Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടോണം കേൾക്കുമ്പോൾ

റിയ ജോയ്
onam

ഓണത്തിനെന്തു വിശേഷമമ്മേ 

ഓമനമോളു തിരക്കിടുന്നു...

ചിങ്ങവെയിലുദിച്ച് ഉച്ചിയിലെത്തുമ്പോൾ പഴയ മലയാളം പാഠാവലിയിൽ കൊതിതീരെ ഉറക്കെയുറക്കെവായിച്ചു മനപ്പാഠമാക്കിയൊരു ഓണപ്പാട്ടോർമ വരുന്നു. കുട്ടിക്കാലത്തെ ഓണക്കാലത്തിന് ഓർമകളുടെ എന്നും സുഖമുള്ളൊരു വാസനയുണ്ട്. പുന്നെല്ലു വായ്ച്ചുകിടക്കുന്ന വയൽവരമ്പത്തുകൂടി കൊത്തങ്കല്ലു കളിച്ചുപാറിയെത്തുന്ന ഇളങ്കാറ്റിന്റെ വാസന. തറവാട്ടിലെ കളത്തിൽ പനമ്പുവിരിച്ച മുറ്റത്തുനിന്നു കറ്റമെതിക്കുന്ന പെണ്ണുങ്ങൾ ഉച്ചയൂണിനു പൊതികെട്ടിക്കൊണ്ടുവരുന്ന ചോറിന്റെയും ചക്കക്കൂട്ടാന്റെയും വാസന. വെറ്റിലത്തുമ്പിൽ ചുണ്ണാമ്പും നെറ്റിയിലെ വിയർപ്പിന്റെ ഉപ്പുനീരുംകൂട്ടി ചോപ്പിച്ചുതുപ്പുന്ന ജോലിക്കാരുടെ മുറുക്കുവാസന.  അരി പുഴുങ്ങിയുണക്കി നിറയുന്നതും കാത്തു വയറൊഴിഞ്ഞു കിടക്കുന്ന പത്തായപ്പുരയിലെ കർപ്പൂരവാസന. പിന്നെ തൊടിയിറമ്പിലും പറമ്പിലും വിളഞ്ഞുപാകമായി കിടക്കുന്ന പലകൂട്ടം പച്ചക്കറികളുടെ വാസന. ഈട്ടിലും വേലിയ്ക്കലും മൊട്ടിട്ടുനിൽക്കുന്ന പൂക്കളുടെ പുതുവാസന. ജൗളിക്കടയിൽനിന്നു മിന്നുന്ന തുണിവാങ്ങി അമ്മ തയ്പ്പിച്ചെടുത്ത പട്ടുകുപ്പായങ്ങളുടെ കുട്ടിക്കൂറ വാസന. 

മാവേലി നാടു വാണീടും കാലം 

മാനുഷരെല്ലാരുമൊന്നു പോലെ..

ആദ്യമായി ഏറ്റുപാടിപ്പഠിച്ച ഈ ഈരടിയിൽ തുടങ്ങുന്നു മലയാളിയുടെ ഓണപ്പാട്ടുമധുരം. പിന്നീട് എത്രയെത്ര ചലച്ചിത്രഗാനങ്ങളിൽ വീണ്ടും തെളിഞ്ഞുകണ്ടു, അതേ മാവേലിപ്പാട്ടിന്റെ ഈണവില്ല്. ഓരോ പാട്ടും നമ്മെ പിൻവിളിക്കുകയാണ്, പൂവട്ടിയും പൂപ്പൊലിപ്പാട്ടുമായി മലമേടുകളിൽ നടന്നലഞ്ഞ പുലർകാലങ്ങളിലേക്ക്...മഞ്ചാടിച്ചുവപ്പു വീണുടഞ്ഞ വഴിയിലുടനീളം ഇത്തിരിപ്പൂവുകൾ തേടി നടന്ന കുട്ടിക്കാലത്തേക്ക്.. 

തിരുവോണപ്പുലരി തൻ 

തിരുമുൽക്കാഴ്‌ച വാങ്ങാൻ 

തിരുമുറ്റമണിഞ്ഞൊരുങ്ങി 

തിരുമേനിയെഴുന്നള്ളും സമയമായി 

ഹൃദയങ്ങൾ അണിഞ്ഞൊരുങ്ങി 

‘തിരുവോണം’ എന്ന ചിത്രത്തിൽ വാണി ജയറാം ആലപിച്ച ഈ ഗാനം മറക്കാൻ കഴിയുമോ മലയാളിക്ക്? ഭൂമിമലയാളമാകെ മാവേലിത്തമ്പുരാനുള്ള തിരുമുൽക്കാഴ്ചയുമായി പൂത്താലമെടുത്തൊരുങ്ങിനിൽക്കുന്ന ചിങ്ങപ്പുലരി ഓർത്തുപോകും ആരും ഈ വരികൾ കേൾക്കുമ്പോൾ.

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം 

കേളീകദംബം പൂക്കും കേരളം 

കേരകേളീ സദനമാം എൻ കേരളം 

‘മിനിമോൾ’ എന്ന ചിത്രത്തിനു വേണ്ടി യേശുദാസ് പാടിയ ഈ വരികളിൽ കേളികൊട്ടിയുണരുകയായി കേരളത്തനിമയുടെ ഉല്‍സവാരവം.  ഗൃഹാതുരതയുടെ ഹൃദയാരവം.

പൂവണിപ്പൊന്നിൻ ചിങ്ങം വിരുന്നു വന്നു 

പൂമകളേ നിന്നോർമകൾ പൂത്തുലഞ്ഞു 

കാറ്റിലാടും തെങ്ങോലകൾ 

കളി പറഞ്ഞു കളിവഞ്ചിപ്പാട്ടുകളെൻ 

ചുണ്ടിൽ വിരിഞ്ഞു 

‘പഞ്ചവടി’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയ ഈ പാട്ടീണം കേട്ടാൽ ഇന്നും തെങ്ങോലകൾ താളം പിടിച്ചുപോകും. കായൽപ്പരപ്പിൽ ഓളം വെട്ടി, കളിച്ചുണ്ടൻവള്ളങ്ങളുടെ അമരം പിടിക്കുന്ന ചിങ്ങവെയിലിന്റെ ചന്തമല്ലേ ശ്രീകുമാരൻ തമ്പി വരികളിലൂടെ വരഞ്ഞുവച്ചത്. 

താമരത്തുമ്പീ വാവാ.. 

താരാട്ടുപാടാൻ വാ.. 

വാ..താളം പിടിക്കാം ഞാൻ.. 

കരൾ തമ്പുരു മീട്ടാം ഞാൻ.. 

‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന ചിത്രത്തിൽ കെ.പി. ഉദയഭാനുവും പി. ലീലയും ചേർന്നാലപിച്ച ഈ ഗാനമൊരു ഓണത്താരാട്ടുപോലെ സുഖകരം. കൊയ്ത്തുകഴിഞ്ഞ് ഇളവേൽക്കുന്ന പുഞ്ചപ്പാടങ്ങളിൽനിന്നു സ്വർണച്ചിറകുകൾ നീർത്തിപ്പറക്കുന്ന താമരത്തുമ്പികളെ മാടിമാടിയുറക്കാൻ വിളിക്കുമ്പോൾ മധുരമുള്ളൊരാലസ്യത്തിലേക്കു നമ്മളും വഴുതിവീഴുകയായി. 

പൂവിളി പൂവിളി പൊന്നോണമായി 

നീ വരു നീ വരു പൊന്നോണത്തുമ്പീ 

ഈ പൂവിളിയിൽ മോഹം പൊന്നിൻ 

മുത്തായ് മാറ്റും പൂവയലിൽ 

നീ വരു ഭാഗം വാങ്ങാൻ 

‘വിഷുക്കണി’ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾ ഓരോ ഓണക്കാലത്തും പൂവിളി പോലെ കാതിൽ മുഴങ്ങുന്നു. പൂവായ പൂവെല്ലാം മുട്ടിവിളിച്ചുണർത്തുന്ന ഓണത്തപ്പന്റെ വരവേൽപ്പിനുള്ള സംഗീതാഭിവാദ്യമെന്ന പോലെ ഈ ഗാനവും മലയാളിക്ക് പ്രിയപ്പെട്ടതുതന്നെ. 

ഓണപ്പൂവേ ഓമൽപ്പൂവേ 

നീ തേടും മനോഹര തീരം 

ദൂരെ മാടിവിളിപ്പൂ 

ഇതാ... 

‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിൽ ഒഎൻവി എഴുതിയ ഈ ഗാനത്തിലുമുണ്ട് ഇമ്പമുള്ളൊരു പൂവിളിയുടെ പുലർകാലാനുരാഗം. അങ്ങനെ എത്രയെത്ര പാട്ടീണങ്ങളാണ് ഓരോ ഓണപ്പൂവട്ടിയിലും മൂളിയെത്തുന്നത്. എത്ര ഓർമിച്ചെടുത്താലും പാടിത്തീരുന്നതേയില്ല പൊന്നോണം. മൂളാൻ പിന്നെയും ഇമ്മിണി പാട്ടുകൾ ബാക്കിവച്ച് ഈ ചിങ്ങവും കടന്നുപോകും...വാസനപ്പൂമൊട്ടുകളിൽ വസന്തമൊളിപ്പിച്ച് വീണ്ടും വരാമെന്നു വാക്ക് പറഞ്ഞ്...

Your Rating: