Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയലിൻ മൂളും ഗായത്രി

എച്ച്. സുരേഷ്
Gayatri Asokan ഗായത്രി

ഒരു പുല്ലാങ്കുഴലിനും വയലിനുമൊപ്പമാണ് ആ പാട്ടിന്റെ യാത്ര . പുല്ലാങ്കുഴൽ പ്രതീക്ഷയുടെ ഈണം മൂളുമ്പോഴും ഉള്ളിലെ തേങ്ങലായി വയലിൻ വിങ്ങുന്നു . ഈ പാഴ്മുളം തണ്ടു പൊട്ടും വരെ ... ഈ ഗാനമില്ലാതെയാകും വരെ ...കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നിടും ... ഇടയന്റെ മനമാകൂമീ ... പുല്ലാങ്കുഴൽ നാദമായ് ...

പ്രണയമായാലും വിരഹമായാലും ദുഃഖമായാലും ആനന്ദമായാലും ഒൗസേപ്പച്ചന്റെ വയലിൻ ഒന്നു മൃദുവായി തലോടി കടന്നു പോകും. ചിലപ്പോഴൊക്കെ കഥാപാത്രങ്ങൾക്കൊപ്പവും ആ പുല്ലാങ്കഴലും വയലിനും സഞ്ചരിക്കും. ഉണ്ണികളെ ഒരു കഥ പറയാം എന്ന് പാടുമ്പോൾ നായകന്റെ ചുണ്ടിൽ ഒരു പുല്ലാങ്കുഴലുണ്ട്. നീ എൻ സർഗ സൗന്ദര്യമേ എന്ന് ആദ്യം പാടുന്നതു വയലിനിലാണ്.

ഒൗസേപ്പച്ചന്റെ വയലിൻ തന്ത്രികൾ പോലെ മൃദുവാണു ഗായത്രിയുടെ സ്വരവും. ഒരു തുളസിക്കതിർ ചൂടി മുന്നിൽ വന്നു നിൽക്കുന്ന പാട്ടുകൾ. ഇരുവരും ചേർന്നു മനോഹരമാക്കിയ ഒരു ഗാനമുണ്ട്. യമുനകല്യാണി ശാന്തമായി ഒഴുകുന്ന പാട്ട്.

എന്തേ നീ കണ്ണാ

എന്തേ നീ കണ്ണാ എനിക്കെന്തേ തന്നീല

കൃഷ്ണ തുളസിക്കതിരായീ ജന്മം

എന്തേ നീ കൃഷ്ണാ

എന്തേ നീ കൃഷ്ണാ എന്നെ നീ കണ്ടീല

ഇങ്ങു കഴിയുന്നു പാവമീ ഗോപിക

ഷിബു ചക്രവർത്തിയുടേതാണു കവിത. സസ്നേഹം സുമിത്ര എന്ന സിനിമയ്ക്കു വേണ്ടി ഒരുക്കിയ ഗാനമാണിത്. വയലിൻ തന്ത്രികളിൽ നിന്നു വരുന്ന സ്വരം പോലെ മനോഹരമാണു മൂന്നാറിന്റെ പ്രഭാതങ്ങളും. വളരെ സ്നേഹത്തോടെയാണു മഞ്ഞുതുള്ളികൾ വന്നു തൊടുന്നത്. ചേർത്തു പിടിക്കാൻ തോന്നും. വെയിൽ വന്നുദിച്ചാലും ആ തണുപ്പു ബാക്കി നിൽക്കും. അയാളും ഞാനും തമ്മിൽ എന്ന സിനിമയ്ക്കു വേണ്ടി വയലാർ ശരത് എഴുതിയ കവിതയോടും അതു പോലെ സ്നേഹം തോന്നും. ചേർത്തു പിടിക്കാൻ തോന്നും. മഞ്ഞുതുള്ളിയുടെ സ്നേഹവും നനവുമുണ്ട് ഒൗസേപ്പച്ചന്റെ ഈണത്തിനും ഗായത്രിയും സ്വരത്തിനും.

മൗനമഞ്ഞിൻ കൈകൾ വന്നെഴുതുന്നോ

സ്നേഹനനവുള്ളൊരീ സൂര്യജാതകം

ഒരു നിശബ്ദ പ്രഭാതത്തിലേതു പോലെ, സഹയാത്രികരായി അധികം ഉപകരണങ്ങളില്ലാതെയാണ് ആ പാട്ടിന്റെ യാത്ര. ആലാപനത്തിന്റെ കയറ്റിറക്കങ്ങൾ എത്ര മനോഹരമായാണു ഗായത്രി പിന്നിടുന്നത്.

കന്നിവെയിൽ നിന്നെ പുൽകി വരുന്നോ

ഉരുകുന്നൊരീ ഉയിരിൻ കരം

ഇണങ്ങിയും പിണങ്ങിയും

കഴിഞ്ഞൊരീ യാത്രയിൽ

വിതുമ്പിയോ ഹൃദയങ്ങളെ

തുള്ളി മഞ്ഞിനുള്ളിൽ പൊള്ളിയുറഞ്ഞൂ

തങ്കലിപിയുള്ളൊരീ സൂര്യജാതകം

നിൻമണി തൻ നെഞ്ച് നീറുകയാണോ

നിറമാർന്നൊരീ പകലിൻ മുഖം

ഒൗസേപ്പച്ചന്റെയും ഗായത്രിയുടെയും കൂട്ടുകെട്ടിൽ വേണുഗോപാൽ കൂടി ചേർന്നാലോ. ഒരു മന്ദഹാസം കൂടി വിടരും.

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ

തൊട്ടു വിളിക്കൂ

താഴിട്ടു പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ

മുട്ടി വിളിക്കൂ

എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളു

മണിവിരലിനാൽ താളമിടൂ

മെല്ലെ മെല്ലെ എന്നെ നീയുറക്കൂ....

മുല്ലവള്ളിയും തേൻമാവും എന്ന സിനിമയ്ക്കു വേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾ. ഒരു ചുമരിനപ്പുറമിപ്പുറം നിന്നുള്ള സംഭാഷണം പോലെ മാറി മാറി വരികയാണ് വേണുഗോപാലിന്റെയും ഗായത്രിയുടെയും സ്വരങ്ങൾ.

വെയിലേറ്റു വാടുന്ന പൂവു പോലെ

പൂങ്കാറ്റിലാടും കടമ്പു പോലെ

ഒരു കടൽ പോലെ നിൻ കാലടിയിൽ

തിരനുര കൈകളും നീട്ടി നിൽക്കൂ

എന്നിട്ടും എന്നിട്ടും നീയെന്തേ തന്നീല

നെറുകയിലൊരു മുത്തം

ഒരു താരാട്ടു മൂളൽ പോലെ വരികൾക്കിടയിൽ ഒൗസേപ്പച്ചന്റെ മറ്റൊരു ഗാനം വരുന്നുണ്ട്. വേണുഗോപാൽ തന്നെ പാടിയ ഗാനം.

പൂക്കാലം വരവായ് എന്ന സിനിമയ്ക്കു വേണ്ടി കൈതപ്രം എഴുതിയത്

ഏതോ വാർമുകിലിൻ

കിനാവിലെ മുത്തായ് നീ വന്നു

ഓമലേ ജീവനിൽ

അമൃതേകാനായ് വീണ്ടും

എന്നിലേതോ ഓർമകളായ്

ഓർമകളായ്

നിലാവിൽ മുത്തായ് നീ വന്നൂ

പാട്ടുപ്പൊരുത്തം ഒത്തു ചേരുന്നത് അപൂർവമാണ്.

ഒൗസേപ്പച്ചനു ഗായത്രിയും വേണുഗോപാലും ചേരുന്ന ഒരു പാട്ടു മാത്രമാണ് മലയാളത്തിനു ലഭിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.