ആ സ്വപ്നം പൂവണിഞ്ഞു; പക്ഷേ, കാണാൻ ഒഎൻവി ഇല്ല

HIGH LIGHTS
  • അച്ഛന്റെ വരികൾ, മകന്റെ സംഗീതം, കൊച്ചുമകളുടെ ആലാപനം
  • കേൾക്കാൻ മുത്തശ്ശനില്ലെന്ന വിഷമം മാത്രം
aprna-rajiv-onv
SHARE

എത്രകാലം കഴിഞ്ഞാലും ചില പാട്ടുകൾ വിട്ടുപിരിയാറില്ല; അതെഴുതിയവരും അങ്ങനെതന്നെ. ഒഎൻവി കുറുപ്പ് എന്ന പേര് മലയാളിയുടെ മനസ്സിൽ പതിഞ്ഞിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു. എഴുതിവച്ച വരികളിലെല്ലാം ഒരായിരം കവിത പിറന്നു. കാതുകൊണ്ടായിരുന്നുില്ല, ഹൃദയം കൊണ്ടായിരുന്നു ആ വരികൾ നമ്മള്‍ കേട്ടത്. ഒഎൻവിയുടെ വരികൾ കേൾക്കാത്ത ഒരുദിനം പോലും കാണില്ല സംഗീത പ്രേമികൾക്ക്. മൺമറഞ്ഞെങ്കിലും ആ വരികളിൽ ഇന്നും ജീവിക്കുകയാണ് ഒഎൻവി, ഒടുവിലിതാ 'നീ യാമിനി'യും നമുക്കായി നൽകി കൊണ്ട്.

ഇത് മൂന്നു തലമുറകളുടെ കയ്യൊപ്പു പതിഞ്ഞ  ഗാനമാണ്.  അച്ഛൻ എഴുതി, മകൻ സംഗീതമിട്ട്, പേരക്കുട്ടി പാടിയ ഗാനം. അതാണ് 'നീ യാമിനി' എന്ന ആൽബം. കാത്തിരിപ്പിന്റെ സുഖമുണ്ട് വരികളില്‍. ലില്ലിയും ഡാഫോഡിൽസും പൂത്തുനിൽക്കുന്ന പാതകളിൽ നിന്നെ കാത്തുനിൽക്കുകയാണെന്നു പറയുകയാണ് അവൾ. വരികളിലെ കവിതയ്ക്ക് വെസ്റ്റേൺ ടച്ചോടെ ഈണമിട്ടത് മറ്റാരുമല്ല. ഒഎൻവിയുടെ മകൻ രാജീവ് ഒഎന്‍വി.  ഭാവം നഷ്ടമാകാതെ ആലാപന മികവിനാൽ മനോഹരമാക്കി മകള്‍ അപർണ. 

ഒഎൻവിയുടെ പാട്ടുചെപ്പിൽ ബാക്കിവെച്ചൊരു മുത്ത്, മിനുക്കി മനോഹരമാക്കി ഈ മകനും കൊച്ചുമകളും. അപൂർവങ്ങളിൽ അപൂർവമായി മാത്രം കിട്ടുന്ന ഭാഗ്യമാണിത്. അതിന്റെ മുഴുവൻ ക്രെഡിറ്റും അച്ഛനും മുത്തശ്ശനും നല്‍കുകയാണ് അപർണ. മുത്തശ്ശന്‍ ഈ പാട്ടെഴുതിയതിനെക്കുറിച്ചാണ് അപർണ പറഞ്ഞു തുടങ്ങിയത്. ‘മുത്തശ്ശൻ മരിക്കുന്നതിന് ഏകദേശം ഒരു വർഷം മുൻപ് എഴുതിയ പാട്ടാണ് ഇത്. മ്യൂസിക് ആൽബമായി ചെയ്യാൻ വേണ്ടിത്തന്നെയാണ് എഴുതിയത്. പിന്നെ അതു നീണ്ടു പോയി. ഇപ്പോഴാണ് അതിന്റെ സമയം ആയതെന്നു തോന്നുന്നു. മുത്തശ്ശൻ എഴുതിക്കൊടുത്തപ്പോൾത്തന്നെ അച്ഛൻ അതിനു മ്യൂസിക്കും ചെയ്തിരുന്നു. പല കാരണങ്ങൾ കൊണ്ട് അതൊരു മ്യൂസിക് ആൽബമാക്കുന്നതിൽ താമസം വന്നു. ഇപ്പോൾ ഇതു കാണാൻ മുത്തശ്ശനുണ്ടായില്ല എന്നൊരു വിഷമം മാത്രമേയുള്ളൂ. ഞാ‍ൻ ഈ പാട്ടു പാടി റെക്കോർഡ് ചെയ്തത് മുത്തശ്ശൻ കേട്ടിട്ടുണ്ട്. വാഗമണിലും മറ്റുമായിരുന്നു ചിത്രീകരണം. മുത്തശ്ശനുള്ള ആദരവാണ് ഈ ഗാനം.’ - അപർണ പറയുന്നു.  

ഇതു കേൾക്കാൻ മുത്തശ്ശൻ ഉണ്ടായില്ലെന്ന ദുഃഖം മാത്രം

അപർണ രാജീവ്

ഡാഫോഡിൽസും ലില്ലിപ്പൂക്കളും ആ വരികളിൽ പുഞ്ചിരിച്ചപ്പോൾ, മഹാകവിയുടെ മകന്റെ മനമാകെ നിറഞ്ഞത് അവ വിരിയുന്ന താഴ്‌വരകളിലെ സംഗീതമായിരുന്നു. അതുകൊണ്ടുതന്നെയാണ് രാജീവ് ഒഎൻവി ഈ ഗാനത്തിനൊരു പാശ്ചാത്യ ഭാവം നൽകിയതും. ഗാനത്തെക്കുറിച്ച് രാജീവ് പറയുന്നത് ഇങ്ങനെ: ‘അച്ഛന്റെ എൺപത്തിനാലാം പിറന്നാളിനോടനുബന്ധിച്ച് അച്ഛൻ തന്നെ എഴുതിയ പാട്ടാണ് ഇത്. ആ സമയത്ത് അച്ഛന് ആദര സൂചകമായി ഈ ഗാനം സമർപ്പിക്കാനാണു വിചാരിച്ചത്. പക്ഷേ, അന്ന് എന്തുകൊണ്ടോ കഴി‍ഞ്ഞില്ല. അപ്പോൾ വലിയ നിരാശ തോന്നിയിരുന്നു. പിന്നെ പാട്ട് അങ്ങനെ ഇരുന്നു. ഇപ്പോൾ കുറെക്കാലത്തിനു ശേഷം പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ്.’

അച്ഛന്റെ എൺപത്തിനാലാം പിറന്നാളിനോടനുബന്ധിച്ച് അച്ഛൻ തന്നെ എഴുതിയ പാട്ടാണ് ഇത്

രാജീവ് ഒഎൻവി

ഒരുനാൾ തന്നെയും തേടി വരുന്ന പ്രിയപ്പെട്ടവനെയും കാത്തിരിക്കുന്ന പെണ്‍കുട്ടിയുടെ പ്രണയ പ്രതീക്ഷയാണു ഗാനം. അവളുടെ മാനസികാവസ്ഥയാണ് വരികളിൽ. എന്നാൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പെണ്‍കുട്ടിക്കൊപ്പം നൊമ്പരത്തിന്റെ കണ്ണുനീർത്തുള്ളിയും അടർന്നു വീഴുന്നുണ്ട് ആസ്വാദക ഹൃദയത്തിലേക്ക്. എങ്കിലും ആ പ്രതീക്ഷയുടെ ഒളിമങ്ങാതെയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും, മനോഹരമായ ഗാനരംഗത്തിനു വേണ്ട ചേരുവകളെല്ലാം ചേർത്താണ് ഒഎൻവി വരികൾ എഴുതിയിരിക്കുന്നത്. വരികൾ പറയുന്ന സ്വപ്ന തുല്യമായ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ ഗാനം മറ്റൊരു തരത്തിലാകുമായിരുന്നു. വെസ്റ്റേണൈസ്ഡ് ഓർക്കസ്ട്രയും മെലഡിയും ചേർത്താണ്  ഈ ഗാനത്തിനായി സംഗീതമൊരുക്കിയിരിക്കുന്നതെന്നും രാജീവ് ഒഎൻവി പറയുന്നു. ‘ഇത് അച്ഛനെ ചെയ്തു കാണിക്കുക എന്നതു വലിയ ആഗ്രഹമായിരുന്നു. എന്നാൽ അതിനു സാധിച്ചില്ല.അൽപം വൈകിയാണെങ്കിലും ആൽബം ചെയ്യാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്’ - രാജീവ് പറഞ്ഞു. 

റിജു വർഗിസ് ആണ് നീ യാമിനീ എന്ന ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ജന മേനോനും മദൻ മോഹനുമാണ് അഭിനേതാക്കൾ. യൂട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. ഇത്രയും മനോഹരമായ ഗാനം മലയാളിക്കായി ബാക്കി വച്ച പ്രിയ കവിക്കുള്ള നന്ദി അറിയിക്കുകയാണ് ആസ്വാദകർ. ഒപ്പം, മികച്ച രീതിയിൽ ഈ ഗാനം അവതരിപ്പിച്ച  അച്ഛനെയും മകളെയും പ്രശംസിക്കുകയും ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA