Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാനുമതി, മേഡ് ഇൻ തോട്ടര

എച്ച്. സുരേഷ്
KANMADAM (2) കന്മദമെന്ന ചിത്രത്തിലെ മഞ്ജു വാര്യറും മോഹൻ ലാലും പിന്നെ സംവിധായകൻ ലോഹിതദാസും

ചെർപ്പുളശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള വഴിയിലൂടെ ഫൊട്ടോഗ്രഫർ ജ്യോതിയുടെ ബൊലേറോ അതിവേഗം ഓടുകയാണ്. കയറ്റിറക്കങ്ങളും വളവു തിരിവുകളുമുള്ള വഴിയിൽ നിന്ന് ഇടയ്ക്കു ജ്യോതി ഒന്നു വഴി മാറി. ഈ ബസ് സ്റ്റോപ്പും ആൽത്തറയും അമ്പലവുമൊക്കെ നമ്മൾ ഏറെ കണ്ടിട്ടുണ്ട്. എന്നാൽ വേനലിൽ ഉണങ്ങി നിൽക്കുന്ന മരങ്ങളും പാറക്കൂട്ടങ്ങളുമാണ് കണ്ണിൽ ചൂടു കാറ്റായി അടിച്ചത്. വള്ളുവനാടിന്റെ മറ്റൊരു മുഖമാണ് ഇത്. സിനിമ അപൂർവമായേ ഈ സീനുകൾക്കു നേരെ ക്യാമറ വച്ചിട്ടുള്ളൂ. ചെറുതുരുത്തി പാലത്തിനും മായന്നൂർക്കടവിനും ചുറ്റും കറങ്ങുന്ന കാഴ്ചകളാണു വെള്ളിത്തിര വലുതായി കാണിച്ചിട്ടുള്ളത്. ഭാരതപ്പുഴയിലെ ഇത്തിരി വെള്ളവും മണൽപ്പരപ്പും ആറ്റുവഞ്ചിയും നമുക്കു വള്ളുവനാടിന്റെ സൗന്ദര്യമാണ്; ആ‌ഴമില്ലാത്ത പുഴയിൽ ദാവണിയുള്ള അറ്റം നനച്ച് ഓടി വരുന്ന നായിക സുന്ദരമായ ഫ്രെയിമാണ്; നാട്ടുകാർക്കാകട്ടെ അത് ഒരു പുഴയുടെ മരണമാണ്.

പച്ചപ്പിനു പോലും ഉണക്കു തട്ടിയിരിക്കുന്നു. ഒരു ചെറുതീപ്പൊരി വീണാൽ ഈ നാടു മുഴുവൻ കത്തി തീരുമോ എന്നു ഭയപ്പെടുത്തുന്ന ഉണക്ക്. മൺപടവുകൾ കയറിപ്പോകുന്ന ഒരു വീട് വഴിയിൽ കണ്ടു. അതു ഭൂതക്കണ്ണാടിയിലെ വിദ്യാധരന്റേതാണോ? ഭൂതക്കണ്ണാടിയിലെ വിദ്യാധരനും സരോജിനിയും സല്ലാപത്തിലെ രാധയും നടന്നത് ഈ വഴികളിലൂടെയാണ്. ഈ വഴി മുഴുവൻ എഴുതി തീർത്ത ലോഹിതദാസ് ഒടുവിൽ ഇവിടം വിട്ടു പോകാതെ താമസക്കാരനായി, പിന്നെയീ മണ്ണിൽ ചേരുകയും ചെയ്തു. വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോയ് ‘അകലൂർ കല്ലുതൊടി’ എന്ന വിലാസം പറയുമ്പോൾ ആ തിരക്കഥ എഴുതിയ ലോഹിതദാസ് താമസിച്ചിരുന്ന ‘അകലൂർ അമരാവതി’ അടുത്തെവിടെയോ അല്ലേ എന്നു തോന്നിപ്പോകും.

