ADVERTISEMENT

ആലപ്പുഴ എൽഎൽ പുരം സൂര്യസോമ തിയറ്ററിനു മുന്നിലെ വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന സംഗീതസംവിധായകൻ കണ്ണൂർ രാജൻ അടുത്തിരുന്ന അസിസ്റ്റന്റ് എസ്. രാജേന്ദ്രബാബുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു. ‘പോയി ബാബു, നമ്മുടെ പാട്ടിന് ഉമ്മറിന് അവാർഡ്’.

1976ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് വാർത്തയാണ് കണ്ണൂർ രാജനെ കരയിപ്പിച്ചത്. മികച്ച സംഗീത സംവിധായകൻ– എ.ടി. ഉമ്മർ. ഗാനം– ‘തുഷാര ബിന്ദുക്കളേ...’ ചിത്രം– ആലിംഗനം. ആ വർഷത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ഇതേ ഗാനത്തിനുതന്നെ. എസ്. ജാനകിക്ക്.

 

എ.ടി. ഉമ്മറിന് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ഈ ഗാനത്തിന്റെ സംഗീതം യഥാർഥത്തിൽ ചെയ്തതു കണ്ണൂർ രാജനാണ്. തന്റെ കുഞ്ഞ് മറ്റൊരാളുടേതെന്ന പേരിൽ ബഹുമാനിക്കപ്പെടുമ്പോൾ കരഞ്ഞുപോവുക സ്വാഭാവികം.കഥ ഇങ്ങനെ: വർഷം– 1974. കാഞ്ഞിരപ്പള്ളിക്കാൻ സതീഷ് ബാബു (ഇപ്പോഴത്തെ കൊച്ചിൻ സംഗമിത്രയുടെ ഉടമ) ചെന്നൈയിൽ ‘കലാകേരള’ നാടകസമതി നടത്തിയിരുന്ന കാലം. സംവിധാനവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സതീഷ്ബാബു. കണ്ണൂർ രാജനായിരുന്നു സംഗീത സംവിധായകൻ. ഗായകൻ ചാത്തന്നൂർ മോഹനും ഗായിക ലതികയും. ലതികയുടെ സഹോദരൻ രാജേന്ദ്രബാബു കണ്ണൂർ രാജന്റെ അസിസ്റ്റന്റും ഹാർമോണിസ്റ്റും. ബിച്ചു തിരുമല എഴുതിയ ‘ദണ്ഡകാരണ്യം’ എന്ന നാടകം ചെന്നൈയിലും കേരളത്തിലും വിജയകരമായി കളിക്കുന്നു. അതിലെ പാട്ടുകൾ എഴുതിയതു ഗോപി കൊട്ടാരപ്പാടും ബിച്ചു തിരുമലയും.

 

A-T-Ummar
എ.ടി. ഉമ്മർ

നാടകം കാണാനിടയായ ചലച്ചിത്ര സംവിധായകൻ കെ.എസ്. ഗോപാലകൃഷ്ണന് ഇതിൽ ബിച്ചു എഴുതിയ ‘മനസ്സേ ആശ്വസിക്കൂ മറക്കാൻ ഇനിയും പഠിച്ചില്ലേ നീ..’ എന്ന ഗാനം വല്ലാതെ ഇഷ്ടപ്പെട്ടു. തന്റെ അടുത്ത സിനിമയായ ‘ഞാൻ നിന്നെ പ്രേമിക്കുന്നു’വിലേക്ക് ഈ ഗാനം തരാമോ എന്ന് അദ്ദേഹം അഭ്യർഥിച്ചു. സിനിമയിൽ എത്തുന്നതു ബിച്ചുവിനു ഗുണം ചെയ്യുമെന്നു കണ്ട സതീഷ്ബാബു അതിന് അനുവാദം കൊടുത്തു. പകരം നാടകത്തിനുവേണ്ടി മറ്റൊരു ഗാനം എഴുതാൻ ബിച്ചുവിനോട് സതീഷ് ആവശ്യപ്പെട്ടു. അങ്ങനെ എഴുതിയ ഗാനമാണു ‘തുഷാരബിന്ദുക്കളേ...’ കണ്ണൂർ രാജന്റെ മനോഹരമായ സംഗീതത്തിൽ ലതിക പാടി. ആദ്യഗാനത്തെക്കാൾ ഇതു ശ്രദ്ധിക്കപ്പെട്ടു. മനോഹരമായ ഈണവും ആലാപനവും.

 

സിനിമയിൽ ചുവടുറപ്പിക്കാൻ ആഗ്രഹിച്ചിരുന്ന ബിച്ചു തിരുമല ഇതു കസെറ്റിലാക്കി സംവിധായകൻ ഐ.വി. ശശിയെ എൽപിച്ചു. പാട്ട് വളരെ ഇഷ്ടമായ ശശി അടുത്ത ചിത്രമായ ‘ആലിംഗന’ത്തിൽ ഇതുൾപ്പെടുത്താൻ തീരുമാനിക്കുകയും ചിത്രത്തിന്റെ സംഗീതസംവിധാനം കണ്ണൂർ രാജനെ ഏൽപിക്കുകയും ചെയ്തു. ലതികയെക്കൊണ്ടുതന്നെ ഈ പാട്ട് സിനിമയിൽ പാടിക്കാമെന്നു കണ്ണൂർ രാജനും ശശിയും തീരുമാനിച്ചു. പാട്ടിന്റെ സീനുകൾ ഐ.വി. ശശി വരച്ചു തയാറാക്കാൻ തുടങ്ങി. (സംവിധായകൻ ഭരതനെപ്പോലെ, ഷൂട്ട് ചെയ്യാനുള്ള സീനുകൾ മുൻകൂട്ടി വരയ്ക്കുന്ന സമ്പ്രദായം ഐ.വി. ശശിക്ക് ആദ്യകാലത്ത് ഉണ്ടായിരുന്നു.)

S Janaki
എസ്. ജാനകി

എന്നാൽ, കണ്ണൂർ രാജനെക്കൊണ്ടു സംഗീതം ചെയ്യിപ്പിക്കുന്നതിനോടു നിർമാതാവ് വിയോജിച്ചു. ശശിയുടെ ആദ്യ രണ്ട് ചിത്രങ്ങളുടെ നിർമാതാവായ രാമചന്ദ്രനായിരുന്നു ‘ആലിംഗന’വും ചെയ്തത്. ആദ്യ ചിത്രങ്ങളുടെ സംഗീതസംവിധാനം ചെയ്തത് എ.ടി. ഉമ്മറായിരുന്നു. അതിന്റെ പ്രതിഫലം ഉമ്മറിനു നൽകിയിരുന്നില്ല.

രചന ബിച്ചുവിനെ ഏൽപിക്കാം. പക്ഷേ, പണം കൊടുക്കാത്ത സാഹചര്യത്തിൽ പടത്തിൽനിന്ന് ഉമ്മറിനെ ഒഴിവാക്കുന്നത് നീതിയല്ല എന്ന് രാമചന്ദ്രൻ നിലപാടെടുത്തു. ശശിക്കു വഴങ്ങേണ്ടിവന്നു. പക്ഷേ, ‘തുഷാര ബിന്ദുക്കളേ...’യുടെ സീനുകൾ വരച്ചു പ്ലാൻ ചെയ്ത സാഹചര്യത്തിൽ അത് ഒഴിവാക്കാൻ അദ്ദേഹത്തിനു മനസ്സുവന്നില്ല. ആ പാട്ട് തന്നുകൂടേ എന്നു ശശി കണ്ണൂർ രാജനോട് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. ശശി പാട്ടിന്റെ കസെറ്റ് ഉമ്മറിനു കൈമാറുന്നു. അദ്ദേഹം തന്റെ പ്രിയഗായിക ജാനകിയെക്കൊണ്ട് ഗാനം പാടിക്കുന്നു. രണ്ടു പേർക്കും സംസ്ഥാന അവാർഡും കിട്ടുന്നു. അങ്ങനെയാണ് കണ്ണൂർ രാജൻ ‘ദണ്ഡകാരണ്യം’ നാടകത്തിനു വേണ്ടി ഈണമിട്ട ‘തുഷാരബിന്ദുക്കളേ’ക്ക് മറ്റൊരാൾക്ക് സംസ്ഥാന അവാർഡ് കിട്ടുന്നത്.

 

ഐ.വി. ശശി കണ്ണൂർ രാജനോടു കടംവീട്ടാൻ ശ്രമിച്ചു. തന്റെ അടുത്ത ചിത്രമായ ‘അഭിനന്ദനം’ കണ്ണൂർ രാജന് നൽകി. രാജൻ അതിൽ പുഷ്പതൽപത്തിൽ.... (രചന: ശ്രീകുമാരൻ തമ്പി) എന്ന യേശുദാസിനൊപ്പമുള്ള യുഗ്മഗാനത്തിലൂടെ ലതിക എന്ന അനുഗൃഹീത ഗായികയെ മലയാള സിനിമയ്ക്കു സംഭാവന നൽകുകയും ചെയ്തു.

Lathika
ലതിക

 

നല്ല സ്വാതന്ത്ര്യം കിട്ടിയ പാട്ട്:ജാനകി

 

‘ചില സംഗീതസംവിധായകർക്കു അവരുടെ ശൈലിയിൽ ഗായകർ മാറ്റം വരുത്തുന്നത് ഇഷ്ടമല്ല. ചിലർ പക്ഷേ, നമുക്കു നല്ല സ്വാതന്ത്ര്യം തരും. ഗായകരെ ഒരുപാടു നിയന്ത്രിക്കാത്ത ശൈലിയാണ് എ.ടി. ഉമ്മറിന്റേത്. ‘തുഷാര ബിന്ദുക്കളേ..’ നല്ല സ്വാതന്ത്ര്യം കിട്ടിയ പാട്ടാണ്. എന്റേതായ ഇഷ്ടങ്ങൾ ആലാപത്തിൽ വരുത്തിയിട്ടുണ്ട്. ഉമ്മർ ആണ് എന്നെ പാട്ട് പഠിപ്പിച്ചത്. അതിനു മുൻപ് ഇത് ആരെങ്കിലും പാടിയിട്ടുണ്ടോയെന്നോ സംഗീതം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല.’ ജാനകി പറഞ്ഞു.

 

രാജൻ വന്നത്കരഞ്ഞുകൊണ്ട്: സതീഷ് സംഗമിത്ര

 

‘സമയം ഉച്ച കഴിഞ്ഞിരുന്നു. കരഞ്ഞുകൊണ്ടാണ് രാജൻ എറണാകുളത്തെ എന്റെ വീട്ടിൽ എത്തിയത്. എസ്.എൽ‍. പുരത്തെ സൂര്യസോമ തിയറ്ററിൽനിന്നായിരുന്നു വരവ്. മരിച്ചാൽ മതിയെന്നു പറഞ്ഞാണു വന്നത്. കാര്യം ചോദിക്കേണ്ടതില്ലായിരുന്നു. പത്രത്തിൽ അവാർഡ് വാർത്തയറിഞ്ഞപ്പോൾ എനിക്കും വിഷമം തോന്നിയിരുന്നു. മകനെ മറ്റൊരാൾക്ക് പൂർണമനസ്സോടെ വളർത്താൻ കൊടുത്തിട്ട് അവൻ ഉന്നത നിലയിൽ എത്തുമ്പോൾ പിതാവ് വേദനിക്കുന്നതിൽ എന്താണു പ്രയോജനം? എന്നു ഞാൻ രാജനോടു ചോദിച്ചു -സതീഷ് സംഗമിത്ര പറയുന്നു.

 

ജാനകിയമ്മ മാറ്റങ്ങൾ വരുത്തി: ലതിക

 

‘ദണ്ഡകാരണ്യം നാടകത്തിനുവേണ്ടി കണ്ണൂർ രാജൻ മാഷിന്റെ ഈണത്തിൽ ഞാൻ പാടിയ പാട്ടാണ് ‘തുഷാര ബിന്ദുക്കളേ..’. അതു സിനിമയിൽ വന്നതും മറ്റൊരാൾക്ക് അവാർഡ് കിട്ടിയതുമൊക്കെ ഞാൻ നാളുകൾക്കുശേഷമാണ് അറിഞ്ഞത്. മനോഹരമായാണ് അതു ചിട്ടപ്പെടുത്തിയത്. നാടകം കളിക്കുന്നിടത്തെല്ലാം പ്രേക്ഷകർക്ക് ഈ ഗാനം വളരെ ഇഷ്ടപ്പെട്ടിരുന്നു.

 

ഗായകർക്ക് നല്ല സ്വാതന്ത്ര്യം കൊടുക്കുന്നയാളാണ് ഉമ്മർ മാഷ്. അതുകൊണ്ടാവും ജാനകിയമ്മ അതിൽ ചില ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിഷാദഭാവമാണ് ഈ പാട്ടിന്. വിഷാദത്തിനു ചേരുന്നതു മൈനർ നോട്ടായതിനാൽ ഞാൻ അതു മൈനറിലാണു പാടിയിരിക്കുന്നത്. ജാനകിയമ്മ അതു മേജർ നോട്ടായാണ് ആലപിച്ചിരിക്കുന്നത്. ഞാൻ പാടിയതിനേക്കാൾ കുറച്ചുകൂടി സംഗതികളും ജാനകിയമ്മ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ ആലാപനം ഞാൻ ഇഷ്ടപ്പെടുന്നു. സിനിമയിൽ പാട്ട് നഷ്ടപ്പെട്ടെന്നോ മറ്റൊരാൾ പാടിയെന്നോ പരാതിപ്പെടുന്നതിൽ വലിയ കാര്യമില്ല. അതുകൊണ്ട് എനിക്ക് ഒരു പരിഭവവുമില്ല. എന്നെക്കൊണ്ടു പാടിക്കാൻ നിശ്ചയിച്ചിരുന്നു എന്നു ഞാൻ അറിയുന്നതുപോലും ഒരുപാടു നാളുകൾ കഴിഞ്ഞാണ്.’ ലതിക പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com