തുടക്കം ‘നിർമല’യിൽ; മലയാള സിനിമയിൽ പാട്ട് പിൻപതിഞ്ഞ ഏഴു പതിറ്റാണ്ടുകൾ

Nirmala-Film
SHARE

1928ൽ ജെ.സി. ദാനിയലിന്റെ ‘വിഗതകുമാരനി’ലൂടെ മലയാള സിനിമ ദൃശ്യപ്രയാണമാരംഭിച്ചു എന്നാണ് എഴുതപ്പെട്ട ചരിത്രം. ‘മാർത്താണ്ഡവർമ്മ’ കൂടി കഴിഞ്ഞാണ് 1938ൽ ആദ്യ ശബ്ദചിത്രമായ ‘ബാലന്റെ’ പറവി. ശബ്ദ സിനിമയുടെ തുടർച്ചയായി പിന്നണി സംഗീത സാങ്കേതികത മറ്റു ഭാഷാചിത്രങ്ങളിൽ നിലവിൽ വന്നുവെങ്കിലും മലയാളത്തിൽ ആ സംവിധാനം എത്തിപ്പെടുവാൻ പിന്നെയും ഒരു പതിറ്റാണ്ടു കൂടി വേണ്ടി വന്നു; 1948ൽ ആർട്ടിസ്റ്റ് പി.ജെ. ചെറിയാൻ നിർമിച്ച ‘നിർമല’ വരെ.

ബാലനിൽ ഒരു ‘പാനപാനീയ’ രംഗത്തിൽ ആലപ്പി വിൻസന്റ് ഉരിയാടിയ ഉപചാര വാക്കാണ് മലയാളത്തിന്റെ വെള്ളിത്തിരയിൽ ആദ്യം മുഴങ്ങിയ മനുഷ്യ ശബ്ദം. ബാലനിൽ തൊട്ടു ‘നിർമല’യ്ക്കു മുൻപുവരെ തൽസമയ ശബ്ദലേഖനമാണ് മലയാള സിനിമ അവലംബിച്ചു പോന്നത്. പാടുവാൻ കൂടി കഴിവുള്ള അഭിനേതാക്കൾക്കു മാത്രമെ നായികാനായക വേഷങ്ങൾ ലഭിക്കുമായിരുന്നുള്ളൂ. കഥാപ്രസംഗ വേദികളിൽ മാറ്റുരച്ച ആലാപന പാടവമായിരുന്നു ഉദാഹരണത്തിന് കെ.കെ. അരൂരിനു ബാലനിൽ മുഖ്യവേഷം നേടിക്കൊടുത്തത്.

ഗാനരംഗങ്ങളിൽ അവർ സ്വയം പാടുകയും അതു ലൈവ് ആയി ഗാന ചിത്രീകരണവേളയിൽ തൽസമയം റിക്കാർഡ് ചെയ്യുകയുമായിരുന്നു. പാട്ടു മാത്രമല്ല, കൂടെ ചേരേണ്ട ഓർക്കസ്ട്രാ വാപനവും ഇപ്രകാരം തൽസമയം വേണ്ടിയിരുന്നു റിക്കാർഡ് ചെയ്യുവാൻ. ഓർക്കസ്ട്രാ വാപകർ ക്യാമറയുടെ ഫ്രെയിമിൽ കടന്നുവരുന്നില്ല; വന്നുകൂടാ. അതിനാൽ ഓരോ ഷോട്ടിലും ക്യാമറയുടെ ഫീൽഡ് പരിധിയിൽ വന്നുപെടാതെ ഒഴിഞ്ഞുനിന്നു വേണ്ടിവന്നു ഉപകരണ സംഗീതവാപനം. പക്ഷേ, പാടി അഭിനയിക്കുന്ന നടീനടന്മാർ ചലിക്കും, 

ക്യാമറയ്ക്ക് അല്ലാതെയും ചലിക്കാതെ വയ്യ, (ചലന) ചലച്ചിത്രമല്ലേ? ക്യാമറ ആംഗിളുകളോ ഫോക്കസിന്റെ പരിധിയോ മാറുമ്പോൾ ഓർക്കസ്ട്ര വാപകർ അതിന്റെ ഫ്രെയിം പരിധിയിൽപെടാതെ അപ്പപ്പോൾ ഒഴിഞ്ഞു മാറണം. അങ്ങനെ മാറുന്നതിനു പ്രത്യേക സാവകാശമൊന്നും കിട്ടില്ല. ആലാപനവും ചിത്രീകരണവും തുടർന്നു കൊണ്ടിരിക്കുകയാകും. ഓർക്കസ്ട്ര വാപനം മുടങ്ങുവാൻ ഇടവരരുത്, മുടങ്ങുവാൻ പാടില്ല. അതു തുടർന്നു കൊണ്ടു ക്യാമറക്കണ്ണിൽപെടാതെ ഓർക്കസ്ട്രക്കാർ മാറേണ്ടതുണ്ടായിരുന്നു. അപ്രകാരം മാറുമ്പോൾ വായിച്ചുകൊണ്ടിരുന്ന സംഗീതഭാഗത്തിന്റെ നൊട്ടേഷനുകൾ തെറ്റാതെ അച്ചട്ടായി പിന്തുടരുകയും വേണം. ചെറിയ ടെൻഷനൊന്നുമായിരിക്കില്ല ഓരോ ഗാന ചിത്രീകരണവും അവർക്കു നൽകിയിട്ടുണ്ടാവുക!

ഇപ്രകാരം വേണ്ടിവരുന്ന മാറ്റത്തിന്റെ ഊഴങ്ങളിൽ ഹർമ്മോണിസ്റ്റും വയലിനിസ്റ്റും ഫ്ളൂട്ടിസ്റ്റും തബലിസ്റ്റുമെല്ലാം ക്യാമറക്കണ്ണിൽപെടാതെ നൊട്ടേഷൻ തെറ്റിക്കാതെ വാപനം തുടർന്നുകൊണ്ടു ക്യാമറയുടെ ഫീൽഡ് അതിർത്തിക്കു പുറത്തേക്കു മാറണം. അതൊരു വിചിത്രമായ കാഴ്ചയായിരുന്നു. അതിനുള്ള ഓർക്കസ്ട്രക്കാരുടെ തത്രപ്പാട് കാണുമ്പോൾ ബാലന്റെ ഗാനചിത്രീകരണ വേളയിൽ കൗമാരക്കാരിയായിരുന്ന ബാലനിലെ നടി എം.കെ. കമലത്തിനു ചിരിപൊട്ടും.

പാട്ടുപാടി അഭിനയിക്കുന്നതിനിടയിലാണ് ഇപ്രകാരം ശ്രദ്ധ വ്യതിചലിച്ച് തടയാനാവാത്ത ചിരിയെ ക്ഷണിച്ചുവരുത്തുന്നതെന്നോർക്കണം. സ്വാഭാവികമായും ആ ചിരി ഓർക്കസ്ട്രക്കാരുടെ ശ്രദ്ധയെയും ചിതറിക്കും. ഫലമോ, ചിത്രീകരണം വീണ്ടും തുടക്കംതൊട്ട് ആവർത്തിക്കണം. ചിത്രസന്നിവേശ കലയിലെ പുതിയ സാധ്യതകളൊന്നും അന്നു കണ്ടെത്തപ്പെട്ടിട്ടില്ല. ധനവ്യയം വർധിപ്പിക്കുന്ന ഇത്തരം ആവർത്തനങ്ങൾക്കു കാരണക്കാരിയായതിന്റെ പേരിൽ തനിക്കു സംവിധായകനായ എസ്. നൊട്ടാണിയുടെ ശകാരം നിർബാധം ലഭിച്ചു പോന്നതായി കമലം പറഞ്ഞിട്ടുണ്ട്. സഹികെട്ട് തലയിൽ കിഴുക്കുകവരെ ചെയ്യുമായിരുന്നു നൊട്ടാണി.

‘നിർമല’ തൊട്ട് പ്ലേ ബായ്ക്ക് സാങ്കേതികത നിലവിൽ വന്നതോടെയാണ് ഈ അവസ്ഥയ്ക്ക് അവസാനമായത്. ഗാനങ്ങൾ മുൻകൂട്ടി റിക്കാർഡ് ചെയ്ത് ചിത്രീകരണവേളയിൽ പ്ലേ ബായ്ക്കായി കേൾപ്പിക്കുമ്പോൾ ആലാപനത്തിലെ ഉച്ചാരണചേർച്ചയ്ക്കൊത്തു നടീനടന്മാർ ചുണ്ടനക്കി അഭിനയിക്കുന്ന സംവിധാനം ചെറിയ ചെറിയ മിനുക്കലുകളോടെ ഇന്നും തുടരുന്നു. വിഗതകുമാരനിൽ ആരംഭിച്ച മലയാള സിനിമയ്ക്ക് ഇതു നവതിയെങ്കിൽ മലയാളത്തിലെ ശബ്ദചിത്രധാരയ്ക്കു ബാലൻ തൊട്ട് ഇത് അശീതി. മലയാള ചലച്ചിത്ര സംഗീതത്തിന്റെ അശീതി കൂടിയാണ് നാം പിന്നിടുന്നത്.

Playback-Team-Nirmala
കെ.കെ.അരൂർ, എം.കെ.കമലം, പി.ലീല

‘നിർമല’ എഴുപതാണ്ടു പിന്നിടുമ്പോൾ മലയാളത്തിലെ പിന്നണിസംഗീത സാങ്കേതികത സപ്തതി പിന്നിടുകയാണ് അക്കൂട്ടത്തിൽ. മഹാകവി ജി. ശങ്കരക്കുറുപ്പാണ് നിർമലയ്ക്കുവേണ്ടി പാട്ടുകൾ എഴുതിയത്. 14 ഗാനങ്ങളുണ്ടായിരുന്നു. പി.എസ്. ദിവാകറും ഇ.ഐ. വാരിയരും ചേർന്നാണ് അവയ്ക്കു സംഗീതം പകർന്നത്. മുഖ്യഗാനമാലപിച്ചുകൊണ്ട് ഗോവിന്ദറാവു മലയാളത്തിലെ മുഖ്യഗായകനായി. അദ്ദേഹത്തെ പിന്നീട് ആകാശവാണിയുടെ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിലാണു കാണാനായത്. (ഗോവിന്ദറാവുവിന്റെ പൗത്രി ഉഷ ഈ ലേഖകൻ തിരക്കഥയെഴുതിയ ജേസിയുടെ ‘നീയെത്ര ധന്യ’യിൽ ദേവരാജസംഗീതത്തിൽ ‘കുങ്കുമക്കൽപ്പടവുതോറും നിന്ന്...’ എന്നാരംഭിക്കുന്ന ഒഎൻവി ഗാനം ആലപിച്ചിരുന്നു.)

പി. ലീലയാണ് നിർമലയിലൂടെ മലയാളത്തിലെ ആദ്യ പിന്നണി ഗായികയാകുന്നത്. അതിനുമുൻപു തന്നെ ഏതാനും തമിഴ്, തെലുങ്കു ചിത്രങ്ങളിലെ അനന്യമായ ഗാനാലാപനങ്ങളിലൂടെ ലീലചേച്ചി ശ്രോതൃപ്രീതി നേടിയിരുന്നു. ആ പ്രീതി പിന്നീട് വർധിച്ച് ദക്ഷിണേന്ത്യ മുഴുവനും പ്രാപിച്ചത് ബാക്കി ചരിത്രം. സരോജിനി മേനോനും വിമല വർമയുമായിരുന്നു മറ്റു ഗായികമാർ. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന രാഘവൻ എന്നൊരു ഗായകന്റെ പാട്ടു കേട്ട് ആകൃഷ്ടരായ നിർമാതാക്കൾ പ്രത്യേക താൽപര്യമെടുത്ത് അദ്ദേഹത്തിനും നിർമലയിൽ ഒരു ഗാനമാലപിക്കുവാൻ അവസരം നിൽകിയിരുന്നു.

കൽപ്പാത്തി സ്വദേശിയായ പി.വി. കൃഷ്ണയ്യർ ആയിരുന്നു നിർമലയുടെ സംവിധായകൻ. ബോംബെയിൽ ചലച്ചിത്ര സാങ്കേതികതയിൽ ശിക്ഷണം നേടിയ കൃഷ്ണയ്യർ പിന്നീടു സേലം മോഡേൺ തിയറ്റേഴ്സ് സ്റ്റുഡിയോ ചിത്രങ്ങളിൽ ടി.ആർ. സുന്ദരത്തോടൊപ്പം സഹവർത്തിച്ചിരുന്നു. ടി.ആർ. സുന്ദരമായിരുന്നു ബാലന്റെ നിർമാതാവ്. ആ ചിത്രത്തിൽ കൃഷ്ണയ്യർ ഛായാഗ്രഹണ രംഗത്തു പ്രവർത്തിച്ചിരുന്നു. ടി.ആർ. സുന്ദരമാണ് മലയാളത്തിലെ ആദ്യ വർണ ചിത്രമായ ‘കണ്ടംവച്ച കോട്ടി’ന്റെ സംവിധായക നിർമാതാവ്. അദ്ദേഹത്തിന്റെ സംവിധാന സഹായിയായിരുന്നു പിന്നീടു മലയാളത്തിലെ പ്രാമാണിക സംവിധായകനായി മാറിയ കെ.എസ്. സേതുമാധവൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA