Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയും പാടും ഗുലാം അലി

എച്ച്. സുരേഷ്
Ghulam Ali ഗുലാം അലി

നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരൻ ഞാൻ

വിലാപത്തിൻ നദിപോലിരുണ്ടൊരീ–

പ്പാത താണ്ടുമ്പോൾ, ദൂരെ മാളികയുടെ

കിളിവാതിലിൻ തിരശീല പാളിയോ

(ഗസൽ / ബാലചന്ദ്രൻ ചുള്ളിക്കാട്)

വിഷാദമായിരുന്നു ജഗ്ജിത് സിങ്ങിന്റെ മുഖം. ഏതു ഗസലിനു മുകളിലും വിഷാദത്തിന്റെ പുതപ്പു വിരിച്ചിരുന്നു ജഗ്ജിത്. ഒരു പക്ഷേ ജഗ്ജിതിന്റെയും ചിത്രയുടെയും ജീവിതത്തിൽ എഴുതപ്പെട്ട ദുഖാർദ്രമായ വരികളായിരിക്കാം അതിനു കാരണം. വിഷാദത്തിന്റെ നിറമുള്ള വരികൾ ആ ജീവിതത്തിൽ തുടർന്നു കൊണ്ടേയിരുന്നു. ഗുലാം അലിയുടെ ചെറിയ മീശയുടെ അടിയിൽ എന്നും ഒരു ചിരി വിടർന്നു നിൽക്കാറുണ്ട്. പ്രണയത്തിന്റെ കൊളുത്തുള്ള ചിരി.

ചുപ്കേ ചുപേ രാത് ദിൻ

ആസൂ ബഹാനാ യാദ് ഹേ

ഹംകോ അബ് തക് ആഷിഖി കാ

വോ സമാനാ യാദ് ഹേ

പ്രശസ്തമായ വരികൾ കേട്ടിരിക്കുമ്പോൾ, ഗായകനെ കണ്ടില്ലെങ്കിലും ചുണ്ടിൽ നേർത്തു നിൽക്കുന്ന ആ ചിരി മനസിൽ കാണാം. ഒരു ഗസൽ പോലെ, കലർപ്പില്ലാത്ത പ്രണയത്തിന്റെ പൂവാണത്. നിലാവാണോ, നിൻ മുഖമാണോ അതെന്നു സംശയിച്ച കവിയെപ്പോലെ.

പ്രണയത്തിന്റെ ആ ദിനങ്ങളെക്കുറിച്ചു പാടുമ്പോൾ ഒരു വിഷാദമല്ല, സുഖമുള്ള നോവാണു ഗായകന്റെ മുഖത്ത്.

കൽ ചൗദ്‌വി കി രാത് ഥി

ഷബ്ബർ രഹാ ചർച്ചാ തേരാ

കൽ ചൗദ്‌വി കി രാത് ഥി

ഷബ്ബർ രഹാ ചർച്ചാ തേരാ

കുഛ്നേ കഹാ യേ ചാന്ദ് ഹേ

കുഛ്നേ കഹാ ചെഹ്‌രാ തേരാ

ഗുലാം അലിക്കുള്ള വിലക്ക് ഇന്ത്യയിൽ ഇത് ആദ്യമല്ല. പാക്കിസ്ഥാൻ വെടിയുണ്ട ഭാഷയിൽ സംസാരിച്ചപ്പോൾ പ്രണയത്തിന്റെ ഭാഷ സംസാരിക്കുന്ന ഗായകന് ഇന്ത്യയിൽ, മുംബൈ നഗരത്തിൽ തന്നെ തടസമുണ്ടായിട്ടുണ്ട്. അതിനിടെ ഒരിക്കൽ കൊച്ചിയിൽ വന്നപ്പോൾ സദസിനോടു ഗുലാം അലി പറഞ്ഞു: ‘കലാകാരൻമാർക്കിടയിൽ എന്തു വിലക്ക്. കഴിഞ്ഞ 26 വർഷത്തിനിടയിൽ ഇന്ത്യയുടെ പല ഭാഗത്തും ഞാൻ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ പ്രഗൽഭരായ സംഗീതജ്‌ഞർ പാക്കിസ്‌ഥാനിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഉണ്ടായിരുന്ന എതിർപ്പുകളും വിലക്കുകളും ഇപ്പോൾ കുറഞ്ഞു വരുന്നുണ്ട്. ഇത് ഇനിയും കുറയണം. എല്ലാ വിലക്കുകൾക്കും ഭേദങ്ങൾക്കും അപ്പുറമാണ് സംഗീതം’.

യേ ബാതേ ഝൂട്ടീ സീ ബാതേ ഹേ

യേ ലോഗോ നേ ഫയലായാ ഹേ

ഗുലാം അലിക്ക് അങ്ങനെ ധൈര്യമായി പാടാം. അലി 1940 ഡിസംബർ അഞ്ചിനു സിയാൽക്കോട്ടിൽ ജനിക്കുമ്പോൾ ഒരൊറ്റ ഇന്ത്യ മാത്രമേയുണ്ടായിരുന്നുള്ളൂ. പാക്കിസ്ഥാൻ എന്ന പേരിൽ ഭാഗം വച്ചു പിരിഞ്ഞു പോയിട്ടില്ല. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പട്യാല ഖരാനയുടെ ഗുരു ബഡേ ഗുലാം അലി ഖാനു കീഴിൽ വിദ്യാരംഭം. അവിടെ നിന്നാണ് ഇന്നത്തെ ഗുലാം അലിയിലേക്കുള്ള വളർച്ച.

Ghulam Ali

പ്രിയ സുഹൃത്ത് ജഗ്ജിത് സിങ്ങിന്റെ ഓർമയ്ക്കായി മുംബൈയിൽ അവതരിപ്പിക്കാനിരുന്ന ഗസൽ രാത്രിയാണു വിലക്കിന്റെ പേരിൽ നടക്കാതെ പോയത്. ലക്നോവിലും കൊൽക്കത്തയിലും ഡൽഹിയിലും അരങ്ങൊരുങ്ങിയാലും ജഗ്ജിത്തിന്റെ പേരിലുള്ള ആ സന്ധ്യ ഉണരാതെ പോയത് അലിയെ ഏറെ വേദനിപ്പിക്കും. ചുപ്കേ ചുപ്കേ, കൽ ചൗദ്‌വി കി രാത് ഥീ തുടങ്ങിയ ഗസലുകൾ ഇരുവരും തങ്ങളുടേതായ വ്യത്യസ്തമായ ശൈലിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പരസ്പരം ആസ്വദിച്ചിട്ടുണ്ട്. എന്നിട്ടുമെന്തിന് വെറുതേ.... കവി പാടിയതു പോലെ, സ്നേഹത്തിന്റെ വീഞ്ഞു കുടിച്ചു എന്ന കുറ്റം മാത്രമല്ലേയുള്ളൂ...

ഹംഗാമ ഹേ ക്യാ ബർപ

തോടി സി ജോ പീ ലീ ഹേ

ഡാക്കാ തോ നഹീ ഡാലാ

ചോരി തോ നഹീ കീ ഹേ

മുംബൈയിലെ വേദിയിലിരുന്നു പാടുന്നതിനു മാത്രമേ ഗുലാം അലിയെ വിലക്കാനായിട്ടുള്ളൂ. അസംഖ്യം റേഡിയോ സ്റ്റേഷനുകളിൽ, മൊബൈൽ ഫോണുകളിൽ, വണ്ടികളിലെയും വീടുകളിലെയും പാട്ടു പെട്ടികളിൽ ഗുലാം അലി പാടുന്നു, പാടിക്കൊണ്ടേയിരിക്കുന്നു.

ഗസൽ എന്ന കവിതയിൽ, രാത്രിസത്രത്തിന്റെ ഗാനശാലയിലിരുന്നു പാടുന്ന ഗുലാം അലിക്കു പിന്നിലെ കലണ്ടർത്താളുകളിൽ നിന്നു നഷ്ടപ്പെട്ട ദിനങ്ങളുടെ കണക്കെടുപ്പു നടത്തുന്ന ചുള്ളിക്കാട് പിന്നെയും പാടുന്നു:

ജാലകമടച്ചു നീ സ്വർഗചന്ദ്രികയുടെ–

യേകരശ്മിയുമൂതിക്കെടുത്തി മറഞ്ഞല്ലോ

പഥതാരവും മേഘഗ്രസ്തമായ്,

മൃതിയുടെ തിമിരഗൃഹത്തിലേക്കെത്രയുണ്ടിനി ദൂരം?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.