Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലർ, ചാമരം വീശി നിന്നു

എച്ച്. സുരേഷ്
Sai Pallavi(still from Premam), Zareena Wahab(still from Chamaram)

വർക്കി മെമ്മോറിയൽ ഹാളിന്റെ മുറ്റത്തു നിന്നു പടി കയറി അവൾ വന്നത് ഒരുപാടു പേരുടെ മനസിലേക്കാണ്.

മലർ.

പൂ പോലെ ചിരി തൂകി, സുഗന്ധം പരത്തി വന്നവൾ.

എല്ലാവരുടെയും മനസിൽ ഒരു മലരുണ്ടാകും.

ഇരുപതു വർഷം മുൻപ് ആലുവ യുസി കോളജിൽ നിന്നു പിരിഞ്ഞ ബാച്ചിലെ ഒരു സഹപാഠി, മറ്റൊരു സഹപാഠിയുടെ ഫെയ്‌സ്‌ബുക്ക് പ്രൊഫൈലിലെ ഫോട്ടോ കണ്ടു കമന്റിട്ടു; ‘ഒരു മലർ ഛായ...!’

മറ്റൊരു സഹപാഠി ഫൈനൽ ബിഎയ്ക്കു ശേഷം കണ്ടിട്ടില്ലാത്ത ആ ചേച്ചിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പൂ പോലെ ചിരി പൊഴിച്ച്, സുഗന്ധം പരത്തി മലർ കടന്നു പോകുമ്പോൾ ഇളയരാജയുടെ ആ പാട്ടാണു മനസിൽ വന്നത്.

പൂവേ സെമ്പൂവേ ഉൻ വാസം വരും

വാസൽ എൻ വാസൽ ഉൻ പൂങ്കാവനം

വായ് പേശിടും പുല്ലാങ്കുഴൽ

നീതാനൊരു പൂവിൻ മടൽ

വാലിയുടെ വരികൾ, യേശുദാസിന്റെ സ്വരം.

ഇതു പോലൊരാൾ മൂന്നു പതിറ്റാണ്ടു മുൻപ് പൂ പോലെ ചിരി തൂകി വന്നു.

ഇന്ദു ടീച്ചർ.

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ

കാതോർത്തു ഞാനിരുന്നു

താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ

തൂവൽ വിരിച്ചു നിന്നു

ഇന്നത്തെ പ്രേമം പോലെ, ഭരതന്റെ ചാമരവും ഒരു പനിക്കാലമായി പടർന്നു പിടിച്ചു. കോട്ടയം സിഎംഎസ് കോളജും ഇന്ദു ടീച്ചർ എന്ന സറീനാ വഹാബും കോട്ടൺ സാരിയും.

നാഥാ നീ വരും...

അന്നത്തെ ഏതു ക്യാംപസിലും ഒരു ഇന്ദു ടീച്ചറുണ്ടായിരുന്നു. ടീച്ചറെ ആരാധിക്കുയും പ്രണയിക്കുകയും ചെയ്ത വിനോദ് എന്ന വിദ്യാർഥിയും.

ഇന്നും ആ പനിക്കോളു മാറാത്തവരുണ്ട്.

ചാമരത്തോടുള്ള ഇഷ്‌ടം കാരണം ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമ ഷൂട്ട് ചെയ്യാൻ സംവിധായകൻ ലാൽ ജോസ് സിഎംഎസിനെ തേടി വന്നു.

മരങ്ങൾ ശ്വാസം മുട്ടിക്കുന്ന കോളജ് എന്നാണു പിന്നീടു ലാൽ ജോസ് സിഎംഎസിനെക്കുറിച്ചു പറഞ്ഞത്. ഇന്നും സിഎംഎസ് അങ്ങനെയാണ്. വഴികളിൽ ടാറിന്റെ കറുപ്പു പടർന്നെങ്കിലും മരങ്ങൾ അതു പോലെ തന്നെ ചാമരം വീശി നിൽപ്പുണ്ട്.

ആലുവ യുസി കോളജും ഒരിക്കൽ സിഎംഎസിനെപ്പോലെ മരങ്ങളുടെ തണലിലായിരുന്നു.

മഹാഗണി, ഗാന്ധിമാവ് അങ്ങനെ പലരും, ടിസി വാങ്ങി പോകാതെ; ഇവിടെത്തന്നെ പതിറ്റാണ്ടുകളോളം പഠിച്ചു കൊണ്ടിരുന്നു.

അതു പോലൊരു മഹാമരമാണു കച്ചേരി കെട്ടിടവും. മലയാളം ഡിപ്പാർട്ട്െമന്റിനടുത്തെ മരപ്പടികൾ കയറി മുകളിലേക്കു പോകുമ്പോഴാണ് ‘മലർ മിസിന്റെ ക്ലാസ്.’

പണ്ട്, മലയാളം കവിതാ പാരായണ മൽസരം നടന്നിരുന്നത് അവിടെയാണ്.

‘ചോരയല്ലല്ല ചോപ്പാണു കുഞ്ഞേ’ എന്നു കടമ്മനിട്ടയും ‘കാണെക്കാണെ വയസാകുന്നു മക്കൾക്കെല്ലാം’ എന്ന് ഒഎൻവിയും‘രാമ, രഘുരാമ നാമിനിയും നടക്കാം’ എന്നു മധുസൂദനൻ നായരും പല സ്വരങ്ങളിൽ പാടിയത് ഇവിടെയായിരുന്നു. ‌ മഹാന്മാരായ മരങ്ങൾ പലതും കടന്നു പോയി.

ഇപ്പോൾ മരങ്ങളല്ല, കെട്ടിടങ്ങളാണ് തണൽ വിരിക്കുന്നത്.

എങ്കിലും മലർകാലം ഇനിയും വരും.

‘പൂവെ സെമ്പൂവേ ഉൻ വാസം വരും’ എന്നു യേശുദാസ് പാടിയതു പോലെ മലരിനും ഒരു ഗാനം.

കുളിരേകും കനവെന്നിൽ കതിരാടിയ കാലം

മനതാരിൽ മധുമാസം തളിരാടിയ നേരം

അകമരുവും മയിലിണകൾ തുയിലുണരും കാലം

എന്നകതാരിൽ അനുരാഗം പകരുന്ന യാമം

അഴകേ...അഴകിൽ തീർത്തൊരുശിലയഴകേ

മലരേ..എന്നുയിരിൽ വിടരും പനിമലരേ..

മലരേ...

ഈ പാട്ടുണർന്നതു വിജയ് യേശുദാസിന്റെ സ്വരത്തിൽ.

തലമുറകൾ മാറി, മാറാത്തത് ആ പനിക്കോളു മാത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.