Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പല്ലവിയും അനുപല്ലവിയും നടക്കാനിറങ്ങിയപ്പോൾ

എച്ച്. സുരേഷ്
kaitapoovin

കാവാലത്തിന്റെ കളരി.

ഹോട്ടൽ മുറിയുടെ ആഡംബരമില്ലാത്ത മുറിയിൽ നിലത്തു പായ് വിരിച്ച് അവർ ഇരുന്നു. കാവാലം നാരായണപ്പണിക്കരും എം.ജി. രാധാകൃഷ്‌ണനും നാടകം, സംഗീതം, നാട്, കുട്ടനാട് എന്നിവയിലൂടെയൊക്കെ അവർ കടന്നു പോയി. കുട്ടനാടിനെക്കുറിച്ച് ഓർത്തപ്പോൾ കൈതപ്പൂവിനെക്കുറിച്ച് പറഞ്ഞു. ഓർമകളിൽ കൈതപ്പൂമണം നിറഞ്ഞപ്പോൾ കാവാലം പാടി:

കൈതപ്പൂവിൻ കുന്നിക്കുറുമ്പിൽ

തൊട്ടു തൊട്ടില്ല

ആ കവിതയ്‌ക്ക് ഈണത്തിന്റെ ഉടുപ്പിട്ടു കൊടുത്തു എംജി രാധാകൃഷ്‌ണൻ. ഉടൻ അടുത്ത വരികൾ

കണ്ണും കണ്ണും തേടിയുഴിഞ്ഞു

കണ്ടു കണ്ടില്ല

മുള്ളാലേ വിരൽ മുറിഞ്ഞു

മനസിൽ നിറയെ

മണം തുളുമ്പിയ മധുരനൊമ്പരം

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മോഹൻലാലിന്റെയും ചിത്രയുടെയും സ്വരത്തിൽ ആ പാട്ടു പിന്നീടു നമ്മളെത്തേടി എത്തി.

പാട്ടിന്റെ ഓർമകൾ ഒരു റേഡിയോ അഭിമുഖത്തിൽ പങ്കു വച്ചു സിനിമയുടെ സംവിധായകൻ കൂടിയായ ടി.കെ. രാജീവ് കുമാർ.

തിരുവനന്തപുരം നഗരത്തിലെ തിരക്കിലൂടെയുള്ള നടത്തത്തിനിടെ ആകാശവാണിക്കു വേണ്ടി ലളിതഗാനങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട് കാവാലവും എംജി രാധാകൃഷ്‌ണനും. പല്ലവിയും അനുപല്ലവിയും ഒരുമിച്ചു നടക്കാനിറങ്ങി, തിരിച്ചെത്തിയപ്പോൾ കൈ നിറയെ പാട്ടുകൾ.

ആ അഭിമുഖത്തിൽ മറ്റൊരു പാട്ടിന്റെ ഓർമയും പങ്കു വച്ചു രാജീവ് കുമാർ. രാജീവിന്റെ പവിത്രം എന്ന സിനിമയ്‌ക്കു ഗാനരചന നിർവഹിച്ചത് ഒഎൻവിയാണ്. സംഗീതം പ്രിയ സുഹൃത്ത് ശരത്തും.

പുതിയ ആളിനൊപ്പം പാട്ടൊരുക്കുന്നതിൽ ചെറിയ ആശങ്കയുണ്ടായിരുന്നു ഒഎൻവിക്ക്. ആശങ്ക മറച്ചു വയ്‌ക്കാതെയാണ് പാട്ടെഴുതാൻ ഒഎൻവി വന്നത്.

സംഗീതം ആവോളം കൈയിലും സാഹിത്യം ആവോളം മനസിലുമുള്ളയാളാണെന്ന് ഉറപ്പു കൊടുത്തു സംവിധായകൻ.

ഒഎൻവിയുടെ ആശങ്കയല്ല, രാജീവ് കുമാറിന്റെ ഉറപ്പാണ് ആ പാട്ട്.

ശ്രീരാഗമോ തേടുന്ന നീ

ഈ വീണതൻ പൊൻതന്ത്രിയിൽ

സ്‌നേഹാർദ്രമാം ഏതോ പദം

തേടുന്നു നാം ഈ നമ്മളിൽ

നിൻ മൗനമോ പൂമാനമായ്

നിൻരാഗമോ ഭൂപാളമായ്

എൻ മുന്നിൽ നീ പുലർകന്യയായ്.

ഒഎൻവിയുടെ ആശങ്കയെക്കുറിച്ച് ഒരു അനുഭവം സംഗീത സംവിധായകൻ ഔസേപ്പച്ചനും പങ്കു വച്ചിട്ടുണ്ട്.

കാതോടു കാതോരം എന്ന സിനിമയ്‌ക്കു പാട്ടൊരുക്കുമ്പോഴായിരുന്നു ആ സംഭവം. ട്യൂണിട്ട് പാട്ടെഴുതുന്നതിൽ തീരെ താൽപര്യമില്ലായിരുന്നു ഒഎൻവിക്ക്. അന്നു താരതമ്യേന പുതുമുഖമാണ് ഔസേപ്പച്ചൻ. വയലിനിൽ ഈണം കേൾപ്പിച്ചപ്പോൾ ഒഎൻവി ചോദിച്ചു, ഇതെങ്ങനെ എഴുതാൻ? നീ, എൻ എന്നൊക്കെ എഴുതാമല്ലോ എന്നായിരുന്നു ഔസേപ്പച്ചന്റെ മറുപടി. ആലോചിച്ചു പറഞ്ഞതല്ല, അപ്പോൾ നാവിൽ വന്നതു പറഞ്ഞു എന്നേയുള്ളൂ. എന്നാൽ സർഗസൗന്ദര്യം നിറഞ്ഞ ഒരു കവിതയാണ് ആ വാക്കുകളിൽ നിന്ന് ഒഎൻവി സൃഷ്‌ടിച്ചത്.

നീ എൻ സർഗ സൗന്ദര്യമേ

നീ എൻ സത്യസംഗീതമേ

നിന്റെ സങ്കീർത്തനം

സങ്കീർത്തനം

ഓരോ ഈണങ്ങളിൽ

പാടുവാൻ നീ തീർത്ത

മൺവീണ ഞാൻ

ആ കാലത്തിൽ നിന്നു സാങ്കേതികവിദ്യ, സംഗീതത്തെ ഏറെ മുന്നോട്ടു കൊണ്ടു പോയി. യുഗ്മഗാനങ്ങൾ പാടുന്നവർ തമ്മിൽ കാണാതായി.

സംഗീതസംവിധായകനും കവിയും ഗായകരും തമ്മിലും കാണാതായി. ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയ്‌ക്കു വേണ്ടി സന്തോഷ് വർമ രചിച്ച ‘വസന്തമല്ലികേ മനസു നിറയും പ്രിയ വസന്തമായ് നീ വാ...’ എന്ന ഗാനം സംഗീത സംവിധായകൻ പ്രശാന്ത് പിള്ള ഗായകൻ ഹരിചരണ് മെയിലിൽ കൊടുത്തു. സ്‌കൈപ്പിൽ ഇരുവരും കണ്ടുമുട്ടി, ഗാനത്തിന്റെ സിറ്റ്വേഷൻ വിവരിച്ചു. ഹരിചരൺ പാടി റെക്കോർഡ് ചെയ്‌തു പ്രശാന്തിന് അയച്ചു കൊടുത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.