ADVERTISEMENT

പതിനാലു വയസ്സുള്ളപ്പോൾ അർധസഹോദരനൊപ്പം സംഗീതാവതരണങ്ങൾ നടത്തി. ഗിറ്റാറും ഹാർമോണിയവും സാക്‌സഫോണും ഒരുപോലെ വഴങ്ങുമായിരുന്ന മാർലി പതിനാറാം വയസ്സിൽ രണ്ടു ഗാനങ്ങൾ പാടി പുറത്തിറക്കിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. ഗായികയായ റീത്ത ആൻഡോഴ്‌സണെ വിവാഹം ചെയ്‌ത ബോബ് മാർലി ജീവിക്കാനുള്ള പണംകണ്ടെത്താനായി അമേരിക്കയിലേക്കു പോയി. കുറച്ചു പണമുണ്ടാക്കിയ ശേഷം ജമൈക്കയിലേക്കു മടങ്ങി. ബണ്ണി വെയ്‌ലർ, പീറ്റർ റോഷ് എന്നിവർക്കൊപ്പം ചേർന്ന് വെയ്‌ലേഴ്‌സ് ട്രൂപ്പുണ്ടാക്കിയതോടെ റെഗ്ഗേ അരങ്ങുകളെ കീഴടക്കാൻ തുടങ്ങി. റെഗ്ഗേയെന്ന ജമൈക്കൻ നാടോടി സംഗീതവഴക്കത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് മാർലി പാടുകയും പാട്ടെഴുതുകയും ചെയ്‌തപ്പോൾ ജനം അതു കാതിലും കരളിമേറ്റുവാങ്ങി. 

 

ഇന്നു ബോബ് മാർലിയുടെ എഴുപത്തിനാലാം പിറന്നാൾ. ചായക്കോപ്പകളിലും ടി-ഷർട്ടുകളിലും അടിച്ചമർത്തപ്പെട്ടിട്ടുണ്ടാകാം റോബർട്ട് നെസ്‌റ്റ മാർലിയെന്ന ബോബ് മാർലി. പക്ഷേ, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഞരമ്പുകളെ ത്രസിപ്പിക്കുന്ന വന്യവും ചടുലവുമായ ആ സംഗീതത്തെ തൊട്ടുനോവിക്കാൻ പോലും വിപണിക്കു കഴിഞ്ഞില്ല. കാരണം ഇതാകാം, ഒരിക്കലും ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നില്ല മാർലിയുടെ സംഗീതം. പീഡിതരും നിന്ദിതരുമായ മനുഷ്യരോട്, നിങ്ങളുടെ അവകാശങ്ങൾക്കായി നിവർന്നുനിൽക്കാൻ മാർലിയുടെ പാട്ട് പറഞ്ഞു. പോരാട്ടം ഒരിക്കലും കൈവിട്ടുകളയാതിരിക്കുക എന്ന് അത് ഓർമിപ്പിച്ചു. കറുപ്പിന്റെ ഉലയിൽ ഉയിർത്തതിന്റെ കൂർപ്പുണ്ടായിരുന്നു വരികൾക്ക്. വെറും മുപ്പത്തിയാറാം വയസ്സിൽ അർബുദം പിടിച്ചിറക്കിക്കൊണ്ടുപോയിട്ടും ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ, സാമൂഹികപ്രവർത്തകരുടെ, സ്വപ്‌നം കാണുന്നവരുടെ, വേദനിക്കുന്നവരുടെ മനസ്സിന്റെ വേദികളിൽ ലൈവ് ഷോയുമായി നിറഞ്ഞുനിൽപ്പാണ് ഈ ജമൈക്കക്കാരൻ. 1945 ഫെബ്രുവരി ആറിന് നോർവെൽ സിംക്ലെയർ മാർലിയുടെയും സിസെല്ല ബുക്കറുടെയും മകനായി നയൻമൈൽസ് എന്ന സുന്ദരമായ ഗ്രാമത്തിൽ മാർലി ജനിച്ചു. അച്‌ഛൻ ബ്രിട്ടിഷ് മിലിട്ടറി ഓഫീസറായ വെളുത്ത വർഗ്ഗക്കാരനായിരുന്നു. അമ്മയാകട്ടെ കറുത്ത വർഗ്ഗക്കാരിയും. കുഞ്ഞ് ജനിച്ചതോടെ നോർവെൽ ബന്ധം മതിയാക്കി. അമ്മയും മകനും ചേരിപ്രദേശത്തേക്കു മാറി. ദാരിദ്ര്യവും അപമാനവും നിത്യാനുഭവങ്ങളായി. അമ്മയുടെ ജനിതകമാണ് തന്റെ സിരകളിലെന്ന് ആ കുഞ്ഞെപ്പോഴും കരുതി. അടുത്തുള്ള വെൽഡറുടെ കൂടെ പണി പഠിക്കാൻ ചേർന്നെങ്കിലും വൈകാതെ മടങ്ങി. പാട്ടുകൊണ്ട് ഹൃദയങ്ങളെ ഉരുക്കിപ്പിടിപ്പിക്കാനായിരുന്നു മടക്കം. 

 

ആദ്യ ആൽബം സോൾ റിബൽ എഴുപതിൽ പുറത്തിറങ്ങിയതോടെ വെയ്‌ലേഴ്‌സ് കൊടുങ്കാറ്റായി. ഇംഗ്ലണ്ടിലും അമേരിക്കയിലും പര്യടനങ്ങൾ. ബിബിസി അടക്കമുള്ളവയിൽ അഭിമുഖങ്ങൾ. യുദ്ധവിരുദ്ധ പ്രസ്‌ഥാനത്തിനും സാമൂഹിക അസമത്വങ്ങൾക്കെതിരായ പോരാട്ടത്തിനും മാർലിയുടെ പാട്ട് കൂട്ടായി. മിനുസമാർന്ന, അരാഷ്‌ട്രീയമായ വരികൾ ശീലിച്ച കേൾവിക്കാരെ പുതിയൊരനുഭവത്തിലേക്കു ഉയിർപ്പിക്കുകയായിരുന്നു ഈ റസ്‌റ്റഫാറിയൻ. കത്തോലിക്കാ മതവിശ്വാസമുൾക്കൊണ്ടാണു വളർന്നതെങ്കിലും റസ്‌റ്റഫാറി പ്രസ്‌ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു. ബാക്ക് ടു ആഫ്രിക്ക എന്ന സന്ദേശവുമായി റസ്‌റ്റാഫറി പടർന്നു പിടിക്കാൻ പ്രധാന കാരണം അതിൽ മാർലി മാജിക്കിന്റെ മുദ്ര പതിഞ്ഞിരുന്നു എന്നതാണ്. വേരുകളിലേക്കു മടങ്ങാം അതിനുള്ള വഴികളിലൊന്നാണു സംഗീതമെന്നും മാർലിയടക്കമുള്ളവർ തിരിച്ചറിഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com