ആ പാട്ടുകളുടെ ഈണം ഫാദർ. ആബേലിന്റേതായിരുന്നില്ല...!

Mk Arjunanan- G Devarajan
SHARE

'പരമ്പരാഗതം' എന്ന വാക്കിന് 'പാരമ്പര്യമായി കിട്ടിയത്' എന്നാണ് അർഥം. കുഞ്ഞുനാളിൽ പള്ളി ക്വയറിൽ അംഗമായിരുന്നപ്പോൾ പാടിയിരുന്ന പല പാട്ടുകളുടെയും ഈണം ആരുടെതാണ് എന്ന എന്റെ കുഞ്ഞുസംശയത്തിന് 'പരമ്പരാഗതം' എന്നു മാത്രമാണ് മറുപടി കിട്ടിയിരുന്നത്.

പക്ഷേ, ആ നാളുകളിൽ കേൾക്കുവാൻ അവകാശമുള്ള ആകാശവാണിയിലെ ഏകപരിപാടി ഉച്ചയ്ക്കുള്ള 'രഞ്ജിനി– ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ' മാത്രമായിരുന്നു. അതിൽ എല്ലാ പാട്ടുകളുടെയും മുൻപിലോ പിൻപിലോ ആ പാട്ടിന്റെ ഉടമസ്ഥർ എന്ന് അന്നു കരുതിയിരുന്ന (ഇപ്പോഴാണല്ലോ ഓരോരുത്തരായി അവകാശം പറയാൻ തുടങ്ങിയത്) - രചന, സംഗീതം, ആലാപനം എന്നിങ്ങനെ - എല്ലാവരുടെയും പേരുകൾ അനൗൺസ് ചെയ്യാറുണ്ടായിരുന്നു. ആ അറിവുകളുടെ കരുത്തിലാണ് കൗമാരക്കാരനായ ഞാൻ അമ്പത് നോയമ്പുകാലത്ത് ദിവസേന നടത്താറുള്ള ‘കുരിശിന്റെ വഴി’യിലെ 'കുരിശിൽ മരിച്ചവനേ' അടക്കമുള്ള പാട്ടുകളുടെ  സംഗീത സംവിധായകൻ ആരെന്ന് അന്വേഷിച്ചത്.

YESUDAS - GAAGULTHAAMALAYIL

പള്ളിയിൽ കിട്ടിയിരുന്ന ‘കുരിശിന്റെ വഴി’യുടെ പുസ്തകത്തിൽ രചയിതാവായ ഫാ. ആബേൽ C.M.I എന്ന പേരുമാത്രമാണ് ഉണ്ടായിരുന്നത്. സഭയുടെ ആരാധനാക്രമങ്ങൾക്കായുള്ള പുസ്തകങ്ങളിൽ ആബേലച്ചന്റെ പേര് മിക്കവാറും കാണാറുള്ളതുകൊണ്ടുകൂടി അദ്ദേഹത്തോടുള്ള ആദരവ് വർധിക്കുകയും ഈണം അദ്ദേഹം നൽകിയതാണെന്ന് ധരിക്കുകയും ചെയ്തു. അക്കാലത്തിറങ്ങിയ ‘കുരിശിന്റെ വഴി’ കാസറ്റിൽ അച്ചന്റെ പേര് മാത്രം കണ്ടിരുന്നതുകൊണ്ട് സംശയങ്ങളും ഉണ്ടായില്ല.

പക്ഷേ ഈ പാട്ടുകളുടെയൊന്നും ഈണം ഫാ. ആബേലിന്റേതല്ല എന്നു തോന്നിത്തുടങ്ങിയത് 1987–88 കാലഘട്ടങ്ങളിൽ സിറോ മലബാർ സഭയുടെ കുർബാന പരിഷ്ക്കരിക്കപ്പെട്ടപ്പോളാണ്. പുതിയ പാട്ടുകളുടെ ഈണങ്ങൾ പ്രചരിപ്പിക്കാനായി പള്ളികളിൽ വിതരണം ചെയ്യപ്പെട്ട ‘ബലിവേദിയിൽ’ എന്ന കാസറ്റിലൂടെയായിരുന്നു ഈ തിരിച്ചറിവ്. സാബു, മിനി(മിൻമിനി), മേബിൾ തുടങ്ങിയവർ പാടിയ ‘അന്നാ പെസഹതിരുന്നാളിൽ’ എന്ന പാട്ട് അടങ്ങിയ ആ കാസറ്റിൽ സംഗീതസംവിധായകരായി ജാക്സൺ, ഫാ.തദേവൂസ് അരവിന്ദത്ത് എന്നീ പേരുകൾ  കണ്ടു. അതോടൊപ്പം കാസറ്റുകൾ സർവസാധാരണമായിത്തുടങ്ങിയ അക്കാലത്ത് പള്ളികളിൽ പാടിയിരുന്ന പല പാട്ടുകളുടെയും സൃഷ്ടികർത്താക്കൾ ആരൊക്കെയാണെന്നു മനസ്സിലാക്കിത്തുടങ്ങി. പക്ഷേ അപ്പോഴും പാട്ടുപുസ്തകങ്ങളിൽനിന്നു മാത്രം പരിചയിച്ചതും ആരാധനക്രമങ്ങളിൽ ആലപിക്കപ്പെട്ടിരുന്നതുമായ പല പാട്ടുകളുടെയും സ്രഷ്ടാക്കൾ ആദ്യം സൂചിപ്പിച്ചതു പോലെ ‘പരമ്പരാഗത’രായിത്തന്നെ തുടർന്നു. പരമ്പരാഗത വിശ്വാസികളാകട്ടെ ആ പാരമ്പര്യത്തിന്റെ ആരംഭം അന്വേഷിച്ച് പോയതുമില്ല.

JOLLY ABRAHAM
ജോളി എബ്രഹാം

അവിശ്വാസികളുടെ ആത്മാവിന്റെ ആഴങ്ങളിൽ പോലും ആശ്വാസം നൽകിയിരുന്ന ആ ഈരടികളുടെയും ഈണങ്ങളുടെയും അവകാശികൾ ആരാലും അറിയപ്പെടാതെ വിസ്മൃതരായിക്കൊണ്ടേയിരുന്നു.

എല്ലാ നൊയമ്പുകാലങ്ങളിലും ആബേലച്ചന്റെ 'കുരിശിന്റെ വഴി'യിലെ പാട്ടുകൾ വിശ്വാസികൾ ഹ‍ൃദയപൂർവം പാടി. പെസഹാ വ്യാഴാഴ്ചകളിൽ "താലത്തിൽ വെള്ളമെടുത്ത് വെൺകച്ചയുമരയിൽ ചുറ്റി" കാൽ കഴുകൽ ശുശ്രൂഷകൾ നടന്നു. ദു‍ഃഖവെള്ളിയാഴ്ചകളിൽ 'ഗാഗുൽത്താ മലയിൽനിന്നും വിലാപത്തിൻ മാറ്റൊലി' കേട്ട് കയ്പുനീർ രുചിച്ച് ഹൃദയം നുറുങ്ങി നിന്നു. സ്രഷ്ടാക്കളെക്കാളും സൃഷ്ടികൾക്ക് പ്രാധാന്യം നൽകി എന്റെ അന്വേഷണങ്ങളെ 'പരമ്പരാഗത'മായി തന്നെ ഞാനും മറന്നു.

jolly-845

കുരിശിന്റെ വഴി

ഏകദേശം ഒരു വർഷം മുൻപാണ് 1963–ൽ 'പ്രതിഭ ആർട്സ് ക്ലബ്' സംരംഭമായ 'കാക്കപ്പൊന്ന്' എന്ന നാടകത്തിലെ രണ്ടു പാട്ടുകൾ ഉൾക്കൊള്ളുന്ന ഒരു ഗ്രാമഫോൺ റെക്കോർഡ് കൈയിൽ കിട്ടിയത്. ഒഎൻവി കുറുപ്പ് എഴുതി ജി. ദേവരാജൻ ഈണം നൽകി എ.പി. കോമളയും സംഘവും പാടിയ ' കുരിശു ചുമന്നവനേ' എന്ന പാട്ട് റെക്കോർഡ് പ്ലയറിൽ വയ്ക്കുമ്പോഴും പ്രത്യേകിച്ചൊന്നും തോന്നിയില്ല. കേട്ടിട്ടില്ലാത്ത ഒരു പാട്ട് കേൾക്കാൻ പോകുന്ന കൗതുകം മാത്രം. റെക്കോർഡ് പാടിത്തുടങ്ങിയപ്പോൾ  അൽപനേരത്തേയ്ക്ക് ഒരു ഞെട്ടലാണുണ്ടായത്!

JACKSON ARUJA (MUSIC DIRECTOR)
ജാക്സൺ അരൂജ

ജി. ദേവരാജൻ ഈണം നൽകിയ ആ നാടകഗാനത്തിന്റെ സംഗീതം അങ്ങനെതന്നെ പകർത്തിയതാണ് കാലങ്ങളേറെയായി വിശ്വാസികള്‍ കുരിശിന്റെ വഴിയിൽ പാടിക്കൊണ്ടിരിക്കുന്നത്! യാതൊരുവിധ ക്രെഡിറ്റും മലയാളിയായ ആ സംഗീതസംവിധായകനു നൽകാത്തതിലുള്ള നന്ദികേടിന്റെ അനൽപമായ ആത്മരോഷം തോന്നുകയും ചെയ്തു. 1980–കളിലെ കാസറ്റുകളിൽ തുടങ്ങി പല ഗായകരും പലപ്പോഴായി പാടി സിഡി ആയും എംപി3 ആയും ഇന്നും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന ആ പാട്ടുകളുടെ സംഗീത സംവിധായകനായി ജി. ദേവരാജനെ പ്രതിഷ്ഠിച്ചില്ലെങ്കിലും ആ ഈണം അദ്ദേഹത്തിന്റേതു മാത്രമാണെന്ന് ഇനിയെങ്കിലും എല്ലാവരും അറിയണം..

കർത്താവേ കനിയണമേ

ഈ അറിവില്ലായ്മയോട് ചേർത്തുകേൾക്കേണ്ട മറ്റൊരു ഗാനസൃഷ്ടിയാണ് സഭയുടെ എല്ലാ തിരുന്നാളുകളിലും ഏറെ പ്രാധാന്യമർഹിക്കുന്ന 'ലദീഞ്ഞു'കളിൽ ആലപിക്കപ്പെടുന്ന ഒരു ഗാനം (ലുത്തിനിയ). അക്രൈസ്തവർക്കു പോലും കേട്ടുപരിചയമുള്ള

"കർത്താവേ കനിയേണമേ

മിശിഹായേ കനിയേണമേ

കർത്താവേ ഞങ്ങളണയ്ക്കും 

പ്രാർഥന സദയം കേൾക്കണമേ" എന്നു തുടങ്ങുന്ന ആബേലച്ചന്റെ ഈ  രചനയ്ക്ക് ഈണം നൽകിയത് പ്രശസ്ത സംഗീതസംവിധായകനായ എം.കെ. അർജുനൻ ആണെന്ന് അറിയാവുന്നവർ ആരുമുണ്ടാകില്ല.  1970–ൽ റെക്കോർഡ് ചെയ്യപ്പെട്ട ഈ ഗാനം ജോളി എബ്രഹാം എന്ന ഗായകന്റെ ആദ്യഗാനം കൂടിയാണ്. ഇതിനൊപ്പം റെക്കോർഡ് ചെയ്യപ്പെട്ട, റാഫി ജോസ് സംഗീതം നൽകിയ 'താലത്തിൽ വെള്ളമെടുത്ത്' എന്ന പാട്ട് എല്ലാവർക്കും അറിയാവുന്നതാണെങ്കിലും ഈ രണ്ടു പാട്ടുകളുടെയും 'ഒറിജിനൽ' എങ്ങും ലഭ്യമായിരുന്നില്ല. അതിന്റെ കാരണം ജോളി എബ്രഹാം തന്നെ വിശദീകരിച്ചു. 

jolly-845

"1970-ലെ ക്രിസ്തുമസിനോടനുബന്ധിച്ച് കലാഭവൻ എച്ച്എംവിയുമായി സഹകരിച്ച് നാലു പാട്ടുകൾ റെക്കോർഡ് ചെയ്ത് പുറത്തിറക്കുവാൻ ആലോചിച്ചപ്പോൾ രണ്ടു പാട്ടുകൾ വീതം യേശുദാസിനും എനിക്കുമായി വീതിക്കപ്പെട്ടു. ആബേലച്ചൻ തന്നെ എഴുതിയ നാലുപാട്ടുകൾക്ക് ഈണം നൽകിയത് കെ.കെ. ആന്റണി (മോദം കലർന്നു നിെന്ന– യേശുദാസ്), റാഫി ജോസ് (ഗാഗുൽത്താ മലയിൽ നിന്നും– യേശുദാസ്, താലത്തിൽ വെള്ളമെടുത്ത്– ജോളി എബ്രഹാം) എം.കെ. അർജുനൻ (കർത്താവേ കനിയണമേ– ജോളി എബ്രഹാം) എന്നിവരായിരുന്നു.

പാട്ടുകൾ ചെന്നൈയിൽ എച്ച്എംവി സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ് ചെയ്തപ്പോൾ എച്ച്എംവിയുടെ അന്നത്തെ ചെന്നൈ മാനേജറായിരുന്ന ആൽഫ്രഡ‍് തങ്കയ്യയുടെ സഹോദരൻ ജോർജ് തങ്കയ്യയും അവിടെയുണ്ടായിരുന്നു. ബാംഗ്ലൂർ ആസ്ഥാനമായ ഡെക്കാൻ റെക്കോർ‍ഡ് കമ്പനിയുടെ മാനേജരായിരുന്ന ജോർജ് തങ്കയ്യ, മലയാളത്തിലെ അവരുടെ പ്രഥമ സംരംഭമായി ഞാൻ പാടിയ രണ്ടു പാട്ടുകളുടെയും വിതരണാവകാശം ആബേലച്ചനിൽ നിന്നു വാങ്ങി. ദാസേട്ടൻ പാടിയ പാട്ടുകൾ എച്ച്എംവിയും ഞാൻ പാടിയ പാട്ടുകൾ ഡെക്കാനും 78RPM ഗ്രാമഫോൺ റെക്കോർഡുകളായി 1970–ൽ തന്നെ പുറത്തിറക്കി.

പക്ഷേ, അപ്പോഴേക്കും ഇലക്ട്രോണിക് റെക്കോർഡ് പ്ലയറുകൾ രംഗം കീഴടക്കുകയും കൈകാര്യം ചെയ്യാൻ ഏറെ ബുദ്ധിമുട്ടുള്ള 78RPM ഗ്രാമഫോൺ റെക്കോർഡുകൾ സ്വീകാര്യമല്ലാതായിത്തീരുകയും ചെയ്തു. എച്ച്എംവിയാകട്ടെ ദാസേട്ടൻ പാടിയ രണ്ടു പാട്ടുകളും ഇലക്ട്രോണിക് പ്ലയറുകളിൽ ഉപയോഗിക്കാവുന്ന E.P റെക്കോർഡ് ( 7'' വിനൈൽ റെക്കോർഡ്) രൂപത്തിൽ രണ്ടാമത് റിലീസ് ചെയ്യുകയും ആ രപാട്ടുകൾ എല്ലായിടത്തും ലഭ്യമാകുകയും ചെയ്തു. എന്നാൽ ഞാൻ പാടിയ രണ്ടു പാട്ടുകളും മാർക്കറ്റിങ്ങിലെ പിഴവു മൂലം എന്റെ കൈയിൽ പോലും ഒരു കോപ്പിയില്ലാത്ത രീതിയിൽ നഷ്ടമായി.''

അറിയപ്പെടുന്ന ഗ്രാമഫോൺ പ്രേമികളുടെയാരുടെയും കൈവശമില്ലാത്ത ഈ അപൂർവ റെക്കോർഡ് ഏതാനും ദിവസം മുൻപ് കൈയിൽ എത്തിയപ്പോഴാണ് ഈ കുറിപ്പ് തെളിവുകളോടു കൂടി എഴുതണം എന്നു തോന്നിയത്.

പാടിപ്പഴകി ഈണങ്ങൾക്ക് അൽപസ്വല്പം രൂപമാറ്റങ്ങൾ വന്നുവെങ്കിലും ഒറിജിനൽ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവയാണ്; അതിന്റെ സൃഷ്ടികർത്താക്കൾ ആദരിക്കപ്പെടേണ്ടവരും. അറിയപ്പെടാതെ പോയ 'പരമ്പരാഗത'രെ നമിച്ചുകൊണ്ടുതന്നെ അറിയാനിടയായ ഇവർക്കൊക്കെ ഒരു നന്ദി പറയാം. സംഗീതം ദൈവികമാണല്ലോ; ജാതിമത ഭേദങ്ങൾക്കപ്പുറം..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA