ADVERTISEMENT

അധിക ദൂരമൊന്നും പ്രകാശമെത്തില്ലെങ്കിലും നിൽക്കുന്ന ഇടങ്ങളിൽ പ്രകാശം പരത്തുന്ന വിളക്കുമരങ്ങളില്ലേ? അങ്ങനൊരു വിളക്കുമരം അവിടെയുള്ളതായി ആ വഴി പോയവർക്കല്ലാതെ മറ്റാർക്കും അറിയില്ല. അതുപോലെയാണു ചില ജീവിതങ്ങൾ. അങ്ങനെയൊരു കഥയാണ് പാട്ടിന്റെ ഈ അമ്മയുടെത്. സംഗീത വഴിയിലൊരു വിളക്കുമരമായിരുന്നു അവർ. പാലയാട് യശോദ എന്ന പേര് ഈ തലമുറയ്ക്ക് പരിചിതമായിരിക്കില്ല. പക്ഷേ, ആ പേരു കേട്ടുമറന്ന ഒരു തലമുറ ഇന്നും ഉണ്ട്. എന്തുകൊണ്ടോ ഒരു കാലത്തിനിപ്പുറം ആ പേരുകേട്ടില്ല. 

 

സിനിമയ്ക്കൊപ്പം തന്നെ നാടകങ്ങളും അരങ്ങു വാഴുന്ന കാലത്തായിരുന്നു യശോദ എന്ന ഗായികയുടെ രംഗപ്രവേശം. പത്താം വയസ്സിൽ നാടക ഗാന രംഗത്തേക്ക് ചുവടുവച്ചു. ‘വഴിവിളക്ക്’ എന്ന നാടകത്തിൽ ‘ചൊകചൊകചൊകന്നൊരു ചെങ്കൊടി’ എന്ന ഗാനത്തിലൂടെ അരങ്ങേറ്റം. പിന്നീടങ്ങോട് നാടക ഗാനരംഗത്തു സജീവ സാന്നിധ്യമായിരുന്നു പാലയാട് യശോദ എന്ന ഗായിക. കെപിഎസിയുടെയും കലാനിലയത്തിന്റെയും നാടകങ്ങളിലായിരുന്നു അക്കാലത്ത് യശോദ പാടിയിരുന്നത്. പാടുക മാത്രമല്ല, അഭിനയരംഗത്തേക്കും പിന്നീടു ചുവടുവച്ചു യശോദ. തോപ്പിൽ ഭാസിയുടെ ക്ഷണ പ്രകാരം കെപിഎസിയിൽ എത്തിയ യശോദ കടമറ്റത്തു കത്തനാർ, കായംകുളം കൊച്ചുണ്ണി, വെള്ളിക്കാശ് തുടങ്ങിയ നാടകങ്ങളിൽ പാടി അഭിനയിച്ചു.

Yashoda
പാലയാട് യശോദ

 

Yashoda-Yesudas

1962ൽ ‘പളുങ്കുപാത്രം’ എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണിഗാനരംഗത്തേക്ക് പ്രവേശിച്ചു. ദക്ഷിണാമൂർത്തിയുടെതായിരുന്നു സംഗീതം. കണ്ണൂർ രാജൻ ഈണം പകർന്ന ‘ആദിപരാശക്തി അമൃതവർഷിണി’ എന്ന ഒറ്റഗാനം മതി യശോദയെന്ന ഗായികയെ ഓർക്കാൻ.  പിന്നീട് ‘കോളജ് ഗേൾ’ എന്ന സിനിമയിൽ എ.ടി. ഉമ്മർ സംഗീതം പകർന്ന ‘അരികത്ത് ഞമ്മള് ബന്നോട്ടെ’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ എന്നിവരോടൊപ്പം ഗാനങ്ങൾ ആലപിച്ചു. ‘തങ്കക്കുടം’ എന്ന ചിത്രത്തിൽ നസീറിന്റെയും ഷീലയുടെയും കൂടെ അഭിനയിക്കുകയും ചെയ്തു യശോദ.

Yashoda-PremNazeer
പ്രേം നസീറിനൊപ്പം യശോദ

 

കുറച്ചു ഗാനങ്ങളാണു പാടിയതെങ്കിലും അതെല്ലാം തന്നെ അക്കാലത്ത് ഹിറ്റായിരുന്നു. പക്ഷേ, സംഗീതത്തിലും അഭിനയത്തിലും ഒരുപോലെ പ്രാവിണ്യം തെളിയിച്ചെങ്കിലും  എന്തുകൊണ്ടൊക്കെയോ കൂടുതൽ അവസരങ്ങൾ യശോദയെ തേടി വന്നില്ല. ‘വലിയ ഒരു ഗായികയാകണമെന്നു അമ്മ ആഗ്രഹിച്ചിരുന്നു. അതുസാധിക്കാത്തതിലെ ദുഃഖം അമ്മയ്ക്കുണ്ടായിരുന്നു. അന്നത്തെ ചില സാഹചര്യങ്ങൾ കൊണ്ടും മറ്റുമാണ് അമ്മയ്ക്കതു സാധിക്കാതെ പോയത്. അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ടുമക്കളും ഗായകരാകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ ചേച്ചി നേരത്തെ വിവാഹം ചെയ്തു പോയതിനാൽ അതിനു സാധിച്ചില്ല.’– യശോദയുടെ മകളും ഗായികയുമായ ശ്രേയ പറയുന്നു.

 

ഓരോ മനുഷ്യനും ഓരോ വിധിയാണെന്നു പറയുന്നതു പോലെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചപ്പോൾ സിനിമയിൽ നിന്നും നാടകത്തിൽ നിന്നുമെല്ലാം യശോദ അകന്നു. ദുബായിൽ താമസമാക്കിയപ്പോഴും സ്റ്റേജ് ഷോകളിലും മറ്റും സജീവ സാന്നിധ്യമായിരുന്നു. ആകാശവാണിയുടെ കോഴിക്കോട്, കണ്ണൂർ നിലയങ്ങളിൽ സ്ഥിരഗായികയായിരുന്നു. പിന്നീട് നിരവധി സ്കൂളുകളിൽ സംഗീത അധ്യാപികയായിരുന്നു യശോദ. 

 

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം, മാപ്പിള കലാ അക്കാദമി പുരസ്കാരം, അബുദബി ഇന്ത്യൻ സോഷ്യൽ സെന്റർ പുരസ്കാരം എന്നീ പുരസ്കാരങ്ങൾ ലഭിച്ചെങ്കിലും അർഹിക്കുന്ന അംഗീകാരം പാലയാട് യശോദയെ തേടി എത്തിയില്ലെന്ന പരാതി അന്നും ഇന്നും സംഗീത പ്രേമികള്‍ക്കുണ്ട്. 2014 ആഗസ്റ്റ് 26ന് ഈ ഗായിക ലോകത്തോടു വിട പറഞ്ഞു. രണ്ടു മക്കളാണ് യശോദയ്ക്ക്. അമ്മ തെളിയിച്ച പാട്ടിന്റെ വഴിയെ ഇപ്പോൾ മകൾ ശ്രേയയുണ്ട്. ചുരുങ്ങിയ കാലയളവിൽ അ‍ഞ്ചുചിത്രങ്ങളിൽ ശ്രേയ പാടി. കൂടെ പൂർണ പിന്തുണയുമായി മൂത്തമകൾ രാഖിയും, ഭർത്താവ് ജ്യോതിഷും. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com