ബോബ് മാർലി: ചെറുത്തുനിൽപിന്റെ മൂന്നാംലോക ശബ്ദം

HIGHLIGHTS
  • ബോബ് മാർലിയുടെ എഴുപത്തിനാലാം പിറന്നാൾ
  • ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല മാർലിയുടെ സംഗീതം
Bob-Marley
SHARE

ഇന്നു ബോബ് മാർലിയുടെ എഴുപത്തിനാലാം പിറന്നാൾ. ചായക്കോപ്പകളിലും ടി-ഷർട്ടുകളിലും അടിച്ചമർത്തപ്പെട്ടിട്ടുണ്ടാകാം റോബർട്ട് നെസ്‌റ്റ മാർലിയെന്ന ബോബ് മാർലി. പക്ഷേ, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഞരമ്പുകളെ ത്രസിപ്പിക്കുന്ന വന്യവും ചടുലവുമായ ആ സംഗീതത്തെ തൊട്ടുനോവിക്കാൻ പോലും വിപണിക്കു കഴിഞ്ഞില്ല. കാരണം ഇതാകാം, ഒരിക്കലും ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നില്ല മാർലിയുടെ സംഗീതം. പീഡിതരും നിന്ദിതരുമായ മനുഷ്യരോട്, നിങ്ങളുടെ അവകാശങ്ങൾക്കായി നിവർന്നുനിൽക്കാൻ മാർലിയുടെ പാട്ട് പറഞ്ഞു. പോരാട്ടം ഒരിക്കലും കൈവിട്ടുകളയാതിരിക്കുക എന്ന് അത് ഓർമിപ്പിച്ചു. കറുപ്പിന്റെ ഉലയിൽ ഉയിർത്തതിന്റെ കൂർപ്പുണ്ടായിരുന്നു വരികൾക്ക്. വെറും മുപ്പത്തിയാറാം വയസ്സിൽ അർബുദം പിടിച്ചിറക്കിക്കൊണ്ടുപോയിട്ടും ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ, സാമൂഹികപ്രവർത്തകരുടെ, സ്വപ്‌നം കാണുന്നവരുടെ, വേദനിക്കുന്നവരുടെ മനസ്സിന്റെ വേദികളിൽ ലൈവ് ഷോയുമായി നിറഞ്ഞുനിൽപ്പാണ് ഈ ജമൈക്കക്കാരൻ. 1945 ഫെബ്രുവരി ആറിന് നോർവെൽ സിംക്ലെയർ മാർലിയുടെയും സിസെല്ല ബുക്കറുടെയും മകനായി നയൻമൈൽസ് എന്ന സുന്ദരമായ ഗ്രാമത്തിൽ മാർലി ജനിച്ചു. അച്‌ഛൻ ബ്രിട്ടിഷ് മിലിട്ടറി ഓഫീസറായ വെളുത്ത വർഗ്ഗക്കാരനായിരുന്നു. അമ്മയാകട്ടെ കറുത്ത വർഗ്ഗക്കാരിയും. കുഞ്ഞ് ജനിച്ചതോടെ നോർവെൽ ബന്ധം മതിയാക്കി. അമ്മയും മകനും ചേരിപ്രദേശത്തേക്കു മാറി. ദാരിദ്ര്യവും അപമാനവും നിത്യാനുഭവങ്ങളായി. അമ്മയുടെ ജനിതകമാണ് തന്റെ സിരകളിലെന്ന് ആ കുഞ്ഞെപ്പോഴും കരുതി. അടുത്തുള്ള വെൽഡറുടെ കൂടെ പണി പഠിക്കാൻ ചേർന്നെങ്കിലും വൈകാതെ മടങ്ങി. പാട്ടുകൊണ്ട് ഹൃദയങ്ങളെ ഉരുക്കിപ്പിടിപ്പിക്കാനായിരുന്നു മടക്കം. 

പതിനാലു വയസ്സുള്ളപ്പോൾ അർധസഹോദരനൊപ്പം സംഗീതാവതരണങ്ങൾ നടത്തി. ഗിറ്റാറും ഹാർമോണിയവും സാക്‌സഫോണും ഒരുപോലെ വഴങ്ങുമായിരുന്ന മാർലി പതിനാറാം വയസ്സിൽ രണ്ടു ഗാനങ്ങൾ പാടി പുറത്തിറക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ഗായികയായ റീത്ത ആൻഡോഴ്‌സണെ വിവാഹം ചെയ്‌ത ബോബ് മാർലി ജീവിക്കാനുള്ള പണംകണ്ടെത്താനായി അമേരിക്കയിലേക്കു പോയി. കുറച്ചു പണമുണ്ടാക്കിയ ശേഷം ജമൈക്കയിലേക്കു മടങ്ങി. ബണ്ണി വെയ്‌ലർ, പീറ്റർ റോഷ് എന്നിവർക്കൊപ്പം ചേർന്ന് വെയ്‌ലേഴ്‌സ് ട്രൂപ്പുണ്ടാക്കിയതോടെ റെഗ്ഗേ അരങ്ങുകളെ കീഴടക്കാൻ തുടങ്ങി. റെഗ്ഗേയെന്ന ജമൈക്കൻ നാടോടി സംഗീതവഴക്കത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് മാർലി പാടുകയും പാട്ടെഴുതുകയും ചെയ്‌തപ്പോൾ ജനം അതു കാതിലും കരളിമേറ്റുവാങ്ങി. ആദ്യ ആൽബം സോൾ റിബൽ എഴുപതിൽ പുറത്തിറങ്ങിയതോടെ വെയ്‌ലേഴ്‌സ് കൊടുങ്കാറ്റായി. ഇംഗ്ലണ്ടിലും അമേരിക്കയിലും പര്യടനങ്ങൾ. ബിബിസി അടക്കമുള്ളവയിൽ അഭിമുഖങ്ങൾ. യുദ്ധവിരുദ്ധ പ്രസ്‌ഥാനത്തിനും സാമൂഹിക അസമത്വങ്ങൾക്കെതിരായ പോരാട്ടത്തിനും മാർലിയുടെ പാട്ട് കൂട്ടായി. മിനുസമാർന്ന, അരാഷ്‌ട്രീയമായ വരികൾ ശീലിച്ച കേൾവിക്കാരെ പുതിയൊരനുഭവത്തിലേക്കു ഉയിർപ്പിക്കുകയായിരുന്നു ഈ റസ്‌റ്റഫാറിയൻ. കത്തോലിക്കാ മതവിശ്വാസമുൾക്കൊണ്ടാണു വളർന്നതെങ്കിലും റസ്‌റ്റഫാറി പ്രസ്‌ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു. ബാക്ക് ടു ആഫ്രിക്ക എന്ന സന്ദേശവുമായി റസ്‌റ്റാഫറി പടർന്നു പിടിക്കാൻ പ്രധാന കാരണം അതിൽ മാർലി മാജിക്കിന്റെ മുദ്ര പതിഞ്ഞിരുന്നു എന്നതാണ്. വേരുകളിലേക്കു മടങ്ങാം അതിനുള്ള വഴികളിലൊന്നാണു സംഗീതമെന്നും മാർലിയടക്കമുള്ളവർ തിരിച്ചറിഞ്ഞു. 

ശബ്‌ദമില്ലാത്തവരുടെ ശബ്‌ദം ഇത്ര തീവ്രമായി മാർലിയിലൂടെ ലോകം ആദ്യമായി കേൾക്കുകയായിരുന്നു. പ്രതിരോധത്തിന്റെ, ചെറുത്തുനിൽപ്പിന്റെ സംഗീതമായിരുന്നു മാർലിയുടേത്. ചൂഷകർക്കെതിരായ എതിരിടലിന്റെ സ്വരമുണ്ടായിരുന്നു അതിന്. ബഫല്ലോ സോൾജ്യറും ഗെറ്റ് അപ് സ്‌റ്റാൻഡ് അപും അവേശത്തിന്റെ ആഗോള രസനിരപ്പുയർത്താൻ പോന്നതായിരുന്നു. ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായി മാർലി അരങ്ങുനിറഞ്ഞു. പാട്ടിന്റെ പടയണി കൊണ്ട് ലോകം വെട്ടിപ്പിടിച്ച് മാർലി പിറന്ന മണ്ണിലേക്കു മടങ്ങി. വീരനായകനെപ്പോലെയായിരുന്നു മടക്കം. മാർലിയുടെ ജനപ്രിയതയെ നാട്ടിലെ രാഷ്‌ട്രീയ പാർട്ടികൾ ഭയന്നു. വോട്ടുപിടിക്കാനോ അട്ടിമറി നടത്താനോ പോന്ന കരുത്തുണ്ടായിരുന്നു ആ പാട്ടിന്. ജമൈക്കൻ പൊതുതിരഞ്ഞെടുപ്പു നടക്കുന്ന സമയത്തു തന്നെ സ്‌മൈൽ ജമൈക്ക എന്ന പേരിൽ വൻ സംഗീത അവതരണത്തിനു മാർലി കോപ്പുകൂട്ടി. അതിനുള്ള ഒരുക്കങ്ങൾ മുറുകുന്നതിനിടെ മാർലിക്കുനേരെ വധശ്രമമുണ്ടായി. രണ്ടു വെടിയുണ്ടകൾ തറച്ചു. കരിയാത്ത ആ മുറിവുകളുമായി മാർലി പാടി. പരാജയം മണത്ത പ്രതീക്ഷ പാർട്ടികളാണ് വധശ്രമം നടത്തിയതെന്ന് ആരോപണമുണ്ടായി. 

അതിനുശേഷമായിരുന്നു കാൻസറിന്റെ ഊഴം. റസ്‌റ്റഫാറിയൻ വിശ്വാസങ്ങൾക്കു നിരക്കാത്തതിനാൽ ശസ്‌ത്രക്രിയ ചെയ്യാൻ അദ്ദേഹം തയാറായില്ല. പകരം റസ്‌റ്റഫാറിയൻസിന്റെ വിശുദ്ധ നാടായ എത്യോപ്യയിലേക്കു തീർഥയാത്ര പോയി. നാളുകൾ കഴിയുന്തോറും ആരോഗ്യം മോശമായി കാൻസർ ശരീരമാകെ പടർന്നു. അപ്പോഴും സംഗീതപര്യടനങ്ങൾക്കു മുടക്കമുണ്ടായില്ല. ഒടുവിൽ 1981 മേയ് 11-ന് മുപ്പത്തിയാറാം വയസ്സിൽ മാർലി മറഞ്ഞു. മരണശേഷം പുറത്തിറങ്ങിയ ‘ലെജൻഡ്’ എന്ന ആൽബത്തിന്റെ കോടിക്കണക്കിനു കോപ്പികൾ വിറ്റുപോയി. മൂന്നാം ലോകത്തുനിന്ന് ലോകം കീഴടക്കിയ ആദ്യ സംഗീതകാരനായിരുന്നു അദ്ദേഹം. കൂട്ടാന്തതയുടെ പാട്ടുകാരനായിരുന്നു മാർലി. അതുകൊണ്ടാണ് ചെറുത്തു നിൽക്കുന്ന ലോകമെങ്ങുമുള്ള ജനത മാർലിയെ വീണ്ടെടുത്തുകൊണ്ടേയിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA