Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നു മൊയ്തീന്റെ, മഴയുടെ ഗോപിസുന്ദർ

എച്ച്. സുരേഷ്
Ennu Ninte Moideen

സച്ചിൻ തെണ്ടുക്കർ ബാറ്റ് ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ ഒരു തകർപ്പൻ സംഗീതം കൂടിയുണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയിട്ടുണ്ട്. ലൈവ് മ്യൂസിക് അന്നു ക്രിക്കറ്റിലില്ലല്ലോ? ഐപിഎൽ എന്ന സംഗീതനാടക പരിപാടി അരങ്ങേറിയപ്പോഴാണു പാട്ടും നൃത്തവും ക്രിക്കറ്റിന്റെ ഭാഗമായത്. അതിനു മുൻപായിരുന്നു സച്ചിന്റെ മനോഹരകാലം. ആ സ്ട്രെയിറ്റ് ഡ്രൈവിന്, പുൾ ഷോട്ടിന്, ശുഐബ് അക്തറിനെ സിക്സറടിച്ച പ്രശസ്തമായ അപ്പർ കട്ടിനൊക്കെ അകമ്പടയായി ചടുല താളമുണ്ടായിരുന്നെങ്കിൽ... ആ വിഷമം മാറിയത് 1983 എന്ന സിനിമ കണ്ടപ്പോഴാണ്. കൊയ്തൊഴി‍ഞ്ഞ പാടത്തെ പിച്ചിൽ മുണ്ടു മാടിക്കുത്തി രമേശൻ അടിച്ച സിക്സറുകൾക്കും മകൻ കണ്ണൻ സിലക്ഷൻ ട്രയൽസിൽ കളിച്ച സ്ട്രെയിറ്റ് ഷോട്ടുകൾക്കും ചടുല സംഗീതത്തിന്റെ അകമ്പടിയുണ്ടായിരുന്നു. ആ സംഗീതത്തിനു ചേർന്ന ഒരു പാട്ടും ഇടയ്ക്കിടെ ആ സിനിമയുടെ പശ്ചാലത്തലത്തിൽ ഉയരുന്നുണ്ട്.

നെ‍ഞ്ചിലേ നെഞ്ചിലേ

ഓരോ ഇന്ത്യൻ എന്നും പാടും

പാട്ടിൻ താളം എന്റെ നെഞ്ചിലേ

ഒന്നിച്ചൊറ്റ കൊടിക്കീഴേ ഉശിരുമായ്

കൈയും മെയ്യും കൊരുക്കുന്നു നാം

നെ‍ഞ്ചിലേ നെഞ്ചിലേ...

ആ പശ്ചാത്തല സംഗീതം ഗോപിസുന്ദർ എന്ന സംഗീത സംവിധായകനു ദേശീയ സിനിമാ പുരസ്കാരം നേടിക്കൊടുത്തു. സിനിമയുടെ ആയത്തിനും വേഗത്തിനും ചേർന്ന സംഗീതം എന്നാണു പുരസ്കാര നിർണയ സമിതി ഗോപിസുന്ദർ വിലയിരുത്തിയത്. സംവിധായകനും തിരക്കഥാകൃത്തിന്നും ക്യാമറാമാനും എഡിറ്റർക്കുമൊപ്പം സിനിമയുടെ ആദ്യം മുതൽ ശുഭം വരെ മനസു കൊണ്ടു സഞ്ചരിച്ചു ചെയ്യേണ്ട ജോലിയാണു പശ്ചാത്തല സംഗീത സംവിധാനം എന്നാണ് അവാർഡ് നേടിയ ശേഷം ഗോപിസുന്ദർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

അതൊക്കെ വീണ്ടും ഓർക്കാനും എഴുതാനും കാരണമായത് ‘എന്നു നിന്റെ മൊയ്തീൻ’ എന്ന സിനിമയാണ്. മൊയ്തീനെയും കാഞ്ചനമാലയെയും പോലെ മഴയെയും ഇരുവഴിഞ്ഞിപുഴയെയും പോലെ, അവരുടെ പ്രണയം പോലെ തുടക്കം മുതൽ മരണം കഴിഞ്ഞും കൂടെപ്പോരുന്ന ഒരു പാട്ടാണ്.

എന്നിലെ എല്ലിനാൽ...

എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ

മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ

എന്നിലെ റൂഹിലെ പകുതിയല്ലേ

എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ

എന്നിലെ വെളിച്ചവും നീയേ

മുത്തായ് നീ മിന്നണ മാലയല്ലേ

എന്നിലെ ഇഷ്കിന്റെ നൂറേ

ആരും കാണാ ഒളിയും നീയേ

എന്റെ കിത്താബിലേ പെണ്ണേ

ചങ്ങമ്പുഴയുടെ കവിതാപുസ്തകത്തിൽ പലയിടത്തായി പല അക്ഷരങ്ങൾ ചുവന്ന മഷി കൊണ്ടു രേഖപ്പെടുത്തി, അജ്ഞാതകാമുകൻ താനാണെന്നു മൊയ്തീൻ വെളിപ്പെടുത്തുന്നതു മുതൽ ഇരുവഴിഞ്ഞിപുഴ മൊയ്തീനെയും കൊണ്ട് അറബിക്കടലിലേക്കു യാത്ര പോകുന്നതു വരെ ആ പാട്ട് പശ്ചാത്തലമായി പെയ്യുന്നു, അവരുടെ പ്രണയത്തിലെ മഴ പോലെ.

Ennu Ninte Moideen

സിനിമയിലുനീളം മഴയുണ്ട്. ഒപ്പം ആ പാട്ടും.

മൊയ്തീനും കാഞ്ചനയും പ്രണയിക്കുമ്പോൾ, ഒന്നിക്കാനുള്ള അവരുടെ ആഗ്രഹം ഓരോ തവണയും വേറിടുമ്പോൾ മഴ പെയ്യുന്നു. ബാപ്പയുടെ കുത്തേറ്റു മൊയ്തീൻ വീഴുമ്പോഴും മഴയുണ്ട്, ആ പാട്ടും.

ഒടുവിൽ, നാട്ടുവിട്ടുള്ള യാത്രയ്ക്കു പാസ്പോർട്ടു വാങ്ങി മൊയ്തീൻ ബസിലിരിക്കുമ്പോൾ തെളിഞ്ഞ ആകാശത്തിൽ എവിടെ നിന്നോ ഒരു മഴത്തുള്ളി മൊയ്തീനെ വന്നു തൊടുന്നു. മുക്കത്തേക്കുള്ള കടത്തുവഞ്ചിയിലിരിക്കുമ്പോഴും ഒരു മഴത്തുള്ളി വന്നു തൊട്ടുപോയി. ആ ദുരന്തത്തെക്കുറിച്ച് ആദ്യമറിഞ്ഞതു പോലെ.

മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം പോലെ, ആ പാട്ട് ഒരിക്കലും പൂർണമായി പാടുന്നില്ല.

എപ്പോഴെക്കെയോ മുഹമ്മദ് മഖ്ബൂലിന്റെ സ്വരത്തിൽ അല്ലെങ്കിൽ വയലിനിൽ, ഗീറ്റാറിൽ, സാക്സിൽ; ആ കിത്താബിലെ പെണ്ണു നമുക്കു മുന്നിലൂടെ കടന്നു പോകുന്നു.

മെട്രോ മനോരമ ഒരിക്കൽ മലയാളത്തിലെ യുവസംഗീതസംവിധായകരോട് അവർക്കു പ്രിയപ്പെട്ട പശ്ചാത്തല സംഗീത്തെക്കുറിച്ചു ചോദിച്ചു.

ഗോപിസുന്ദറും ദീപക് ദേവും ബിജിബാലും രതീഷ് വേഗയും പറഞ്ഞത് ഒരേ പേരാണ്: ജോൺസൺ...!!!

Gopi Sunder - Johnson Master ഗോപിസുന്ദർ - ജോൺസൺ

പ്രതികാരം ഉള്ളിലിട്ട് ഊതിയൂതി വളർത്തിയ നായകന്റെ ഉള്ളുകാട്ടുന്ന താഴ്‌വാരത്തിലെ പെരുമ്പറയാണു ബിജിബാലിന് ഇഷ്ടപ്പെട്ടത്. സിനിമയുടെ കാഴ്ചയെ, സംഭാഷണത്തെ ശല്യപ്പെടുത്താതെ ലയിച്ചു ചേർന്ന ദശരഥത്തിലെ സംഗീതമാണു ദീപക് ദേവിനു പ്രിയപ്പെട്ടത്. വീണയും മൃദംഗവും തബലയും കൊണ്ടു മണിചിത്രത്താഴിലെ ദുരൂഹതയും ഭയവും പുറത്തു കൊണ്ടു വന്ന സംഗീതമാണു ഗോപിസുന്ദറിനു പ്രിയപ്പെട്ടത്. ബ്യൂട്ടിഫുൾ എന്ന സിനിമയ്ക്കു വേണ്ടി കടമെടുത്ത തൂവാനത്തുമ്പികളിലെ സംഗീതമാണു രതീഷ് വേഗയ്ക്കു പ്രിയം.

തൂവാനത്തുമ്പികൾ എന്ന സിനിമ ഇന്നു കാണുമ്പോഴും ജയകൃഷ്ണനും ക്ലാരയ്ക്കുമൊപ്പമുള്ള മഴ പോലെ ജോൺസൻ മനസിൽ നിറയുന്നു. മൊയ്തീനെ കണ്ടു തിയറ്റർ വിട്ടപ്പോൾ, മൊയ്തീനും കാഞ്ചനമാലയ്ക്കും മഴയ്ക്കുമൊപ്പം ഗോപിസുന്ദറിന്റെ ആ പാട്ടും കൂടെ വന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.