പാട്ടിന്റെ 'പൂമുത്തോൾ', നീർമാതള പൂവിനുള്ളിലെ ജീവാംശം...!

joseph-jeevamsham
SHARE

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങിയിരിക്കുകയാണ് മൂന്നു ഗാനങ്ങൾ. ഇത്തവണ ഗാനങ്ങള്‍ തിരഞ്ഞെടുത്തതില്‍ ജൂറിക്ക് തെറ്റിയില്ല. 2018ൽ ഇത്രയേറെ മലയാളി ഹൃദയം കവർന്ന ഗാനങ്ങൾ ഇല്ലെന്നു തന്നെ പറയേണ്ടി വരും. അതായിരുന്നു ഈ മൂന്നു ഗാനങ്ങൾ. നീർമാതളപ്പൂവിന്റെ സുഗന്ധം ആത്മാവിലേക്കു നൽകി ആമിയിലെ ശ്രേയ ഘോഷാൽ പാടിയ ഗാനം. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ശ്രേയയെ തേടിയെത്തുമ്പോൾ ഈ പാട്ടിനെ പറ്റി പറയാതിരിക്കാനാകില്ലല്ലോ. 

നീർമാതള പൂവിനുള്ളിൽ...

നീഹാരമായി വീണ കാലാം

നീലാംബരീ രാഗമായി...

താനേ നുകർന്നു നവനീതം

ചിറകാർന്നുയർന്നു വാനിൽ

മനമുയലാടിയ കാലം.....

നീർമാതള പൂവിനുള്ളിൽ...

നീഹാരമായി വീണ കാലം

റഫീഖ് അഹമ്മദിന്റെ കവിത തുളുമ്പുന്ന വരികളിൽ നിറഞ്ഞതത്രയും പൂവുപോലുള്ള പെണ്ണിന്റെ കനവുകളാണ്. ഗാനത്തിന്റെ ആത്മാവു ചോരാതെ ആസ്വാദകരിലെത്തിക്കാനായി ശ്രേയ ഘോഷാലിന്. എം. ജയചന്ദ്രന്റെ ഹൃദയം തൊടുന്ന സംഗീതവും കൂടി ചേർന്നപ്പോൾ അത് കാതിനിമ്പമായി.

തീവണ്ടികളാണ് എന്നും എപ്പോഴും മുത്തശിക്കഥകള്‍ പോലെ മധുരമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്നത്. നഗരത്തിന്റെ തിളപ്പിലൂടെ ഗ്രാമങ്ങളുടെ ശാന്തതയിലൂടെ ചുരങ്ങളുടെ നിഗൂഢതയിലൂടെയൊക്കെ കൂകിപ്പാഞ്ഞു പോകുന്ന വണ്ടി. ആ പേരിലെത്തിയ ചിത്രത്തില്‍ നിന്നു കേട്ടതും അതേ അനുഭൂതിയുള്ള ഗാനമായിരുന്നു. ഇതും ഒരു പുതുമുഖ സംഗീത സംവിധായകന്റെ പാട്ടായിരുന്നു. ആദ്യ ഗാനം അതിമധുരമായി. കൈലാസ് മേനോന്റെ സംഗീതത്തിന് വരികള്‍ ബി.കെ. ഹരിനാരായണന്റേതായിരുന്നു. 'ജീവാംശമായ്' എന്ന തുടക്കം തന്നെ മനസ്സുകളെ പാട്ടിനോട് ഇനിയൊരിക്കലും പിരിയാനാകാത്ത വിധം ചേര്‍ത്തു വച്ചു. എപ്പോഴത്തേയും പോലെ ഒരു പ്രത്യേക ഭംഗിയായിരുന്നു ഹരിനാരായണന്റെ വരികള്‍ക്ക് ഇവിടെയും.  2018ൽ മലയാളി ഏറ്റവും കൂടുതൽ കേട്ട പ്രണയഗാനവും ഇതുതന്നെയാകാം. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച രണ്ടുഗാനങ്ങളിൽ ഒന്നായുള്ള തിരഞ്ഞെടുപ്പ് ഉചിതം തന്നെയാണ്. മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ബി.കെ ഹരിനാരായണനു നേടിക്കൊടുത്തു ഈ ഗാനം

ജീവിതത്തിന്റെ മനോഹാരിതയും നൊമ്പരവും ഒരുപോലെ ആവാഹിച്ചെത്തിയ ഗാനമായിരുന്നു ജോസഫിലെ പൂമുത്തോളെ. വീണ്ടും വീണ്ടും കേൾക്കാൻ നമ്മൾ കൊതിച്ച പാട്ട്. ആത്മാവിനോടു ചേര്‍ന്നു നില്‍ക്കുന്ന ഗാനമെന്നൊക്കെ പറയുന്നതു ക്ലീഷേയാണെങ്കിലും ഈ പാട്ടിനെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റൊരു വാക്കില്ല. പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ...എന്നു പാടിത്തുടങ്ങുമ്പോഴേക്കും മനസ്സിലൊരു ചെറുമഴ പെയ്തു തുടങ്ങും. സ്‌നേഹത്തിന്റെ മഴ. ചില എടീ വിളികള്‍ മനസ്സിന്റെ അങ്ങേത്തലങ്ങളില്‍ നിന്ന് സ്‌നേഹത്തില്‍ കലര്‍ന്നൊഴുകുന്നതാണ്. അതിനു നീയും ഞാനും രണ്ടല്ലെന്നു മാത്രമേ പറയാനുണ്ടാകൂ. അത്തരമൊരു പാട്ടായിരുന്നു ജോസഫ് എന്ന ചിത്രത്തിലെ ഈ ഗാനം. വരികളുടെ ഭംഗിയും അതിനോട് ഇഴചേര്‍ന്ന ലളിതമായ സംഗീതവുമാണ് ആത്മാവുള്ള ഗാനമാക്കി മാറ്റിയത്. അജീഷ് ദാസന്റെ വരികൾ. രഞ്ജൻ രാജന്റെ സംഗീതം. വിജയ് യേശുദാസിന് മികച്ച ഗായകനുള്ള പുരസ്കാരം നേടിക്കൊടുക്കുമ്പോൾ വീണ്ടും ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങുകയാണ് 'ജോസഫി'ന്റെ 'പൂമുത്തോളേ....'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA