Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണരുമീ ഗാനം

എച്ച്. സുരേഷ്
Padmarajan പത്മരാജൻ ഓർമയായിട്ട് ജനുവരി 24ന് 25 വർഷം പിന്നിടുന്നു

‘‘നിന്റെ പാതിയാകാൻ വെമ്പി നിൽക്കുന്ന ഈ ഭൂമി കന്യയുടെ ഉള്ളിൽ നിന്നു നിന്റെ ഓർമയും നിന്റെ ഉള്ളിൽ നിന്ന് അവളുടെ ഓർമയും മായ്ച്ചു കളഞ്ഞിട്ട്, ഭൂമിയും സ്വർഗവും തമ്മിലുള്ള ബന്ധം അറുത്തിട്ട് ഇവിടെ നിന്നു യാത്ര ആരംഭിച്ചാൽ, നിന്റെ ശിക്ഷകളുടെ കാഠിന്യം കുറഞ്ഞു കിട്ടും.’’ ആ ഓർമകളെ മായ്ച്ചു കളഞ്ഞിട്ട് ഒരു ശിക്ഷയിൽ നിന്നും മുക്തി വേണ്ടെന്നു ഗന്ധർവൻ തീരുമാനിച്ചു.

ഇന്നും, 25 വർഷം പിന്നിടുന്ന ഇന്നും ഓർമകൾ തെളിഞ്ഞു തന്നെ നിൽക്കുന്നു. ആദ്യ സിനിമയ്ക്ക് ഒരുങ്ങുമ്പോൾ പത്മരാജന്റെ മനസിൽ പാട്ടുകളില്ലായിരുന്നു. ‘പപ്പന് ഒരു സിനിമ സംവിധാനം ചെയ്തു കൂടെ’ എന്ന ചോദ്യവുമായി എത്തിയ കറിയാച്ചനോടു (പ്രേം പ്രകാശ്) പത്മരാജൻ പറഞ്ഞ നിബന്ധന തന്റെ ചിത്രത്തിൽ ചിലപ്പോൾ താരങ്ങളുണ്ടാവില്ല, പാട്ടുകളുണ്ടാവില്ല എന്നൊക്കെയായിരുന്നു. അതു കറിയാച്ചൻ സമ്മതിച്ചതോടെ പെരുവഴിയമ്പലം പിറന്നു.

ആ പത്മരാജനാണു പിന്നീടു തന്റെ സിനിമകളിലൂടെ പാട്ടുകളുടെ പൊന്നുരുകും പൂക്കാലം തന്നതും ഒടുവിൽ ഗന്ധർവൻ എന്ന പേരുമായി പറന്നകന്നതും...! ആദ്യ മൂന്നു ചിത്രങ്ങളിലും പാട്ടുകളില്ലായിരുന്നു. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടത്തിലാണു പത്മാരാജൻ ആദ്യമായി പാട്ടുകൾ ഉൾപ്പെടുത്തിയത്. അതിനു ശേഷം സംവിധാനം ചെയ്ത ‘കൂടെവിടെ’ എന്ന സിനിമയിലേക്ക്, ഗുരു എന്നു പത്മരാജൻ തന്നെ വിശേഷിപ്പിച്ച ഒഎൻവിയെ ക്ഷണിച്ചു. ആടി വാ കാറ്റേ പാടി വാ കാറ്റേ ആയിരം പൂക്കൾ നുള്ളി വാ, പൊന്നുരുകം പൂക്കാലം നിന്നെ കാണാൻ വന്നു എന്നൊക്കെയുള്ള കവിതകളായിരുന്നു പ്രിയ ശിഷ്യന് ഒഎൻവിയുടെ സമ്മാനം. ജോൺസന്റെ പൊൻകൈ തൊട്ട് അവയൊക്കെയും മനോഹരമായ പൂക്കളായി.

കൂടെവിടെ കഴിഞ്ഞ് പറന്നു പറന്നു പറന്ന്, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നീ ചിത്രങ്ങളിൽ ഒഎൻവിയും ജോൺസണും തന്നെ സംഗീതമൊരുക്കി. സോളമന്റെ ഉത്തമഗീതങ്ങളെ പിൻപറ്റി മുന്തിരിത്തോപ്പുകളിലെ ‘പവിഴം പോൽ പവിഴാധരം പോൽ’, ‘ആകാശമാകെ’ തുടങ്ങിയ പാട്ടുകൾ ജനപ്രിയങ്ങളായി. ഇടയ്ക്ക് തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയിലെ ഏകഗാനത്തിനായി(പനിനീരുമായ്...) ചുനക്കര ശ്യാം ടീമിനെ പരീക്ഷിച്ചു.

വേർപിരിയുവാനാകാത്ത പെൺസൗഹൃദങ്ങളുടെ കഥ പറഞ്ഞ ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയിൽ ഒഎൻവിക്കൊപ്പം രവീന്ദ്രനായിരുന്നു. പൂ...വേണോ...പൂ വേണോ എന്ന പാട്ടാണ് ദേശാടനക്കിളിയിൽ ജനപ്രിയമായത്.

ഒഎൻവിയല്ലാതെ മറ്റൊരു കവിയെക്കൊണ്ട് എഴുതിക്കുന്ന കാര്യം അതു വരെ ചിന്തിക്കാതിരുന്ന പത്മരാജൻ തൂവാനത്തുമ്പികളിൽ ഒന്നു മാറി ചിന്തിച്ചു. ഒഎൻവിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമായിരുന്നു അതിനു കാരണം. തൂവാനത്തുമ്പികളിൽ പുതിയൊരു സംഗീത സംവിധായകനെ പരീക്ഷിക്കാൻ പത്മരാജന് ആഗ്രഹം തോന്നി. ആകാശവാണിയിലെ സഹപ്രവർത്തകനായിരുന്ന പെരുമ്പാവൂർ ജി. രവീന്ദ്രനാഥിനെയാണ് അദ്ദേഹം നിശ്ചയിച്ചത്. ബോംബെ രവി മതിയെന്നായിരുന്നു ഒഎൻവിയുടെ അഭിപ്രായം. എന്നാൽ ബോംബെ രവിയുടെ വലിയ പ്രതിഫലവും രവീന്ദ്രനാഥിനെ ഒഴിവാക്കാനുള്ള വിഷമവും മൂലം പത്മരാജൻ വിസമ്മതിച്ചു.

രവീന്ദ്രനാഥ് ആദ്യമായി സംഗീതം ചെയ്യുന്നതിനാൽ ഈണമിട്ട ശേഷം പാട്ടെഴുതാമെന്ന സംവിധായകന്റെ അഭിപ്രായം ഒഎൻവിയെ വീണ്ടും ചൊടിപ്പിച്ചു. ട്യൂണിനനുസരിച്ച് പാട്ടെഴുതാൻ സാധ്യമല്ല എന്ന് അദ്ദേഹം നിലപാട് കടുപ്പിച്ചു. ജോൺസന്റെ ട്യൂണിനനുസരിച്ച് ഒഎൻവി പാട്ടെഴുതിയിട്ടുള്ള കാര്യം അറിയാവുന്ന പത്മരാജന് ഏറെ വേദന തോന്നിയതായി അദ്ദേഹത്തിന്റെ ഭാര്യ രാധാലക്ഷ്മി ഓർക്കുന്നു. സ്വയം ഒരു ശ്രമം നടത്തിയ ശേഷം അദ്ദേഹം ശ്രീകുമാരൻ തമ്പിയെ ഏൽപിച്ചു. അപ്പോഴും അദ്ദേഹം തന്റെ ശരികളിൽ ഉറച്ചു നിന്നു.

‘കണ്ണുകളാൽ അർച്ചനയും മൗനങ്ങളാൽ കീർത്തനവു’മായി പ്രണയത്തിന്റെ ഒന്നാം രാഗം പാടി ശ്രീകുമാരൻ തമ്പിയും പെരുമ്പാവൂർ ജി. രവീന്ദ്രനാഥും. ആ പാട്ടിനെക്കുറിച്ച് രസകരമായ ഒരു ഓർമ ഗായകൻ ജി. വേണുഗോപാൽ അദ്ദേഹത്തിന്റെ ‘ഓർമച്ചെരാതുകൾ’ എന്ന പുസ്തകത്തിൽ പങ്കു വയ്ക്കുന്നുണ്ട്. സംഗീതജ്ഞൻ നെയ്യാറ്റിൻകര വാസുദേവൻ വേണുഗോപാലിനോടു പറഞ്ഞതാണത്. നെയ്യാറ്റിൻകരയിൽ നിന്നു വയനാട്ടിലേക്ക് ഒരു സംഗീതക്കച്ചേരിക്കു പോയതായിരുന്നു അദ്ദേഹം. ഓരോ സ്റ്റോപ്പിലും വണ്ടി നിർത്തുമ്പോൾ കേൾക്കുന്നതു വേണുവിന്റെ ഒന്നാം രാഗമാണ്. ചുരം കയറി ബത്തേരിയിലെത്തുമ്പോൾ ഒരാൾ നാഗസ്വരത്തിൽ വായിക്കുന്നു: ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി, വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുന്നിൽ...’

തന്റെ ശരികളിൽ ഉറച്ചു നിൽക്കുന്ന പത്മരാജന്റെ നിശ്ചയദാർഢ്യത്തിനു വേണുവും ഒരിക്കൽ സാക്ഷിയായി. പത്മരാജന്റെ പതിനഞ്ചാമത്തെ സിനിമയായ മൂന്നാം പക്കത്തിനു സംഗീതം ഇളയരാജയുടേതായിരുന്നു. സിനിമയിലേക്കു വേണുഗോപാലിനെ നിർദേശിച്ചതു പത്മരാജൻ. എന്നാ‍ൽ ഇളയരാജയ്ക്ക് അത്ര ഇഷ്ടമായില്ല. ‘ഉണരുമീ ഗാനം’ എന്ന ഗാനം പല വട്ടം വേണു പാടിയിട്ടും ഇളയരാജയ്ക്കു തൃപ്തി പോരായിരുന്നു. തന്റെ പാട്ടു പാടുന്നയാളെ താൻ തന്നെ തീരുമാനിക്കണം എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. സംവിധായകനാകട്ടെ തന്റെ തീരുമാനം മാറ്റാനും ഒരുക്കമല്ലായിരുന്നു. സംവിധായകന്റെ ശരി കാലം തെളിയിച്ചു. ഉണരൂമീ ഗാനം വേണുഗോപാലിനു ഗായകനുള്ള ആദ്യത്തെ സംസ്ഥാന അവാർഡ് നൽകി.

‘ഇന്നലെ’യിലാണു കൈതപ്രം ആദ്യമായി പത്മരാജനൊപ്പം ചേർന്നത്. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് തന്നെയായിരുന്നു സംഗീതം. ഓർമകളുടെ കൂട്ടു വിട്ടു പറന്ന പെൺകുട്ടിയെക്കുറിച്ച് കൈതപ്രം എഴുതി: കണ്ണിൽ നിൻ മെയ്യി‍ൽ ഓർമപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞു പൊന്നോ പൂമൊട്ടോ വർണത്തെല്ലോ നിൻ ഭാവം മോഹനമാക്കി പല സംഗീത സംവിധായകർ മാറി വന്നപ്പോഴും ജോൺസനോടുള്ള ഇഷ്ടം പത്മരാജന്റെ മനസിലെന്നുമുണ്ടായിരുന്നു. തൂവാനത്തുമ്പികളിലെ പശ്ചാത്തലസംഗീതം ജോൺസനെയാണ് ഏൽപിച്ചത്.

തൂവാനത്തുമ്പികളിൽ ജയകൃഷ്ണൻ ക്ലാരയെ കാണുമ്പോഴൊക്കെ, ക്ലാരയ്ക്ക് എഴുതുമ്പോഴൊക്കെ മഴ സാക്ഷിയായുണ്ട്. മഴ മാത്രമല്ല ജോൺസന്റെ ആ നേർത്ത ഈണവും അനശ്വരമായി. ഒരിക്കൽ കൂടി പത്മരാജൻ പാട്ടൊരുക്കാൻ ജോൺസനെ വിളിച്ചു, ഞാൻ ഗന്ധർവനു വേണ്ടി.

പക്ഷേ ദുർനിമിത്തങ്ങളിലൂടെയായിരുന്നു ആ സിനിമയുടെ യാത്ര എന്നു രാധാലക്ഷ്മി ഓർക്കുന്നു. റെക്കോർഡിങ്ങിൽ മുടക്കം വന്നു. ആദ്യം ചെയ്ത പാട്ടുകൾ മാറ്റണമെന്നു നിർമാതാവ് അഭിപ്രായപ്പെട്ടു. പിന്നീട് അദ്ദേഹം വഴങ്ങിയെങ്കിലും ദേവാങ്കണങ്ങൾ എന്ന പാട്ടിന്റെ ഷൂട്ടിങ്ങും മിക്സിങ്ങും കഴിഞ്ഞപ്പോൾ പാട്ട് പാടുന്നതായി അഭിനയിച്ച നിതീഷ് ഭരദ്വാജിന്റെ ചുണ്ടുകളുടെ ചലനം തെറ്റിയിരുന്നതായി മനസിലാക്കി. വീണ്ടും ഏറെ കഷ്ടപ്പെട്ടാണ് അതു നേരെയാക്കിയത്. പക്ഷേ സിനിമ ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതു കത്രികയ്ക്കു വിധേയമായി. പിന്നീട് കണ്ടവരൊന്നും ആ പാട്ട് തിയറ്ററിൽ കണ്ടിട്ടുണ്ടാകില്ല.

ദേവാങ്കണങ്ങൾ പത്മരാജന് ഏറെ പ്രിയപ്പെട്ട പാട്ടായിരുന്നു. അതു മുറിച്ചു മാറ്റിയതിൽ അദ്ദേഹം ഏറെ വേദനിച്ചു. പക്ഷേ കാലം ആ പാട്ടിനെ നമ്മുടെയുള്ളിൽ ‘അമൃതകണമായ്, ധന്യനായ്’ നിർത്തുന്നു. ‘ഈ ഭൂമി കന്യയുടെ ഉള്ളിൽ നിന്ന് നിന്റെ ഓർമയും നിന്റെ ഉള്ളിൽ നിന്ന് അവളുടെ ഓർമയും മായ്ച്ചു കളയാൻ’ ആർക്കും കഴിയില്ലല്ലോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.