Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിലുണ്ട് ഇപ്പോഴും ജോൺസൺ

എച്ച്. സുരേഷ്
Johnson Master

സത്യൻ അന്തിക്കാടിന്റെ ഗ്രാമീണ കഥാപാത്രങ്ങളെക്കുറിച്ച് ഒരു പുസ്തകമുണ്ട്. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ശങ്കരാടി, കൃഷ്ണൻകുട്ടി നായർ, മീന, ഫിലോമിന തുടങ്ങി സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ജീവിച്ചിരുന്ന നടീനടന്മാരെക്കുറിച്ചാണ് പുസ്തകം പറയുന്നത്.

ഗ്രാമങ്ങളിലേക്കു തിരിച്ചു വച്ച ക്യാമറയിലൂടെ നമ്മൾ കണ്ടവരാണ് ഇവർ. വീട്ടിലും അയൽപക്കത്തും കണ്ടു പരിചയമുള്ളവർ. അതിൽ പറയാതെ പോയ ഒരു പേരുണ്ട്. കഥാപാത്രമായി മുന്നിൽ വന്നില്ലെങ്കിലും സ്വരമായ്, താളമായ് നമ്മൾ അറിഞ്ഞയാൾ; ജോൺസൺ.

രഘുനാഥ് പലേരിയുടെയും വേണു നാഗവള്ളിയുടെയും ശ്രീനിവാസന്റെയും തിരക്കഥകളോളം, കൈതപ്രത്തിന്റെ കവിതകളോളം പ്രാധാന്യമുണ്ട് സത്യൻ സിനിമകളിൽ ജോൺസന്റെ സംഗീതത്തിനും.

വയലും വരമ്പും ചെണ്ടയും വെളിച്ചപ്പാടും അതിനൊത്ത താളവും ചേർത്തുണ്ടാക്കിയ എത്രയെത്ര സീനുകൾ.

പൊൻമുട്ടയിടുന്ന താറാവിലെ:

തീയിലുരുക്കി തിന്തിന്ന തിന്തിന്ന

തൃത്തകിടാക്കി തിന്തിന്ന തിന്തിന്ന

ചേലൊത്തൊരു മാല തീർക്കാൻ

ഏതു പൊന്നെന്റെ തട്ടാരേ...

അല്ലെങ്കിൽ വരവേൽപ്പിലെ

വെള്ളാരപ്പൂമല മേലേ

പൊൻകിണ്ണം വീശി വീശി

കുളിരാലപ്പട്ടു ചുറ്റി

ഓണത്താറാടി വരുന്നേ

ഓണത്താറാടി വരുന്നേ

മഴവിൽക്കാവടിയിൽ ജി. വേണുഗോപാൽ പാടിയ ‘മൈനാകപ്പൊൻമുടിയിൽ പൊന്നുരുകി തൂവിപ്പോയ്’ എന്ന ഗാനത്തിന്റെ പല്ലവിക്കു മുൻപേയുള്ള മൃദംഗതാളവും പഴനിത്തെരുവിലെ മൊട്ടത്തലകളും ചേർന്നിരിക്കുമ്പോഴില്ലേ ആ താളഭംഗി.

ആ താളം മാത്രമല്ല, മരവും വയലും മുളങ്കൂട്ടങ്ങളും അവയിലൂടെ ഒഴുകുന്ന കാറ്റും...സീനുകളിലേക്കു തുറക്കാതെ, കണ്ണടച്ചിരുന്നാലും അവയൊക്കെയും വന്നു തൊട്ടു പോകും. സംശയമുണ്ടെങ്കിnൽ ഒന്നു കൂടി ആ ഒഎൻവിക്കവിത ഒന്നു കേട്ടു നോക്കൂ...

കുന്നിമണിചെപ്പുതുറന്നെണ്ണി നോക്കും നേരം

പിന്നിൽ വന്നു കണ്ണുപൊത്തും

തോഴനെങ്ങു പോയി

കാറ്റു വന്നു പൊൻമുളതൻ കാതിൽ മൂളും നേരം

കാത്തു നിന്നാതോഴെനെന്നെ

ഓർത്തു പാടും പോലെ

അങ്ങനെ എത്രയെത്ര ഗാനങ്ങൾ. സസ്നേഹത്തിലെ ‘താനേ പൂവിട്ട മോഹം’, വരവേൽപ്പിലെ ‘ദൂരെ ദൂരെ സാഗരം തേടി’, അർഥത്തിലെ ‘ശ്യാമാംബരം ദൂരെ മണിമുകിലിൻ’, തലയണമന്ത്രത്തിലെ ‘തൂവൽ വിണ്ണിൻമാറിൽ ചാർത്തി’, മഴവിൽക്കാവടിയിലെ ‘തങ്കത്തോണി തെൻമലയോരം കണ്ടേ’, കളിക്കളത്തിലെ ‘പൂത്താലം വലം കൈയിലേന്തി വാസന്തം’....പാട്ടുകൾ വല്ലതും വിട്ടു പോയിട്ടുണ്ടെങ്കിൽ ജോൺസന്റെ കടുത്ത ആരാധകർ ക്ഷമിക്കണം.

സിനിമകളുടെ ഹിറ്റു ചേരുവകളിലൊന്നായി മാറിയ ഈ ഗാനങ്ങൾ സത്യൻ അന്തിക്കാടിനെയും ജോൺസനെയും ആഴത്തിൽ സ്വാധീനിച്ചു എന്നു വേണം കരുതാൻ. കമലിനൊപ്പം ചെയ്ത പാവം പാവം രാജകുമാരൻ പോലുള്ള സിനിമകളിൽ ജോൺസന്റെ പാട്ടുകൾ ശ്രദ്ധിച്ചാൽ ഇതു കാണാം. സത്യനാകട്ടെ ജോൺസനു ശേഷം ഇളയരാജയിലേക്കും വിദ്യാസാഗറിലേക്കും കൂട്ടുകെട്ടുകൾ മാറിയപ്പോഴും പഴയ പാട്ടുകളുടെ ചില നിഴലുകൾ ഇപ്പോഴും പിന്തുടരുന്നു.

സിനിമയിൽ അവസരങ്ങൾ കുറഞ്ഞ കാലത്തു കടുത്ത വിഷാദത്തിൽപ്പെട്ട ജോൺസന്റെ ഒരു ഓർമചിത്രം വേണുഗോപാൽ തന്റെ ആത്മകഥയിൽ(ശ്രീജിത് വാരിയരുമായി ചേർന്നെഴുതിയത്) പറയുന്നുണ്ട്. ഒരു ട്രെയിൻ യാത്രയിൽ ബർത്തിൽ മുഖമമർത്തി കരയുന്ന ജോൺസൺ. തന്നെ കരുതിക്കൂട്ടി വെട്ടിമാറ്റിയ ചിലരുടെ പേരെടുത്തു പറഞ്ഞായിരുന്നു ആ കരച്ചിൽ. അതെ, ഒരു നാട്ടിൻപുറത്തുകാരനു മാത്രമേ ഇങ്ങനെ കരയാനാവൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.