുവയ്ക്കുന്ന മാദകത്തിടമ്പുകളുടെ തുടരൻ നൃത്തവേദികൾ. സിനിമയിൽ നായികയാക്കാമെന്നു പറഞ്ഞു മോഹിപ്പിച്ച് ഏതെങ്കിലും ഹോട്ടൽ മുറിയിരുട്ടിലേക്കു വിളിച്ചുവരുത്തിയ വഷളന്മാർ. ഇതിനെല്ലാമിടയിൽ ശ്വാസം മുട്ടിത്തുടങ്ങിയപ്പോഴാണ് ചെറുപ്പക്കാരനായ ഒരു നിർമാതാവ് പ്രണയം പറഞ്ഞ് പിന്നാലെ കൂടിയത്. ആട്ടക്കാരിയെ താലികെട്ടി കൂടെപ്പൊറുക്കാനുള്ള മഹാമനസ്കത ഒടുവിൽ അയാൾക്കുമില്ലെന്ന തിരിച്ചറിവിൽ മീര തീരുമാനിക്കുകയായിരുന്നു, സ്വയം അവസാനിപ്പിക്കാൻ..

ഒടുവിലത്തേതെന്നു കരുതിയ ഒരു രാത്രി. നന്നായി മദ്യപിച്ചിരുന്നു. വഞ്ചിച്ചു കടന്നുകളഞ്ഞ കാമുകനെ വിളിച്ച് അയാൾ തിരഞ്ഞെടുത്ത പുതിയ വിവാഹജീവിതത്തിന് ആശംസകൾ നേർന്നു. വാനിറ്റി ബാഗിൽ കരുതിയ ഏതൊക്കെയോ ഉറക്കഗുളികകൾ വാരിവിഴുങ്ങി. ടാക്സി കാറിന്റെ പിൻസീറ്റിൽ പാതി കണ്ണടച്ചു കിടന്നു.. റിയർവ്യൂ മിററിലൂടെ ഇടയ്ക്കിടെ തന്നെ പാളി നോക്കുന്ന മലയാളിയും വായാടിയുമായ ടാക്സി ഡ്രൈവർ എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ബീച്ചിനടുത്തെത്തിയപ്പോൾ കാർ നിർത്താൻ മീര തന്നെയാണ് ആവശ്യപ്പെട്ടത്. പതിവിൽ കൂടുതൽ പണം അയാളുടെ പോക്കറ്റിൽ തിരുകി അയാളോട് പൊയ്ക്കോളാൻ അവൾ കയർത്തു പറഞ്ഞു. പിന്നൊന്നും ഓർമയില്ല. മണൽത്തിട്ടയിൽ കാലിടറി വീണപ്പോൾ കൂമ്പിയടഞ്ഞ കണ്ണുകളും കാതുകളും പിന്നൊരിക്കലും തുറന്നിരുന്നില്ലെങ്കിൽ അന്നത്തെ കരിനീലക്കടലിരമ്പം മാത്രമാകുമായിരുന്നു വഴിപിഴച്ച ജീവിതം അവൾക്കു സമ്മാനിച്ച ഓർമശേഷിപ്പുകൾ..

പക്ഷേ മീര വീണ്ടും കൺതുറന്നു. അപ്പോഴേക്കും അവൾക്കു ചുറ്റും പ്രണയത്തിന്റെ മറ്റൊരു കടൽതീർത്തു കഴിഞ്ഞിരുന്നു അവളെ മരണച്ചുഴിയിൽ നിന്നും ജീവിതത്തിന്റെ കരയ്ക്കെത്തിച്ച ആ നാവികൻ. ശ്യാം.. ഒടുവിലത്തേതെന്നു കരുതിയ കാർയാത്രയിൽ വളയം പിടിച്ച ആ ടാക്സി ഡ്രൈവർ പിന്നീടങ്ങോട്ട് അവളുടെ പ്രാണന്റെ കൂടി സഹയാത്രികനായിത്തീരുകയായിരുന്നു...

പക്ഷേ ചില സഹയാത്രികർ വളരെ പെട്ടെന്ന് നമ്മെ ഒറ്റയ്ക്കാക്കും. അപ്രതീക്ഷിതമായി വന്നുപെട്ട വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ശ്യാമിന്റെ മരണക്കിടക്കയ്ക്കു കൂട്ടിരിക്കുമ്പോൾ മീര ഏറ്റവുമധികം ഭയപ്പെട്ടതും സങ്കടപ്പെട്ടതും ആ ഒറ്റപ്പെടലോർത്തു തന്നെയാകണം. ഒറ്റയ്ക്കൊറ്റയ്ക്കിനിയങ്ങോട്ടു പുലർന്നിരുളുന്ന രാപ്പകലുകളിൽ അവൾക്കു കൂട്ടിരിക്കാൻ ശ്യാമിന്റെ രക്തത്തിൽ പിറന്ന ഒരു കുരുന്നിനെയല്ലാതെ മറ്റെന്തു വരമാണ് അവൾ ചോദിച്ചുവാങ്ങുക, കൺകൂപ്പിവണങ്ങുന്ന ഈശ്വരന്മാരോട്...

നീലാമ്പൽ വിരിയും നീർച്ചോലക്കുളിരിൽ

നീന്തും നീയാരോ സ്വർണമീനോ..

അമ്മക്കുരുവി ചൊല്ലും ഓരായിരം

കുഞ്ഞിക്കഥകളുടെ തേൻകൂടിതാ

എൻ ഓമനേ...

ഒരു കുഞ്ഞുറുമ്പു മഴ നനയവേ

വെൺപിറാവു കുട നീർത്തിയോ

ചിറകുമുറ്റാ പൈങ്കിളീ ചെറുകിളിക്കൂടാണു ഞാൻ

കടൽക്കാറ്റേ വാ കുളിരേ...

വിണ്ണിൻ നെറുകയിലെ സിന്ദൂരമായ്

എന്നെ തഴുകുമൊരു പുൽസൂര്യനോ

എൻ ഓമന...

കരളിൽ പകർന്ന തിരുമധുരമേ

കൈക്കുടന്ന ഇതിലണയൂ നീ

നിറനിലാവായ് രാത്രി തൻ

മുലചുരന്നോരൻപിതാ

നിലാപ്പാലാഴി കുളിർ തൂകി...

ഏതാനും നാളുകളുടെ മാത്രം ആയുസ്സുണ്ടായിരുന്ന ഒരു പ്രണയത്തിന്റെ ജീവശേഷിപ്പാണ് ഇന്നവളുടെ നിറവയറിൽ കാലിട്ടടിക്കുന്നത്. എത്ര വാൽസല്യക്കൈ കൊണ്ടു പുണർന്നാലും എത്ര ചുണ്ടുമ്മകളിൽ അമ്മിഞ്ഞ കിനിഞ്ഞാലും എത്ര നെഞ്ചോടു ചേർത്തുകൊഞ്ചിച്ചുറക്കിയാലും അവൾക്കു മതിയാകില്ല. കാരണം, ആ സ്നേഹം ഉൾവാങ്ങാൻ പിഞ്ചുകുഞ്ഞിനൊപ്പം അവളുടെ അനുരാഗി കൂടിയുണ്ട്. കുഞ്ഞിനേക്കാൾ കുറുമ്പും കുസൃതിച്ചിരിയുമായി...

ഇനി അവനില്ലാകാലത്തേക്കു കൂടി അവൾക്കു കൂട്ടിരിക്കട്ടെ ആ പിഞ്ചുപൈതൽ...

വിധിവിലക്കുകൾക്കപ്പുറം രണ്ടനുരാഗികളെ ഒരുമിപ്പിച്ച പ്രണയത്തിന്റെ ഓർമയ്ക്ക്,

ഒരേ ഉടലും ഉയിരുമായി ഒരുമിച്ചുണ്ടായിരുന്ന ഇമ്മിണി നിമിഷങ്ങളുടെ ഓർമയ്ക്ക്,

വഴിയിലൊറ്റയ്ക്കാക്കി പിരിഞ്ഞുപോകില്ലെന്നു പരസ്പരം നൽകിയ വാക്കിന്റെ ഓർമയ്ക്ക്...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.