Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാരോ അവധിക്കാലത്തും ഇനി‌‌ ഞാനാ പാട്ടു കേൾക്കും...

റിയ ജോയ്
ennenum-kannetante-song

‘എന്തേ കൈതട്ടിമാറ്റിയത്? ഞാൻ തൊട്ടാൽ കറുത്തുപോകുമോ? പോയാലും സാരംല്യ. ഞാൻ...ഞാനൊരുമ്മ തന്നു വെളുപ്പിച്ചുതരാം...’

ആ ഉമ്മയുടെ കടം ഇപ്പോഴും ബാക്കിയുണ്ട്. ആ വീട്ടാക്കടത്തിന്റെ ഓർമയ്ക്കാണ് ഈ കുറിപ്പ്. കടം പറഞ്ഞു പോയ എന്റെ കണ്ണേട്ടന്റെ ഓർമയ്ക്ക്...

∙∙

വേനലവധിക്കാലങ്ങളോട് വേണ്ടാത്ത ഒരു കടപ്പാടു തോന്നാറുണ്ട് എപ്പോഴും. കൊയ്ത്തു കഴിഞ്ഞു വെയിൽ തിണർത്തു കിടക്കുന്ന പാടത്തെ വേവുവഴികളിലൂടെ കാലുപൊള്ളിക്കാതെ നടത്തിയതിന്, ഒറ്റമരക്കുറ്റിയിൽ ധ്യാനിച്ചുനിന്ന കൊറ്റികളെ ഉറക്കമുണർത്താതെ ചീവീടുകളുടെ രാപ്പാട്ട് കേൾപ്പിച്ചതിന്, നീരാടിക്കുളിക്കാൻ പുഴക്കടവിൽ അരയ്ക്കൊപ്പം വെള്ളം വറ്റാതെ സൂക്ഷിച്ചതിന്, മൂവന്തിയുടെ മൂക്കുത്തിവെട്ടം വീണു ചുവന്ന കൈത്തോട്ടിൽ ചൂണ്ടയിടാൻ പൊടിമീൻകുഞ്ഞുങ്ങളെ മാമൂട്ടിയതിന്, പിന്നെ ഓരോ ഇടവഴിയിലും കല്ലെറിയാൻ പാകത്തിനു മൂവാണ്ടൻ മാവുകളെ മാനംമുട്ടെ വളർത്തിയതിന്, ഒടുക്കം വെള്ളിടിവെട്ടിച്ച് കാറ്റൂതി പേടിപ്പിച്ച് ഇടവപ്പാതിയെ അപ്പാടെ വീട്ടുമുറ്റത്ത് കളിവഞ്ചിയൊഴുക്കിക്കളിക്കാനായി പെയ്തുവീഴ്ത്തിച്ചതിന്. അങ്ങനെ ഇമ്മിണിയൊരുപാടു കാര്യങ്ങളുണ്ടാകും കടപ്പാടിന്റെ കണക്കെടുത്തുതുടങ്ങിയാൽ. 

പക്ഷേ എന്റെ ഏറ്റവും വലിയ കടപ്പാട് എനിക്കൊരു കാമുകനെ സമ്മാനിച്ചതിനാണ്. എന്റെ കണ്ണേട്ടനെ സമ്മാനിച്ചതിനാണ്.. ഏട്ടനെ നിങ്ങളറിയാതിരിക്കില്ല.  അൽപപരിഷ്കാരിയായ പൊടിമീശക്കാരൻ പയ്യൻ. എന്തൊരു പത്രാസാണ് കണ്ണേട്ടനെന്ന് തോന്നാറുണ്ട് ആദ്യമൊക്കെ ആ മുഖത്തെ ഗൗരവം കാണുമ്പോൾ. പട്ടണത്തിലെ സ്കൂൾ പൂട്ടി നാട്ടുമ്പുറത്തെ തറവാട്ടിലെത്തിയതാണ്, അവധിക്കാലം ചെലവഴിക്കാൻ. വായനാശാലയിൽനിന്നെടുത്ത കഥാപുസ്തകങ്ങൾ വായിച്ചുമടുക്കുമ്പോൾ സൈക്കിളുമെടുത്ത് പറപ്പിച്ചുപോകുന്നതുകാണാം. ഇടവഴിയിലോ അമ്പലമുറ്റത്തോ ഉൽസവപ്പറമ്പിലോ ഇടംകണ്ണിട്ടുനോക്കാൻ സുന്ദരിക്കോതകൾ പലരുമുണ്ടായിരുന്നിട്ടും എന്തോ ഏട്ടൻ അവരോടൊന്നും കൊഞ്ചിക്കുഴയുന്നതു കണ്ടിട്ടേയില്ല. എന്നെക്കാണുമ്പോഴും വലിയ ഗമയിലായിരുന്നു നടത്തം. ‍ഞാനും വിട്ടുകൊടുത്തില്ല. അരളിച്ചെടികൾക്കുപിന്നിലെ അയയിൽ നനച്ചിട്ട തുണികൾ വിരിക്കാൻ നേരം, പത്തായപ്പുരയിലേക്കുള്ള ഇരുട്ടുവഴിയിൽ അത്താഴക്കഞ്ഞിക്കുള്ള അരിയെടുക്കാൻ പോകും നേരം, മട്ടുപ്പാവിലെ ഊഞ്ഞാൽക്കട്ടിലിൽ കിടന്ന് മാസികകളേതെങ്കിലും വായിക്കും നേരം അങ്ങനെ ഞാനുമിടയ്ക്കിടെ ഒരു മിന്നായം നോക്കാറുണ്ടെന്നുമാത്രം, ഏട്ടനറിയാതെ. ഒരിക്കൽ കുറുമ്പു കാട്ടി എന്റെ ഒരു കൊലുസ് കൈക്കലാക്കുക വരെ ചെയ്തു. മുത്തശ്ശി പണിക്കരെ വിളിച്ചു പ്രശ്നം വച്ചുനോക്കിയപ്പോൾ ഭാഗ്യം, കൊലുസ് ഭഗവതി കൊണ്ടുപോയെന്നാണു തെളിഞ്ഞുകണ്ടത്. അതിൽപ്പിന്നെഞാൻ കണ്ണേട്ടന്റെ മുഖത്തേക്കു നോക്കാറില്ല. പിണക്കത്തിന്റെയും മിണ്ടാട്ടമില്ലായ്മയുടെയും ആ നാളുകളിലെപ്പോഴോ ആണ് ഞാൻ കണ്ണേട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഏട്ടന്റെ പേരിൽ കാവിലെന്നും പുഷ്പാഞ്ജലി അർപ്പിക്കാൻ തുടങ്ങിയത്. കാവിൽ നിന്നു തറവാട്ടിലേക്കു മടങ്ങും വഴി ഒരിക്കൽ കണ്ണേട്ടൻ എന്നെ തനിച്ചു കാണാൻ കാത്തുനിന്നു.  മുഖം വെട്ടിച്ചു ഞാൻ നടന്നെങ്കിലും ഏട്ടൻ പിന്നാലെ വരികയായിരുന്നു. 

എന്തിനാണ് കണ്ണേട്ടനോടു മാത്രം  ഗർവു കാട്ടി അകന്നു മാറുന്നതെന്നു ചോദിച്ചപ്പോൾ ഞാനെങ്ങനെയാ പറയുക ഉള്ളിലാരോടും പറയാത്തൊരിഷ്ടം ഞാൻ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു അത്രകാലമെന്ന്. കോലോത്തെ ആരെങ്കിലും കണ്ടുപിടിച്ചാലോ എന്നു കരുതി അടക്കിവച്ചിരിക്കുകയായിരുന്നല്ലോ ആ ഇഷ്ടം ഏറ്റവും പ്രിയപ്പെട്ടൊരു രഹസ്യം പോലെ. ഞാൻ തുറന്നു പറഞ്ഞിട്ടും കണ്ണേട്ടൻ വിശ്വസിക്കാൻ ഒരുക്കമില്ലായിരുന്നു. എനിക്കു സങ്കടം തോന്നി. 

–ഈ ഇഷ്ടം സത്യാണെങ്കിൽ ഒരു കാര്യം ചെയ്യാമോ?

–എന്താ കണ്ണേട്ടാ

–നാളെ രാത്രി എല്ലാരും സർപ്പംതുള്ളൽ കാണാൻ കളത്തിനടുത്തായിരിക്കും. അന്നേരം ആരും കാണാതെ സർപ്പക്കാവിൽ വരാമോ?

–അയ്യോ ഞാൻ വരില്ല. എനിക്കു പേടിയാണ്.

–എങ്കിൽ ഞാൻ ആ കൊലുസ് തിരിച്ചുതന്നേക്കാം

–എനിക്കതുവേണ്ട, ആ കൊലുസ് കണ്ണേട്ടന്റെ കയ്യിലിരുന്നോട്ടെ. അതാ എനിക്കിഷ്ടം.

–ആയിക്കോട്ട എന്നാൽ മറ്റേ കൊലുസും കൂടി എനിക്കു തന്നേക്കൂ. ഞാൻ വച്ചോളാം

– തരാം. 

–എപ്പോ

–നാളെ, സർപ്പക്കാവിൽ വരുമ്പോൾ

–നാളെ വരുമ്പോ എനിക്കിഷ്ടപ്പെട്ട ആ റോസ് പട്ടുപാവാട ഇട്ടുവരാമോ? എനിക്കുവേണ്ടി തുന്നിയ ആ മഞ്ഞത്തൂവാലകൂടി..

∙∙∙

പിന്നെ എങ്ങനെയെങ്കിലും പിറ്റേന്നു നേരമിരുട്ടിയാൽ മതിയെന്നായിരുന്നു. എത്രവട്ടം ഓടിയോടിച്ചെന്ന് ഉമ്മറത്തെ ചുമരിൽ തൂക്കിയ ക്ലോക്കിലെ സമയം നോക്കിയെന്നോ? അതിന്റെ ചെറുതും വലുതും സൂചികൾ അന്നെന്തോ മനപ്പൂർവം പതിയെ നീങ്ങുന്നതുകണ്ട് ആരോടെന്നില്ലാതെ കെറുവിച്ചുകൊണ്ടുനടന്നു. വരാന്തയിലേക്കു ചാഞ്ഞുവീഴുന്ന പോക്കുവെയിലിൽ എന്റെ നിഴൽനീളം കൂടിക്കൂടിവരുന്നതുകണ്ടു സന്തോഷിച്ചു. തറവാട്ടിലെല്ലാവരും സർപ്പംപാട്ടിനുള്ള ഒരുക്കങ്ങളിലായിരുന്നു. കളമെഴുത്തും നാഗത്താന്മാർക്കുള്ള നൂറും പാലും നേദിക്കലുമൊക്കെയായി എല്ലാരും ഓരോരോ തിരക്കുകളിലേക്ക്. തറവാട്ടുകുളത്തിൽ മുങ്ങിക്കുളിച്ച് അമ്മയുടെ മുറിയിലെ തടിപ്പെട്ടിയിൽ ഇസ്തിരിയിട്ടുവച്ച ഇളംറോസ് നിറത്തിലുള്ള പട്ടുപാവാട ചുറ്റി കണ്ണാടിക്കു മുന്നിൽ നിന്നപ്പോൾ കണ്ണാടിക്കാഴ്ചയിൽ എനിക്കു പകരം ‍ഞാൻ കണ്ണേട്ടനെ തന്നെയാണു കണ്ടത്. അപ്പോഴാ ഗൗരവമൊക്കെ മുഖത്തുനിന്നു മാഞ്ഞ് ഒരു കള്ളിച്ചിരി തെളിഞ്ഞുവരുന്നതുപോലെ. ഈശ്വരാ ഈ ഒരൊറ്റ കാഴ്ചയിലേക്കു വിടരാനാണോ ഞാനെന്റെ കണ്ണുകൾ ഇത്രനാൾ വാലിട്ടെഴുതി മിനുക്കിയത്?  

അപ്പോഴാണ് ആരോ വന്നു പറഞ്ഞത് കണ്ണേട്ടൻ ഇന്നു സർപ്പംതുള്ളൽ കാണാൻ ഉണ്ടാവില്ലെന്നും അച്ഛൻ വന്നു നേരത്തെ കൂട്ടിക്കൊണ്ടുപോയെന്നും. ഇല്ല, കണ്ണേട്ടന് എന്നെ കാണാൻ വരാതിരിക്കാനാവില്ല. വാക്കു പറഞ്ഞതാണ്. എല്ലാവരും സർപ്പപ്പാട്ടു കേട്ടു ലയിച്ചിരുന്ന നേരം നോക്കി ഞാൻ  കാവിലേക്കു ചെന്നു. നിറയെ ചെന്താമരക്കൽവിളക്കുകൾ തെളിഞ്ഞുകത്തിയിട്ടും സർപ്പക്കാവ് ഇരുട്ടു പുതച്ചുകിടക്കുന്നതുപോലെ എനിക്കു തോന്നി. എത്രനേരം അങ്ങനെ കാത്തിരുന്നുവെന്നോർമയില്ല. കണ്ണേട്ടനില്ലാതെ കരിന്തിരി കത്തി കെട്ടുതീരാനുള്ളതായിരുന്നു ആ രാത്രി. എന്റെ കണ്ണീരുവീണ് കയ്യിലെ മഞ്ഞത്തൂവാല കുതിർന്നു. എത്ര കാത്തിരുന്നിട്ടും സർപ്പക്കാവിൽ എന്നെ കാണാൻ കണ്ണേട്ടൻ വന്നില്ല. 

കണ്ണേട്ടനില്ലാതെ നീണ്ടുകിടക്കുന്ന അവധിക്കാലം എന്നെ നൊമ്പരപ്പെടുത്തി. കലണ്ടർതാളിലെ കറുപ്പും ചുവപ്പും നിറമുള്ള കളങ്ങളിൽ എനിക്കു ശ്വാസം മുട്ടി.   തനിച്ചായതുപോലെ. ഏറ്റവും ഒറ്റപ്പെട്ട ദിവസങ്ങൾ. ആയിടയ്ക്കാണ് എന്നെ ബോംബെയ്ക്കു കൂട്ടിക്കൊണ്ടുപോകാൻ എന്റെ അച്ഛൻ വന്നത്. ആരോടും യാത്ര പറയാനുണ്ടായിരുന്നില്ല, അവിടെയില്ലാത്ത കണ്ണേട്ടനോടല്ലാതെ. ഒഴിഞ്ഞ മുറിയിലെ തണുപ്പിനോടും, കണ്ണേട്ടൻ ഉപേക്ഷിച്ചുവച്ച സൈക്കിളിനോടും വായിച്ചുമടക്കിവച്ച പുസ്തകങ്ങളോടും കണ്ണേട്ടന്റെ ഫോറിൻ സെന്റ് മണക്കുന്ന കുപ്പായങ്ങളോടും യാത്രപറഞ്ഞു തറവാട്ടുപടിയിറങ്ങി. ഈ യാത്രയ്ക്കൊടുവിൽ ഒരു മടക്കമുണ്ടാകില്ലെന്ന് എന്റെ മനസ്സു പറഞ്ഞു. ബോംബെ വഴി അമേരിക്കയിലേക്കു കൊണ്ടുപോകാനാണ് അച്ഛന്റെ തീരുമാനം. ഇനിയുള്ള പഠിപ്പൊക്കെ അവിടെ മതിയത്രേ. നഷ്ടപ്പെടുത്താൻ വേണ്ടി മാത്രമുള്ളൊരോർമയായി കണ്ണേട്ടനെ തന്ന ആ വേനലവധിക്കാലത്തോടു പറഞ്ഞാൽ തീരാത്ത പരിഭവം തോന്നി. യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിൽ കണ്ണേട്ടനെത്തണേ എന്നു വെറുതെ മോഹിച്ചു. വന്നില്ല. ഒടുക്കത്തെ ചൂളം വിളിക്കു കാതോർത്ത്,  തീവണ്ടി ഇളകിത്തുടങ്ങിയപ്പോഴും ഞാൻ ചുറ്റിലും എന്റെ കണ്ണേട്ടനെ തിരഞ്ഞുകൊണ്ടേയിരുന്നു. ഏട്ടനെ ഏൽപിക്കാൻ വേണ്ടി കൊണ്ടുവന്ന കണ്ണീർനനവുള്ള മഞ്ഞത്തൂവാല കാറ്റിൽ പറത്തി തീവണ്ടിയിലേക്കു മനസ്സില്ലാമനസ്സോടെ കയറുമ്പോൾ എന്തിനോ മനസ്സു പിടച്ചു..ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു എന്റെ കണ്ണേട്ടനെ. എന്തേ വന്നില്ല?

ദേവദുന്ദുഭി സാന്ദ്രലയം

ദിവ്യവിഭാത സോപാന രാഗലയം

ധ്യാനമുണർത്തും മൃദു പല്ലവിയിൽ

കാവ്യ മരാള ഗമനലയം

 

നീരവഭാവം മരതകമണിയും

സൗപർണിക തീരഭൂവിൽ

പൂവിടും നവമല്ലിക ലതകളിൽ

സർഗോന്മാദ ശ്രുതിവിലയം

 

പൂവിതളിന്മേൽ ബ്രഹ്മം രചിക്കും

നീഹാരബിന്ദുവായി നാദം

ശ്രീലവസന്ത സ്വരഗതി മീട്ടും 

കച്ഛപി വീണയായ് കാലം

 

അഴകിൻ ഈറൻ നീലാഞ്ജനം ചുറ്റി

ഹരിചന്ദനശുഭ ഗന്ധമുണർത്തി

അപ്സര കന്യ തൻ

താളവിന്യാസ ത്രികാല ജതിയായ്

ത്രിസന്ധ്യകൾ...ആ..ആ..

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.