Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുസിയിൽ പൂത്ത മലർ, മറവി എന്നും പേരുള്ളവൾ

റിയ ജോയ്
Premam - Malare Ninne

ഈ കുറിപ്പെഴുതേണ്ടത് അവിടെയിരുന്നുകൊണ്ടാണ്, ആ ജനൽപ്പടിക്കലിരുന്ന്. മാനംമുട്ടെ വളർന്ന മഹാഗണിപ്പച്ചയുടെ ഇലവിരലുകളിൽ ഇടംകൈകോർത്ത്, വസന്തം വന്നതറിഞ്ഞുള്ള ഞെട്ടിയുണർച്ചയിൽ പൊട്ടിവിടർന്ന ഗുൽമോഹറുകളുടെ പൂ മണത്ത്...

ഇതെഴുതുമ്പോൾ എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ച പെൺപേരുകളുടെ കൂട്ടത്തിൽ ഇപ്പോൾ പുതിയൊരു പേരുകൂടിയുണ്ട്. മലർ. കാരണം, എന്നെപ്പോലെ, എന്റെ കൂട്ടുകാരികളായ ദീപ്തിയെയും സുമിക്കുട്ടിയെയും പോലെ, നമിയെയും അനുവിനെയും ഹരിതയെയും പോലെ, ഇപ്പോൾ മലരും ഓർമിക്കുന്നുണ്ടാവും ആ ക്യാംപസിനെ..

ഞങ്ങളുടെ (ഞങ്ങളുടേതിനേക്കാൾ അധികം മറ്റൊരുപാടുപേരുടേതു കൂടിയായ) യുസി കോളജിന്റെ തണൽവഴികളിലേക്ക് ഈയടുത്ത കാലത്തായിരുന്നു ആ തമിഴ് പെൺകൊടിയുടെ വരവ്. ബികോം വിദ്യാർഥികൾക്കു ക്ലാസെടുക്കാൻ വന്ന പുതിയ ഗസ്റ്റ് ലക്ചറർ. മലർ മിസ്സിന്റെ വിദ്യാർഥികളല്ലാതിരുന്നിട്ടുകൂടി എത്ര പെട്ടെന്നാണ് ഞങ്ങൾ മലരിനോടു കൂട്ടുകൂടിയത്. മിസ് വന്നതിൽ പിന്നെയാണ്, വല്ലപ്പോഴും മാത്രം കോളജിൽ വരാറുള്ള ഞങ്ങളുടെ ഉഴപ്പൻ ചങ്ങാതി ജോർജ് പതിവായി വന്നുതുടങ്ങിയത്. ആ വരവ് മിസിനെ കാണാൻ വേണ്ടി മാത്രമായിരുന്നു.

Premam - Malare Ninne

ഇരുവശവും മുടിപിന്നിമെടഞ്ഞ് പൂചൂടിയും പട്ടുപാവാടവട്ടം കാറ്റിൽ പറത്തിയും, അൽപസ്വൽപം പരിഷ്കാരച്ചുവപ്പ് ചുണ്ടിൽ പുരട്ടിയും ഏതുനേരവും കണ്ണാടി നോക്കി കവിൾ തുടുപ്പിച്ചുമൊക്കെ എത്രയധികം സുന്ദരിമാരുണ്ടായിരുന്നെന്നോ ക്യാംപസിൽ. എന്നിട്ടും ജോർജ് പ്രണയം പറഞ്ഞത് മലർമിസ്സിനോടായിരുന്നു. മുറിഞ്ഞുമുറിഞ്ഞുവീഴുന്ന അവരുടെ വർത്തമാനത്തിൽ എപ്പോഴും ഒരു ചെന്തമിഴ് ചുവച്ചിരുന്നു. പരുപരുത്ത ശബ്ദം. കണ്ണെഴുതി കാണാറേയില്ല. അലസമായി കെട്ടിവച്ച മുടി ഇടയ്ക്കിടെ അഴിഞ്ഞുവീഴുന്നതു കാണാം. ഒറ്റനോട്ടത്തിൽ അത്ര ചന്തം പോരെന്നേ ആർക്കും തോന്നൂ. പോരാത്തതിന് എന്നുമെന്നും പൊട്ടിവിടരുന്നപോലെ കവിളത്ത് ഇളംറോസ് നിറത്തിൽ മുഖക്കുരുക്കളും. അതു മാത്രമായിരുന്നിരിക്കണം ആ മുഖത്തെ ഏക ആർഭാടം.

ഇളം നിറത്തിലുള്ള കോട്ടൺ സാരി ചുറ്റി, ഏതെങ്കിലും പുസ്തകം ഏതുനേരവും മാറോടടക്കി ഒരു ചെറുപുഞ്ചിരിയോടെ അവരെത്രയോ കാലമായി അവിടെ ഉണ്ടായിരുന്നിരിക്കണം. ഞങ്ങൾ ശ്രദ്ധിച്ചു കാണില്ല. മലർ. ജോർജ് വിളിക്കുന്നതുകേട്ടാണ് ഞങ്ങളും അവരെ പേര് വിളിച്ചു തുടങ്ങിയത്. അതിൽ തെറ്റൊന്നുമില്ല. ഞങ്ങളുടെ അതേ പ്രായക്കാരി. ജോർജിന്റെയും മലരിന്റെയും പേരുകൾ അധികച്ചിഹ്നത്തിനപ്പുറമിപ്പുറം കൂട്ടിയും പിരിച്ചുമെഴുതിയെങ്ങാനും ക്ലാസ്മുറിയുടെയും മൂത്രപ്പുരയുടെയും വൃത്തികെട്ട ചുമരുകളിൽ പ്രത്യക്ഷപ്പെടും മുമ്പേ തന്നെ അവരുടെ പ്രണയം ക്യാംപസ് മുഴുവൻ അറിഞ്ഞു കഴിഞ്ഞിരുന്നു.

Premam - Malare Ninne

പരസ്യപ്രണയത്തെ വീണ്ടും ചുമരെഴുത്തുകളിൽ അടക്കം ചെയ്തും കുശുകുശുത്തും ആഘോഷിക്കുന്നതിൽ രസം പോരാത്തതുകൊണ്ടാകണം ജോർജിനെയും മലരിനെയും ക്യാംപസ് അവരുടെ പാട്ടിനു വിട്ടു. അവരൊരുമിച്ചും ഒറ്റയ്ക്കിരുന്നും ഓർമിച്ചും പരിഭവിച്ചും പ്രണയിച്ചും മതിവരാതെ പാടിനടന്ന പാട്ടുകളിൽ ഒന്നുമാത്രം നാം ഒളിച്ചിരുന്നു കേട്ടു.

മലരേ നിന്നെ കാണാതിരുന്നാൽ

മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ

അലിവോടെന്നരികത്തായണയാതിരുന്നാൽ

അഴകേകിയ കനവെല്ലാം അകലുന്ന പോലെ

ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ

അതിലോലമാരോരുമറിയാതെ സൂക്ഷിച്ച

താളങ്ങൾ രാഗങ്ങൾ ഈണങ്ങളായ് നീ

പൊഴിയുന്നീ നാളിൽ

അഴകേ...

മലരേ..

എന്നുയിരിൽ വിടരും പനിമലരേ..

Premam - Malare Ninne

ഓരോ വട്ടം അപ്പാട്ടു കേൾക്കുമ്പോഴും ജോർജും മലരും പ്രണയാതുരരായി മുഖത്തോടുമുഖം നോക്കുന്നൊരു രംഗം മനസിൽ ഓർമിച്ചു. പക്ഷേ, ആ പാട്ടീണവും പ്രണയവും ഈ ക്യാംപസിൽ തിരികെയേൽപിച്ച് അവർ രണ്ടുവഴിക്കു പിരിയുകയാണുണ്ടായത്. ആദ്യം യാത്ര പറഞ്ഞുപോയത് മലരായിരുന്നു, ഒരു മഷിപ്പച്ചകൊണ്ടന്നെ പോലെ എല്ലാ ഓർമകളും മായ്ച്ചുകളഞ്ഞൊരു അപ്രതീക്ഷിത അപകടരാത്രിയുടെ ഇരുട്ടിലേക്ക്. എന്നെന്നേക്കുമായി മറഞ്ഞ ആ ഓർമകളുടെ കൂട്ടത്തിൽ ജോർജിന്റെ പ്രണയവും ആ പ്രണയദിനങ്ങൾ സമ്മാനിച്ച പാട്ടീണങ്ങളും കൂടിയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം പതിയെപ്പതിയെ ജോർജും പിൻനടന്നത്, മറവിയെന്നു പിൽക്കാലം അയാൾ പേരുവിളിച്ച മലരിനെ വിട്ട് മറ്റൊരു പെൺമനസിലേക്ക്.

ഇപ്പറഞ്ഞത്രയും വെറും ഒരു പ്രേമത്തിന്റെ മാത്രം കഥ.

ഓരോ കലാലയത്തിനും ഓർമിച്ചെടുത്തുവയ്ക്കാൻ, പാതിയോർമയിൽ മറന്നും പാതിവഴിയിൽ കളഞ്ഞും പോകാൻ, അങ്ങനെയെത്രയെത്ര പ്രണയ കഥകൾ... ജീവിതങ്ങൾ... പൊള്ളിവീണ ചില പ്രണയോർമകളിൽ തീകാഞ്ഞും, ചോര പൊടിഞ്ഞ ചില പ്രണയങ്ങളുടെ മുറിപ്പാടിൽ വിരൽതൊട്ട് സുഖകരമായി വേദനിച്ചും, പച്ചപിടിച്ച മറ്റുചില പ്രണയാകാശങ്ങളെ കണ്ട് അസൂയപ്പെട്ടും തലമുറകളെ കണ്ണാടിനോക്കി കാലം കഴിക്കുന്ന കലാലയത്തിൽ അങ്ങനെയെത്രയെത്ര ജോർജും മലരും കാണും... നാലുമണിയുടെ നീളൻനിഴലുകൾ കോലം വരയ്ക്കുന്ന ക്യാംപസ് വരാന്തകളിലൂടെ കൈ കോർത്തു നടന്ന എത്ര പ്രണയികൾ കാണും.

Premam - Malare Ninne

അനുരാഗത്തിന്റെ ആകാശക്കൈകൾ നീട്ടി കെട്ടിപ്പുണരുന്ന യുസിയുടെ മഹാഗണിമരങ്ങൾക്കും അങ്ങനെ ഓർത്തോർത്തു പറയാൻ ഒരുപാടു കഥകൾ..

കച്ചേരി മാളികയിലേക്കു ചുരുൾ നിവരുന്നൊരു പിരിയൻ ഗോവണിയിലൂടെയുള്ള മുട്ടിയുരുമ്മലുകൾ... പോക്കുവെയിൽ തൂണുപാകിയ ഇടനാഴികളിൽ ആരുമില്ലാനേരങ്ങളിലെ കണ്ടുമുട്ടലുകൾ.. ചക്കമരച്ചോട്ടിലെ ചർച്ചകൾക്കൊടുവിൽ എല്ലാരും പലവഴി പിരിഞ്ഞുപോയിട്ടും നീളുന്ന ‘ആ ഒരാൾക്കു’ വേണ്ടിയുള്ള കാത്തിരിപ്പുകൾ... ക്യാന്റീനിലേക്കു നീളുന്ന ചെമ്മൺപാതയോരം നാരങ്ങമിഠായിയുടെയും കൽക്കണ്ടത്തിന്റെയും കൊടുക്കൽവാങ്ങലുകൾ... ഗാന്ധിമാവിൻ ചോട്ടിൽ വിപ്ലവങ്ങളുടെ ഉപ്പുകുറുകുമ്പോൾ, ഇമ്മിണി ദൂരെ ആളൊഴിഞ്ഞ മരത്തണലുകളിൽ നൊട്ടിനുണയുന്ന മധുരക്കൊതികൾ.

പുസ്തകത്തിലൊളിപ്പിച്ചു കൊടുത്തൊരു നീണ്ട ഹൃദയലേഖനത്തിന് മറുപടി വൈകുമ്പോഴുള്ള നൊമ്പരപ്പെടലുകൾ... ചിലങ്കയ്ക്കും ചുട്ടിക്കും വാരിച്ചൂടുന്ന പട്ടത്തിപ്പൂവിനും വരെ ആരാധകരും കാമുകന്മാരുമുണ്ടാകുന്ന യുവജനോൽസവവേദികൾ... ‘അവളെ’ കേൾപ്പിക്കാൻ മാത്രം തൊള്ള കീറി പാടുന്ന ബാലചന്ദ്രൻകവിതകളുടെ മുഷിഞ്ഞ ആവർത്തനങ്ങൾ.. ‘അവളുടെ’ നായകനാകാൻ മാത്രം തട്ടിൽ കേറുന്ന നാടകരാത്രികൾ.... വർഷത്തിലൊരിക്കൽ മാത്രം തരപ്പെടുന്ന വിനോദയാത്രകളിൽ ‘അവൾ’ക്കൊപ്പം നിന്നുള്ള ഫോട്ടോയെടുപ്പുകൾ... ഒടുവിൽ കൈവിറയ്ക്കാതെ അവളുടെ ഓട്ടോഗ്രാഫിലെഴുതാൻ ഷേക്സ്പിയറിനോടും കീറ്റ്സിനോടും കവി അയ്യപ്പനോടും വരെ കടം വാങ്ങുന്ന കവിതകൾ... ഏറ്റവുമൊടുവിൽ വീണ്ടും കാണാമെന്നു പറഞ്ഞു പിരിയുംനേരം കണ്ണുനനയിക്കുന്ന കൈവീശലുകൾ.. അപ്പോഴും തുടരുന്ന പിന്തിരിഞ്ഞുനോട്ടങ്ങൾ... പിൻവിളികൾ...

Malare...

അതുകൊണ്ടായിരിക്കാം യുസിയെക്കുറിച്ചുള്ള ഓരോ ഓർമയിലും ഇന്നും മഹാഗണികളുടെ ഹരിതമൗനങ്ങൾക്ക് കാറ്റുപിടിക്കുന്നത്..

ഗുൽമോഹറുകളുടെ വസന്തശിഖരങ്ങളിലേക്കു തിരികെ പറക്കാൻ എനിക്കു ചിറകു മുളയ്ക്കുന്നത്...

കച്ചേരിമാളികയുടെ മച്ചിൻമുകളിലെവിടെയോ എന്റെ പ്രണയം എന്നെ പാടിവിളിക്കുന്നത്...

തെളിമാനം മഴവില്ലിൻ നിറമണിയും നേരം

നിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ

പുഴയോരം തഴുകുന്നീ തണു ഈറൻ കാറ്റും

പുളകങ്ങൾ ഇഴ നെയ്തൊരു

കുഴലൂതിയ പോലെ

കുളിരേകും കനവെന്നിൽ കതിരാടിയ കാലം

മനതാരിൽ മധുമാസം തളിരാടിയ നേരം

അകമരുവും മയിലിണകൾ

തുയിലുണരും കാലം

എന്നകതാരിൽ അനുരാഗം

പകരുന്ന യാമം

അഴകേ... അഴകിൽ തീർത്തൊരു ശിലയഴകേ..

മലരേ..

എന്നുയിരിൽ വിടരും പനിമലരേ..

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.