Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാല പൂത്തു നിൽക്കുമ്പോൾ

എച്ച്. സുരേഷ്
NjanGandharvan

വൃശ്ചികത്തിൽ കഫക്കെട്ടും പനിക്കോളും പതിവുള്ളതാണ്.രാത്രിയിൽ ജനലിലൂടെ ഒളിച്ചും പാത്തും വരുന്ന മഞ്ഞു തരുന്ന സമ്മാനം. വാതിലിനപ്പുറം മേൽക്കൂരയ്ക്കു മുകളിൽ പടർന്നു നിൽക്കുന്ന ഒരു പാലയുണ്ട്. വൃശ്ചികരാത്രിയുടെ മഞ്ഞു കാറ്റിൽ അവൾ പൂത്തുലയും. ആ ഗന്ധം അകം മുഴുവൻ പടരും. അപ്പോൾ കൈതപ്രത്തെ ഓർത്തു പോകും.

പാലപ്പൂവേ നിൻ തിരു

മംഗല്യതാലി തരൂ

മകരനിലാവേ നീയെൻ

നീഹാരക്കോടി തരൂ

പാലപ്പൂവിന്റെ താലിയും മഞ്ഞിന്റെ കോടിയുമുടുത്ത പെൺകുട്ടി എത്ര സുന്ദരയിയായിരിക്കും?

പാലയെക്കുറിച്ച് എത്രയെത്ര കഥകളാണു മുത്തശി മൊഴികളിൽ കേട്ടിട്ടുള്ളത്. പക്ഷേ അതിലൊക്കെയും ആ മയക്കുന്ന സൗന്ദര്യത്തിനും ഗന്ധത്തിനും പുറകിൽ ഒളിച്ചിരിക്കുന്ന ഒരു യക്ഷിയുണ്ടായിരുന്നു. പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലെ വെള്ള സാരിയുടുത്ത യക്ഷികൾ ആർത്തട്ടഹസിച്ചു പേടിപ്പിച്ചതോടെ പാലയെയും പനയെയും പേടിച്ച് വഴിയിലിറങ്ങാൻ വയ്യാതായി.

വീടിനു പുറത്തു റയിൽപ്പാളങ്ങളുടെ ഓരത്ത് മൂന്നോ നാലോ യക്ഷിപ്പാലകളുണ്ടായിരുന്നു, ഒരു കരിമ്പനയും.

ഇരുവശവും കൂട്ടിമുട്ടാത്ത ജീവിതയാത്ര അവസാനിപ്പിക്കാൻ ചിലർ റയിൽപ്പാളങ്ങളെ ആശ്രയിച്ചപ്പോൾ മുതിർന്നവർ കുട്ടികളെ ഭയപ്പെടുത്തി, ആ ആത്മാക്കൾ ഉടൽ വിട്ട് നേരെ പാലയിലേക്കും പനയിലേക്കും ചേക്കേറുമെന്ന്.

അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ പഴയ ചിത്രങ്ങൾ മാത്രം കളിക്കുന്ന ഒരു തിയേറ്ററുണ്ടായിരുന്നു, തരംഗം. ഒരു കാവിനു പിന്നിൽ വൻമരങ്ങൾ നിറഞ്ഞ പറമ്പിലായിരുന്നു തിയറ്റർ. ജയൻ, നസീർ ആക്ഷൻ ചിത്രങ്ങളും യക്ഷി ചിത്രങ്ങളും കളിച്ചിരുന്ന തിയേറ്റർ.

ഒരു സിനിമയിൽ മകുടിയൂതുന്ന രംഗം വന്നപ്പോൾ തേർഡ് ക്ലാസിന്റെ വാതിൽ കടന്ന് ഒരു പാമ്പു വന്നെന്ന കഥയും അന്നു പ്രചാരത്തിലുണ്ടായിരുന്നു.

ആ തിയറ്ററിൽ നിന്നാണ് കാട് എന്ന സിനിമയിലെ ഒരു പാട്ടു കേട്ടത്.

ഏഴിലം പാല പൂത്തു

പൂമരങ്ങൾ കുട പിടിച്ചു

വെള്ളി മലയിൽ

വേളിമലയിൽ

ഏലേലം പാടി വരും

കുയിലിണകൾ കുരവയിട്ടു

വെള്ളിമലയിൽ വേളിമലയിൽ

പൂത്തുലഞ്ഞു നിൽക്കുന്ന പാലയ്ക്കു പേടിപ്പിക്കാൻ മാത്രമല്ല പ്രണയിക്കാനും അറിയാമെന്നു പാടി തന്നു ശ്രീകുമാരൻ തമ്പി. അതിൽ ഇന്നും ഇഷ്ടം തോന്നും കവിതയുണ്ട്:

എന്നുമെന്നും ഒന്നു ചേരാൻ

എൻ ഹൃദയം തപസിരുന്നു

ഏകാന്ത സന്ധ്യകളിൽ

നിന്നെ ഓർത്തു ഞാൻ കരഞ്ഞു

കാണാൻ കൊതിച്ച നേരം

കവിത പോലെ മുന്നിൽ വന്നു

പ്രണയ സുരഭിലമായ രാത്രിയെക്കുറിച്ച് കവി റഫീക്ക് അഹമ്മദ് ഒരു ഗാനത്തിൽ എഴുതി:

പാലപ്പൂ ഇതളിൽ

വെണ്ണിലാ കുളിരിൽ

ലാസ്യമാർന്നണയും

സുരഭീ രാത്രീ

ഗന്ധർവനെക്കുറിച്ചുള്ള പാട്ടായതു കൊണ്ടാകണം കൈതപ്രം പാലപ്പൂ തേടി പോയത്. മുത്തിനുള്ളിലൊതുങ്ങും പൂമാരൻ എന്നാണു ഗന്ധർവനെ അദ്ദേഹം വിശേഷിപ്പിച്ചത്. അവനിൽ മയങ്ങിയ പെൺകുട്ടി പാടുന്നു:

കാണാതെ മിന്നിതളായ് മറയും

മന്മഥനെന്നുള്ളിൽ

കൊടിയേറിയ ചന്ദ്രോൽസവമായ്

വാതിലിനപ്പുറത്തെ പാല ഇക്കൊല്ലവും പൂത്തു. ശ്രീകുമാരൻ തമ്പി എഴുതിയതു പോലെ പൂമരങ്ങൾ കുട പിടിച്ചു നിൽക്കുന്നു.

റയിലിനു മുകളിൽ കുട പിടിച്ചു നിന്ന പാലകളും കരിമ്പനയും ഇപ്പോഴില്ല. വൈദ്യുതി തീവണ്ടി ഓടിത്തുടങ്ങിയപ്പോൾ വെട്ടി മാറ്റി.

ആ ആത്മാക്കൾ എങ്ങു പോയോ എന്തോ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.