Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയിലേക്കും മാന്തോപ്പിലേക്കും തുറക്കുമ്പോൾ പാടാറുണ്ട്, ജനാല

റിയ ജോയ്
shyamili

നിലാമഞ്ഞമെഴുകുതിരികൾ കത്തിച്ചു വച്ച്, ഇപ്പോഴും ആ പെൺകുട്ടികൾ ഉത്തമഗീതം വായിക്കുന്നുണ്ടാവുമോ?

അവർ ഉറങ്ങാതെയും ഉണരാതെയും ആരെയും കാത്തിരിക്കാതെയും രാപ്പാർക്കുന്ന ആ കൊച്ചുമുറിയിൽ കുന്തിരിക്കം പുകയുന്നുണ്ടാവുമോ?

ഇളംനീല ശീലയ്ക്കു പിന്നിലെ ജനാലകൾ പണ്ടത്തെപ്പോലെ മാന്തോപ്പിലേക്കു തുറന്നടയുന്നുണ്ടാകുമോ? എപ്പോഴെങ്കിലും, എപ്പോഴെങ്കിലും അവർ എന്നെക്കുറിച്ച് ഓർമിക്കുന്നുണ്ടാവുമോ?

എന്റെ വിഭ്രമാത്മക സ്വപ്നങ്ങളിലെ ആദ്യകാല വിരുന്നുകാരികളായിരുന്നു അവർ.. യരുശലേം കന്യകമാരെപ്പോലെ അതിസുന്ദരികൾ... എനിക്കു മുൻപേ പിറക്കുകയും എനിക്കറിയാ ദൂരേക്കു പറന്നുപോകുകയും ചെയ്ത പൂർവജന്മങ്ങളിലെ പെൺപറവകൾ.. എന്റെ ആദ്യ സ്വപ്നങ്ങളിലെ പെൺരൂപികൾ... അവരുടെ പേരുകൾ പോലും ഞാൻ ഓർമിക്കുന്നില്ല. മുഖം കണ്ട ഓർമയുമില്ല. കഥകളിലെന്നപോലെയാണ് അവരെക്കുറിച്ച് കേട്ടതൊക്കെയും. മിക്കതും വല്യമ്മച്ചി പറഞ്ഞുകേട്ടത്. ബാക്കി അവർ തന്നെ പലപ്പോഴായി എന്റെ സ്വപ്നങ്ങളിൽ വന്നു പറഞ്ഞുതന്നത്.

മഴയിലേക്കും മാന്തോപ്പിലേക്കും തുറക്കുന്ന ജനാലകളുള്ള ഒരു മുറിയുണ്ടായിരുന്നു എന്റെ പഴയ തറവാടിന്റെ മുകളിലത്തെ നിലയിൽ. മീനവെയിൽ മിന്നിത്തെളിഞ്ഞാൽ മാമ്പഴം മണക്കുന്ന മുറി. അപ്പൂപ്പൻതാടികൾ അന്തിമയങ്ങുന്ന മുറി. വലിയ നിലക്കണ്ണാടിയിൽ നോക്കിയാൽ ഞാനേറ്റവും സുന്ദരിയാകുന്ന മുറി.

കുഞ്ഞുടുപ്പിൽ നിന്നു പാവാടയിലേക്കും മാടിയൊതുക്കിയ മുടിച്ചുരുളിൽ നിന്ന് പിന്നിമെടഞ്ഞ് പൂചൂടുന്ന മുടിക്കെട്ടിലേക്കും കണ്ണിലെ വാലിട്ടുനീട്ടിയെഴുതിയ കരിമഷിക്കറുപ്പിൽ നിന്നു നെറ്റിത്തടത്തിലെ കുങ്കുമച്ചുവപ്പിലേക്കും ഞാൻ മുതിരുമ്പോൾ താമസിക്കാൻ എനിക്കു വേണ്ടി പണ്ടുമുതൽക്കേ നീക്കിവച്ചതായിരുന്നു ഭംഗിയുള്ള ആ മുറി. എന്റേതാകാനുള്ളതുകൊണ്ടായിരിക്കാം മട്ടുപ്പാവിനോടു ചേർന്ന് പൂട്ടിക്കിടന്ന ആ മുറിയോട് കുട്ടിക്കാലം മുതലേ എനിക്ക് പ്രത്യേക ഇഷ്ടവും അവകാശബോധവും തോന്നിയത്. അമ്മയറിയാതെ മച്ചിൻപുറത്തും പത്തായപ്പുരയിലും എന്തെല്ലാമൊക്കെയോ ഞാൻ ഒളിച്ചെടുത്തു വച്ചിരുന്നു, ആ മുറി എനിക്കു മാത്രമായി തുറന്നുകിട്ടുമ്പോൾ അവിടെ കൊണ്ടുചെന്നുവയ്ക്കാൻ. ഞാൻ വല്യമ്മച്ചിയുടെ ഒക്കത്തിരുന്ന് കാതിലെ വട്ടക്കുണുക്കിൽ ചെറുവിരൽ കൊണ്ടു തോണ്ടുന്ന ഇള്ളപ്പ്രായത്തിൽ തന്നെ വിവാഹം കഴിഞ്ഞുപോയ കൊച്ചേച്ചിയുടെ മുറിയായിരുന്നത്രേ അത്. അതിനു മുൻപ്, വല്യപ്പച്ചന്റെ മൂത്ത മകളുടെ.. അതിനും മുൻപ് മറ്റാരുടെയോ... ആയമ്മ ഇപ്പോൾ നന്നെ നരച്ച് വെള്ളാരംകണ്ണടവച്ച് ഉമ്മറത്തെ കുമ്മായച്ചുമരിലെ കറുത്ത ഫ്രെയിമിനുള്ളിൽ അൽപം ഗൗരവത്തിൽ ചിരിച്ചിരിക്കുന്നുണ്ട്. അങ്ങനെ പല പെൺകൗമാരങ്ങളും യൗവനത്തിലേക്കു മുതിർന്ന മുറി. പ്രണയത്തിലേക്കുള്ള അവരുടെ വയസ്സറിയിപ്പുകൾ കടുംചുവന്നും തേങ്ങിക്കരഞ്ഞും കാണാമറയത്തൊളിപ്പിച്ച മുറി.

പകൽ നേരത്ത് ആ ഇടനാഴി വഴി പോകുമ്പോൾ ചിലപ്പോൾ അവരുപേക്ഷിച്ച കൊലുസുകളുടെ കിങ്ങിണിമണിക്കിലുക്കം കേൾക്കുന്നതുപോലെ തോന്നും. ഉച്ചനേരക്കാറ്റിൽ അവരുടെ പട്ടുപാവാടയുടെ കസവുതൊങ്ങൽ നിലത്തിഴയുന്നതിന്റെ മിനുത്ത ശബ്ദം കേൾക്കും. ചിലപ്പോൾ രാക്കിനാവു കണ്ടുറങ്ങവേ അവരുടെ കൈത്തണ്ടയിൽ നിന്നു മിണ്ടാതെയൂരിപ്പോന്ന കുപ്പിവളകളുടെ കിന്നാരം കേൾക്കും. പാതി തുറന്ന ജനാല വഴി അവരറിയാതെ നിലാവിലേക്കു നീണ്ട മുടിച്ചുരുളുകളുടെ മൂളക്കം കേൾക്കും. കണ്ണാടിക്കരികെ അവരിലാരോ കോർത്തെടുത്തുവച്ച് ചൂടാൻ മറന്ന വാസനപ്പൂക്കൾ ചുണ്ടുരുമ്മിവിടരുന്നതിന്റെ ചിണുക്കം കേൾക്കും. അങ്ങനെയെന്തെല്ലാം നേർത്ത ശബ്ദങ്ങൾ.. വല്യമ്മച്ചിയോടു പറഞ്ഞാൽ എന്റെ തോന്നലാണെന്നു പറഞ്ഞു കവിളത്തുനുള്ളും. എനിക്കല്ലേ അറിയൂ, എനിക്കു മുൻപേ ആ മുറിയിൽ താമസിച്ച പെൺകുട്ടികളെ ഞാൻ കേൾക്കുകയാണെന്ന്. അവർ മിണ്ടിപ്പറയുന്നത് പക്ഷേ കേട്ടിട്ടില്ല ഒരിക്കലും. അതു കേൾക്കാൻ മാത്രം ഞാൻ മുതിരാത്തതുകൊണ്ടായിരിക്കും. അതോ അവർ ഞാൻ കേൾക്കാമെല്ലെ അടക്കം പറയുന്നതുകൊണ്ടായിരിക്കുമോ? അറിയില്ല.

ചിലപ്പോൾ അവർ മൂളിപ്പാടുന്നതു കേൾക്കാം. അന്നേരം വല്യമ്മച്ചിയുടെ കച്ചമുണ്ടിന്റെ കോന്തലയിൽ കെട്ടിഞാത്തിയ പിച്ചളത്താക്കോൽ തട്ടിയെടുത്ത് പാഞ്ഞെത്തി ആ മുറി തുറന്നുനോക്കും. എവിടെ! അകത്തൊന്നും ആരെയും കാണില്ല. മട്ടുപ്പാവിലേക്കുള്ള ജനാല അന്നേരം പാതി തുറന്നുകിടക്കുന്നതുകാണാം. ചുമരിൽ തൂങ്ങിക്കിടക്കുന്ന പഴയൊരു കലണ്ടറിൽ തട്ടി, ആണിയിൽ തൂക്കിയിട്ടിരിക്കുന്ന നിറം മങ്ങിയ മുത്തുമാലകളിൽ തട്ടി, ജനാലത്തിരശ്ശീലയുടെ തൊങ്ങലിൽ തട്ടി, ജനലഴികൾക്കിടയിലെ മാറാലനൂലിഴകളിൽ തട്ടി ഒരു മിണ്ടാക്കാറ്റ് ആ വഴി എന്നെ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി മാന്തോപ്പിലേക്കു പറക്കും.. അന്നേരം അവിടെയാകെ റോസാപ്പൂക്കൾ വിടർന്നതുപോലെ വാസനിക്കും. ആ വാസനയെന്നെ പുത്തനുടുപ്പുപോലെ പൊതിയും. ആ മണം മുറിയിൽ നിന്നുപോകാതിരിക്കാൻ അന്നേരം ഓടിച്ചെന്ന് ഞാൻ ജനാലകൾ ചേർത്തടച്ചുവയ്ക്കും. എന്നിട്ട് ഒറ്റശ്വാസത്തിന് മുറി താഴിട്ടുപൂട്ടി താഴേക്കിറങ്ങും. അപ്പോഴും എന്റെ ഉള്ളിൽ ഒരു റോസാപ്പൂന്തോട്ടം പൂത്തുലഞ്ഞുനിൽക്കും. ഉടനെചെന്ന് വല്യമ്മച്ചിയോട് എന്നെ മണത്തുനോക്കാൻ പറയും. പക്ഷേ, വല്യമ്മച്ചി എന്നെ ചേർത്തുപിടിച്ചുകിടത്തി കവിളത്ത് അമർത്തിയുമ്മവച്ച് വീണ്ടും ഉറങ്ങാൻ കിടക്കും. ഞാൻ കണ്ടതൊക്കെയും ഞാൻ മാത്രമേ കണ്ടുള്ളൂ. ഞാൻ കേട്ടതൊക്കെ ഞാൻ മാത്രമേ കേട്ടുമുള്ളൂ.. എന്നെത്തേടി മാത്രം വന്ന പെൺരഹസ്യങ്ങൾ ഇമ്മിണിയുണ്ടായിരുന്നു ആ മുറിയ്ക്കകത്ത്. ഇനിയുമെത്രയേറെ അവർക്കെന്നോടു പറയാനിരിക്കുന്നു!. എത്ര രാത്രികളിൽ അവരെന്റെ കിനാവിൽ വിരുന്നുവരാനിരിക്കുന്നു... എന്റെ യെരുശലേം കന്യകമാരെ, പറഞ്ഞുമറിഞ്ഞും തീരാതിരിക്കട്ടെ നിങ്ങളുടെ പ്രിയരഹസ്യങ്ങൾ...

ഏതോ വാർമുകിലിൻ...

നിങ്ങളെയും എന്റെ കളിക്കുട്ടിക്കാലത്തെയും വീണ്ടും ഓർമിപ്പിച്ചത് വെള്ളാടിമുത്തിയെ കാത്തിരിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയും അവൾക്ക് അമ്മ പാടിക്കൊടുക്കുന്ന ഈ വരികളും ആണ്.

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു

ഓമലേ ജീവനിൽ അമൃതേകാനായ് വീണ്ടും, എന്നിൽ

ഏതോ ഓർമകളായ് നിലാവിൻ മുത്തേ നീ വന്നു

...................

നീ ഉലാവുമ്പോൾ സ്വർഗം മണ്ണിൽ ഉണരുമ്പോൾ

മാഞ്ഞുപോയൊരു പൂത്താരം പോലും

കൈനിറഞ്ഞു വസന്തം പോലെ

തെളിയും നിൻ ജന്മ പുണ്യം പോലെ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.