Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനകമൈലാഞ്ചി ചോപ്പിച്ച കഥ

എച്ച്. സുരേഷ്
mailanji

കഴുത്തോളം മൈലാഞ്ചിച്ചാറു നിറച്ച പേന. കടലാസും കൈയും ചോപ്പിക്കും അത്. അങ്ങനെയൊരു പേനയുണ്ട് റഫീഖ് അഹമ്മദിന്റെ വീട്ടിൽ. ആ പേനയിൽ നിന്നാണു വള്ളുവനാടിന്റെയും ഏറനാടിന്റെയും ഭംഗിയുള്ള കവിതകൾ നമ്മുടെ കൈയിൽ ചുവന്ന പൂക്കളും നക്ഷത്രങ്ങളുമായി വിരിയുന്നത്.

ഒരു ദിവസം സംവിധായകൻ രഞ്ജിത് റഫീഖിനെ വിളിച്ചു, ‘ആ തട്ടം പിടിച്ചു വലിച്ച പേന എവിടെയുണ്ട്?’ എന്നു ചോദ്യം. പരദേശി എന്ന സിനിമയിൽ റഫീഖ് എഴുതിയ ‘തട്ടം പിടിച്ചു വലിക്കല്ലേ, മൈലാഞ്ചി ചെടിയേ’ എന്ന ഗാനമായിരുന്നു രഞ്ജിത്തിന്റെ മനസിൽ.

‘എവിടെയോ പൊടി പിടിച്ചു കിടപ്പുണ്ട്, അതുകൊണ്ട് എഴുതേണ്ടി വരാറില്ല’ എന്നു കവിയുടെ പരിഭവം. എന്നാൽ പൊടി തുടച്ചു വയ്ക്കൂ എന്നു പറഞ്ഞു രഞ്ജിത് ഫോൺ കട്ടു ചെയ്തു. ദിവസങ്ങൾക്കു ശേഷം സംഗീത സംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ വിളിച്ചു. ഒരു ഈണം കേൾപ്പിച്ചു. മൈലാഞ്ചി മണമുള്ള ഈണം. ആ ഈണത്തിലേക്കു റഫീഖിന്റെ പേനയിൽ നിന്നു മൈലാഞ്ചിച്ചാറൊഴുകി:

കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

വിരലു ചോപ്പിച്ചു ഞാൻ

അരികിൽ നീ വന്നു കവരുമെന്നെന്റെ

കരളിലാശിച്ചു ഞാൻ.

ലോഹം എന്ന സിനിമയിൽ നടി മൈഥിലിയുടെയും ഷഹബാസ് അമന്റെ സ്വരത്തിൽ നമ്മൾ കേട്ട കവിത.

കനകമൈലാഞ്ചി...

കോഴിക്കോടൻ ഗ്രാമത്തിലെ രണ്ടു ചെറുപ്പക്കാരുടെ പ്രണയത്തിന്റെ കഥയായാണ് റഫീഖ് എഴുതിയത്. ബാല്യത്തിൽ തുടങ്ങിയ കളിക്കൂട്ടിൽ നിന്നാണ് ഈ പ്രണയമുണ്ടാകുന്നത്.

കിളിമരച്ചോട്ടിലിരുവർ നാം പണ്ട്

തളിരിളം പീലിയായ്

അരുമയായ്ത്തീർത്തൊരരിയമൺവീട്

കരുതി ഞാനെത്ര നാൾ

തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ

പിറകിൽ നിൽക്കുന്നതായ്

കുതറുവാനൊട്ടും ഇടതരാതെന്റെ

മിഴികൾ പൊത്തുന്നതായ്

കനവിലാശിച്ചു ഞാൻ.

ഏതു നാട്ടിലും കാണാവുന്ന പ്രണയത്തെ രഞ്ജിത് എന്ന കോഴിക്കോട്ടുകാരൻ തന്റെ നാട്ടിലേക്കു കൊണ്ടു പോയി. പ്രണയത്തിനു പുറമേ സംഗീതവും ഫുട്ബോളും നൽകി. കോഴിക്കോടിന്റെ രുചികളിലൂടെയാണ് റഫീക്കിന്റെ കവിതയെ രഞ്ജിത് ചിത്രീകരിച്ചത്. ബാബുരാജിന്റെ സദിരുകളെ ഓർമിപ്പിക്കുന്ന ഒരു പാട്ടുവീടുണ്ട് അതിൽ. പാട്ടുവീടിന്റെ ചുമരു നിറയെ ചിത്രങ്ങളാണ്. അതിൽ മുഹമ്മദ് റാഫിയുണ്ട്, ബാബുരാജുണ്ട്. രവീന്ദ്രനും ഗിരീഷ് പുത്തഞ്ചേരിയുമുണ്ട്. ഒഴിവു വേളകളിൽ അവൻ ബീച്ചിൽ കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കും. ഇടയ്ക്ക് ടൗണിലേക്കിറങ്ങുമ്പോൾ അവർ ഉന്തുവണ്ടിപ്പീടികയിൽ നിന്നു തണ്ണിമത്തൻ ജ്യൂസ് കുടിക്കും. പിന്നെ പാരഗണിൽ പോയി ഭക്ഷണം കഴിക്കും.

വേലി നിറയെ പടർന്നു നിൽക്കുന്ന മൈലാഞ്ചിക്കും കമ്പും കായും ഇലയും നിറയെ പ്രണയമാണ്. അതു പെൺകുട്ടികളുടെ ഉടുപ്പിൽ പിടിച്ചു വലിക്കും. അവർ അവളെ കമ്പോടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകും. അമ്മിയിൽ വച്ചു വെള്ളം തളിച്ചരച്ചു വാഴയിലയിലേക്കു വടിച്ചെടുക്കും. പച്ച ഈർക്കിൽ കൊണ്ട് കൈകളിൽ അവർ പൂക്കളും നക്ഷത്രങ്ങളും വരയ്ക്കും. ചാണകപ്പച്ച നിറമുള്ള കൈയുമായ അവർ എത്രയോ മണിക്കൂറുകൾ അങ്ങനെയിരിക്കും. പിന്നെ വെള്ളമൊഴിച്ചു കഴുകിയാൽ, അവൾ ആ വേലി; ചുവന്ന പൂക്കളും നക്ഷത്രങ്ങളുമായി കൈയിൽ വിരിയും. അങ്ങനെ എത്ര മൈലാഞ്ചിക്കൈകൾ. അതിലൊരു പെൺകുട്ടിയെ ഏറനാട്ടു നിന്ന് അകലേയ്ക്കു കല്യാണം കഴിച്ചു കൊണ്ടു പോവുകയാണ്. അവൾ പോകാനൊരുങ്ങുമ്പോൾ മൈലാഞ്ചിച്ചെടി തട്ടത്തിൽ പിടിച്ചു വലിക്കുകയാണ്. അതാണ് രഞ്ജിത് റഫീഖിനോട് ആവശ്യപ്പെട്ട തട്ടം പിടിച്ചു വലിച്ച പാട്ട്.

തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ

വെള്ളിക്കൊലുസിന്മേൽ ചുറ്റിപ്പിടിക്കല്ലേ

തൊട്ടാവാടി തയ്യേ

തട്ടം പിടിച്ചു വലിക്കല്ലേ...

അവളുടെ വരൻ പാക്കിസ്ഥാനിൽ കച്ചവടം ചെയ്തു ജീവിക്കുന്ന ഏറനാട്ടുകാരനാണ്. അന്നു വരെ ഗ്രാമം വിട്ടു പോയിട്ടില്ലാത്ത ഒരു പെൺകുട്ടിയെ അന്യവീട്ടിലേക്ക് അയയ്ക്കുമ്പോഴുള്ള വിഷമമാണ് ആ പാട്ടിൽ മൈലാഞ്ചിച്ചെടിയുടെയും തൊട്ടാവാടിത്തയ്യിന്റെയും സങ്കടമായി എഴുതിയതെന്നു റഫീഖ് പറയുന്നു. പശ്ചാത്തല സ്വരത്തിനായി ഒരലങ്കാരവും വച്ചില്ല സംഗീത സംവിധായകൻ രമേഷ് നാരായണൻ. സുജാതയുടെ സ്വരവും റഫീഖിന്റെ കവിതയും മാത്രം. യാത്രയുടെ കൗതുകയും ആശങ്കയും വേദനയുമെല്ലാം സുജാതയുടെ സ്വരത്തിലുണ്ട്.

പനയോല തട്ടിക പഴുതിലൂടെ

വീണു ചിതറുന്ന തൂവെളിച്ചം

എന്റെ ചിരി പോലെ എന്നൊരാൾ

വെറുതെ കൊതിപ്പിച്ച

പുലർകാല പൊൻവെളിച്ചം

ഇത്തിരി ഞാനെടുത്തോട്ടെ

ഇതുപോലൊരു പാട്ടെഴുതിയ പേന എന്തു കൊണ്ടു പൊടി പിടിച്ചു കിടന്നു? രഞ്ജിതിനു മുൻപ് ആരും ചോദിച്ചു വന്നില്ലെന്നു പറയും റഫീഖ്. ‘എല്ലാക്കുറ്റത്തിനും കാരണമായ’ ന്യൂജെൻ‌ എന്ന എളുപ്പവാക്കിൽ ഉത്തരം പറയേണ്ട നമ്മൾ. കനകമൈലാഞ്ചി കേട്ടു റഫീഖിനെ വിളിച്ചവരിൽ ഏറെയും ന്യൂജെൻ കുട്ടികളായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.