Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലർ ചൂടി വിജയ്; ജനലരികിൽ ജയേട്ടനും

എച്ച്. സുരേഷ്
p-jayachandran-vijayyesudas

‘ഒരു നാൾ ഞാനും അപ്പയെപ്പോലെ വളരും വലുതാകും’ എന്നു വിജയ് യേശുദാസ് എന്നെങ്കിലും പാടിയിട്ടുണ്ടാകുമോ? എങ്കിലിതാ ഇപ്പോൾ പാട്ട് യാഥാർത്ഥ്യമായി. അച്ഛനെ പോലെ വളർന്ന്, ആദ്യമായി ആ കസേരയിൽ ഇരുന്നു വിജയ്. വിജയ്‌യുടെ അച്ഛൻ യേശുദാസ്, 57 വർഷം മുൻപ് വായ്പാട്ടിന് ഒന്നാം സമ്മാനം നേടിയ യുവജനോൽസവത്തിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഇരിക്കാലക്കുട സ്കൂളിലെ ജയചന്ദ്രൻ എന്ന കുട്ടിയും ഒപ്പമുണ്ട്, ആ സ്ഥാനം തെറ്റാതെ നമ്മുടെ ജനലരികിൽ തന്നെ. ഈ ആൺസ്വരങ്ങളുടെ വർഷമാണ് 2015. മലരിന്റെയും മൊയ്തീന്റെയും വർഷം കൂടിയാണിത്. ഒരു തലമുറയുടെ മുഴുവൻ മനസിൽ മലർക്കുളിരു പടരുമ്പോൾ പാടുന്നു വിജയ്:

കുളിരേകും കനവെന്നിൽ കതിരാടിയ കാലം

മനതാരിൽ മധുമാസം തളിരാടിയ നേരം

അകമരുവും മയിലിണകൾ തുയിലുണരും കാലം

എന്നകതാരിൽ അനുരാഗം പകരുന്ന യാമം

അഴകേ...അഴകിൽ തീർത്തൊരുശിലയഴകേ

മലരേ..എന്നുയിരിൽ വിടരും പനിമലരേ..

ജോർജിന്റെ പ്രേമമല്ല മൊയ്തീന്റെ പ്രേമം. അതു കാഞ്ചനയ്ക്കു മാത്രമുള്ളതാണ്. ഒരു മഴ ചൂടി മൊയ്തീനും കാഞ്ചനയും കണ്ണോണ്ടു ചൊല്ലുകയും മിണ്ടാണ്ടു മിണ്ടുകയും ചെയ്യുമ്പോൾ നാം കേൾക്കുന്നത് വിജയും ശ്രേയയും ചേർന്നുള്ള ഗാനമാണ്:

ആറ്റിറമ്പിൻ തൂവരമ്പും

വീശും കാറ്റിൻ കാതിൽ

ഏതോ കാര്യം ചൊല്ലി, മെല്ലെ

ആർത്തു പെയ്തൂ ആദ്യാനുരാഗം

മീട്ടുമേതോ പാട്ടെന്ന പോലെ

വിജ‌യ്‌യുടെ ഈ വർഷത്തെ ഏറ്റവും പ്രശസ്തമായ ഗാനങ്ങൾ ഇവ രണ്ടുമാണ്. ചെറിയ ചില പാട്ടുകളിലൂടെ സ്വരം കേൾപ്പിച്ചു നിന്ന വിജയ് മെല്ലെ ശക്തമായ ശബ്ദസാന്നിധ്യമാവുകയാണ്. മെലഡികൾ പാടാൻ സംഗീത സംവിധായകർ ആദ്യം ഓർക്കുന്നതു വിജയിന്റെ സ്വരമാകും ഇനി. എഴുപതുകൾക്കൊടുവിലും എൺപതുകളിലും യേശുദാസിൽ നിന്നു കേട്ട ആ പ്രണയാർദ്ര സ്വരം വിജയ് സ്വന്തമാക്കിയതാവാം ഈ ഇഷ്ടത്തിനു കാരണം. ജോൺസന്റെ, ശ്യാമിന്റെ, ജെറി മാഷുടെ, എം.ജി.രാധാകൃഷ്ണന്റെ പാട്ടുകളിൽ കേട്ട അതേ ആർദ്രത. അതേ സ്വരചേർച്ച.

അതു കൊണ്ടാവാം സോളോ ആയും ഡ്യൂറ്റ് ആയും ഇക്കൊല്ലം ഏറ്റവും കൂടുതൽ ഹിറ്റ് പാട്ടുകൾ കേട്ടത് വിജ‌യ്‌യുടെ സ്വരത്തിലായിരുന്നു. എന്നും എപ്പോഴും എന്ന സിനിമയിലെ പുലരിപ്പൂപ്പെണ്ണേ, ഇവൻ മര്യാദരാമനിലെ ചൂളിചൂളമിട്ടു പാഞ്ഞു പോകും തീവണ്ടി, 100 ഡേയ്സ് ഓഫ് ലവിലെ ഹൃദയത്തിൻ നിറമായ്, പ്രണയത്തിൻ ദലമായ്, പിക്കറ്റ് 43ലെ മാരിമഴ മാഞ്ഞു പോയി എന്നിവ ഇതിൽ ചിലതാണ്.

ഒരിക്കൽ വിജയ് ട്വിറ്ററിൽ കുറിച്ചു: ഇന്നു ദീപകിന്റെ ഒരു പാട്ടു പാടി. ഗ്രാൻഡ്മാസ്റ്ററിലെ അകലെയോ നീ അകലെയോ എന്ന ഗാനത്തിനു ശേഷം ഒന്നിച്ച പാട്ട്. അതു മാസങ്ങൾക്കു ശേഷം പുറത്തു വന്നു. ലാവൻഡർ എന്ന സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും റഫീഖ് അഹമ്മദിന്റെ വരികൾ ഓർത്തു വയ്ക്കും:

അനാദിയുഗങ്ങളായ്

വിമൂകരമൊരോർമയിൽ

വിഹായസിലേകനായ്

പുരാതന കാമുക

ഒരു പാടും കാതം ദൂരെ

അലയുന്നു നീ എരിയുന്നു നീ

പാട്ടിൽ, സിനിമയിൽ ഇങ്ങനെ തലമുറ മാറുമ്പോൾ മഴയത്തും വെയിലത്തും മാറാത്ത ഭംഗിയുള്ള ഒരു സ്വരം ഇക്കൊല്ലവും നമുക്കരികിലിരുന്നു പാടി. എന്നു നിന്റെ മൊയ്തീനിൽ രമേശ് നാരായണൻ ഈണിട്ട ‘ശാരദാംബരം’ എന്ന പാട്ടിന്റെ യു ട്യൂബ് വീഡിയോ കാണാം. വടക്കുംനാഥന്റെ മുറ്റത്തെ ഇലഞ്ഞിച്ചോട്ടി‍ൽ പെരുവനത്തിനു ചെവിയോർത്തു നിൽക്കുന്ന ഒരു കൊമ്പനെപ്പോലെ. നരച്ച മീശ പിരിച്ചു വച്ച് ഇടത്തേ കാൽ വലതു തുടയ്ക്കു മുകളിൽ കയറ്റി വച്ച് ഇരിക്കുകയാണ് ജയചന്ദ്രൻ. ആ തലയെടുപ്പിലും ആർദ്രത പകരുന്ന സ്വരം. എല്ലാക്കാലത്തും ജയചന്ദ്രൻ ഇങ്ങനെയാണ്. ഓരോ വർഷവും വളരെക്കുറച്ചേ ഉണ്ടാകൂ, പക്ഷേ ഇതൊക്കെയും ജനപ്രിയങ്ങളായിരിക്കും. ഇത്തവണയും പതിവു തെറ്റിച്ചില്ല.

പാപ ലീലാലോനാവാൻ

ശാപമോ വരദാനമോ

പിന്നിലെ വായ്ത്താരികൾക്കായ്

മൂകമാം പകർന്നാട്ടമോ

നിയോഗമാം തിരുമുടി ചൂടുക

ലഹരിയിലാടുക ഇനിയും

എന്നാണു ജയചന്ദ്രന്റെ സ്വരത്തിനു വേണ്ടി റഫീഖ് അഹമ്മദ് എഴുതിയത്, കളിയച്ഛൻ എന്ന സിനിമയ്ക്കു വേണ്ടി ബിജിബാൽ അതിന് ഈണം നൽകി. ചെറിയ ഇടവേളയ്ക്കു ശേഷം ‘പ്രേമിക്കുമ്പോൾ നീയും ഞാനും’ എന്ന പാട്ടിലൂടെ ജയചന്ദ്രനെ തിരികെ കേൾപ്പിച്ചത് ബിജിബാലാണ്. പ്രേമിച്ചു പോകുന്ന ആ സ്വരത്തെ പോയകാലത്തിന്റെ പ്രിയപ്പെട്ട ഓർമയായി സംഗീത സംവിധായകർ ഉപയോഗിക്കുന്നു. 1983ൽ സിനിമയ്ക്കു വേണ്ടി ഓലഞ്ഞാലിക്കുരുവി പാടുമ്പോൾ മുപ്പതു വർഷം പിന്നോട്ട് നാം നടക്കുന്നു. സന്തോഷ് വർമയുടെ ‘എന്റെ ജനലരികിലിന്ന് ഒരു ജമന്തിപ്പൂവിരിഞ്ഞു’(സു സു സുധീ വാൽമീകം) എന്ന പാട്ടും ഓർമിപ്പിക്കുന്നത് മെ‍ലഡിയുടെ പഴയ പൂക്കാലത്തെയാണ്. വർഷം തീരാനാവുമ്പോൾ റോക്ക് സ്റ്റാർ എന്ന സിനിമയിലെ പാട്ടു കേട്ടു, കാണുകയും ചെയ്തു. നരച്ച മീശ അപ്പോഴും പിരിച്ചു വച്ചിട്ടുണ്ട്. പക്ഷേ സ്നേഹത്തോടെയുള്ള ഒരു ഉപദേശമാണ് ആ പാട്ട്:

‘അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം’ എന്ന ഓർപ്പെടുത്തൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.