Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൗനം തംബുരു മീട്ടി

എച്ച്. സുരേഷ്
Ormakkai

മനസു നിറയെ സംഗീതമാണ്.

പക്ഷേ, ഒരിക്കലും അത് ആ നാവിലൂടെ പുറത്തു വരില്ല. കൈ വിരലുകളാണ് അയാളുടെ സ്വര തംബുരു മനസിലെ സംഗീതം ആ വിരലിലൂടെ പുറത്തു വരുമ്പോൾ മനോഹര ശിൽപങ്ങളാകും.

മൗനം പൊൻമണി തംബുരു മീട്ടി

തന്ത്രിയിൽ നാദവികാരമുണർന്നു

ഒരു ശ്രുതിയായ് ഉണരാൻ

സങ്കൽപത്തിൻ ചിറകുകൾ ചൂടി

സന്തോഷത്തിൻ കുളിരല മൂടി

പറന്നുയരാം വാനിൽ നീളേ

മൗനം പൊൻമണി...

ഒരു ദുരന്തത്തിനൊടുവിലാണു നന്ദു എന്ന ശിൽപി സൂസന്നയെ വധുവായി സ്വീകരിക്കുന്നത്. അവർക്കു കടലിന് അഭിമുഖമായി ഒരു വീടുണ്ട്. വീടിന്റെ മുറ്റത്തും കടൽത്തീരത്തുമിരുന്നാണ് അയാൾ ശിൽപങ്ങൾ തീർക്കുന്നത്. സൂസന്നയെ കേൾക്കാനും അവളോടു മിണ്ടാനും കഴിയാത്തതാണ് നന്ദുവിന്റെ ദുഃഖം. അവരുടെ മധുവിധു മുതൽ ചക്കി എന്ന മകളുടെ ജനനം വരെയുള്ള ദിവസങ്ങളാണ് ഒരു പാട്ടായി വളരുന്നത്.

പുഴയായിടാൻ ഒഴുകും പുഴയായിടാൻ

പുതുമണ്ണിലൂറുന്ന ഗന്ധം

പകർന്നീടുവാൻ

പുലർവേളയിൽ ചെങ്കതിരൊളി വീശവേ

ഉലയുന്ന പുൽത്തുമ്പിൽ

ഒരു മഞ്ഞുമുത്തായിടാൻ

ഹൃദയങ്ങളും ചലനങ്ങളും

ഒരു സ്‌പന്ദനമാകും നേരം.

ഒടുവിൽ ഒരു പാട്ട്, ഒരു പാട്ടുകാരൻ തന്നെ അവരുടെ ജീവിതത്തിലേക്കു ദുരന്തത്തെ മടക്കി വിളിക്കുന്നു. സൂസന്നയ്‌ക്കു നന്ദുവിനെ നഷ്‌ടമാകുന്നു. യൗവനത്തിന്റെ അഞ്ചു വർഷം ജയലിൽ.

അവൾ മടങ്ങി വരുന്നതു ചക്കിയെ കാണാൻ മാത്രമാണ്. അമ്മേ എന്ന വിളി കേൾക്കാനും.

പക്ഷേ ചക്കി അച്‌ഛന്റെ മോളാണ്. അമ്മേ എന്നവൾ വിളിക്കില്ല. തനിക്കു സംസാരിക്കാനാവില്ലെന്ന് അവൾ അമ്മയോട് ആംഗ്യം കാണിക്കുന്നു. അപ്പോൾ സൂസന്ന ഓർത്തത്, അവൾക്കു പേരിട്ട ആ ദിവസമാണ്. ചക്കി എന്ന പേര് അവളുടെ ചെവിയിൽ പറയാൻ കഴിയാതെ കരഞ്ഞു പോകുന്ന നന്ദുവിനെക്കുറിച്ചാണ്. ഭരത് ഗോപിയുടെ അവിസ്‌മരണീയ വേഷങ്ങളിലൊന്നാണ്, ഭരതന്റെ ഓർമയ്‌ക്കായി എന്ന സിനിമയിലെ നന്ദു എന്ന ശിൽപി. 1982ൽ പുറത്തിറങ്ങിയ സിനിമയ്‌ക്ക് ഏഴു സംസ്‌ഥാന അവാർഡുകളാണു ലഭിച്ചത്. ഗോപിക്കും സൂസന്നയായ മാധവിക്കും മികച്ച അഭിനേതാക്കൾക്കുള്ള പുരസ്‌കാരം. ജോൺസനു മികച്ച സംഗീതത്തിനും ഭരതനു മികച്ച കലാസംവിധാനത്തിനും സമ്മാനം. നന്ദുവിന്റേതായി നമ്മൾ കണ്ട പല ശിൽപങ്ങളും യഥാർഥത്തിൽ ഭരതന്റേതായിരുന്നു.

ആജ് മേ ഊപർ ആസ്‌മാ നീഛേ...

ഗോവയിൽ, കടലിനു സമീപം നിൽക്കുന്ന വീട്ടിലാണ് ജോസഫും ഫ്​ലാവിയും താമസിക്കുന്നത്. നന്ദുവിനെപ്പോലെയാണ് അവരും. കേൾക്കാനും പറയാനും കഴിയില്ല. എന്നാൽ അവരുടെ മക്കൾ സാമിനും ആനിക്കും സംഗീതമാണു ജീവിതം.

ആജ് മേ ഊപർ ആസ്‌മാ നീഛേ

ആജ് മേ ആഗേ സമാനാ ഹേ പീഛേ

എന്നാൽ സാമിന്റെ അകാല മരണത്തോടെ ആനിയുടെ മനസിൽ നിന്നു സംഗീതം അകന്നു പോയി. ആ മനസിൽ വീണ്ടും സംഗീതമായ് വന്നു രാജ്. പാട്ടിലൂടെ അവർ അടുത്തു. വീണ്ടും സംഗീതത്തിന്റെ കാലം. കണ്ണീരല്ല പുഞ്ചിരിയാണ് വിധിക്കും ഇഷ്‌ടമെന്ന് അവൾ തിരിച്ചറിഞ്ഞ സമയം.

ആ ആസ്‌മാൻ കോ ഭി

യേ ഹസീൻ രാസ് ഹേ പസന്ത്

ഉൽഝി ഉൽഝി സാസോ കി

ആവാസ് ഹേ പസന്ത്

ഹരിഹരന്റെയും അൽക്കാ യാഗ്നിക്കിന്റെയും ഈ ഗാനം കേട്ടത് കണ്ണൂർ കവിതാ തിയേറ്ററിൽ നിന്നാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിൽ ഓർമയ്ക്കായി കണ്ട്, പിന്നെയും പത്തു വർഷത്തിനു ശേഷം.

ബാഹോം കി ദർമിയാൻ...

മലയാളത്തിൽ ഭരതൻ എന്ന പോലെ, ബോളിവുഡ് സ്‌ക്രീനിനെ നിറസമ്പന്നമാക്കിയ സഞ്‌ജയ് ലീല ബൻസാലി എന്ന സംവിധായകന്റെ വരവറിയിച്ച ചിത്രം, ഖാമോഷി(ദ് മ്യൂസിക്കൽ). മഹാനായ മജ്‌രൂ സുൽത്താൻപുരിയുടെ വരികൾക്കു സംഗീതം നൽകിയത് ജതിൻ–ലളിത് ദ്വയം.

ബാഹോം കി ദർമിയാൻ

ദോ പ്യാർ മിൽ രഹേ ഹേ

ജാനേ ക്യാ ബോലേ മൻ

ഡോലേ സുൻ കേ ബദൻ

ധഡ്‌കൻ ബനി സുബാൻ

ആനിയും രാജും തമ്മിലുള്ള പ്രണയം ജോസഫിനു സ്വീകാര്യമായിരുന്നില്ല. രാജിന്റെ കൂടെ അവൾ ഗോവ വിട്ടു പോകുമെന്ന ഭയമായിരുന്നു കാരണം.

രാജിനു വേണ്ടി തന്നെ അവൾ വീടു വിട്ടിറങ്ങി.

പക്ഷേ ആ അകൽച്ച അധികനാൾ നീണ്ടില്ല. ആനിയും രാജും സഹോദരന്റെ ഓർമയിൽ അവർ സാം എന്നു പേരിട്ട മകനും കടൽത്തീരത്തെ ആ വീട്ടിൽ തിരിച്ചെത്തി. വീണ്ടും ഒരു വലിയ ദുരന്തം ആ വീട്ടിലേക്ക് എത്തി നോക്കിയെങ്കിലും സ്‌നേഹം കൊണ്ടും സംഗീതം കൊണ്ടും അവർ ജയിച്ചു.

ഗോപിയോടും മാധവിയോടും അഭിനയം കൊണ്ടു മൽസരിക്കാവുന്ന രണ്ടു പേരാണ് ഖാമോഷിയിൽ ജോസഫും ഫ്​ലാവിയുമായത്. നാനാ പടേക്കറും സീമാ ബിശ്വാസും. സംശയമുണ്ടെങ്കിൽ കവിത കൃഷ്‌ണമൂർത്തി പാടിയ ‘യേ ദിൽ സുൻ രഹാ ഹേ’ എന്ന ഗാനം കണ്ടു നോക്കൂ.

ആനി (മനീഷ കൊയ്‌രാള)യുടെ പാട്ടിന്റെ റെക്കോർഡിങ് കാണാൻ എത്തിയതാണു ജോസഫും ഫ്​ലാവിയും. കൺസോളിൽ രാജു (സൽമാൻ ഖാൻ) ഉണ്ട്. പാടുന്നതിനൊപ്പം, അച്‌ഛനും അമ്മയ്‌ക്കും മനസിലാകാൻ ആനി പാട്ടിലെ വരികൾ ആംഗ്യങ്ങളായി അവതരിപ്പിക്കുന്നുണ്ട്.

യേ ദിൽ സുൻ രഹാ ഹേ

തേരേ ദിൽ കി സുബാൻ

യേ മേരേ ഹംസഫർ

മേ യഹാം തൂ വഹാം

യേ ദിൽ സുൻ രഹാ ഹേ...

ആംഗ്യങ്ങളിലൂടെ അവർ പാട്ടു കേൾക്കുന്നു. ഇടയ്‌ക്ക് ജോസഫ് ഭാര്യയുടെ തോളിൽ താളം പിടിക്കുന്നു. അയാളുടെ ചുണ്ടിൽ നിന്ന് ഏതോ കവിത പറക്കാനൊരുങ്ങുന്നു.

മേരീ സദാ മേ ബോലേ തൂ

യേ കോയി ക്യാ ജാനേ

ഗീത് മേ ഹേ സാസ് മേ ഹേ

തൂ ഹി തൂ നഗ്മാ കഹാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.