ഓർത്തിരിക്കുമ്പോഴേക്കും ജ്യോതി ആ വീടിനു മുന്നിൽ നിർത്തി. ചെർപ്പുളശേരിയിൽ നിന്ന് ഒറ്റപ്പാലത്തേക്കുള്ള യാത്രയിൽ ഇടയ്ക്കു ജ്യോതി വഴി തെറ്റിച്ചത് ഇവിടെ വരാനാണ്. തോട്ടര എന്നാണ് ഈ സ്ഥലത്തിന്റെ പേര്. തോട്ടരക്കത്തിയുടെ നാട്. ഇവിടെ ഒരു ആലയിൽ രണ്ടു തോട്ടരക്കത്തികൾ പറഞ്ഞു വച്ചിട്ടുണ്ട്. അഡ്വാൻസും കൊടുത്തിട്ടുണ്ട്. ഒട്ടു അലസനല്ലാത്ത ഒരാളുടെ വീടെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. വൃത്തിയുള്ള പറമ്പ്; പിന്നെ ആലയും. ആല കണ്ടപ്പോൾ ഭാനുമതിയെ ഓർത്തു. ഇവിടെ അടുത്തെവിടെയങ്കിലുമാണോ ഭാനുവിന്റെ വീട്? തോട്ടരയ്ക്കു വരുന്ന വഴി പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ കണ്ടിരുന്നു. അവിടെയെങ്ങാനും ഒരു പാറയ്ക്കു മുകളിൽ ഒറ്റയ്ക്കു നിൽക്കുന്ന ആലയും വീടുമുണ്ടായിരുന്നോ? ലോഹിതദാസിന്റെ കന്മദത്തിലെ നായിക ഭാനുമതി, ദാമോദരന്റെ പെങ്ങൾ. മുത്തശ്ശനും മുത്തശ്ശിയും ചേച്ചിയും അനിയത്തിയുമടങ്ങുന്ന കുടുംബത്തെ താങ്ങി നിർത്തുന്ന മനസിന് ഇരുമ്പിന്റെ ബലം. ആലയിലെ കനൽ നോക്കിലും വാക്കിലുമുണ്ട്. ദാമോദരൻ മുംബൈയിലോ ഗൾഫിലോ ഉണ്ടെന്നും കത്തായോ മണി ഓർഡറായോ താൻ ജീവിച്ചിരുപ്പുണ്ടെന്ന് അറിയിക്കുമെന്നും കുടുംബം കരുതുന്നു. ആ വിശ്വാസമാണ് അവരുടെ ബലം.

ഗിരീഷ് പുത്തഞ്ചേരി എഴുതി:

മൂവന്തിത്താഴ്‌വരയിൽ

വെന്തുരുകും വിൺസൂര്യൻ

മുന്നാഴി ചെങ്കനലായ്

നിന്നുലയിൽ വീഴുമ്പോൾ

ഒരു തരി പൊൻതരിയായ്

നിൻ ഹൃദയം നീറുന്നു

ചെങ്കനലിന്റെ ചൂടുള്ള ആലയിലിരുന്നാൽ പടിഞ്ഞാറു പൊന്നാനിക്കടലിലേക്കു പോവുന്ന സൂര്യനെ കാണാം. ആ സൂര്യനെ നോക്കിയിരിക്കുമ്പോൾ പിറ്റേന്നത്തെ പകലാണു പ്രതീക്ഷ. അന്നോ പിറ്റേന്നോ, നാട്ടുകാരുടെ കടം തീർക്കണമെന്ന നിർദേശത്തോടെ ഏട്ടൻ അയയ്ക്കുന്ന മണിയോർഡർ വന്നേക്കാം. അതു വീട്ടാൻ ആ ആലയിലെ കനൽ മതിയാകില്ല. എന്നാൽ വന്നതു വിശ്വനാഥനാണ്. ഏട്ടന്റെ കൂട്ടുകാരൻ എന്നു പരിചയപ്പെടുത്തി. മറ്റൊരു കനൽ ഉള്ളിലൊതുക്കിയാണ് അയാൾ വന്നത്. ഏട്ടൻ മരിച്ച വിവരം മാത്രമേ വിശ്വം ഭാനുവിനോടു പറയുന്നുള്ളൂ. എങ്ങനെ എന്നു പറയുന്നില്ല. ഇരുമ്പും പാറയും ചേർന്ന കരുത്തുള്ള പെണ്ണാണു ഭാനു. എന്നാൽ അത് കുടുംബം വീണു പോകാതിരിക്കാൻ അടക്കി പിടിച്ച കരുത്താണ്. വെട്ടു കത്തി ഓങ്ങുന്ന ഭാനുവിനെ മാത്രമേ നാട്ടിലെ ആണുങ്ങൾ കണ്ടിട്ടുള്ളൂ. ആ പാറക്കരുത്തിനടിയിൽ ആർദ്രത തളം കെട്ടി കിടപ്പുണ്ട്.ഏട്ടൻ മരിച്ചെന്ന വാർത്തയറിഞ്ഞു രാത്രി വീട്ടിൽ വന്നു കയറുന്ന അവളുടെ കണ്ണിലെ നനവു കണ്ടു ചേച്ചി തെറ്റിദ്ധരിക്കുന്നു, ഉപദേശിക്കുന്നു; ചേച്ചിക്കു പറ്റിയ തെറ്റ് ആവർത്തിക്കരുതെന്ന്. അതല്ല ഭാനുവെന്ന് അവർ അറിയുന്നില്ല. തിരുത്താൻ അവൾ ശ്രമിക്കുന്നില്ല. തെറ്റിദ്ധരിച്ചോട്ടെ, എങ്കിലും ഏട്ടന്റെ വിധി തൽകാലം ആരുമറിയേണ്ടെന്ന് അവൾ തീരുമാനിക്കുന്നു. അവളെ തിരിച്ചറിയുന്നതു വിശ്വം മാത്രമാണ്. തന്റെ ജീവിതം തന്നെയാണ് അയാൾ സമർപ്പിക്കാൻ ശ്രമിക്കുന്നത്.

ഇരുളുമീ ഏകാന്തരാവിൽ

തിരിയിടും വാർത്തിങ്കളാക്കാം

മനസിലെ മൺകൂടിനുള്ളിൽ

മയങ്ങുന്ന പൊൻവീണയാക്കാം

ഒരു മുളം തണ്ടായ് നിൻ ചുണ്ടത്തെ

നോവുന്ന പാട്ടിന്റെ ഈണങ്ങൾ

ഞാനേറ്റു വാങ്ങാം

ഒരു കുളിർത്താരാട്ടായ് നീ വാർക്കും

കണ്ണീരി‍ൻ കാണാപ്പൂ മുത്തെല്ലാം

എന്നുള്ളിൽ കോർക്കാം.

അബദ്ധത്തിലാണെങ്കിലും ചെയ്തു പോയ തെറ്റിന്റെ പ്രായശ്ചിത്തമായി വിശ്വം ആ വീടിനു തണലാകാൻ ശ്രമിക്കുന്നു. അപ്പോഴാണു കൂട്ടുകാരൻ ജോണി അയാളെ തേടിയെത്തുന്നത്. വിശ്വം കണ്ട കാഴ്ചകൾ ജോണി കണ്ടിട്ടില്ല. വിശ്വനു വന്ന മാറ്റവും അവൻ അറിഞ്ഞിട്ടില്ല. മുംബൈ തെരുവിലെ അഴുക്കുചാലിൽ വളർന്നവരാണ് അവർ. കൂട്ടുകാരനു മാറ്റമുണ്ടാകുമെന്നു കരുതാനേ ജോണിക്കു വയ്യ. പക്ഷേ അതാണു സത്യം. വിശ്വം തന്നെ ഭാനുവിനു കൊടുത്ത വാക്കു പോലെ:

കവിളിലെ കാണാ നിലാവിൽ

കനവിന്റെ കസ്തൂരി ചാർത്താം

മിഴിയിലെ ശോകാർദ്രഭാവം

മധുരിക്കും ശ്രീരാഗമാക്കാം

എരിവെയിൽ ചായും നിൻ

മാടത്തി‍ൻ മുറ്റത്തെ മന്ദാരക്കൊമ്പത്ത്

മ‍ഞ്ഞായ് ഞാൻ മാറാം

അതു സ്വന്തം ജീവൻ കൊണ്ടു കൊടുക്കുന്ന ഉറപ്പാണ്. തെറ്റിദ്ധരിച്ചിട്ടാണെങ്കിൽ പോലും സ്വന്തം അമ്മയോടും മുംബൈ ജീവിതത്തിലൂടെ അവനവനോടും ചെയ്ത തെറ്റിനു വൈകിയൊരു പ്രായശ്ചിത്തം. തോട്ടരയിൽ നിന്ന് ഒറ്റപ്പാലത്തെമ്പോഴേക്കും കൊച്ചിയിലേക്കുള്ള ട്രെയിൻ പോയി. പിന്നെ ഷൊർണൂരിലേക്ക്. വേണാട് എക്സ്പ്രസ് യാത്രയ്ക്ക് ഒരുങ്ങുന്നു. പിണഞ്ഞു കിടങ്ങുന്ന പാളങ്ങൾക്കിടയിലൂടെ ചുറ്റികയുമായി നീങ്ങുന്ന ഗാങ്മാന്മാർ. പാളത്തിലൂടെ അവർ നടക്കുന്നു, ഇളകിയിരിക്കുന്ന ആണികൾ അടിച്ചുറപ്പിക്കുന്നു. ‘സല്ലാപ’ത്തിൽ, രാധയുടെ ജീവിതത്തെ ഉറപ്പിച്ചു നിർത്തിയ ദിവാകരനും ഒരു ഗാങ്മാനായിരുന്നു.

Your Rating: