അഡ്‌നാൻസാമി പാടേണ്ടിയിരുന്ന 'ലജ്ജാവതിയേ'!

jassie-gift-lajjavathiye
SHARE

ലജ്ജാവതിയുടെ കള്ളക്കടക്കണ്ണിൽ മയങ്ങിയൊരു പാട്ടുകാലമുണ്ടായിരുന്നു. അക്കാലത്ത് ഊണിലും ഉറക്കത്തിലുമെല്ലാം കേരളം കേട്ടത് ഒരേ ഒരു പാട്ട്.ലജ്ജാവതിയേ... നിന്റെ കള്ളക്കടക്കണ്ണിൽ...ലജ്ജാവതിക്കു മുൻപും ശേഷവും മലയാളത്തിൽ നിരവധി പാട്ടുകൾ ഇറങ്ങി. പക്ഷേ, ഇത്രത്തോളം മലയാളക്കരയെ പിടിച്ചുലച്ച ഒരുഗാനം ഉണ്ടായിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. ഭരത്തും ഗോപികയും പ്രധാന വേഷത്തിലെത്തിയ 'ഫോർ ദ് പ്യൂപ്പിളി'ലെ എല്ലാഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. മലയാളിയുടെ 'ന്യൂജൻ' സിനിമാ പരീക്ഷണങ്ങൾ തുടങ്ങുന്നതും ഈ ചിത്രത്തിൽ നിന്നാണ്. വർഷങ്ങൾക്കിപ്പുറവും ഈ ചിത്രത്തിലെ ഗാനങ്ങളുടെ അലയൊലികൾ അവസാനിച്ചിട്ടില്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനവും ആ പാട്ടു കേരളത്തിനു സമ്മാനിച്ച ജാസി ഗിഫ്റ്റിനെയും മലയാളി മറക്കാൻ ഇടയില്ല. കേരളത്തെ ആകെ ഇളക്കി മറിച്ച ഗാനത്തിന്റെ പിറവിയെ പറ്റി ജാസി ഗിഫ്റ്റ് പറയുന്നു. 

റാപ്പ് പരീക്ഷണം, കളർഫുൾ മ്യൂസിക്

ഫോ‍ർ ദ് പ്യൂപ്പിളിന്റെ സംവിധായകൻ ജയരാജ് സാറിനെ ആദ്യം മൂന്നു പാട്ടുകളുടെ ഡെമോ കാണിച്ചു. അന്നക്കിളി, ബല്ലേ ബല്ലേ, ലജ്ജാവതി. ലജ്ജാവതി ഓപ്ഷനായി വച്ച പാട്ടാണ്. ചിത്രത്തിൽ ഉൾപ്പെടുത്തുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. പിന്നീടാണ് ചിത്രത്തിൽ ഈ ഗാനം ഉൾപ്പെടുത്താൻ തീരുമാനിക്കുന്നത്. എന്നാൽ ഇതിലെ ഇംഗ്ലീഷ് വരികളൊന്നും അപ്പോൾ പ്ലാൻ ചെയ്തിരുന്നില്ല. വരികളെഴുതി സംഗീതം നൽകുക അതായിരുന്നു രീതി. ഗാനത്തിൽ റാപ്പ് ഉൾപ്പെടുത്താമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് ജയരാജ് സർ തന്നെയായിരുന്നു. പിന്നെ, ഇതുവരെ മലയാളി പരീക്ഷിച്ചിട്ടില്ലാത്ത വ്യത്യസ്തതയിലേക്ക് ചിത്രത്തിലെ ഗാനങ്ങൾ വരണമെന്ന് അദ്ദേഹത്തിനൊരു ചിന്തയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ഇതിൽ കളർഫുൾ മ്യൂസിക് ആയിരിക്കണം എന്ന് അദ്ദേഹം പറഞ്ഞത്. 

അഡ്നാൻ സാമി പാടേണ്ടിയിരുന്ന പാട്ട്

യഥാർഥത്തിൽ ലജ്ജാവതിയേ നിന്റെ കള്ളക്കടകണ്ണിൽ എന്ന ഗാനം പാടേണ്ടിയിരുന്നത് അഡ്നാൻ സാമിയായിരുന്നു. ആ സമയത്ത് അദ്ദേഹത്തിനു ഡേറ്റ് പ്രശ്നം വന്നതുകൊണ്ടാണ് ഞാൻ തന്നെ ഈ ഗാനം പാടി. പത്തു മിനിട്ടുകൊണ്ടാണ് കൈതപ്രം വരികൾ എഴുതി നൽകിയത്. ട്രാക്ക് ആയിട്ട് ആദ്യം പാടി നോക്കി. എന്നാൽ മുഴുവൻ ഗാനവമായി പാടണമെന്നതു സംബന്ധിച്ച് അപ്പോഴും തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് സിനിമയുടെ രണ്ടു ലൊക്കേഷനുകളിൽ ഈ ഗാനത്തിന്റെ ട്രാക്ക് പ്ലേ ചെയ്തു. അപ്പോൾ അവിടെയുണ്ടായിരുന്ന ഭരത് അടക്കമുള്ളർ ഈ ഗാനം മുഴുവൻ എടുക്കാമെന്ന അഭിപ്രായം പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ജയരാജും നല്ല പ്രോത്സാഹനം നൽകി. എന്നാൽ അപ്പോഴും എനിക്ക് ആശങ്കയുണ്ടായിരുന്നു. കാരണം അന്നത്തെ കാലം അറിയാമല്ലോ. എസ്റ്റാബ്ലിഷ്ഡ് ആയ ഗായകരാണു പാട്ടുകൾ പാടുന്നത്. അതിനിടയിലേക്കാണ് ഇങ്ങനെ ഒരു ഗാനവുമായി ഞാൻ എത്തുന്നത്. ആളുകൾ എങ്ങനെ സ്വീകരിക്കും എന്നോർത്ത് വലിയ ആശങ്കയുണ്ടായിരുന്നു. 

നിനച്ചിരിക്കാതെ എത്തിയ സന്തോഷം

അന്ന് സിനിമ എന്നൊരു വലിയ ചിന്തയൊന്നും ഉണ്ടായിരുന്നില്ല. മ്യൂസിക് ആണ് എല്ലാം.  കോളജിൽ പഠിക്കുന്ന സമയമായിരുന്നു അത്. പാർട്ട് ടൈമായി ഹോട്ടലിൽ പാടുകയും  ചെയ്തിരുന്നു. അക്കാലത്തു മ്യൂസിക്കിൽ എന്തു കിട്ടിയാലും നമുക്ക് സന്തോഷം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിഡികൾ അന്ന് സജീവമായിട്ടില്ല. കാസറ്റുകളായിരുന്നു അന്ന്. അപ്പോൾ സ്വന്തമായി ഒരു കാസറ്റ് ഇറങ്ങിയാൽ അതിൽപരം സന്തോഷം മറ്റെന്ത്. ഞാൻ വാങ്ങിയ അവസാനത്തെ കാസറ്റും ലജ്ജാവതിയേ എന്ന പാട്ടിന്റേതു തന്നെയായിരുന്നു. ഇന്നത്തെപോലെ എല്ലാവർക്കും സിനിമയിൽ സ്പേസുള്ള കാലഘട്ടമായിരുന്നില്ല അത്. ന്യൂജനേറഷൻ സിനിമകളുടെ തുടക്കകാലം. എല്ലാവർക്കും സ്പേസ് കിട്ടുന്ന ഇടമല്ല അന്ന് സിനിമ. എല്ലാ മേഖലയിലും പുതുമുഖങ്ങളായിരുന്നു. അതുകൊണ്ടു തന്നെ വലിയ ടെൻഷൻ ഉണ്ടായിരുന്നില്ല. പിന്നെ, ജയരാജ് സാറിന്റെ പിന്തുണ ചെറുതായിരുന്നില്ല. ഇംഗ്ലീഷ് പാട്ടിന്റെ കൂടെ തബലയും തകിലും വായിക്കാമോ എന്നൊക്കെ ആളുകൾ പറയുന്ന കാലത്ത് ഇങ്ങനെ പരീക്ഷണം നടത്താൻ അദ്ദേഹം തയ്യാറായതു നിസാര കാര്യമല്ല. വെസ്റ്റേൺ ബാന്റിൽ ഉണ്ടായിരുന്ന കാലത്തു പഠിച്ച ചില രീതികൾ ചെയ്തു നോക്കാനുള്ള സ്പേസും കിട്ടി. ഡാൻസ് മ്യൂസിക് മലയാളത്തിന് അന്യമായി നിന്നിരുന്ന കാലമായിരുന്നു അത്. അക്കാലത്താണ് ഇങ്ങനെ ഒരു പരീക്ഷണത്തിനുള്ള അവസരം ലഭിച്ചത്. അതുകൊണ്ടു തന്നെ ആ ഗാനം എല്ലാവരും ഏറ്റെടുത്തപ്പോൾ അതിയായ സന്തോഷം തോന്നി. 

നാടൻ വരികളിൽ വെസ്റ്റേൺ പരീക്ഷണം

കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു ലജ്ജാവതിയുടെ വരികളെഴുതിയത്. അദ്ദേഹത്തിന്റെ ശൈലിയിൽ തന്നെ. അടിസ്ഥാനപരമായി ഞങ്ങൾ കരുതിയത് എന്തെല്ലാം വെസ്റ്റേൺ ഘടകങ്ങൾ ഗാനത്തിൽ വന്നാലും നാടൻ വരികളിൽ നിന്നും വ്യതിചലിക്കരുതെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. നേറ്റിവിറ്റി നമ്മൾ കൊണ്ടു വരുന്നതു രണ്ടുകാര്യങ്ങളിലൂടെയാണ്. റിഥവും ട്യൂണും. ഈ റിഥം പാട്ടില്ലാതെ വച്ചാലും ഡാൻസ് ചെയ്യാൻ പറ്റും. ട്യൂണ്‍ ഒരു വിധം നല്ലതാണെങ്കിൽ നമുക്ക് അതിന്റെ പുറത്ത്  വെസ്റ്റേണോ ഈസ്റ്റേണോ എന്തു വേണമെങ്കിലും മിക്സ് ചെയ്യാൻ സാധിക്കും. പാട്ടിന്റെ ഇൻഗ്രീഡിയൻസിനെ പറ്റി പലര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും ട്യൂൺ ‍നാലുഭാഷകളിലും ഹിറ്റായിരുന്നു. അതുകൊണ്ട് തെളിയിക്കപ്പെട്ടതു ബേസിക് എലമെന്റ് ട്യൂൺ നല്ലതാണെങ്കിൽ നമുക്കു രണ്ടും ആവാം എന്നാണ്. 

അന്നത്തെ ജയരാജ് ഹിറ്റുകൾ

ജയരാജ് സാറിന്റെ അന്നത്തെ സിനിമകളെല്ലാം എടുത്താൽ അറിയാം. എല്ലാ സിനിമകളിലും ഒരു പാട്ട് ഹിറ്റായിരിക്കും. ജോണി വാക്കർ, ദേശാടനം, കണ്ണകി അങ്ങനെ അക്കാലത്തെ സിനിമകളിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു. അതികൊണ്ടു തന്നെ ഈ സിനിമയിലെ ഏതെങ്കിലും ഒരു പാട്ട് ഹിറ്റാകുമെന്ന് അന്നു തോന്നിയിരുന്നു. പിന്നെ ഭരതും ഗോപികയുമെല്ലാം ആ കാലത്തെ ഹിറ്റ് ജോഡികളായിരുന്നു. ഭരത് ബോയ്സ് ചെയ്തു കഴിഞ്ഞു മറ്റൊരു ഭാഷയിൽ അഭിനയിക്കുന്നത് ആദ്യമായാണ്. അത്തരം പോസിറ്റീവ് ഘടകങ്ങളെല്ലാം ഉണ്ടായിരുന്നു. പക്ഷേ, നമുക്ക് ബ്രേക്ക് കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഇപ്പോൾ ടിക്ടോക്കിലും മറ്റും പതിനാലു വർഷത്തിനു ശേഷം ചിത്രത്തിലെ നില്ല് നില്ല് എന്ന ഗാനം ഹിറ്റായി കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. ഓർമകൾ തളിർത്തു വരികയാണ്. 

                                                                                                 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA