Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനഗണമന

എച്ച്. സുരേഷ്
independence

താക്കോൽ കൊടുക്കാതെ താനേ മുഴങ്ങുന്ന പൂവൻ കോഴിയായിരുന്നില്ല ഞങ്ങളുടെ അലാം.

അതിരാവിലെ പാടുന്ന സുബ്ബലക്ഷ്മിയമ്മാളുമായിരുന്നില്ല.

ബ്ലാക്ക് ആൻഡ് വൈറ്റ് നിറമുള്ള പഴയ ഫിലിപ്സ് റേഡിയോ വീട്ടിൽ ആദ്യം ഉണരും. പിന്നെ, ആ ചൂളം വിളി. ഏലൂരിലെ കമ്പനികളുടെ സൈറൺ പോലെ, കൊച്ചിൻ ഹാർബറിൽ നിന്ന് അതിരാവിലെ ഷൊർണൂർക്കു പോവുന്ന പാസഞ്ചർ വണ്ടിയുടെ കൽക്കരി എ​ഞ്ചിൻ പോലെ.

ചൂളം അവസാനിക്കുമ്പോൾ ‘ആകാശവാണി...!!!’

വർഷങ്ങൾക്കു ശേഷം, വൈക്കത്തു പടിഞ്ഞാറേ നടയിലൂടെ നടന്നു പോവുമ്പോൾ ആ സ്വരം വീണ്ടും തേടി വന്നു. പിൻതുടർന്ന് അമ്പലവളപ്പിൽ ചെല്ലുമ്പോൾ നാദസ്വരത്തിൽ ആകാശവാണിയുടെ ആ മുദ്രാഗാനം. വോൾട്ടർ കോഫ്മാൻ എന്ന ചെക്ക് സ്വദേശി ചിട്ടപ്പെടുത്തിയ ഈണം. മിശ്രശിവരഞ്ജിനി രാഗത്തിലൂടെയാണ് ആ ഈണത്തിന്റെ സഞ്ചാരം. പിന്നെയും എത്രയോ വർഷം കഴിഞ്ഞാണ് കറുപ്പും വെളുപ്പും നിറമുള്ള ഒരു ഗോളം ദുരദർശന്റെ കാലമായി സ്ക്രീനിൽ തെളിഞ്ഞത്. ഒപ്പം പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താറും അലി അഹമ്മദ് ഹുസൈൻ ഖാന്റെ ഷെഹ്നായിയും.

ടെലിവിഷനിൽ സിനിമകളും പരമ്പരകളും കുറവായ കാലം. രാജ്യം നാൽപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ, ചുവപ്പു കോട്ടയിലെ പ്രസംഗത്തിനു ശേഷം ആ പാട്ട് ആദ്യമായി കേട്ടു.

‘മിലേ സുർ മേരാ തുമാരാ

തോ സൂർ ബനേ ഹമാരാ’

Mile Sur Mera Tumhara...

പണ്ഡിറ്റ് ഭിംസെൻ ജോഷിയിൽ തുടങ്ങി ബാലമുരളി കൃഷ്ണയും ലതാ മങ്കേഷ്കറും അമിതാഭ് ബച്ചനും പ്രകാശ് പദുക്കോണുമൊക്കെ വരുന്ന വിഡിയോ.

മിലേ സുർ മേരാ തുമാരാ, തോ സൂർ ബനേ ഹമാരാ എന്ന ഹിന്ദി വരികൾ ഇന്ത്യയിലെ പല ഭാഷകളിലൂടെ പാട്ടായി കോർത്തിണക്കിയിരിക്കുന്നു. ‘എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേർന്നു നമ്മുടെ സ്വരമായി’ എന്നു പാടുന്ന ആനപാപ്പാൻ അതിൽ മലയാളത്തിന്റെ ശബ്ദമായി. ഇപ്പോൾ ഒരു പ്രമുഖ പരസ്യ ഏജൻസിയെ നയിക്കുന്ന പീയുഷ് പാണ്ഡേയുടെ നാലുവരി കവിതയ്ക്ക് അശോക് പട്കി ഈണം നൽകി. പല ഭാഷകളിലെ വരികൾക്കനുസരിച്ച് ഇതു യോജിപ്പിച്ചത് ലൂയി ബാങ്ക്സ് എന്ന സംഗീത സംവിധായകൻ. (ലൂയി ബാങ്ക്സിനെ നമുക്കറിയാം, പുനരധിവാസം എന്ന സിനിമയിലെ കനകമുന്തിരികൾ എന്ന മനോഹര ഗാനത്തിലൂടെ).

വൈകാതെ ‘മിലേ സുർ മേരാ തുമാരാ’ ദേശീയ ഗീതം പോലെയായി.

അതിനു മുൻപ് ഏതൊക്കെ ഗാനങ്ങൾ.

സ്കൂൾ യുവജനോൽസവത്തിനു കേട്ട ഒരു പാട്ട് ഓർമയുണ്ട്.

‘ജന്മകാരിണി ഭാരതം

ജന്മമേകിയ ഭാരതം

നമ്മളാം ജനകോടികൾ തൻ

അമ്മയാകിയ ഭാരതം’

പി. ഭാസ്കരൻ രചിച്ച്, എം.ബി.ശ്രീനിവാസൻ ഈണം നൽകിയ ഗാനം. ‘ജനഗണമന’ പോലെ ഇന്ത്യയെ വർണിക്കുന്ന ഗാനം.

അല്ലെങ്കിൽ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ സ്കൂളിൽ വയ്ക്കാറുള്ള ആ ഗാനം.

‘ഹോംഗേ കാംയാബ്, ഹോംഗേ കാംയാബ്

ഹം ഹോംഗേ കാംയാബ് ഏക് ദിൻ

ഹോ ഹോ മൻ മേം യേ വിശ്വാസ്

പൂരാ ഹേ വിശ്വാസ്

ഹം ഹോംഗേ കാംയാബ് ഏക് ദിൻ.

സ്വാതന്ത്ര്യദിനത്തിൽ ദൂരദർശനിൽ അന്നു പതിവായി വരുന്ന ഒരു പാട്ടുണ്ടായിരുന്നു. ലതാ മങ്കേഷ്കറുടെ സ്വരത്തിൽ സി. രാമചന്ദ്രയുടെ ആ അനശ്വര ഗാനം.

ഏ മേരേ വതൻ കേ ലോഗോ

സരാ ആംഖ് മേ ബർ ലോ പാനി

ജോ ഷഹീദ് ഹുവേ ഹേ ഉൻ കി

സരാ യാദ് കരോ ഖുർബാനി

Ae Mere Watan Ke Logon...

അതിനു ശേഷം ചിത്രഗീതത്തിൽ നിന്ന് എത്രയോ പാട്ടുകൾ.

ഒരു സ്കൂൾ അസംബ്ലിയെ ഓർമിക്കുന്ന ‘ജയ ജയ ജയ ജന്മഭൂമി, ജയജയ ജയ ഭാരതഭൂമി’. സ്കൂൾ മാസ്റ്റർ എന്ന സിനിമയ്ക്കു വേണ്ടി വയലാറും ദേവരാജനും ചേർന്നൊരുക്കിയ ഗാനം.

ഹൈറേഞ്ച് എന്ന സിനിമയിൽ കമുകറ പാടിയ ഗാനം, ‘ഗംഗാ യമനാ / സംഗമ സമതല ഭൂമി / സ്വർഗീയ സുന്ദരഭൂമി / സ്വതന്ത്രഭാരതഭൂമി. ’

ആദ്യ കിരണങ്ങളിൽ പി.ഭാസ്കരൻ–കെ. രാഘവൻ–പി.സുശീല എന്നിവർ ഒന്നിച്ച പാട്ടും:

ഭാരതമെന്നാൽ പാരിൻ നടുവിൽ

കേവലമൊരു പിടി മണ്ണല്ല

ജനകോടികൾ നമ്മെ

നാമായി വാഴ്ത്തും

ജന്മഗൃഹമല്ലോ.

Bharathamennal Paarin Naduvil...

രാജ്യം സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോഴാണ് വന്ദേമാതരവുമായി എ.ആർ റഹ്മാൻ വന്നത്. ഇന്ത്യൻ സിനിമയിലെ മുതിർന്ന പല ഗായകരും കോറസായി വന്ന വന്ദേമാതരം, ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരത്തിനു പുതിയ ഭാഷ്യം നൽകി. ഒപ്പം റഹ്മാൻ തന്നെ പാടിയ ‘മാ തുഛേ സലാം’, യശഃശരീരനായ പാക്കിസ്ഥാനി ഖവ്വാലി ഗൗയകൻ ഉസ്താദ് ഫത്തേ അലി ഖാനോടൊപ്പം പാടിയ ‘ഗുരൂസ് ഓഫ് പീസ്’ എന്നീ ഗാനങ്ങളും. റോജ മുതലുള്ള സിനിമാ പാട്ടുകളേക്കാൾ റഹ്മാന് ആദരം നേടിക്കൊടുത്തതു വന്ദേമാതരമായിരുന്നു. 2010ൽ ഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങിൽ 2010 സ്കൂൾ വിദ്യാർഥികൾ ചേർന്ന് ഈ ഗാനം അവതരിപ്പിച്ചു.

ജനഗണമന തന്നെ പല രൂപത്തിൽ നമുക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ടു. ഒരിക്കൽ ലതാ മങ്കേഷ്കറും ആശാ ഭോസ്‌ലേയും ചേർന്ന്. ഹരിപ്രസാദ് ചൗരസ്യ, ശിവ്കുമാർ ശർമ, അമാൻ അലി, ആയാൻ അലി, ഗണേഷ് കുമരേഷ്, എൽ. സുബ്രഹ്മണ്യം, വിക്കു വിനായക് റാം, വിശ്വമോഹൻ ഭട്ട് എന്നിവരുടെ ഉപകരണ സംഗീതത്തിലൂടെ. പിന്നെ, ഭിന്നശേഷിക്കാരായ കുട്ടികളുടെ ആംഗ്യഭാഷയിലൂടെയുള്ള ജനഗണമനയും. ദേശീയ ഗാനം പാടുന്നതിന് ഈണം, സമയം എന്നിങ്ങനെ ചില നിശ്ചയങ്ങളുണ്ട്. റഹ്മാനുൾപ്പെടെയുള്ളവരുടെ റീ മിക്സ് വേർഷനിൽ അതു പാലിച്ചിട്ടില്ലെന്ന വിമർശനവുമുണ്ട്. പക്ഷേ വീണ്ടും വീണ്ടും കേൾക്കുമ്പോൾ, പാടുന്നത് ആരായാലും, മനസിൽ മുഴങ്ങുന്നതു ജനഗണമനയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.