Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരി, പ്രണയത്തിന്റെ ചരണം

എച്ച്.സുരേഷ്
haricharan

പതിനേഴാം വയസിൽ കാതൽ എന്ന സിനിമയിൽ പാടുമ്പോൾ, കാതലിനെക്കുറിച്ച്, പ്രണയത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നുവെന്നു പറയുന്നു ഗായകൻ ഹരിചരൺ. 

‘‘ഏതു കരിരാവിലും ഒരു ചെറുകസവിഴ തുന്നും കിരണമേ 

ഈ ഹൃദയവാതിലിൻ പഴുതിലുമൊഴുകി വരൂ’’ എന്നു പാടിയ ഗായകനു പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? 

അന്നു കർണാടക സംഗീതം മാത്രമായിരുന്നു ഹരിചരന്റെ ലോകം. കർണാടക സംഗീത സഭ നടത്തിയിരുന്നു മുത്തച്ഛൻ പി.എസ്. ഗണപതി, ആകാശവാണിയിലെ ബി ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു അച്ഛൻ ജി. ശേഷാദ്രി. ആ പാരമ്പര്യത്തിനു തുടർച്ചക്കാരനായി പാലക്കാട് കെ.വി. നാരായണസ്വാമിക്കും പി.എസ്. നാരായണസ്വാമിക്കും കീഴിൽ കർണാടക സംഗീതത്തിലെ രാഗങ്ങളെ മനഃപാഠമാക്കിയ ബാല്യം, കൗമാരം. ആദ്യ കച്ചേരി പത്താം വയസിലായിരുന്നു, അതും മഹാനായ ഗുരു പാലക്കാട് കെ.വി. നാരായണസ്വാമിക്കു മുന്നിൽ. 

ഇതിനിടയിലാണു ഒരു ചാനലിലെ റിയാലിറ്റി ഷോയിൽ വിജയിയായത്. ആ പരിചയമാണു സംഗീത സംവിധായകൻ ജോഷ്വാ ശ്രീധറിനു മുന്നിലെത്തിച്ചത്. ജോഷ്വയുടെ നിർദേശ പ്രകാരം ഒരു കൃതി പാടി. ആ പാട്ടിൽ പാസായി, തമിഴ് താരജോഡികളായ ഭരതിന്റെയും ‘കാതൽ’ സന്ധ്യയുടെയും അരങ്ങേറ്റ ചിത്രം ഹരിചരന്റെയും അരങ്ങേറ്റ ചിത്രമായി. 

പ്രണയവും പ്രണയനഷ്ടവും കണ്ണീർ വീഴ്ത്തിയ ചിത്രത്തിൽ നായകനും നായികയും ഒരുമിച്ചുള്ള ബസ് യാത്രയായിരുന്നു രംഗം. പാടും മുൻപ് ഹരിചരണ്, സംവിധായകൻ ബാലാജിയുടെയും ഗാനരചയിതാവ് ന. മുത്തുകുമാറിന്റെയും ക്ലാസ്, ‘നീ വീടു വിട്ടു പോന്നതാണെന്നു കരുതുക, എല്ലാവരെയും പിരിഞ്ഞു, കുറേ ദിവസമായി ഭക്ഷണം കഴിച്ചിട്ട്; അപ്പോഴുള്ള സങ്കടം എങ്ങനെയായിരിക്കും? ആ മൂഡിൽ പാടുക.’ 

തമിഴ് സിനിമയെ അദ്ഭുതപ്പെടുത്തിയ ഹിറ്റായി കാതൽ, ഉനക്കെന്ന ഇരിപ്പേൻ എന്ന ഗാനം പാടിയ പയ്യനും അതോടെ പ്രശസ്തനായി. 

പ്രശസ്ത ഗായകൻ ഹരിഹരന്റെ കൂടെ പാടുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് പല ഗായികമാരും പറഞ്ഞിട്ടുണ്ട്. സ്റ്റേജ് ഷോയായാലും റെക്കോർഡിങ്ങായാലും കൂടെപ്പാടുന്നവരെ അദ്ഭുതപ്പെടുത്തും ഹരിഹരൻ. സംഗീത സംവിധായകൻ ചിട്ടപ്പെടുത്തിയ അഴകളവുകൾ പൊട്ടിച്ചെറിഞ്ഞ് ഉയരത്തിൽ പോകും പാട്ടുകൾ, പട്ടം പോലെ കാറ്റിൽ പാറി....! ഹരിഹരനൊപ്പമുള്ള ഡ്യൂയറ്റ് റെക്കോർഡിങ്ങാണെങ്കിൽ രണ്ടാമതു പാടാൻ വരുന്ന പല ഗായികമാരും ഹരിഹരൻ റെക്കോർഡ് ചെയ്തു വച്ച ഭാഗമാകും ആദ്യം കേൾക്കുക. അതിനപ്പുറം പോയില്ലെങ്കിലും ഒപ്പം നിൽക്കണ്ടേ? 

ആ പാഠശാലയിൽപ്പെട്ടയാളാണു ഹരിചരണും. 

ഒരുപക്ഷേ സംഗീത ബാല്യത്തിൽ ഒരു പാടു സാമ്യം ഇരുവർക്കുമുള്ളതാകാം കാരണം. 

പിറന്നതു കർണാടക സംഗീതത്തിന്റെ മണ്ണിൽ. അതിൽ കാലുറപ്പിച്ചുനിന്നു കുതിച്ചതു ഹിന്ദുസ്ഥാനിയുടെയും ഗസലിന്റെയും മധുരക്കൊമ്പിലേക്ക്. സംഗീതജ്ഞരായ എച്ച്.എ.എസ്. മണിയുടെയും അലമേലുവിന്റെ മകനായ ഹരിഹരൻ വീട്ടിൽനിന്നു തന്നെ സപ്തസ്വരങ്ങളിൽ വിദ്യാരംഭം കുറിച്ചു. പിന്നെ മുംബൈ ജീവിതം ഹിന്ദുസ്ഥാനിയും ഗസലും പഠിപ്പിച്ചു, മെഹദി ഹസന്റെ ആരാധകനാക്കി. 

ഹരിചരന്റെ പിതാവ് ജി. ശേഷാദ്രി കർണാടക സംഗീതത്തിനൊപ്പം മെഹദി ഹസനെയും മുഹമ്മദ് റഫിയെയും ഇഷ്ടപ്പെട്ടു. കർണാടക സംഗീതത്തിന്റെ അഗ്രഹാരച്ചുവരുകൾക്കു പുറത്തേക്കു ഹരിചരണെ കൊണ്ടു പോയത് അച്ഛന്റെ ആ ഇഷ്ടങ്ങളാണ്. 

ഈണങ്ങളുടെ കെട്ടു പൊട്ടിച്ച് മനോധർമങ്ങൾ കൊണ്ടു പാട്ടിനെ മറ്റൊരു അനുഭവമാക്കി മാറ്റുന്നതു ബുദ്ധിയിലുറച്ച കർണാടക സംഗീതവും മനസിലുറച്ച ഗസലുകളുമാകാം. 

അതു കൊണ്ടാകാം യുവാൻ ശങ്കർ രാജ ‘പയ്യ’ എന്ന സിനിമയിൽ പുതിയ പാട്ടു വച്ചു നീട്ടിയപ്പോൾ ഹരിചരന്റെ മനസുടക്കിയതു പല്ലവിയില്ല, ആദ്യ ചരണത്തിലാണ്. 

‘‘സെൽ സെൽ അവളുടൻ സെൽ 

എൻട്രേയ് കാൽകൽ സൊല്ലുതട

സൊൽ സൊൽ അവളിടം സൊൽ

എൻട്രേയ് നെഞ്ചം കൊള്ളുതട’’

ആ വരികൾക്ക് ഒട്ടും ഉടവു തട്ടാതെ പാടാൻ ശ്രദ്ധിക്കുകയും ചെയ്തു. പയ്യ എന്ന സിനിമ പോലെ തന്നെ ‘തുള്ളി തുള്ളി തുള്ളി മഴയായ് വന്താലേ’ എന്ന ആ ഗാനവും ഹിറ്റായി. 

ജി.വി. പ്രകാശിനും ന. മുത്തുകുമാറിനുമൊപ്പം ഹരിചരൺ കൂട്ടു ചേർന്ന, അങ്ങാടിത്തെരുവിലെ ‘ഉൻ പേരൈ സൊല്ലും പോതും’ എന്ന ഗാനവും ആരാധകർ നാവിലേറ്റി. 

ഗായകൻ ശ്രീനിവാസാണ് എ.ആർ.റഹ്മാനു മുന്നിൽ ഹരിചരണെ അവതരിപ്പിച്ചത്. അതിനു മുൻപു പതിനാലാം വയസിൽ റഹ്മാന്റെ ഒരു ഗാനത്തിൽ കോറസു പാടാൻ നിന്ന ഒരുപാടു കുട്ടികൾക്കിടയിൽ ഹരിചരണുണ്ടായിരുന്നു. രണ്ടാം വരവിൽ റഹ്മാൻ നൽകിയതും ഒരു പ്രണയഗാനം, ഐ എന്ന ചിത്രത്തിൽ: 

പൂക്കളേ സട്രു ഒയിവിടുങ്കൾ

അവൾ വന്തുവിട്ടാൽ

അവൾ വന്തു വിട്ടാൽ

പതിനേഴാം വയസിൽ പ്രണയം മനസിലാകാത്ത പയ്യൻ അപ്പോഴേക്കും പ്രണയഗാനങ്ങളുടെ ഇഷ്ടഗായകമായി മാറിയിരുന്നു. 

മലയാളത്തിൽ എം.ജയചന്ദ്രന്റെയും ഗോപി സുന്ദറിന്റെയും വലിയ ആരാധകനാണു ഹരിചരൺ. 

ജയചന്ദ്രൻ ‘പട്ടം പോലെ’ എന്ന സിനമയ്ക്കു വേണ്ടി ഒരുക്കിയ ‘മഴയേ തൂമഴയേ’ എന്ന ഗാനം ആ ആരാധകനു കിട്ടി. ഇന്നു പല സ്റ്റേജ് ഷോകളിലും ഈ പാട്ട് ഹരിചരൺ പാടിത്തുടങ്ങുന്നതു ചരണത്തിൽ നിന്നാണ്. 

‘‘നീയറിഞ്ഞോ, നീയറിഞ്ഞോ

നീയെന്റേതാണെന്നു നീയറിഞ്ഞോ

മഴക്കാലം എനിക്കായ്

മയിൽ ചേലുള്ള പെണ്ണേ നിന്നെ തന്നേ...’’

വീണ്ടും എത്രയെത്ര പ്രണയഗാനങ്ങൾ: മൊഴികളും മൗനങ്ങളും(ദീപക് ദേവ്), കണ്ണാടി വാതിൽ നീ തുറന്നുവോ(രാഹുൽ രാജ്), മഞ്ഞോർമകൾ(രതീഷ് വേഗ). 

പിന്നാലെ നടക്കുന്ന അർജുനോടു സേറയ്ക്കു നീരസമുണ്ടായിരുന്നു. അതവൾ പ്രകടിപ്പിക്കുകയും ചെയ്തു. 

അതിനുത്തരം അവൻ പറഞ്ഞു, പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണ് എനിക്കിഷ്ടം..!

പിന്നാലെ ആ പ്രണയവും....

നീയാം ആത്മാവിൻ സങ്കൽപമിന്നിങ്ങനെ

മിണ്ടാതെ മിണ്ടുന്നതെന്തോ

ഓർക്കാതിരുന്നപ്പോൾ എന്നുള്ളിൽ നീ വന്നു

തിരശീല മാറ്റുമോർമ പോലെ സഖി

ഒരു നാളമായ് പൂത്തുല‍ഞ്ഞു നീ നിന്നെന്തിനോ

അരികിലെ പുതുമന്ദാരമായ് വിടരു നീ

പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ...

ഹരി, പ്രണയത്തിന്റെ ചരണങ്ങൾ ഇനിയും ബാക്കിയുണ്ട്. 

Your Rating: