Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുണ്ടിലെ പാട്ടാകുന്ന ഗന്ധർവ്വൻ

റിയ ജോയ്
njan-gandharvan മാനാകാനും മയിലാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും പ്രിയതമയുടെ ചുണ്ടിൽ മുത്തമാകാനും നിമിഷാർധം പോലും വേണ്ടാത്ത ഗഗനചാരിയായ ഗന്ധർവനും അയാളുടെ സൃഷ്ടാവും

നിന്റെ മോതിരവിരൽത്തുമ്പിൽ, നെറ്റിയിലെ കുങ്കുമത്തടത്തിൽ, കാതോടു ചേർന്നിളകുന്ന മുടിച്ചുരുളുകളിൽ, പിൻകഴുത്തിലെ വിയർപ്പുതുള്ളികളിൽ..ഓരോയിടത്തും നിനക്കോരോ മണമാണ്. ഏതു ദൂരക്കാറ്റിലുമുണ്ട് എന്നെ ഉന്മാദിയാക്കാൻ പോന്ന നിന്റെ ആയിരമായിരം മണങ്ങൾ...ചിലപ്പോൾ കർക്കടകപ്പാതിയുടെ നനവു മണക്കുന്ന മഴമണം. ചിലപ്പോൾ തിളവേനലിന്റെ വേവു ചുവക്കുന്ന വറമണം..ചിലപ്പോൾ മകരമഞ്ഞിറങ്ങുന്ന താഴ്‍വാരങ്ങളിൽ പൂത്ത നീലക്കുറിഞ്ഞിയുടെ കൊതിമണം. എത്രായിരം മണങ്ങളായാണു നീയെന്നെച്ചുറ്റിപ്പൊതിയുന്നത്. ഒടുവിൽ, കാത്തിരുന്ന ആ നിമിഷങ്ങൾക്കൊടുവിൽ, നീയൊരൊറ്റ മണവുമായി എന്റെ കൈകളിൽ തളർന്നുറങ്ങുന്നു. ഒരു പൂവിതളിനെയെന്നപോലെ അപ്പോൾ നിന്നെ വാസനിച്ചുനോക്കുമ്പോൾ നിനക്ക് എന്റെ മണമായിരിക്കും...പൂത്തുലഞ്ഞ പാലമണം..നിന്റെ വിടർന്ന ചിരിയോടു ചുണ്ട് ചേർത്ത് നിന്നെ വീണ്ടുമൊരു കിനാവായി മയക്കിക്കിടത്തി വാതിൽ പാതി ചാരി നിലാവഴികളിലേക്കു പിൻനടക്കുമ്പോൾ എന്റെ ചുണ്ടിലൊരു ഗന്ധർവന്റെ മന്ദസ്മിതം നിറയും. ആയിരമായിരം രാത്രികൾ നിന്നിലേക്കു വീണ്ടും വീണ്ടും മടങ്ങിവരാൻ നീ തന്ന വരവുമായി പിൻനടക്കുന്ന നിന്റെ മാത്രം ഗന്ധർവന്റെ പ്രണയസ്മിതം...

ഈ ഗന്ധർവനെ നിങ്ങൾക്കറിയില്ല. നിങ്ങൾക്കറിയാമായിരിക്കുന്ന, ഒരു പക്ഷേ ഇപ്പോഴും ഏതേതോ പെണ്ണുറക്കങ്ങളുടെ രാത്രിസ്വപ്നങ്ങളിൽ തേരുതെളിച്ചെത്തുന്ന, ഇപ്പോഴില്ലാത്ത മറ്റൊരു ഗന്ധർവനെക്കുറിച്ചാകട്ടെ ഈ പാട്ടോർമ..

മാനാകാനും മയിലാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും പ്രിയതമയുടെ ചുണ്ടിൽ മുത്തമാകാനും നിമിഷാർധം പോലും വേണ്ടാത്ത ഗഗനചാരിയായ ഗന്ധർവനെക്കുറിച്ച്...

ഭാമയെ ഓർമിക്കുന്നില്ലേ? എന്റെ കൗമാരക്കാലത്താണ് ഞാൻ അവളെ പരിചയപ്പെടുന്നത്. കൂട്ടുകാരികൾക്കൊപ്പം കടൽ കാണാൻ പോയ ആ പെൺകുട്ടിയെ നിങ്ങളും മറന്നിട്ടുണ്ടാകില്ല. തിരനുരക്കൈകൾ കാൽപ്പാദങ്ങളിൽ ഇക്കിളി കൂട്ടിയപ്പോൾ കൊലുസുമണികൾ കിലുക്കി, പരിഭ്രമത്തോടെ മണൽത്തീരത്തേക്കു മടങ്ങിയ പെൺകുട്ടി? അപ്പോൾ അവളുടെ കൺമുന്നിൽ തെളിഞ്ഞ ആ കൊച്ചുശിൽപം ഓർമിക്കുന്നില്ലേ? പോക്കുവെയിലിൽ വെട്ടിത്തിളങ്ങുന്ന പൊൻകിരീടവും ശിരസ്സിലണിഞ്ഞു കടലിൽ നിന്നു കരയിലേക്കുവന്ന ഏതോ രാജകുമാരനെപ്പോലെ തോന്നിച്ചു ആ രൂപം. മറ്റാരും കാണാതെ ആ ശിൽപവും കൈയിലെടുത്ത് കരയിലെക്കു നടക്കുന്ന ഭാമയെ കണ്ടപ്പോൾ എത്രമാത്രം ഞാൻ അസൂയപ്പെട്ടു. എത്ര വട്ടം കടൽത്തീരത്തു പോയിട്ടും ഒരിക്കൽപോലും അതുപോലൊരു രാജകുമാരന്റെ ശിൽപം എന്നെത്തേടിവന്നില്ലല്ലോ എന്നോർത്തു പരിഭവിച്ചു. (ഭാമയറിയേണ്ട, പിന്നീടു പലപ്പോഴും കടലിൽ പോകുമ്പോൾ പ്രതീക്ഷയോടെ ഞാൻ നോക്കിനിൽക്കാറുണ്ട്, എന്നെത്തേടിയെന്നെങ്കിലും വന്നേക്കാവുന്ന ആ രാജകുമാരനെക്കാത്ത്.)

അന്നു രാത്രി ഭാമയുടെ തനിച്ചുറക്കത്തിലേക്ക് ഒരു സ്വപ്നം പോലെ ആ രാജകുമാരൻ ശരിക്കും കടന്നുവരികയായിരുന്നു. പാതിമയക്കം വിടാത്ത അവളുടെ ചുണ്ടുകൾ ആദ്യമായൊരു ആണിനെ നുണഞ്ഞറിയുകയായിരുന്നു. അതുവരെ മഞ്ചാടിമരച്ചില്ലയിലെ കുഞ്ഞാറ്റക്കിളികളെയും പാടവരമ്പോടു ചേർന്ന കൈത്തോട്ടിലെ പൊടിമീൻകുഞ്ഞുങ്ങളെയും ചുടുമണൽത്തിട്ടയിലെ കുഴിയാനകളെയും സ്വപ്നം കണ്ടുറങ്ങിയ കുട്ടിമനസ് പെണ്ണായും മുതിരുകയും പ്രണയമായി പൂക്കുകയുമായിരുന്നു. . (പിന്നീടൊരിക്കലും ഭാമേ, നീ തനിച്ചുറങ്ങിയിട്ടുണ്ടാകില്ല അല്ലേ?)

കാണാനോ തൊട്ടുഴിയാനോ ഒരു രൂപമായിട്ടായിരുന്നില്ല ഭാമയുടെ മുന്നിൽ ഗന്ധർവന്റെ ആദ്യ രംഗപ്രവേശം. ഉച്ചവെയിലാറിത്തുടങ്ങിയ നേരം തൊടിയിലെ ഏഴിലംപാലയുടെ ഇലച്ചില്ലകളെ ഉലച്ചുകൊണ്ടൊരു കാറ്റുപോലെ.. രാത്രിയുടെ അവസാനയാമങ്ങളിലെപ്പോഴോ ഉറക്കംഞെട്ടിയുണർച്ചയിൽ പുതപ്പിൻചുരുള്‍പ്പൊത്തിലൂടെ അരിച്ചിറങ്ങുന്ന ധനുമാസക്കുളിരുപോലെ... ജാലകവിരിയിൽ പാതിരാത്തിങ്കൾ മുഖം മറച്ച രാത്രിയിൽ പൗർണമി പോലെ... മട്ടുപ്പാവിലേക്കു മലർക്കെ തുറന്നുകിടന്ന ചില്ലുവാതിൽക്കൽ മുട്ടിവിളിച്ചുണർത്തിയ പാലപ്പൂമണം പോലെ...എങ്കിലും, കാറ്റായും കടലായും കുളിരായും കൊതിയായും ചുറ്റിപ്പുണർന്നാലും ഭാമയ്ക്കറിയാമായിരുന്നു, ഇത് എന്നെത്തേടിയെത്തിയ ഗന്ധർവനാണ്. എന്റെ മാത്രം കാമുകൻ. 

മുത്തശ്ശിയുടെ മടിയിൽ കിടന്ന് കേട്ട യക്ഷിക്കഥകളിൽ മിക്കതിലുമുണ്ടായിരുന്നു ഒരു ഗന്ധർവൻ. ദേവലോകത്തുനിന്നും കൊടിയ പാപങ്ങൾക്കുള്ള ശിക്ഷയായി ഭൂമിയിൽ വീണുപോയ ഗന്ധർവകുമാരന്മാർ. കന്യകകളെ പ്രാപിച്ച് ശാപമോഷം തേടുന്ന ഉന്മാദികൾ... വയസ്സറിയിച്ച പെൺകിടാങ്ങളെ ത്രിസന്ധ്യാനേരത്തു തൊടിയിറമ്പിൽ കണ്ടാൽ മോഹിപ്പിച്ചു കൂടെക്കൊണ്ടുപോകുന്ന മായാരൂപികൾ. പക്ഷേ ഭാമയ്ക്ക് അവളെ തേടി വന്ന ഗന്ധർവനു നേർക്ക് വാതിൽ കൊട്ടിയടയ്ക്കാനാകുന്നതെങ്ങനെ! മുത്തശ്ശിക്കഥ കേട്ടു വളർന്ന ഭാമയ്ക്കറിയാം, തീർച്ചയായും ആയിരം ജന്മങ്ങളുടെ ആയുസ്സുള്ള ഈ ഗന്ധർവന്‍ ആദ്യം തൊടുന്ന പെണ്ണല്ല അവളെന്ന്, അവളെ കാണും മുന്‍പേ എത്ര കൗമാരക്കാരിക്കളെ ശാപമോക്ഷത്തിനു വേണ്ടി അയാൾ പ്രാപിച്ചിരിക്കണം. ഭൂമിയിലുള്ളവരേക്കാൾ എത്ര സുന്ദരികളായ അപ്സരസ്സുകളെ ദേവലോകത്ത് അയാൾ കണ്ടുമുട്ടിയിരിക്കണം. പ്രണയിച്ചിരിക്കണം. എങ്കിലും, ഭാമയ്ക്ക് അയാളെ പ്രണയിക്കാതെ വയ്യ. ആദ്യ പ്രണയം, ആദ്യ സ്പർശം..ആദ്യങ്ങൾ മനുഷ്യരുടേതുമാത്രമായ സ്വാർഥതയാണെന്നും ഗന്ധർവന്മാർക്ക് ആ നിയമമില്ലെന്നും അവൾ സ്വയം സമാധാനിച്ചിരിക്കണം. 

പാലപ്പൂവേ നിൻതിരുമംഗല്യ താലി തരൂ

മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ

കാണാതേ നിന്നിതളായ് മറയും മന്മദനെന്നുള്ളിൽ

കൊടിയേറിയ ചന്ദ്രോൽസവമായ്..

മുത്തിനുള്ളിലൊതുങ്ങും പൂമാരൻ

കന്നിക്കൈകളിലേകി നവലോകങ്ങൾ..

Your Rating: