Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കണ്ണീരിൽ ഞാൻ നനഞ്ഞു

എച്ച്. സുരേഷ്
Balettan

എഴുതി നിറച്ച ഒരു പുസ്തകത്താൾ മറിക്കും പോലെ, മണലിൽ ആഴത്തിൽ പതിഞ്ഞ കാൽപ്പാടുകളെ ഒരു തിര തൊട്ടും മായ്ക്കും പോലെ ഒരാൾ കടന്നു പോവുകയാണ്. ആ താൾ തിരിച്ചെടുക്കാനാവില്ല, ആ കാൽപാടുകളും. എങ്കിലും അതിൽ നിറയെ, കൂടെ നടന്നവർക്കുള്ള ഓർമകളാണ്.

ഒരിടത്ത് ഒരു ജ്യേഷ്ഠനും അനുജനുമുണ്ടായിരുന്നു എന്ന് എഴുതി തുടങ്ങി ലോഹിതദാസ്.

ഒരിടത്ത് ഒരു അച്ഛനും മകനുമുണ്ടായിരുന്നു എന്നു പറഞ്ഞാണ് കഥ തുടങ്ങിയത്. കഥാപാത്രങ്ങൾക്കും ചേരുംപടി നടീനടന്മാരെ നിശ്ചയിച്ചു സംവിധായകൻ സിബി മലയിൽ ഷൂട്ടിങ്ങിനൊരുങ്ങി. പൂജയ്ക്കു തൊട്ടു മുൻപാണ് അച്ഛന്റെയും മകന്റെയും കഥയ്ക്കു മറ്റൊരു സിനിമയുമായി സാമ്യമുണ്ടെന്നു കേട്ടത്. മാറ്റുകയല്ലേ നിവൃത്തിയുള്ളൂ.

കഥ മാറ്റാനേ കഴിയൂ, സിനിമ മാറ്റാൻ കഴിയില്ല.

Bharatham

കോഴിക്കോട് കടപ്പുറത്ത് ഏറെ നേരം മാനം നോക്കി കിടന്ന ലോഹിതദാസ് മനസിൽ നിന്ന് ഒരു കഥയെ പിടിച്ചെടുത്തു മുറിയിലെത്തി എഴുത്തു തുടങ്ങി: ഒരിടത്ത് ഒരു ജ്യേഷ്ഠനും അനുജനുമുണ്ടായിരുന്നു.

രാമനായിരുന്നു ജ്യേഷ്ഠൻ, മദ്യം അകം കീഴടക്കും വരെ. അനുഗ്രഹീത ഗായകൻ. ലക്ഷ്ണനെപ്പോലെ ആ കാൽപടുകളെ അനുഗമിച്ചിട്ടേയുള്ള അനുജൻ, കച്ചേരികളിലും ജീവിതത്തിലും. മദ്യം സംഗീതമായപ്പോൾ രാമൻ അന്യനായി. പിന്നെ സ്വയം വനവാസം സ്വീകരിച്ചു. തിരിച്ചറിയാത്ത ഒരു മൃതദേഹമായി ആ സംഗീതം അവസാനിച്ചു. വീട്ടിൽ ഒരു വിവാഹത്തിന്റെ ഒരുക്കം നടക്കുമ്പോഴാണ് ആ വാർത്ത അനുജനെ തേടിയെത്തുന്നത്.

വീട്ടിലറിയിക്കാൻ വയ്യ, കർമങ്ങളെല്ലാം ചെയ്യുകയും വേണം. ലക്ഷ്മണൻ ഭരതനായി. ജ്യേഷ്ഠനെ മനസിൽ ധ്യാനിച്ച് കടമകൾ മുഴുവൻ ഏറ്റെടുക്കുന്നു.

ഇന്ദ്രധനുസുകൾ മീട്ടി ദേവകൾ

ആദിനാമ ഗംഗയാടി രഘുപതി

രാമജയം രഘുരാമജയം

ശ്രീഭരതവാക്യ ബിന്ദു ചൂടി

സോദര പാദുക പൂജയിൽ ആത്മപദം

പ്രണവം വിടർന്നുലഞ്ഞുലഞ്ഞു സരയുവിൽ

മന്ത്ര മൃദംഗ തരംഗ സുഖം

ശരവേഗ തീവ്രതാളമേകി മാരുതിയായ്

ജ്യേഷ്ഠന്റെ ചിതയുടെ ചൂടു മുഴുവൻ മനസിലേറ്റു വാങ്ങി പാടുന്ന അനുജൻ, തിരക്കഥയിൽ എഴുതി വച്ച ഭരതഭാവം പൂർത്തിയാക്കുകയാണ് ഈ പാട്ടിലൂടെ കവി കൈതപ്രവും സംഗീത സംവിധായകൻ രവീന്ദ്രനും ഗായകൻ യേശുദാസും.

mohanlal3

വീട്ടിലെ മംഗളകർമം സമയത്തു നടക്കാൻ വേണ്ടി മാത്രം മറച്ചു വച്ച ആ സത്യത്തിന്റെ പേരിൽ ‘കൗസല്യയും കൈകേയിയും സുമിത്രയും’ ഭരതനെ പഴിക്കുന്നു, ശപിക്കുന്നു. എന്നാൽ സീത മാത്രം പറഞ്ഞു; ഇനിയെങ്കിലും ഒന്നു കരുഞ്ഞു കൂടെ നിനക്ക്. ഭരതം എന്ന സിനിമ. നെടുമുടി വേണവും മോഹൻലാലും അഭിനയിച്ച രംഗങ്ങൾ.

നെടുമുടിയും മോഹൻലാലും ഒന്നിച്ച മറ്റൊരു ചിത്രം. അച്ഛനും മകനുമാണ്.
വീട്ടിൽ മകന്റെ വക്കീലാണ് അച്ഛൻ. പക്ഷേ മകൻ പോലുമറിയാതെ മറ്റൊരു കുടുംബം അച്ഛനുണ്ടായിരുന്നു. ആ വിവരം അറിയിക്കുന്നതും അച്ഛൻ മരിച്ചു വീഴുന്നതും ഒരു പാട്ടിലൂടെ:

ഇന്നലെ എന്റെ നെഞ്ചിലെ മൺവിളക്കൂതിയില്ലേ

കാറ്റെൻ മൺവിളക്കൂതിയില്ലേ

കൂരിരുൾക്കാവിന്റെ മുറ്റത്തെ മുല്ലപോൽ

ഒറ്റയ്ക്കു നിന്നില്ലേ

ബാലേട്ടൻ എന്ന സിനിമയ്ക്കു വേണ്ടി ഈ ഗാനം സൃഷ്ടിക്കുമ്പോൾ സ്വന്തം അച്ഛനായിരുന്നു മനസിലെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ‘ഉള്ളിന്നുള്ളിൽ അക്ഷരൂപ്പുട്ടുകൾ ആദ്യം തുറന്നു തന്ന’ അച്ഛൻ.

ഈ വരികളെഴുതിയ ഗിരീഷ് പുത്തഞ്ചേരിക്ക്, പഴ്സിലെ അവ്യക്തമായ ഫോട്ടോയിലിരുന്ന് അനുഗ്രഹം ചൊരിയുന്നുയാളായിരുന്നു അച്ഛൻ. ഈ പാട്ടിനും യേശുദാസിന്റെ സ്വരം.

മകന്റെ മടിയിൽ കിടന്ന് അച്ഛൻ മരിക്കുന്ന രംഗം ഷൂട്ട് ചെയ്തു തീർത്തപ്പോൾ ഒറ്റപ്പാലത്തെ ലൊക്കേഷനിലേക്ക് ആ വാർത്ത സംവിധായകൻ വി.എം.വിനുവിനെ തേടിയെത്തി: അച്ഛൻ അൽപം മുൻപു മരിച്ചു.

ഉള്ളിനുള്ളിൽ അക്ഷരപ്പൂട്ടുകളാദ്യം തുറന്നു തന്നു

കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോൾ

കൈ തന്നു കൂടെ വന്നു

ജീവിതപ്പാതകളിൽ എന്നിനി കാണും നാം

മറ്റൊരു ജന്മം കൂടെ ജനിക്കാൻ പൂണ്യം പുലർന്നിടുമോ

ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ചെയ്ത മറ്റൊരു ഗാനം കൂടി ഇതു പോലെ ജയചന്ദ്രൻ മനസിൽ ചേർത്തു വച്ചിട്ടുണ്ട്. മോഹൻലാൽ തന്നെയാണ് ഇവിടെയും മകന്റെ വേഷത്തിൽ.

അച്ഛൻ മരിച്ചുവെന്ന സത്യം അമ്മയും അനുജനും കാണാതെ മനസിലൊളിപ്പിച്ചു വച്ചു ജീവിതത്തെ നേരിടുന്ന മകൻ.

മകൻ പറഞ്ഞ നുണയാണ്, അമ്മയുടെ നെറ്റിയിലെ സിന്ദൂരം എന്ന സത്യം. എല്ലാ ഭാരവും ചേർന്നു ശ്വാസം മുട്ടിക്കുമ്പോൾ മകൻ മനസു തുറന്നു സത്യത്തെ പുറത്തു വിട്ടു. സിന്ദൂരം എന്ന നുണയെ അമ്മ മായ്ച്ചു കളഞ്ഞു. കരഞ്ഞു തളർന്ന ആ ദിവസം ആദ്യമായ് മകനെ ശപിക്കാതെ അമ്മ ഉറങ്ങി.

പാർവണങ്ങൾ പടി ചാരുമൊരു മനസിൻ നടവഴിയിൽ

രാത്രിനേരമൊരു യാത്ര പോയ

നിഴലെവിടെ വിളി കേൾക്കാൻ

അമ്മേ സ്വയമെരിയാൻ ഒരു മന്ത്രദീക്ഷ തരുമോ?

എം.ജയചന്ദ്രന്റെ അമ്മ രോഗബാധിതയായി ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴാണ് ഗിരീഷിനൊപ്പം ഈ പാട്ടുമായി ഇരിക്കുന്നത്. സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ മാടമ്പി എന്ന സിനിമയിലെ രംഗം വിവരിച്ചപ്പോൾ ‘നിന്റെ അമ്മയ്ക്കു വേണ്ടി’ എന്ന വാക്കോടെ ഗിരീഷ് എഴുതി:

അമ്മ മഴക്കാറിനു കൺനിറഞ്ഞു

ആ കണ്ണീരിൽ ഞാൻ നനഞ്ഞു

മോഹൻലാലിന്റെ മുഖവും യേശുദാസിന്റെ സ്വരവും ഈ പാട്ടിനൊപ്പം ചേർന്നു വന്നതും യാദൃശ്ചികം മാത്രമായിരിക്കുമോ?

∙∙∙

ഒരിടത്ത് ഒരു അച്ഛനും മകനുമുണ്ടായിരുന്നു എന്നു തുടങ്ങിയ കഥ പിന്നീടു സത്യൻ അന്തിക്കാടിനു വേണ്ടി ലോഹിതദാസ് എഴുതി, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന പേരിൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.