Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടൊഴിഞ്ഞൊരു പാവം ‘ലീലാ’കാവ്യം

റിയ ജോയ്
leela

കാട്ടിൽ പോകണ വഴിയറിയുമോ?

ആനയെ കണ്ടാൽ പേടിക്കുമോ?

കൊച്ചുകുട്ടിയായിരുന്ന കാലത്ത് പെട്ടെന്നായിരിക്കും പിന്നിൽ നിന്നാരെങ്കിലും കണ്ണുപൊത്തിപ്പിടിച്ച് ഒറ്റശ്വാസത്തിൽ ഈ ചോദ്യം. അന്നേരം വിരണ്ടുപോകാതെ നല്ല ചുണക്കുട്ടിയായി നിന്ന് ഉച്ചത്തിൽ ഉരുളയ്ക്കുപ്പേരി പോലെ ഉത്തരം പറയണം. അല്ലെങ്കിൽ കണ്ണുപൊത്തിയ കുപ്പിവളക്കൈകൾ കളിയാക്കിച്ചിരിക്കുകയായി. ‘അയ്യേ ഈ പെൺകൊച്ച് ഇമ്മിണി വലിയ പേടിക്കാരിയാണേ..’ ആദ്യമൊക്കെ അതു കേട്ട് വല്യമ്മച്ചിയുടെ മുണ്ടിന്റെ ഞൊറിക്കു പിന്നിൽ മുഖം പൂഴ്ത്തി ഒളിച്ചുനിൽക്കുമായിരുന്നെങ്കിലും പിന്നെപ്പിന്നെ അതു കേൾക്കാനുള്ള മടികൊണ്ടു ചുണയോടെ വിളിച്ചുപറയുമായിരുന്നു, കാട്ടിൽ പോകുന്ന വഴിയറിയാമെന്നും ആനയെ കണ്ടാൽ പേടിക്കില്ലെന്നും. അന്നത്തെ ആ കുട്ടിയുടുപ്പുകാരി കാട്ടിലെ ആനക്കഥയിൽ നിന്നു വളർന്നു വലിയ കുട്ടിയായിട്ടും ഇന്നും എനിക്കു കാട്ടിൽ പോകുന്ന വഴിയറിയില്ല. ആനയെ കണ്ടാൽ പേടിക്കാതിരിക്കുകയുമില്ല. ബാല്യത്തിന്റെ മഞ്ചാടിമണിക്കുടുക്കയിലോ കുന്നിക്കുരുച്ചെപ്പിലോ മറന്നുവച്ച ആ പഴയ കാട്ടാനക്കഥ പിന്നെ വർഷങ്ങൾക്കു ശേഷം ഓർമിച്ചത് നിന്നെ കണ്ടപ്പോഴാണ്.

∙∙∙

leela-movie ലീലയുടെ പോസ്റ്റർ ദൃശ്യം, ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉണ്ണി.ആർ

ലീലേ..നിന്നെയങ്ങനെ വിളിക്കാമോ എന്നറിയില്ല. പിന്നെയെങ്ങനെ വിളിക്കണമെന്നും അറിയില്ല. കാരണം , ഒരിക്കൽ പോലും നിന്റെ പേര് മറ്റാരും വിളിച്ചുകേട്ടില്ല. കുട്ടിയപ്പൻ നിനക്കിട്ട ലീല എന്ന പേര് ഒരിക്കലും നിന്റെ യഥാർഥ പേര് ആയിരിക്കാനും വഴിയില്ല. എങ്കിലും നീയെനിക്കു ലീലയാണ്. കാറ്റിൽ ഇല പൊഴിയും പോലെയൊരു പെൺപേര്. നീറ്റിലൊരു നീലാമ്പൽ ഇതൾ വിരിയുംപോലൊരു പേര്. കവിളിലെ കണ്ണീരുപ്പ് തുടച്ച് അന്നു നീ കുട്ടിയപ്പന്റെ ജീപ്പിലേക്ക് തലകുനിച്ചു കയറിയ ആ നിമിഷം തൊട്ട് നിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു. വയനാടൻ ചുരത്തിലൂടെ വളഞ്ഞുചുറ്റി കുട്ടിയപ്പന്റെ ജീപ്പ് കാടുതാണ്ടിത്തുടങ്ങിയപ്പോൾ പിൻസീറ്റിൽ നിന്റെയരികെ ഞാനും ഇടംപിടിച്ചു. കുട്ടിയപ്പൻ നിന്റെ പേരു ചോദിച്ചപ്പോൾ എനിക്കും ആഗ്രഹം തോന്നി നിന്റെ പേരൊന്നു കേൾക്കാൻ. ‘പെണ്ണേ നിന്നെ ഞാൻ ലീല എന്നു വിളിക്കും’ പരുപരുക്കൻ ശബ്ദത്തിൽ അയാൾ ആദ്യമായി നിന്നെ ആ പേരുവിളിച്ചത് മറന്നിട്ടില്ല. കുട്ടിയപ്പൻ മാത്രമല്ല, ഞാനും പിന്നീടു നിന്നെ കണ്ടുമുട്ടിയ ഓരോരുത്തരും നിന്നെ ആ പേരു തന്നെ വിളിച്ചു. ലീല. പിന്നീടു തോന്നി, നിനക്ക് ആ പേരോളം ചേരുന്ന മറ്റൊരു പേരുണ്ടായിരിക്കാൻ ഇടയില്ല.

cast-leela ലീലയുടെ പോസ്റ്റർ ദൃശ്യം

കുട്ടിയപ്പന്റെ ഓരോരോ ലീലാവിലാസങ്ങളേ.. എന്ന് നാട്ടുകാരടക്കം പറഞ്ഞു ചിരിച്ച കഥയിലേക്കായിരുന്നല്ലോ നിന്റെ കടന്നുവരവ്. പത്തുവർഷത്തിലേറെയായി അമ്മ കിടപ്പിലായ വീട്ടിലെ പ്രായം മുതിർന്ന പെൺകുട്ടി. കിണറ്റിൻകരയിൽ പാത്രം മോറിയും വെള്ളംകോരിയും തഴമ്പിച്ച നിന്റെ കൈത്തണ്ടയിൽ ഒരിക്കലെങ്കിലും കുപ്പിവള കിലുങ്ങിച്ചിരിച്ചുലഞ്ഞിരുന്നോ ? കണ്ണെരിച്ചും നെഞ്ചെരിച്ചും വിറകടുപ്പിലെ പുകയൂതിയൂതി കരുവാളിച്ച ചുണ്ടിണകളിൽ എന്നെങ്കിലും ഒരു കൗമാരക്കാരിയുടെ നാണപ്പൂപ്പു‍ഞ്ചിരി വിരിഞ്ഞിരുന്നോ ? അച്ഛനു വേണ്ടി വച്ചുവിളമ്പി രുചികെട്ട നാവിൽ‌ എപ്പോഴെങ്കിലും കരിമ്പിൻകിനാക്കളുടെ കൽക്കണ്ടമധുരം ആരെങ്കിലും തൊട്ടുനുണച്ചിരുന്നോ? ഇതൊക്കെ നിന്നോടു ചോദിക്കാതെ തന്നെ എനിക്കറിയാം, നീ സങ്കടപ്പെട്ട് അടക്കിവയ്ക്കുന്ന കണ്ണീരുത്തരങ്ങൾ... നീയൊന്നു ചിരിച്ചോ കരഞ്ഞുപോലുമോ കണ്ടിട്ടില്ല.

leela-movie ലീലയുടെ പോസ്റ്റർ ദൃശ്യം, ചിത്രത്തിൽ ലീലയായി വേഷമിട്ട പാർവ്വതി നമ്പ്യാർ

കുട്ടിയപ്പനോടൊപ്പം ആ ജീപ്പിലേക്കു കയറുമ്പോൾ ആ യാത്ര എവിടേക്കാണെന്നു പോലും ഒരു വാക്ക് തിരക്കിയില്ല. നിനക്കു വേണ്ടി മുല്ലപ്പൂമെത്തവിരിച്ച് പുള്ളിപ്പട്ടുടുപ്പുകൾ തുന്നിച്ച് കാത്തിരുന്ന ഒരു വയനാടൻ രാത്രിയിലേക്കു നീ കൺപുലർന്നതുമില്ല. കുട്ടിയപ്പന്റെ കുട്ടിക്കൂറ മണമുള്ള കെട്ടിപ്പിടുത്തങ്ങളിലേക്കു കൈകോർക്കുന്നതിനു മുൻപേ, അന്തിക്കള്ളിന്റെ അവസാനതുളളിയും ഇറ്റിച്ചുവീണ മേൽച്ചുണ്ടിൽ നിന്നു മടുപ്പൻമണമുള്ള ഉമ്മകൾ നിന്റെ വിളറിവെളുത്ത കവിളുകളിലേക്കു പൊള്ളിവീഴും മുൻേപ, അയാളുടെ കനൽച്ചുവപ്പൻ കണ്ണുകളിൽ നിന്നു കാമം പുരണ്ട തീനോട്ടങ്ങൾ നിന്നെ കൊളുത്തിവലിക്കുംമുൻപേ ലീലേ നീയെങ്ങോട്ടാണു പോയ്ക്കളഞ്ഞത്? കൊമ്പന്റെ തുമ്പിക്കൈവെള്ളയ്ക്കും കുട്ടിയപ്പന്റെ നെറുകയിലുമ്മയ്ക്കുമിടയിലമർന്ന് ആരോടും യാത്ര പറയാതെയായിരുന്നല്ലോ നിന്റെ പിൻനടത്തം.

കൊതി മണക്കുന്ന വയനാടൻ ചുരക്കാറ്റിൽ അന്നേരം, കുട്ടിയപ്പൻ അതുവരെ കൊടിയേറ്റിയ കാമോൽസവങ്ങളുടെ പൂരപ്പെരുക്കം മുഴങ്ങിയിരുന്നോ? ആഗ്രഹിച്ച പെണ്ണിനെ ആനയുടെ തുമ്പിക്കൈയിൽ ചാരിനിർത്തി അനുഭവിക്കണമെന്ന കുട്ടിയപ്പന്റെ അടക്കാനാകാത്ത ആൺകൊതി കണ്ട് കാട്ടുകൊമ്പനു പോലും ആർത്തി തോന്നിച്ചിരുന്നോ ? അറിയില്ല. കാരണം, അപ്പോഴേക്കും, ലീലേ നീ തനിച്ചു കാട്ടിനുള്ളിലേക്ക് കുറെയേറെദൂരം പോയ്ക്കഴിഞ്ഞിരുന്നു. കുട്ടിയപ്പനെന്നല്ല ആർക്കുമാർക്കും തിരഞ്ഞുകണ്ടെത്താനാകാത്ത ആ കൊടുങ്കാട്ടിനുള്ളിലെവിടെയോ നീയൊരിടം കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഓരോ പെൺമനസ്സിലും ആണൊരുത്തനു ചവിട്ടിമെതിച്ചുകയറാനാകാത്തൊരു കൊടുങ്കാട് ഉലയുന്നുണ്ടെന്നു നീ കാണിച്ചുതരികയായിരുന്നോ? കുട്ടിയപ്പനെത്ര കാട്ടാളത്തരം കാട്ടിയാലും നീയൊളിപ്പിക്കുന്ന കാടിനോളം വരില്ലെന്നു പറയാതെപറയുകയായിരുന്നോ? അതുകൊണ്ടായിരിക്കാം, അലറിവിളിച്ചെഴുന്നു നിൽക്കുന്ന കാടിനെ കണ്ണിടറി നോക്കി കുട്ടിയപ്പൻ ഒരു നിമിഷം ഒരു ഭീരുവിനെപ്പോലെ, നിസ്സഹായനെപ്പോലെ ഉച്ചത്തിൽ നിലവിളിച്ചത്... കറുത്ത നിഴലുകൾ വീഴ്ത്തിയ കൊടുങ്കാടിനേക്കാൾ, വെറിപൂണ്ട കൊമ്പന്റെ മദപ്പാടിനേക്കാൾ കുട്ടിയപ്പൻ മറ്റെന്തിനെയാണ് അന്നേരം ഭയപ്പെട്ടത്?

ഇനിയെന്നെങ്കിലും കണ്ടുമുട്ടിയാൽ ലീലേ നിനക്കു ധൈര്യമായി കുട്ടിയപ്പനോടു ചോദിക്കാം:.

കാട്ടിൽ പോകണ വഴിയറിയുമോ?

ആനയെ കണ്ടാൽ പേടിക്കുമോ?

ലീലേ, നീ ജീവിതത്തിൽ ഒരിക്കൽപോലുമൊരു പാട്ടു മൂളിയിട്ടില്ലെന്നും എന്തിന്, ഒരു പാട്ടുകേട്ടിട്ടുപോലുമില്ലെന്നുംഎനിക്കുമറിയാം ജീവിതത്തിന്റെ പാട്ടുവഴികളൊന്നും കാണാതെ, പരുഷമായ ആൺകാട്ടുവഴിയിലേക്ക് ഒഴുകിയൊഴുകിയകന്നു തകർന്നുമാഞ്ഞുമറഞ്ഞുകരഞ്ഞുപോയവളെ,…. നിശബ്ദവിലാപത്തിന്റെ ഈ പെൺപാട്ട് നിനക്കല്ലാതെ മറ്റാർക്കാണു ഞാൻ സമർപ്പിക്കുക?

Your Rating: