Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശോശന്ന ഒരു പാട്ടാണെങ്കിൽ സോളമൻ ആരാണ്?

Amen

ആദ്യമൊക്കെ അതിനെക്കുറിച്ച് ആലോചിക്കുമ്പോഴേ കൈവിറയ്ക്കും, ചുണ്ടുകൾ ചുവപ്പാർന്നു വിടരും..

എന്നിട്ടും അന്നത്തെ ആ രാത്രി...

നിലാവള്ളികൾ വെളുക്കനെ പൂത്തിറങ്ങിയ പാതിരാമുല്ലപ്പടർപ്പിനുള്ളിൽ

ആരാരും കാണാതെ...

കേൾക്കാതെ...കേൾപ്പിക്കാതെ...

ശ്വാസമടക്കി...

നെഞ്ചോടു ചേർത്തണച്ച്...

കീഴ്ച്ചുണ്ടോടടുപ്പിച്ച്

ആഴത്തിൽ

ഉം.........

അവന്റെ ആദ്യത്തെ ഉമ്മ...

പാട്ടു മൂളുന്ന അവന്റെ പ്രിയപ്പെട്ട ക്ലാരനറ്റിൽ...

ഇനി അവർ ചുണ്ടുകോർത്തു പാടുകയായി

അവന്റെ പ്രണയകഥ

കുമരംകരി മുഴുവൻ പാടിക്കേട്ട സോളമന്റെയും ശോശന്നയുടെയും പ്രണയകഥ.

അവരെ ഒരുമിപ്പിച്ച ആ ക്ലാരനറ്റിന്റെ കൂടി കഥ...

ഈ സോളമനും ശോശന്നായും...

സോളമൻ. വെള്ളാട്ടിൻകുട്ടിയെ ഓർമിപ്പിക്കുന്ന നിഷ്കളങ്കതയുമായി കുമരംകരിയുടെ പായൽപച്ചയിൽ മേഞ്ഞുനടന്ന ചെറുപ്പക്കാരൻ. വള്ളംമുങ്ങി മരിച്ച അപ്പൻ അവനു വേണ്ടി ബാക്കിവച്ചത് പാട്ടൊഴിഞ്ഞ ഒരു ക്ലാരനറ്റ് മാത്രമായിരുന്നു. ശോശന്നയുടെ പ്രണയോത്തമഗീതങ്ങളാണു ക്ലാവുപിടിച്ച ആ ക്ലാരനറ്റിനു ശ്വാസമൂതി ജീവൻ വയ്പിച്ചത്. എന്നിട്ടും തട്ടേൽ കയറി വായിക്കാൻ നേരം സോളമന്റെ മുട്ടുവിറയ്ക്കും. വള്ളംമുങ്ങി മരിച്ച അപ്പന്റെ ഓർമച്ചുഴിയിൽ നിലതെറ്റിവീണു ശ്വാസംമുട്ടുന്ന പോലെ തോന്നും. പള്ളിമേടയിലെ കുർബാനനേരത്തുപോലും പാതിമുറിഞ്ഞും പതറിയും മൂളുന്ന സോളമന്റെ ക്ലാരനറ്റ് കുമരംകരിക്കു മുഴുവൻ കളിയാക്കിച്ചിരിക്കുള്ള പാട്ടുനേരംപോക്കായി.

അപ്പന്റെ വലിയ അടുപ്പക്കാരനായിരുന്ന ലൂയിപ്പാപ്പന്റെ നിർബന്ധത്തിനു വഴങ്ങിയാണ്, ഇടവക വികാരി ഫാദർ ഒറ്റപ്ലാക്കന്റെ കലിയിളക്കം പോലും വകവയ്ക്കാതെ സോളമൻ വീണ്ടും നെഞ്ചുറപ്പോടെ ക്ലാരനറ്റ് കയ്യിലെടുക്കുന്നത്, കുമരംകരിയുടെ സ്വന്തം ഗീവറുഗീസ് ബാൻഡിനു വേണ്ടി. ഇത്തവണ നെഞ്ചിടിച്ചു പേടിച്ചു പിന്മാറാൻ വയ്യ. കാരണം വായിക്കുന്നത് കുമരംകരിക്കുവേണ്ടിയാണെങ്കിലും അവനു കേൾപ്പിക്കേണ്ടത് ശോശന്നയെയാണ്. പാടി ജയിച്ചാൽ മാത്രമേ ശോശന്നയെ കെട്ടിച്ചു തരൂ എന്ന് വെല്ലുവിളിച്ചിരിക്കുകയാണ് അവളുടെ എരണംകെട്ട അപ്പച്ചൻ. അതുകൊണ്ടുതന്നെ ഇക്കുറി തട്ടേൽ കയറിയാൽ സോളമൻ കപ്പടിക്കുക തന്നെ ചെയ്യും. അതു കുമരംകരിക്കുമറിയാം. കയ്യിലെടുക്കുന്നത് ക്ലാരനറ്റാണെങ്കിലും ചുണ്ടോടടുപ്പിക്കുന്നത് ശോശന്നയെയാണ്. ഓരോ പാട്ടുമ്മയും ചുടുചുടുന്നനെ പൊള്ളിവീഴുന്നത് അവളുടെ കുരുത്തോലച്ചുണ്ടുകളിലാണ്.

Amen

എല്ലാ പ്രണയങ്ങളിലുമെന്ന പോലെ ആദ്യത്തെ കണ്ടുമുട്ടൽ...അതെന്നാണ് അവർക്ക് ഓർമയില്ല. ഓർമകളെഴുതി തുടങ്ങും മുമ്പേ ശോശന്ന സോളമന്റേതായിരുന്നു. കുമരംകരിയുടെ കായൽനീലിമയിൽ കടലാസുവഞ്ചികളൊഴുക്കി കളിച്ചവർ. ഒരേ പള്ളിമണി കേട്ടു കാലത്തുണർന്നവർ. ഒരേ പള്ളിക്കൂടത്തിലേക്കു കൈകോർത്തു നടന്നവർ. ഒരേ പൊതിച്ചോറിൽ നട്ടുച്ചകൾ പകുത്തുകഴിച്ചവർ. കുറ്റിക്കാട്ടിലെ റോസാപ്പൂപ്പടർപ്പിൽ ഒരേ മുള്ളു കൊണ്ടു ചോര മധുരിച്ചു വീണവർ...

എന്നിട്ടും സോളമനു ശോശന്നയെ കൊടുക്കാതിരിക്കാൻ ചിലർ വട്ടം കൂട്ടി. പേരും പെരുമയുമെഴുന്ന തറവാട്ടിലെ ഇളമുറക്കാരിയെ വെറുമൊരു കുഴലൂത്തുകാരനു കെട്ടിച്ചുകൊടുക്കണോ വേണ്ടയോ എന്നതു കുമരംകരിക്കു മുഴുവൻ തലപുകയ്ക്കാനുള്ളതായി.

അങ്ങനെയാണ് സോളമൻ വീണ്ടും തട്ടേൽ കയറുന്നത്. കപ്പടിച്ചാൽ ശോശന്ന സോളമനു സ്വന്തം. കപ്പടിച്ചില്ലെങ്കിൽ... അങ്ങനെ മറിച്ചുചിന്തിച്ചതേ കാണില്ല കുമരംകരി. കാരണം, നേടാനുള്ളത് ശോശന്നയെയാണെങ്കിൽ സോളമനു കാൽക്കീഴിലൊതുക്കാനാവുന്നതേയുള്ളു ആ കുമരംകരിക്കപ്പുറമുള്ള കരയും കടലേഴും. പിന്നെയാണോ ആ ക്ലാരനറ്റ്!

അപ്പന്റെ നെഞ്ചുനോവറിഞ്ഞ ക്ലാരനറ്റ്...അതിൽ ശോശന്നയുടെ പ്രണയശ്വാസമൂതിനിറച്ച് സോളമന്റേതാക്കിമാറ്റുകയായിരുന്നു ആ രാനിലാമുല്ലപ്പടർപ്പിനുള്ളിൽ. ഇനി അതിൽ വായിക്കുന്നതൊക്കെയും പ്രണയം. കാതോർക്കുന്നവർ കേൾക്കുന്നതത്രയും പ്രണയം.. എന്നിട്ടും കുമരംകരിയിൽ ബാക്കിയാകുന്നു സോളമനു പാടി കൊതിതീരാതെയും ശോശന്നയ്ക്കു കേട്ടുമതിവരാതെയും അതേ ക്ലാരനറ്റിന്റെ പാട്ടുപ്രണയം...

ഈ സോളമനും ശോശന്നായും കണ്ടുമുട്ടീ പണ്ടേ

മാമോദീസാക്കാലം തൊട്ടേ ഉള്ളറിഞ്ഞേ മണ്ണിൽ

കണ്ണുകൊണ്ടും ഉള്ളു കൊണ്ടും മിണ്ടാതെ മിണ്ടീ പണ്ടേ..

കണ്ണുകൊണ്ടേ ഉള്ളുകൊണ്ടേ മിണ്ടാതെ മിണ്ടി പണ്ടേ....

അന്നു മുതൽ ഇന്നു വരെ കാണാതെ കണ്ടു നിന്നേ...

പാതിരാ നേരം പള്ളിയിൽ പോകും വെള്ളിനിലാവിനെ ഇഷ്ടമായി

ഉള്ളിൽ മുഴങ്ങും പള്ളിമണിയുടെ ണിംണിം മഴയിലങ്ങാണ്ടുപോയി

മഴവില്ലുകൊണ്ടോമനപ്പേരെഴുതി

കായൽപ്പരപ്പിൻ വിളക്കുപോലെ

കാറ്റിൽ കെടാതെ വിളങ്ങിനിന്നു...

നിലാക്കരിമ്പിൻ തോട്ടം തീറായ് വാങ്ങി..

മിന്നാമിനുങ്ങിൻ പാടം പകരം നൽകി

വിളവെല്ലാം ഇരുപേരും വീതിച്ചു

അമ്പതുനോമ്പു കഴിഞ്ഞവാറെ

മനസ്സൊന്നു താനെ തുറന്നുവന്നു...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.