Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യഹരിതം കിങ് ഖാൻ

Shah Rukh Khan

വണ്ടിയോടാത്ത, പഴയ ഒറ്റവരി റയിൽപ്പാളങ്ങൾ. അപ്പുറമിപ്പുറമുള്ള മരങ്ങൾക്കിടയിലൂടെ മഞ്ഞവെയിnnnലൊഴുകുന്നു.

ശ്രേയാ ഘോഷാലും അർജിത് സിങ്ങും പാടുകയാണ്:

മൻവാ ലാഗേ ലാഗേ രേ

മൻവാ ലാഗേ ലാഗേ രേ ...

ഫറാ ഖാന്റെ ഹാപ്പി ന്യൂ ഇയർ.

ഇരുപത്തിയഞ്ചു വർഷം മുൻപാണ്, പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ദൂരദർശൻ നാളുകളിൽ, അഭിമന്യൂ റായ് എന്ന സൈനികനെ നമ്മൾ കണ്ടത്. ഫൗജി എന്ന ടെലിവിഷൻ സീരിയലിൽ. അതിനു ശേഷം സർക്കസ്. അതിൽ ശേഖരൻ എന്ന മലയാളി, സർക്കസ് ഉടമ. എന്തു സംഭവിച്ചാലും ദ് ഷോ മസ്റ്റ് ഗോ ഓൺ എന്നു ചിന്തിക്കുന്നയാൾ.

അതെ, ഷാരൂഖ് ഖാന്റെ ഷോ തുടരുകയാണ്.

ഫൗജി മുതൽ ഹാപ്പി ന്യൂ ഇയർ വരെ.

ദിവ്യ ഭാരതി മുതൽ ദീപിക പദുക്കോൺ വരെ നായികമാരും.

വെള്ളിത്തിരയിൽ ആദ്യം കാണുമ്പോൾ വില്ലനായിരുന്നു ഷാരൂഖ്, മോഹൻലാലിനെപ്പോലെ.

കിരൺ എന്ന പെൺകുട്ടിയോടുള്ള ഇഷ്ടം ഭ്രാന്തായി ഉള്ളിൽ വളരുന്ന കഥാപാത്രം. അവളുടെ ഇഷ്ടമല്ല, തന്റെ പ്രണയമാണ് അയാൾക്കു വലുത്. ആ പാട്ടിലുണ്ട് അയാളുടെ ഭ്രാന്തൻ പ്രണയം.

ജാദൂ തേരി നസർ ഖുശ്ബു തേരാ ബദൻ

തൂ ഹാ കർ, യാ ന കർ തൂ ഹേ മേരീ കിരൺ

പ്രതികാരം ഉള്ളിൽ ഒളിപ്പിച്ച പ്രണയം, അതായിരുന്നു ബാസിഗർ.

വെളുത്ത കുതിരപ്പുറത്ത് സൂപ്പർമാനെ പോലെ വരുന്ന നായകൻ അഥവാ വില്ലൻ.

ഓ... മേരാ ദിൽ ഥാ അകേല

തൂ നേ ഖേൽ ഐസാ ഖേലാ

തേരി യാദ് മേ ജാഗൂം രാത് ഭർ

ബാസിഗർ ഓ ബാസിഗർ

തു ഹേ ബഡാ ജാദൂഗർ

കജോളുമൊത്ത് ഷാരൂഖിന്റെ വിജയ പരമ്പര തുടങ്ങുന്നതു ബാസിഗറിൽ നിന്നാണ്. പ്രതിനായകൻ പ്രണയനായകനായി മാറുന്ന എത്രയെത്ര ചിതങ്ങൾ. അതിൽ പ്രശസ്തം ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ.

ബോളിവുഡിലെ പതിവു പ്രണയ ചിത്രം. അദ്ഭുതമൊന്നും ഉള്ളിലൊളിപ്പിക്കാത്ത കഥ. ക്ലൈമാക്സ് ഊഹിക്കാം. എന്നിട്ടും മൂന്നു മണിക്കൂറിലധികം കാഴ്ചക്കാരെ പിടിച്ചിരുത്തി. മുംബൈയിലെ മറാത്തി മന്ദിർ എന്ന തിയറ്ററിൽ രണ്ടു പതിറ്റാണ്ടായി കാഴ്ചക്കാരുള്ള സിനിമ. ആനന്ദ് ബക്ഷി എഴുതി ജതിൻ ലളിത് ഈണമിട്ട ഏഴു പാട്ടുകളും ആ സിനിമയുടെ വിജയഘടകമാണ്.

തുഛേ ദേഖാ തോ ഹേ ജാനാ സനം

പ്യാർ ഹോതാ ഹേ ദിവാനാ സനം

അബ് യഹാ സേ കഹാ ജായേ ഹം

തേരി ബാഹോ മേ മർ ജായേ ഹം

‘മെഹ്ന്ദി ലഗാ ഖേ രഖ്ന, ‘‘‘ഹോ ഗയാ ഹേ തുഛ്കോ തോ പ്യാർ സജ്നാ എന്നിങ്ങനെ ആറു പാട്ടുകൾ വേറെയും.

അതിനു ശേഷം ജൂഹി ചൗളയ്ക്കൊപ്പം യെസ് ബോസ്. പാട്ടുകൾ ജതിൻ ലളിതിന്റേതു തന്നെ.

മേ കോയി ഐസ ഗീത് ഗാവൂം

കി ആർസു ജഗാവൂം അഗർ തും കഹോ

അതിനു ശേഷം മാധുരി ദീക്ഷിത്തിനൊപ്പം ഉത്തം സിങ്ങിന്റെ സംഗീതത്തിൽ ദിൽ തോ പാഗൽ ഹേ.

ദിൽവാലേ ഇറങ്ങി മൂന്നു വർഷത്തിനു ശേഷമാണു ഷാരൂഖ്—കജോൾ—ജതിൻ ലളിത് എന്നിവരുമായി കരൺ ജോഹർ എന്ന സംവിധായകൻ അരങ്ങേറുന്നത്. സിനിമ കുഛ് കുഛ് ഹോതാ ഹേ.

തും പാസ് ആയേ യൂ മുസ്കുരായേ

തുനേ ന ജാനേ ക്യാ സപ്നേ ദിഖായേ

അബ് തോ മേരാ ദിൽ ജാഗേ ന സോതാഹേ

ക്യാ കരൂ ഹായേ കുഛ് കുഛ് ഹോതാ ഹേ

മൂന്നു വർഷത്തിനു ശേഷം ഷാരൂഖും കജോളും ഉൾപ്പെടെ വൻതാരനിരയുമായി കരൺ ജോഹറിന്റെ അടുത്ത സിനിമ, കഭി ഖുഷി കഭി ഗം.

ബോളിവുഡിൽ പഞ്ചാബി, ഗുജറാത്തി പ്രവാസികളുടെ കഥ ഹിറ്റായത് കഭി ഖുഷി പോലുള്ള സിനിമകളോടെയാണ്. സംഗീതം ജതിൻ ലളിതിന്റേതു തന്നെ. ഷാരുഖും ഋതിക് റോഷനും കജോളും കരീനയും അഭിനയിച്ച ‘ബോൽ ചൂഡിയാ... ആയിരുന്നു ഇതിലെ പ്രശസ്ത ഗാനം.

കരൺ ജോഹർ നിർമിച്ച കൽ ഹോ ന ഹോ ആയപ്പോൾ സംഗീത സംവിധാനം ജതിൻ—ലളിതിൽ നിന്നു മാറി ശങ്കർ—എഹ്സാൻ—ലോയി അഥവാ ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയി മെൻഡോൺസ ത്രിമൂർത്തികളുടേതായി.

ഹർ പൽ യഹാം ജീ ഭർ ജിയോ

ജോ ഹേ സമാ കൽ ഹോ ന ഹോ

കൊറിയോഗ്രഫർ ഫറാ ഖാൻ ആദ്യമായി സംവിധാനം ചെയ്ത മേ ഹൂ ന എന്ന ചിത്രത്തിൽ ജാവേദ് അക്തർ—അനു മലിക് ടീമിന്റേതായിരുന്നു ഗാനങ്ങൾ.

കിസ് ക ഹേ യേ തുംകോ ഇൻതെസാർ മേ ഹൂ ന

ദേഖ് ലോ ഇധർ ഹോ എക് ബാർ മേ ഹൂ ന

ഖാമോഷ് ക്യോ ഹോ ജോ ഭി കഹ്ന ഹേ കഹോ

ദിൽ ചാഹേ ജിത്ന പ്യാർ ഉത്നാ മാംഗ് ലോ ഹോ

തംകോ മിലേഗ ഉത്ന പ്യാർ മേ ഹൂ ന

അതേ വർഷം തന്നെ ഇന്ത്യ—പാക്കിസ്ഥാൻ പ്രണയത്തിന്റെ കഥയുമായി യാഷ് ചോപ്രയുടെ വീർ സാറ. മദൻമോഹന്റെ പഴയ കാല ഈണങ്ങൾ വൻജനപ്രീതി നേടി.

ഫറാ ഖാന്റെ രണ്ടാമത്തെ ചിത്രം ഓം ശാന്തി ഓം, ഷാരൂഖ് തന്നെ നായകൻ. സംഗീതം വിശാൽ ശേഖർ. ജൂഹി, കജോൾ, പ്രീതി സിന്റ, റാണി മുഖർജി തുടങ്ങിയ താരങ്ങളുടെ കണ്ണിയിലേക്ക് ഒരാൾ കൂടി. ദീപിക പദുക്കോൺ. ആംഖോ മേ തേരി അജബ് സി അജബ് സി അദായേ ഹേ പോലുള്ള മെലഡികളും ബോളിവുഡ് താരങ്ങൾ ഒന്നടങ്കം അണി നിരന്ന ദേഖോ ദേഖോ യേ ശ്യാം ബഡി ദീവാനി പോലുള്ള അടിപൊളി ഗാനങ്ങളും.

ഒരു സിനിമയുടെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ഫറാ—ഷാരൂഖ്—ദീപിക—വിശാൽ ശേഖർ ചിത്രം. ദീപിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരു മോഹിനി. ദീപികയുടെ ലവ്ലി എന്ന ഡാൻസ് നമ്പർ തുടങ്ങുന്നത് കാണികളുടെ ‘മോഹിനി മോഹിനി... എന്ന ആർപ്പുവിളിയോടെയാണ്. തേസാബിൽ മാധുരി ദീക്ഷിത് അവതരിപ്പിച്ച ‘ഏക് ദോ തീൻ എന്ന ഗാനത്തിന്റെ തുടക്കം പോലെ തന്നെ. ഓർമകളുണർത്തുന്നു ഫറാ ഖാൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.