Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിരാഗാന്ധി നിരോധിച്ച സിനിമ

എച്ച്. സുരേഷ്
aandhi

വേണ്ടെന്നു പറഞ്ഞ ഒരു റോളിനെച്ചൊല്ലി പ്രശസ്ത നടി വൈജയന്തിമാല പിന്നീട് ഏറെ ദുഃഖിച്ചിട്ടുണ്ട്, അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. 1975ൽ ഗുൽസാർ സംവിധാനം ചെയ്ത ആന്ധി എന്ന സിനിമ. ആ വേഷം ചെയ്തതു സുചിത്ര സെൻ എന്ന ബംഗാളി നടിയാണ്. ആന്ധിയിലെ ആരതിയുടെ വേഷം വേണ്ടെന്നു വൈജയന്തിമാല പറയാൻ ഒരു കാരണമുണ്ട്. ആരതിക്ക് ഇന്ദിരാഗാന്ധിയുമായി ഏറെ സാമ്യം തോന്നിയിരുന്നു. ഇന്ദിരാഗാന്ധിക്ക് അനിഷ്ടം തോന്നേണ്ടെന്ന് അവർ കരുതി.

നെറ്റിക്കു മുകളിലെ നരച്ച മുടിയിഴകൾ പിന്നിലേക്ക് ഒതുക്കി വച്ച് കോട്ടൺ സാരിയുടുത്ത് സുചിത്ര സെൻ സ്ക്രീനിൽ വന്നപ്പോൾ എല്ലാവരും പറഞ്ഞു, അത് ഇന്ദിര തന്നെ. നിങ്ങളുടെ പ്രധാനമന്ത്രി ഇതാ സ്ക്രീനിൽ എന്ന അടിക്കുറിപ്പുള്ള പോസ്റ്ററിലൂടെ വിതരണക്കാർ അതു സ്ഥാപിക്കുകയും ചെയ്തു. സിനിമ റിലീസ് ചെയ്തത് 1975ലായിരുന്നു. വൈകാതെ രാജ്യം അടിയന്തരവാസ്ഥയിലേക്കു കടന്നു. റിലീസ് ചെയ്ത് 26 ആഴ്ച പിന്നിട്ടപ്പോൾ ഇന്ദിരാഗാന്ധി ആന്ധി നിരോധിച്ചു.

സഞ്ജീവ് കുമാർ അവതരിപ്പിച്ച ജെകെ എന്ന ഹോട്ടൽ മാനേജരുടെയും ആരതിയുടെയും പ്രണയവും കുടുംബ ജീവിതവും വേർപിരിയലുമാണു സിനിമയുടെ ഇതിവൃത്തം. അച്ഛന്റെ കൈപിടിച്ചു രാഷ്ട്രീയത്തിൽ വന്ന ആരതിക്കു ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ കുടുംബമോ രാഷ്ട്രീയമോ വലുത് എന്ന ചോദ്യത്തെ നേരിടേണ്ടി വന്നു. അച്ഛന്റെ മകൾ രാഷ്ട്രീയത്തെ വരിച്ചു. പക്ഷേ കാലങ്ങൾ കടന്നു പോയപ്പോൾ അവർക്കതിൽ പശ്ചാത്താപം തോന്നിയോ?

ഒരിക്കൽ ജെകെയുടെ ഹോട്ടലിൽ താമസിക്കാനെത്തിയ ആരതി വീണ്ടും പഴയ ഭർത്താവിനെ കണ്ടുമുട്ടി. ഒരു രാത്രി പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ അവർ എന്തൊക്കെയോ സംസാരിച്ചു നടന്നു. പഴയ പ്രണയത്തെയും ജീവിതത്തെയും തൊടാൻ മടിച്ചു നിന്നു ഇരുവരും. അപ്പോഴാണ് അവരുടെ ഷാൾ കാണാനില്ലെന്ന് അയാൾ ഓർമിച്ചത്. അതെവിടെയോ മറന്നു വച്ചിരുന്നു. തന്റെ ഷാൾ നീട്ടിയിട്ടു ജെകെ പറഞ്ഞു,

‘നീ ഒട്ടും മാറിയിട്ടില്ല.’

അതിന് അവരുടെ മറുപടിയിൽ നിന്നാണു ഗാനം തുടങ്ങുന്നത്:

തേരേ ബിനാ സിന്ദഗി സേ കോയി ഷിഖ്‌വാ

തോ നഹീ ഷിഖ്‌വാ നഹീ

ഷിഖ്‌വാ നഹീ ഷിഖ്‌വാ നഹീ

നീയില്ലാത്തപ്പോൾ എനിക്കു ജീവിത്തെക്കുറിച്ചു പരാതികളില്ല. കാരണം, അതു ജീവിതമേയല്ല. ഗുൽസാറിന്റെ വരികൾക്കു ആർ.ഡി. ബർമന്റെ ഈണം. കിഷോർ കുമാറും ലതാ മങ്കേഷ്ക്കറും അനശ്വരമാക്കിയ, ബോളിവുഡിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന ഗാനം.

പാട്ടിനിടയ്ക്ക് ജെകെ ഒരു പൂവള്ളി ആരതിക്കു കാട്ടി കൊടുക്കുന്നു. ‘ഇതു പൂവള്ളികളല്ല, അറബിയിലെ ചില ലിപികളും ചിഹ്നങ്ങളുമാണ്. പകൽ വെളിച്ചത്തിൽ നോക്കിയാലേ മനസിലാകൂ.’ പകൽ താൻ എങ്ങനെ വരാനാണെന്നു പറഞ്ഞ് അവർ പരിഭവിക്കുമ്പോൾ അയാൾ ചന്ദ്രനെ നോക്കി പറയുന്നു:

ഇതു രാത്രിയിലെ കാഴ്ചയാണ്. പക്ഷേ ഇടയ്ക്കു പൂർണചന്ദ്രനില്ലാത്ത രാത്രികളും വരും. സാധാരണ 15 രാത്രികളാണ്. പക്ഷേ ഇത്തവണ അതു നീണ്ടു പോയി.’’ തങ്ങളുടെ ജീവിതത്തെ ഓർത്ത് ആരതി പറഞ്ഞു:

‘‘ഒൻപതു വർഷം, അല്ലേ?’’

ജീ മേ ആത്താ ഹേ തേരേ ദാമൻ മേ

സർ ഝുകാ കേ ഹം

രോതേ രഹേ, രോതേ രഹേ

തേരേ ഭീ ആംഖോ മേ

ആസുവോ കീ നമീ തോ നഹീ

നീ പറഞ്ഞാൽ ഈ ചന്ദ്രൻ അസ്തമിക്കില്ല, ഈ രാത്രി ഒരിക്കലും പുലരില്ല എന്നാണു ജെകെയുടെ മറുപടി:

തും ജൊ കഹ് ദോ തൊ ആജ് കീ രാത്

ചാന്ദ് ഡൂബേഗാ നഹീ

രാത് കോ രോഖ് ലോ

രാത് കീ ബാത് ഹേ

ഓർ സിന്ദഗീ ബാക്കീ തോ നഹീ

ഒൻപതു വർഷം അകന്നു ജീവിച്ചിട്ടും പ്രണയം ഒരു നിലാവു പോലും അപ്പോഴും ബാക്കിയുണ്ട് എന്ന് അവർ തിരിച്ചറിയുന്നത് ആ രാത്രിയിലാണ്. എന്നാൽ രാഷ്ട്രീയത്തിലെ പ്രതിഛായ എന്താകും എന്നായിരുന്നു ആരതിയുടെ ഭയം. ഇന്ദിരാഗാന്ധിയെപ്പോലെ ആരതിയും രാഷ്ട്രീയത്തെ മാത്രം വരിച്ചു. സിനിമ വിവാദമായതോടെ പല ഭാഗങ്ങൾ ഒഴിവാക്കി, ചിലതു കൂട്ടിച്ചേർത്തു. ഇന്ദിരാഗാന്ധിയുടെ കഥയാണെന്ന പ്രചാരണത്തെ തള്ളാനുള്ള ഒരു രംഗം കൂടി ഉൾപ്പെടുത്തി. ഇന്ദിരയുടെ ചിത്രം നോക്കി ‘ഇവരാണ് എന്റെ മാതൃക’ എന്ന് ആരതി പറയുന്ന രംഗം പിന്നീടു ചിത്രീകരിച്ചു ചേർത്തതാണ്.

ഇന്ദിരാഗാന്ധിയുടെ ജീവിതത്തെക്കുറിച്ചല്ല സിനിമയെന്നു പറഞ്ഞെങ്കിലും ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതു ഇന്ദിരയെ മനസിൽ വച്ചാണെന്നു ഗുൽസാർ പിന്നീട് സമ്മതിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഇന്ദിരയെ തോൽപിച്ച് ജനതാ പാർട്ടി അധികാരത്തിലെത്തി. അവർ ആന്ധിയുടെ നിരോധനം നീക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.