Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരതസംഗീതം

എച്ച്. സുരേഷ്
Bharathan

ചീരക്കട അമ്പലത്തിലെ ഉൽസവത്തിൽ ഒരു ഗാനമേള രാത്രി.

നിലത്തു മണലിൽ നിറഞ്ഞിരിക്കുന്നവർക്കു മുന്നിൽ ആ പെൺകുട്ടി. കറുത്ത മെലിഞ്ഞ്, പന്ത്രണ്ട് വയസിൽ കൂടുതലില്ല.

താരം....!

ആദ്യ വാക്കു പൊഴിഞ്ഞപ്പോൾ തന്നെ നിറഞ്ഞ കയ്യടി.

താരം വാൽക്കണ്ണാടി നോക്കി

നിലാവലിഞ്ഞ രാവിലേതോ

കേളി എന്ന സിനിമയ്ക്കു വേണ്ടി ഭരതൻ സംഗീതം നൽകിയ ഗാനം. ഏറ്റവും പ്രിയപ്പെട്ട ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനത്തിനു വരികളെഴുതിയതു കൈതപ്രം. ഭരതന്റെ മനസിലെ വിഷ്വലുകൾ നിറച്ചു വച്ച വരികൾ, എങ്കക്കാട്ടെ വീട്ടിൽ ഭരതന്റെ പണിപ്പുരയിലാണു രൂപപ്പെട്ടതെന്നു വായിച്ചിട്ടുണ്ട്.

മഞ്ഞണിഞ്ഞ മലരിയിൽ

നിനവുകൾ മഞ്ഞളാടി വന്ന നാൾ

ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ

പൂരം കൊടിയേറും നാൾ

ഈറൻ തുടി മേളത്തൊടു ഞാനും

വാൽക്കണ്ണാടി നോക്കി

ആ പെൺകുട്ടി പാടി നിർത്തിയപ്പോൾ സദസ് ഒന്നടങ്കം എഴുന്നേറ്റു നിന്നു കയ്യടിച്ചു. വലിയ കളിക്കളങ്ങളിൽ, വലിയ സംഗീത സദസുകളിൽ കാണാറുള്ള സ്റ്റാൻഡിങ് ഒവേഷൻ.

താരം വാൽക്കണ്ണാടി...

ഇതാ ഈ ചെറിയ ഗ്രാമത്തിലെ പാവപ്പെട്ട അമ്പലത്തിൽ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്കു മുന്നിൽ സാധാരണക്കാരായ ഗ്രാമീണരുടെ ആദരം. റിയാലിറ്റി ഷോകളിലൂടെ ചലച്ചിത്രഗാനങ്ങളും അവയുടെ ശ്രുതിയും ശ്രുതിഭംഗവും സാധാരണക്കാരായ ജനങ്ങൾക്കു കാണാപാഠമാവും മുൻപുള്ള കാലം. ആദരം ആ പെൺകുട്ടിക്കും സിനിമയിൽ ആ ഗാനം പാടിയ ചിത്രയ്ക്കും കൈതപ്രത്തിനും ഭരതനും.

ജൂലൈ 30. ഭരതന്റെ ചരമവാർഷികം.

സിനിമയെക്കാൾ മുൻപേ സംഗീതത്തെയും ചിത്രകലയെയും കൊണ്ടു നടന്ന ആളാണു ഭരതൻ. സംഗീതവും ചിത്രകലയും മെയ്പാതി പകുത്ത ഫ്രെയിമുകൾ കൊണ്ടു സമ്പന്നമായിരുന്നു ആ സിനിമകൾ. ചില സിനിമകളെയെങ്കിലും കഥയെക്കാൾ ഇത്തരം ഫ്രെയിമുകളാണു മുന്നോട്ടു നയിച്ചിരുന്നതെന്നു തോന്നും. മനസിനുള്ളിലെ ഒരു മനോഹര ദൃശ്യത്തിൽ നിന്നാകും ഒരു സിനിമ തന്നെ പിറവിയെടുക്കുന്നത്.

ഭരതന്റെ മനസിലെ സംഗീതത്തെക്കുറിച്ചു പ്രശസ്ത സംഗീത സംവിധായകൻ ജോൺസൺ പറഞ്ഞ വാക്കുകൾ സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്. താഴ്വാരം എന്ന സിനിമയ്ക്കു പശ്ചാത്തല സംഗീതം നൽകിയതു ജോൺസണാണ്. റീ റെക്കോർഡിങ് കഴിഞ്ഞു വന്ന ജോൺസൺ സത്യനോടു പറഞ്ഞു: ‘‘അതിലെ ഷോട്സിൽ, ദൃശ്യങ്ങളിൽ, സംഗീതമുണ്ട്. ഞാനതു കേൾക്കാവുന്ന വിധത്തിൽ പകർത്തി വച്ചിട്ടേയുള്ളൂ.’’ പശ്ചാത്തല സംഗീതം മാത്രമാണു ജോൺസൺ നൽകിയത്. താഴ്വാരത്തിലെ ഗാനം ഭരതന്റേതാണ്.

ചിറ്റാരം കാറ്റിൽ മർമരം

കണ്ണെത്താദൂരെ മറുതീരം

മറുതീരത്തെ കോണിൽ സംക്രമം

തിമിലക്കൈത്താളം കാവിൽ

കൊണ്ടാടും മേളം

മച്ചാട് മാമാങ്കത്തിന്റെയും ഉത്രാളിക്കാവ് പൂരത്തിന്റെയും നാട്ടുകാരന്റെ ഈ പാട്ടു നിറയെ പൂരത്തിന്റെ താളമാണ്. അതിനൊത്ത ദൃശ്യങ്ങളാണു കൈതപ്രത്തിന്റെ വരികളിലും.

തൊണ്ടൊടു മണലെട് കുഴലൊടു തുടിയെട്

തകിലൊടു മണിയെട് തിരുവുടലഴകൊട്

തിരുവുടലഴകൊടു പടയണി മുടിയെട്

പുകില ചൊരുക്കുമ്പോൾ

ചിറ്റാരം കാറ്റിൽ മർമരം

കാതോടു കാതോരം എന്ന സിനിമയിലെ പാട്ടുകൾ ഔസേപ്പച്ചന്റേതാണ് ഒന്നൊഴികെ. കാതോടും കാതോരം എന്ന ഗാനം ഭരതന്റേതാണ്. ഒഎൻവിയുടേതാണു വരികൾ.

കാതോടു കാതോരം

തേൻ ചോരും ആ മന്ത്രം

ഈണത്തിൽ നീ ചൊല്ലി

വിഷു പക്ഷി പോലെ

തന്റെ മൂന്നു സിനികൾക്കു വേണ്ടി പാട്ടെഴുതിയിട്ടുമുണ്ട് ഭരതൻ. ഈണം, പ്രണാമം, ചിലമ്പ് എന്നിവയാണ് അവ. ചിലമ്പിലെ പാട്ടുകളാണ് ഏറെ ശ്രദ്ധേയമായത്. അവിടെയും മനസിലെ കാവും പൂരവും കാണാം.

തന്നാരം പാടുന്ന സന്ധ്യയ്ക്കു

ഞാനൊരു പട്ടു ഞൊറിയിട്ട

കോമരമാകും

തുള്ളി ഉറഞ്ഞു ഞാൻ

കാവാകെ തീണ്ടുമ്പോൾ

മഞ്ഞൾ പ്രസാദത്തിൽ ആറാടി

വരൂ കന്യകേ നീ കൂടെ പോരൂ

താരും തളിരും മിഴി പൂട്ടി

ദൂരെ ശ്യാമാംബരത്തിൻ നിറമായി

താരും തളിരും...

ചിലമ്പിലെ ‘പുടമുറി കല്യാണം’ എന്ന പാട്ടിലെ വരികളും ഭരതന്റേതാണ്. സംഗീതം സേപ്പച്ചന്റേതും.

ആതിരരാവിൽ താലിയുമായ് കുരവയിടാൻ

കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ ദേവി

വെറും ഒരു ടേപ്പ് റെക്കോർഡറുമായാണു ഭരതൻ പാട്ടിനു ട്യൂണിടുകയെന്നു കേട്ടിട്ടുണ്ട്. മനസിലെ ഈണം മൂളം. ടേപ്പ് റെക്കോർഡർ അതു പിടിച്ചെടുക്കും. എംടി വാസുദേവൻ നായർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്: ഭരതനോടു കഥ പറഞ്ഞാൽ വിഷ്വലും നിറവും ചേർത്ത് ഓരോ സീനും ഇങ്ങോട്ടു പറഞ്ഞു കൊണ്ടിരിക്കും.

ഭരതന്റെ ഗുരുവായൂർ കേശവൻ എന്ന സിനിമയിൽ പി. ഭാസ്കരൻ എഴുതിയ വരികൾ സംവിധായകന്റെ ഫ്രെയിമുകൾക്കും യോജിക്കും.

ഇന്നെനിക്കു പൊട്ടു കുത്താൻ

സന്ധ്യകൾ ചാലിച്ച സിന്ദൂരം

ഇന്നെനിക്കു കണ്ണെഴുതാൻ

വിണ്ണിലെ നക്ഷത്രമഷിക്കൂട്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.