Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകൾ മരിക്കുമോ

എച്ച്. സുരേഷ്
P-Bhaskaran

ഓർമകൾ ഓടിക്കളിക്കുന്ന മുറ്റം.

അങ്ങനൊരു മുറ്റമുള്ള വീടിന് എന്തു പേരിടും?ഗൃഹാതുരം എന്നു വിളിക്കാമോ?

ആ വീടിന്റെ മുറ്റം നിറയെ മാവുകൾ. പുളിപ്പും മധുരവമൂറുന്ന മാമ്പഴം തരും.

ആ പുളിപ്പും മധുരവും നുകരാൻ എപ്പോഴും മോഹമാണ്.

ആ മാവിന്റെ ചുവട്ടിലേക്ക് ഒരിക്കൽ ഒഎൻവി കൂട്ടിക്കൊണ്ടു പോയി.

ഒരു കുമ്പിൾ മണ്ണു കൊണ്ടു വീടു വയ്ക്കാം

ഒരു തുമ്പപ്പൂവു കൊണ്ടു വിരുന്നൊരുക്കാം

ഒരു നല്ല മാങ്കണിയാ മണ്ണിൽ വീഴ്ത്താം

ഒരു കാറ്റിൻ കനിവിനായ് പാട്ടുപാടാം.

ആന്റോയുടെ ശബ്ദത്തിലാണ് ആ പാട്ടു കേട്ടത്.

മധുരിക്കും ഓർമകളേ

മലർമഞ്ചൽ കൊണ്ടു വരൂ

കൊണ്ടു പോകൂ

ഞങ്ങളെയാ മാഞ്ചുവട്ടിൽ

ഇപ്പോഴും ആ കവിത മലർമഞ്ചലിലേറ്റി കൊണ്ടു പോവുകയാണ്, മാഞ്ചുവട്ടിലേക്ക്.

വർഷങ്ങൾക്കു ശേഷം ഷിബു ചക്രവർത്തി, ഓർമകൾ പൂവിടുന്നത് ഒരു ചക്കരമാവിലാണെന്ന് എഴുതി:

ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു

മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ

വീണ്ടും ഓർമ ഒരു ജനപ്രിയ ചേരുവയായി, ആ മധുരം നമ്മൾ വീണ്ടും വീണ്ടും കുടിക്കുന്നു.

പി.ഭാസകരന്റെ പാട്ടിൽ ഓർമ വസന്തം പൂ വിരിച്ച നിൽക്കുന്ന തോപ്പാണ്. അതിലെ ഒരു പൂ മാത്രം വേറിട്ടു നിൽക്കുന്നു, ഡെയ്‌സി.

ഓർമ തൻ വാസന്ത നന്ദനത്തോപ്പിൽ

ഒരു പുഷ്‌പം മാത്രം

ഒരു പുഷ്‌പം മാത്രം.

നിനവിലും ഉണർവിലും

നിദ്രയിൽ പോലും

ഒരു സ്വപ്‌നം മാത്രം

ഒരു ദുഃഖം മാത്രം.

ഡെയ്‌സി.

ഭാസ്‌കരൻ മാഷിന്റെ കവിതയിൽ ഓർമകൾ വാസന്തം വിരിഞ്ഞ പൂന്തോപ്പാണെങ്കിലും ബിച്ചു തിരുമലയുടെ പാട്ടിൽ അത് ഒരു ശിശിരകാലമാണ്. ഗാന്ധിനഗർ സെക്കൻഡ് സ്‌ട്രീറ്റ് എന്ന സിനിമയിൽ നഷ്ടപ്പെട്ടു പോയ ഒരു പ്രണയം ഓർമിക്കുന്ന നായകനു വേണ്ടി ബിച്ചു ഇങ്ങനെ എഴുതി:

ഓർമയിലൊരു ശിശിരം

ഓമനിക്കാനൊരു ശിശിരം

ഇലവിരൽ തുമ്പുകൾ

ഇളം മഞ്ഞുതിരും തളിർമരച്ചില്ലകളിൽ

ഒഴുകി വരും തെന്നലിനും

കഥ പറയാനൊരു ശിശിരം

‌എല്ലാ ഓർമകളും മധുരമല്ല. അതിൽ നൊമ്പരവുമുണ്ട്. മറക്കാൻ ശ്രമിക്കുന്തോറും മറവിയുടെ മൂടുപടം നീക്കി മുന്നിൽ വരുന്നു ഓർമകൾ.

ചിലങ്കകൾ പാടുന്നു, അരികിലാണോ

വിപഞ്ചികൾ പാടുന്നു, അകലെയാണോ

വിഷാദരാഗങ്ങളെൻ വിരുന്നുകാരാ

ഒഎൻവിയുടെ ഗാനം. ആ വിഷാദം മുഴുവൻ ചാലിച്ച് സലിൽ ചൗധരി പകർന്ന ഈണം മറക്കാനാകുമോ?

ഓർമകളെ കൈവള ചാർത്തി

വരൂ വിമൂകമീ വേദിയിൽ

ഏതോ ശോകാന്തരാഗം

ഏതോ ഗന്ധർവൻ

പാടുന്നുവോ

ഭാസ്‌കരൻ മാഷ് ഒരു വിളിപ്പാടകലെ എന്ന സിനിമയിൽ ഓർമയെ ഒരു ചിരഞ്‌ജീവിയാക്കുന്നു.

എല്ലാം ഓർമകൾ എല്ലാം ഓർമകൾ

എന്നേ കുഴിയിൽ മൂടി നാം

എന്നാലും എല്ലാം ചിരഞ്‌ജീവികൾ

പക്ഷേ ഭാസ്കരൻ മാഷിന്റെ മനസിലെ ഓർമകൾ ഒരിക്കലും ചിര‍ഞ്ജീവിയായില്ല. ജീവിതസായാഹ്നത്തിൽ എവിടെ വച്ചോ അവർ മാഷിനെ വിട്ടു പോയി. സ്വന്തം പാട്ട് ആസ്വാദിച്ച്, നല്ല കവിത; ആരെഴുതിയതാണ് എന്നു ചോദിക്കുന്ന അപരിചിതനായി അദ്ദേഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.